മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അഞ്ചാം തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സ് ആറ് വിക്കറ്റിനാണ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്തുകള്‍ മാത്രം ശേഷിക്കേ മറികടന്നു.

To advertise here,

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 151 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്ക് രണ്ടാം പന്തില്‍ ഷഫാലി വര്‍മ്മയെ നഷ്ടമായി. എന്നാല്‍ മെഗ് ലാന്നിങ്ങും ആലിസ് കാപ്‌സിയും കരുതലോടെ ബാറ്റേന്തി. മെഗ് ലാന്നിങ് 18 പന്തില്‍ നിന്ന് 15 റണ്‍സെടുത്തും കാപ്‌സി 24 പന്തില്‍ നിന്ന് 38 റണ്‍സെടുത്തും പുറത്തായി. പിന്നാലെ ജെമീമ റോഡ്രിഗസും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്തു. 28 പന്തില്‍ നിന്ന് 32 റണ്‍സെടുത്താണ് ജെമീമ മടങ്ങിയത്. 

പിന്നാലെയിറങ്ങിയ മരിസന്നെ കാപ്പും ജെസ്സ് ജൊനാസ്സനും ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. കാപ്പ് 32 പന്തില്‍ നിന്ന് 32 റണ്‍സെടുത്തപ്പോള്‍ ജൊനാസ്സന്‍ 15 പന്തില്‍ നിന്ന് 29 റണ്‍സെടുത്തു. 

നേരത്തേ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്മൃതി മന്ദാനയെ തുടക്കത്തില്‍ തന്നെ നഷ്ടമായ ബാംഗ്ലൂരിന് എല്ലിസെ പെരിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് തുണയായത്. 15 പന്തുകള്‍ നേരിട്ട സ്മൃതി മന്ദാനയ്ക്ക് 8 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ച എല്ലിസെ പെരി ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു. 52 പന്തില്‍ നിന്ന് 67 റണ്‍സെടുത്താണ് എല്ലിസെ പെരി മൈതാനം വിട്ടത്. 

വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും അവസാന ഓഴറുകളില്‍ വെടിക്കെട്ട് നടത്തി. 16 പന്തില്‍ നിന്ന് 37 റണ്‍സാണ് റിച്ച ഘോഷ് അടിച്ചെടുത്തത്. സോഫി ഡിവൈന്‍(21), ഹീതര്‍ നൈറ്റ്(11) എന്നിവരും ബാംഗ്ലൂര്‍ സ്‌കോറിലേക്ക് സംബാവനകള്‍ നല്‍കി. ഒടുവില്‍ നിശ്ചിത 20-ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ 150 റണ്‍സെടുത്തു.

മൂന്ന് വിക്കറ്റെടുത്ത ശിഖ പാണ്ഡെയാണ് ഡല്‍ഹി ബൗളിങ് നിരയില്‍ തിളങ്ങിയത്. താര നോറിസ് ഒരു വിക്കറ്റുമെടുത്തു.