മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിന് തകര്‍പ്പന്‍ ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 10 വിക്കറ്റിനാണ് യുപി തകര്‍ത്തുവിട്ടത്. ആര്‍സിബി ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം വെറും 13 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ യുപി മറികടന്നു.

To advertise here,

47 പന്തില്‍ നിന്ന് ഒരു സിക്‌സും 18 ഫോറുമടക്കം 96 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ അലിസ ഹീലിയാണ് യുപിയുടെ ജയം അനായാസമാക്കിയത്. സഹ ഓപ്പണറായ ദേവിക വൈദ്യ 31 പന്തില്‍ നിന്ന് 36 റണ്‍സുമായി ഹീലിക്ക് ഉറച്ച പിന്തുണ നല്‍കി. ലീഗില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി യുപിയുടെ രണ്ടാം ജയമാണിത്. കളിച്ച നാല് മത്സരങ്ങളും തോറ്റ ആര്‍സിബി പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബി 19.3 ഓവറില്‍ 138 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 39 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത എല്ലിസെ പെറിക്കും 24 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത സോഫി ഡിവൈനും മാത്രമാണ് യുപി ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്.

ക്യാപ്റ്റന്‍ സ്മൃതി മന്ദാന (4), കനിക അഹുജ (8), ഹീതര്‍ നൈറ്റ് (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ആര്‍സിബി നിരയില്‍ ആറുപേര്‍ രണ്ടക്കം കാണാതെ പുറത്തായി.

3.3 ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സോഫി എക്ലെസ്റ്റോണും 26 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയുമാണ് ആര്‍സിബിയെ തകര്‍ത്തത്.