മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഡല്‍ഹി 60 റണ്‍സിനാണ് ആര്‍സിബിയെ തോല്‍പ്പിച്ചത്. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ താര നോറിസാണ് ആര്‍സിബിയുടെ നടുവൊടിച്ചത്.
224 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മികച്ച തുടക്കം ലഭിച്ച ശേഷം ആര്‍സിബി കളി കൈവിടുകയായിരുന്നു. ക്യാപ്റ്റന്‍ സ്മൃതി മന്ദാന (23 പന്തില്‍ 35), എല്ലിസെ പെറി (19 പന്തില്‍ 31), ഹീതര്‍ നൈറ്റ് (21 പന്തില്‍ 34), മേഗന്‍ ഷുട്ട് (19 പന്തില്‍ 30) എന്നിവര്‍ക്ക് മാത്രമാണ് ആര്‍സിബി സ്‌കോറിലേക്ക് ഭേദപ്പെട്ട സംഭാവന നല്‍കാനായത്. സോഫി ഡിവൈന്‍ (14), ദിഷ കസാറ്റ് (9), റിച്ച ഘോഷ് (2) എന്നിവരെല്ലാം നിരാശപ്പെടുത്തി.
നേരത്തെ ബാറ്റെടുത്തവരെല്ലാം തകര്‍ത്തടിച്ച മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 223 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങും ഷഫാലി വര്‍മയും ഡല്‍ഹിക്കായി തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് തകര്‍പ്പന്‍ തുടക്കമാണ് ലാന്നിങ് - ഷഫാലി സഖ്യം നല്‍കിയത്. 14.3 ഓവറില്‍ 162 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
43 പന്തുകള്‍ നേരിട്ട ലാന്നിങ് 14 ബൗണ്ടറിയടക്കം 72 റണ്‍സെടുത്തു. 45 പന്തുകള്‍ നേരിട്ട ഷഫാലി നാല് സിക്സും 10 ഫോറുമടക്കം നേടിയത് 84 റണ്‍സ്. ഇരുവരെയും 15-ാം ഓവറില്‍ മടക്കി ഹീതര്‍ നൈറ്റാണ് ആര്‍സിബിക്ക് ഇന്നിങ്സില്‍ സന്തോഷിക്കാന്‍ ആകെ സാധിച്ച രണ്ട് നിമിഷങ്ങള്‍ സമ്മാനിച്ചത്.
പിന്നാലെ ക്രീസില്‍ ഒന്നിച്ച മാരിസാന്നെ കാപ്പും ജെമിമ റോഡ്രിഗ്സും തകര്‍ത്തടിച്ചതോടെ ഡല്‍ഹി സ്‌കോര്‍ 200 കടന്നു. കാപ്പ് 17 പന്തില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 39 റണ്‍സോടെയും ജെമിമ 15 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 22 റണ്‍സോടെയും പുറത്താകാതെ നിന്നു.
Content Highlights: Womens Premier League 2023 Royal Challengers Bangalore vs Delhi Capitals
Published: 05 Mar 2023, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented