വിടിയൽ സംഘത്തിലെ അംഗമായ രാജ്കുമാർ.എ, തേക്കടി | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി | മാതൃഭൂമി
വയന കളക്ടേഴ്സ് എന്നും വിടിയലെന്നും കേട്ടാൽ പെരിയാർ കടുവ സങ്കേതം വിറച്ച ഒരു കാലമുണ്ടായിരുന്നു. അവരുടെ കോടാലി മൂർച്ചയിൽ വേരറ്റു വീഴാത്ത മരങ്ങളില്ലായിരുന്നു കാട്ടിൽ. മുട്ടു വിറയ്ക്കാത്ത ഫോറസ്റ്റുകാർ ഇല്ലായിരുന്നു. അത് പഴങ്കഥ. ഇന്ന് ഇതേ കാടിന്റെ കാവലാളുകളാണിവർ. ഇന്ന് ഈ എക്സ് വയന ബാർ കളക്ടേഴ്സിന്റെയും എക്സ് വിടിയിലിന്റെയും കണ്ണുവെട്ടിച്ച് ആർക്കും കാട്ടിൽ കാലെടുത്തുവയ്ക്കാനാവില്ല. ഒരൊറ്റ മരവും തൊടാനാവില്ല. ചില വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ക്രിയാത്മക ഇടപെടലും പുനരധിവാസ പദ്ധതിയുമാണ് ഈ കൊള്ളക്കാരെ വനത്തിന്റെ കാവൽക്കാരാക്കി മാറ്റിയത്.
അന്ന് തേക്കടിയിലെ ഡി.എഫ്.ഓ ആയിരുന്ന ഇപ്പോഴത്തെ വനംവകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസിന്റെ നേതൃത്വത്തില്‍ എക്സ് വയന ബാര്‍ കളക്ടേഴ്സ് എന്നൊരു സംഘം രൂപീകരിച്ചു. എന്താണീ എക്സ് വയന ബാര്‍ കളക്ടേഴ്സ് എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്? വയന എന്നാല്‍ സുഗന്ധമുള്ള ഇലകളോടുകൂടിയ ഒരു തരം മരമാണ്. വഴണ എന്നും കേരളത്തിലെ ചിലയിടങ്ങളില്‍ പറയും. ഈ മരത്തിന്റെ തൊലി ചെത്തി കടത്തിക്കൊണ്ടുപോയി വിറ്റിരുന്ന സംഘത്തെ നന്നാക്കിയെടുത്ത, അല്ലെങ്കില്‍, പുനരധിവസിപ്പിച്ച സംഘം എന്ന അര്‍ത്ഥത്തിലാണ് ഇവരെ എക്സ് വയനകള്‍ എന്ന് വിളിക്കുന്നത്. ഇതെല്ലാം ചേര്‍ത്താണ് ഇവര്‍ക്ക് എക്സ് വയന ബാര്‍ കളക്ടേഴ്സ് എന്ന് വനംവകുപ്പ് പേരിട്ടത്.
കാട്ടിലെ കൊള്ള തടയാന്‍ കൊള്ളസംഘത്തില്‍നിന്ന് പശ്ചാത്തപിച്ച് പുറത്തുവന്ന ആളുകളായിരുന്നു ഇതിലെ അംഗങ്ങള്‍. കാട്ടില്‍ ഇവര്‍ക്കറിയാത്ത വഴികളില്ല. ഏതു വഴി മരം മുറിക്കാന്‍ കൊള്ളസംഘമെത്തുമെന്നും ഏതു വഴി പോകുമെന്നും ഇവരേക്കാള്‍ നന്നായി അറിയുന്ന വേറെ കൂട്ടരില്ല. പക്ഷേ, ഇങ്ങനെ ചെയ്യുന്നത് വിവരക്കേടല്ലേ? കള്ളന്റെ കയ്യില്‍ താക്കോല്‍ കൊടുക്കുന്നത് പോലെയാവില്ലേ എന്നെല്ലാം ചോദ്യമുയര്‍ന്നു. പക്ഷേ, വനംവകുപ്പ് അധികൃതര്‍ തളർന്നില്ല. അവർ എക്സ് വയനയെ മരംകൊള്ളക്കെതിരായുള്ള ഏറ്റവും വലിയ പോരാളികളാക്കി.

1996-ലായിരുന്നു ഇത്. മരംകൊള്ള തടയുക എന്നതിലുപരി അവര്‍ക്ക് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിക്കൊണ്ട് പുനരധിവസിപ്പിക്കുക എന്നതിനായിരുന്നു ഊന്നല്‍. കേരളത്തില്‍ നിന്നുള്ള 23 പേരെയാണ് അന്ന് മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവന്നത്. തേക്കടിയിലെ ടൈഗര്‍ ട്രയല്‍ എന്ന പ്രോഗ്രാമില്‍ സഞ്ചാരികള്‍ക്ക് കൂട്ടായി കാട്ടില്‍ ഒപ്പം നടക്കുക എന്നതായിരുന്നു ഇവര്‍ക്ക് നല്‍കിയ ജോലി. എക്സ് വയന അവരുടെ പുതുജീവിതവുമായി മുന്നോട്ടുപോയതോടെ വയനക്കടത്ത് അവസാനിച്ചു. പക്ഷേ, പ്രശ്നങ്ങള്‍ തീര്‍ന്നിരുന്നില്ല. ഒരു ഭാഗത്ത് വയനക്കടത്ത് തീര്‍ന്നപ്പോള്‍ മറുഭാഗത്തുകൂടി ചന്ദനക്കടത്ത് നിർബാധം തുടർന്നു. തമിഴ്നാട്ടില്‍ നിന്നുള്ള സംഘമായിരുന്നു ഇതിനുപിന്നില്‍. അരുവി എന്ന കൊള്ളക്കാരനായിരുന്നു ഇവരുടെ നേതാവ്. അരുവിയും കൂട്ടരും വനം വകുപ്പിന് തലവേദന നല്‍കിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഡി.എഫ്.ഓ. പ്രമോദ് ജി. കൃഷ്ണനും (ഇപ്പോഴത്തെ അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് -വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജന്‍സ്) റെയ്ഞ്ച് ഓഫീസറായ രാജു കെ. ഫ്രാന്‍സിസും (ഇപ്പോഴത്തെ ഇക്കോ ടൂറിസം ഡയറക്ടര്‍ ) തേക്കടിയിലെത്തുന്നത്. അരുവിയേയും കൂട്ടരേയും പിടികൂടുക എന്ന ഉത്തരവാദിത്വം ഈ ഉദ്യോഗസ്ഥരിലേക്ക് വന്നുചേര്‍ന്നു.
മംഗളാദേവി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ കരടിക്കവല എന്നൊരു സ്ഥലമുണ്ട്. വെട്ടിയെടുക്കുന്ന ചന്ദനമരങ്ങള്‍ ഈ വനമേഖലയിലൂടെയായിരുന്നു കൂടുതലും കടത്തിയിരുന്നത്. രാത്രികാലങ്ങളില്‍ ആരുടേയും കണ്ണില്‍പ്പെടാതെ അതിവേഗം കാടിനുള്ളിലെത്തും, മരം വെട്ടിക്കൊണ്ടുപോവും. ശബ്ദം പോലുമുണ്ടാവില്ല. ഇതായിരുന്നു തമിഴ്സംഘത്തിന്റെ പ്രവര്‍ത്തനശൈലി. വെട്ടിയെടുക്കുന്ന തടികള്‍ക്ക് കിലോയ്ക്കായിരുന്നു വില നിശ്ചയിച്ചിരുന്നത്. ഒരു മരം മുറിച്ച് ആവശ്യക്കാരന് എത്തിച്ചുകൊടുത്താല്‍ അന്ന് 15,000- 25,000 രൂപയായിരുന്നു പ്രതിഫലം. പിടിക്കാന്‍ പറ്റാതെ രാജാക്കന്മാരായി വിലസിയിരുന്ന ഇവരെ എങ്ങനെ വലയിലാക്കാം എന്നുള്ള ചിന്തയില്‍നിന്ന് അതിനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു പദ്ധതി തയ്യാറാക്കി.

ചീറ്റ എന്നായിരുന്നു 2003-ല്‍ തയ്യാറാക്കിയ ആ പദ്ധതിയുടെ പേര്. എക്സ് വയന സ്‌ക്വാഡിലെ മിടുക്കന്മാരായിരുന്നു 'ചീറ്റ'യിലെ അംഗങ്ങള്‍. കാട്ടില്‍ അതിവേഗം നീങ്ങുന്നവരായിരുന്നു ഈ അംഗങ്ങള്‍. ഇവര്‍ക്കൊപ്പം ഗാര്‍ഡായ സെബാസ്റ്റ്യനും ഉണ്ടായിരുന്നു. അദ്ദേഹമിന്ന് തേക്കടിയില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായി സേവനം അനുഷ്ഠിച്ചുവരികയാണ്. നേതാവായ അരുവിയെ പിടിക്കുക എന്നതായിരുന്നു ചീറ്റകളുടെ ഉദ്ദേശ്യം. ഇക്കാലത്ത് തമിഴ്നാട്ടില്‍ സ്റ്റാന്‍ലി എന്നൊരു പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നു. രാജു കെ. ഫ്രാന്‍സിസ് ഇദ്ദേഹത്തെ നേരിട്ടുകണ്ടു. അപ്പോഴാണ് കൊള്ളക്കാരെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിനും കാഴ്ചപ്പാടുണ്ടായിരുന്നെന്ന് ആ കേരള വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മനസിലാക്കിയത്. ഇതിനിടയില്‍ രാജു കെ. ഫ്രാന്‍സിസിന് തമിഴ്നാട് കൊള്ളസംഘത്തില്‍നിന്ന് വെല്ലുവിളിയും ഉണ്ടായി. ഈ സംഘത്തിലെ മുരുകന്‍ എന്നയാളായിരുന്നു അതിനുപിന്നില്‍. ആ കഥ രാജു ഫ്രാന്‍സിസ് തന്നെ പറയും.


അരുവിയുടെ കാര്യത്തിലേക്ക് വരാം. അതിന് ഈ സംഘത്തിന്റെ പ്രവര്‍ത്തനരീതിയേക്കുറിച്ച് മനസിലാക്കണം. കാടുകയറി വിലകൂടിയ മരങ്ങള്‍ വെട്ടി കടത്തുന്ന സംഘത്തെ പല തവണ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. ഓരോ തവണ ശിക്ഷ കഴിഞ്ഞിറങ്ങുമ്പോഴും ഇവര്‍ അടുത്ത കൊള്ള നടത്തും. വനംകൊള്ളയ്ക്ക് അഞ്ച് തവണ വരെ ഒരേയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അന്ന് അരുവി ഗ്യാങ്ങിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഇപ്പോഴത്തെ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ പറയുന്നു. 'ഒരേയാളുകളെത്തന്നെ പലതവണ പിടികൂടുന്ന അവസ്ഥ വന്നപ്പോള്‍ ഞങ്ങള്‍ക്കും സംശയം. തമിഴ്‌നാട്ടില്‍ അവര്‍ക്കിടയില്‍ ഒരു വ്യവസ്ഥിതി നിലനിന്നിരുന്നു. കൂലിപ്പണിക്കാരന് മതിപ്പില്ല. അവനെ നാട്ടിലെ ചടങ്ങുകള്‍ക്കൊന്നും ക്ഷണിക്കില്ല, വെള്ളം കൊടുക്കില്ല. അതുകൊണ്ട് ചെയ്യാവുന്ന തൊഴില്‍ മരംവെട്ട്, ആനക്കൊമ്പ് എടുക്കല്‍ മുതലായവയാണ്. ഇങ്ങനെചെയ്ത് ധാരാളം പണം സമ്പാദിക്കുന്നയാള്‍ക്ക് നല്ല പരിഗണനയാണ്. കൂലിപ്പണി ചെയ്ത് ജീവിതം മുന്നോട്ടുപോകാന്‍ വയ്യാത്തതിനാലാണ് ഇത്തരം അസാന്മാര്‍ഗിക പ്രവൃത്തിയിലേക്ക് പോകുന്നതെന്നും അവര്‍ പറഞ്ഞു. നിങ്ങള്‍ക്കെന്തെങ്കിലും തൊഴില്‍ കിട്ടിയാല്‍ കള്ളക്കടത്ത് നിര്‍ത്താമോ എന്ന് ഞങ്ങള്‍ ചോദിച്ചു. അതവര്‍ക്കും സമ്മതമായിരുന്നു. അങ്ങനെയാണ് വിടിയലിന്റെ തുടക്കം.' സെബാസ്റ്റ്യൻ പറഞ്ഞു.
അരുവിയിലേക്ക് തിരിച്ചുവരാം. അരുവിയുടെ അനുജന്‍ വെള്ളത്തില്‍ വീണ് മുങ്ങിമരിക്കുകയായിരുന്നു. തമിഴ്‌നാട് പോലീസ് എത്തി മഹസറെഴുതാന്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ സഹോദരന്റെ പേരിനു പകരം സ്വന്തം പേരാണ് അരുവി പറഞ്ഞുകൊടുത്തത്. അങ്ങനെ പോലീസ് രേഖകളില്‍ അരുവി മരിച്ചവനായി. ഇതോടെ അരുവി ജീവിച്ചിരിപ്പുണ്ടെന്ന് ഒരു തെളിവും ഇല്ലാതായി. 30 രൂപയ്ക്ക് മരം വെട്ടിവിറ്റിരുന്ന കാലം മുതല്‍ മരത്തിന് 300 രൂപയാകുന്ന കാലംവരെ അരുവിയെ പിടികൂടാന്‍ പറ്റിയിരുന്നില്ല. പാറകളില്‍ അള്ളിപ്പിടിച്ച് കയറിയിറങ്ങാനും അതിവേഗത്തില്‍ ഓടാനും കഴിയുന്ന അഭ്യാസിയായിരുന്നു അരുവി. കൂടാതെ ഉയരം കുറവും. തേക്കടിയിലെ മരം കൊള്ളയ്ക്ക് പിന്നില്‍ അരുവിയാണെന്ന് തിരിച്ചറിഞ്ഞ് അയാളെ അറസ്റ്റ് ചെയ്യാന്‍ തമിഴ്‌നാട്ടില്‍ പോയ കേരളാ സംഘത്തിനോട് അരുവി മരിച്ചെന്നുപറഞ്ഞ് അവിടത്തെ വില്ലേജ് ഓഫീസര്‍ മടക്കി അയച്ച സംഭവമുണ്ടായിട്ടുണ്ട്. കാരണം അങ്ങനെയൊരാള്‍ ജീവിച്ചിരിക്കുന്നെന്ന് തെളിയിക്കുന്ന ഒരു രേഖയും ഇല്ല എന്നതുതന്നെ. അങ്ങനെ ഇതിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ അന്ന് ചീറ്റാ സംഘം തീരുമാനിച്ചു. താന്‍ മരിച്ചതായി വരുത്തിത്തീര്‍ക്കാന്‍ അന്ന് ആയിരം രൂപയാണ് തമിഴ്‌നാട് പോലീസിലെ ഉദ്യോഗസ്ഥന് കൊടുത്തതെന്ന് അരുവി തേക്കടിയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പിന്നീടൊരിക്കല്‍ കുറ്റസമ്മതം നടത്തിയിരുന്നു. എണ്‍പതുകളിലായിരുന്നു ഈ സംഭവം.
അരുവി ടീമിന്റെ നീക്കങ്ങളേക്കുറിച്ച് മനസിലാക്കാനും ഒളിത്താവളം കണ്ടുപിടിക്കാനും ആറു മാസത്തോളമെടുത്തു. സെബാസ്റ്റ്യനും കൂട്ടരുമാണ് ഈ അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചത്. 'പല സംഘങ്ങളായാണ് മരം കൊള്ളയ്ക്ക് കാട്ടില്‍ കയറുക. ഇതില്‍ ഏതെങ്കിലും ഒന്നോ രണ്ടോ സംഘം ഫോറസ്റ്റ് സംഘത്തിന് മുന്നില്‍പ്പെടുമ്പോള്‍ ബാക്കിയുള്ള സംഘം ഇതിനിടയില്‍ക്കൂടി മരം വെട്ടി കടത്തിയിട്ടുണ്ടാകും. വെട്ടാന്‍ വരുന്ന സംഘത്തിലെയാളുകള്‍ക്ക് ട്രൗസര്‍ മാത്രമായിരിക്കും വേഷം. ദേഹത്തെല്ലാം ഗ്രീസോ മോരോ തേച്ചുപിടിപ്പിച്ചിട്ടുണ്ടാവും. ഇതല്ലെങ്കില്‍ കാട്ടില്‍ അട്ട കടിയേല്‍ക്കാതിരിക്കാന്‍ തമിഴ്‌നാട്ടില്‍ കിട്ടുന്ന വിളക്കെണ്ണയും ആട്ടപ്പൊടിയും കുഴച്ച മിശ്രിതവും പുരട്ടിയിട്ടുണ്ടാവും. അഥവാ ദേഹത്ത് പിടിവീണാല്‍ വഴുതി രക്ഷപ്പെടാനാണിത്. ചെറിയ മരമാണ് വീഴ്ത്തുന്നതങ്കില്‍ താങ്ങി നിലത്ത് പതിയെ വെയ്ക്കും. സംഘാംഗങ്ങളെല്ലാവരും ചേര്‍ന്ന് ഒരേസമയം മുറിക്കാന്‍ തുടങ്ങും. മുറിച്ചെടുത്ത തടിയുടെ അഗ്രഭാഗം നല്ല വെളുപ്പ് നിറത്തിലായിരിക്കും കാണപ്പെടുക. മുന്നില്‍പ്പോകുന്നയാള്‍ ചുമലിലെടുത്ത തടിയുടെ ഈ ഭാഗം നോക്കിയാണ് മറ്റുള്ളവര്‍ പിന്നാലെ വരിക. ഇരുട്ടിലായിരിക്കും ഈ സഞ്ചാരം. ഇക്കാരണംകൊണ്ട് നിലാവുള്ള രാത്രികള്‍ ഇവര്‍ മോഷണത്തിന് തിരഞ്ഞെടുക്കാറില്ല. ബെല്‍റ്റ് വാളാണ് ഇവരുടെ ആയുധം. കാട്ടിലായിരിക്കുന്ന സമയത്ത് വാളിന്റെ നടുക്ക് പതിയെ ഒന്ന് കൈകൊണ്ട് പ്രത്യേകരീതിയില്‍ തട്ടിക്കൊടുത്താല്‍ ഈ ഭാഗത്തുനിന്ന് ഒരു മൂളക്കം കേള്‍ക്കാം. കുറച്ചുസമയം നീണ്ടുനില്‍ക്കുന്ന ഈ ശബ്ദം കേട്ടാല്‍ ആന വരില്ല എന്നതാണ് ഇതിന്റെ ഗുട്ടന്‍സ്.' സെബാസ്റ്റ്യനും സംഘവും അന്വേഷണത്തില്‍ കണ്ടെത്തിയതാണ് ഇക്കാര്യങ്ങള്‍.

ഒരിക്കല്‍ അരുവി കാട്ടിലേക്ക് കയറിവരുന്നുവെന്ന വിവരം ഫോറസ്റ്റ് സംഘത്തിന് കിട്ടിയെങ്കിലും അവിടെ വെച്ച് പിടിക്കാതെ അല്പം മാറിനിന്നു. അരുവിക്ക് മനസിലാക്കാന്‍ പറ്റാതിരുന്ന തന്ത്രപരമായ ഒരു നീക്കം. കെണിയുണ്ടെന്ന് മനസിലാവാതെ ചന്ദനമരം വെട്ടി വിശ്രമിക്കുന്ന സമയത്ത് അരുവിയേയും സംഘത്തേയും ഫോറസ്റ്റ് സംഘം ആക്രമിക്കുകയും ഏതാനും പേരെ പിടികൂടുകയും ചെയ്തു. ഈ സംഭവത്തില്‍ അരുവി ജയിലിലായി. ഒരിക്കല്‍ രാജു ഫ്രാന്‍സിസിനെ തേടി ഒരു അതിഥിയെത്തി. ജയിലില്‍നിന്ന് പുറത്തുവന്ന അരുവിയായിരുന്നു അത്. തന്റെ കൂടെ ഇനിയും ആളുകളുണ്ടെന്നും അവരേയും സഹായിക്കാന്‍ ഒരു വഴി കാട്ടിത്തരണമെന്നായിരുന്നു അരുവി പറഞ്ഞത്. എക്സ് വയനകള്‍ എന്ന മുന്‍മാതൃക മുന്‍പിലുണ്ടായിരുന്നതുകൊണ്ട് പിടികൂടുന്ന തമിഴ് കൊള്ളക്കാരെ എന്തുചെയ്യണമെന്നതിന് വ്യക്തമായ പരിഹാരവും അധികൃതര്‍ക്കുണ്ടായിരുന്നു.
അങ്ങനെയാണ് തമിഴ്നാട്ടില്‍നിന്നുള്ള ഈ സംഘത്തെവെച്ച് ലോവര്‍ ക്യാമ്പില്‍ സഞ്ചാരികള്‍ക്കായി കാളവണ്ടി യാത്ര തുടങ്ങിയത്. ബുള്ളക്ക് കാര്‍ട്ട് ഡിസ്‌കവറീസ് എന്നായിരുന്നു ഈ പദ്ധതിയുടെ പേര്. 2002-2003-ലാണ് ഇതാരംഭിക്കുന്നത്. സഞ്ചാരികളെ മുന്തിരിത്തോപ്പുകള്‍ കാണിച്ച് തിരികെയെത്തിക്കുന്നതായിരുന്നു ഇതില്‍ ചെയ്തുവന്നിരുന്നത്. തെങ്ങിന്‍തോപ്പുകളും ജമന്തി തോട്ടങ്ങളും കാണിക്കുക എന്നിവയും ഇതിന്റെ ഭാഗമായുണ്ടായിരുന്നു. ഇതിനുള്ള ടിക്കറ്റ് തേക്കടിയില്‍നിന്ന് കൊടുക്കും. സഞ്ചാരികളെ കാളവണ്ടിയുള്ളിടത്തേക്ക് വനംവകുപ്പ് സംഘം എത്തിക്കും. സര്‍ക്കാരില്‍നിന്ന് ഒറ്റ പൈസ വാങ്ങാതെയാണ് ഇതെല്ലാം എന്നതാണ് ശ്രദ്ധേയം. 23 പേരുണ്ടായിരുന്നു വിടിയല്‍ ടീമില്‍. ജയിലില്‍ നിന്നിറങ്ങിയ അരുവി പറഞ്ഞതനുസരിച്ച് സ്റ്റാന്‍ലിയെക്കൂടി ഉള്‍പ്പെടുത്തി തമിഴ്നാട്ടില്‍ ഒരു മീറ്റിങ് വിളിച്ചുചേര്‍ത്തു. തമിഴ്നാട്ടില്‍ ആനയെ വെടിവെച്ച കേസിലെ പ്രതിവരെയുണ്ടായിരുന്നു ഈ യോഗത്തില്‍. നിങ്ങള്‍ വനംവകുപ്പിന്റെ സഹയാത്രികരാകാന്‍ പോകുന്നു എന്നുപറഞ്ഞാണ് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത്. ആദ്യം ഇവരെയെല്ലാം അന്നത്തെ ഡി.എഫ്.ഓ പ്രമോദ്. ജി. കൃഷ്ണന് മുന്നില്‍ സറണ്ടര്‍ ചെയ്യിച്ചു.

കീഴടങ്ങിയവര്‍ക്കെല്ലാം എന്തെങ്കിലും വരുമാനമാര്‍ഗം ഉണ്ടാക്കിക്കൊടുക്കണമല്ലോ എന്ന ഉദ്ദേശത്തിലാണ് 'ബുള്ളക്ക് കാര്‍ട്ട്' ആശയത്തിലേക്ക് എത്തിയത്. സുമനസുകളില്‍നിന്ന് സമാഹരിച്ച 35,000 രൂപ കൊണ്ട് രണ്ട് കാളകളെ വാങ്ങിക്കൊണ്ടുവന്നു. തേക്കടിയില്‍ നടന്ന ബുള്ളക്ക് കാര്‍ട്ട് ഡിസ്‌കവറീസ് ഉദ്ഘാടനത്തിന് നടന്‍ സുരേഷ് ഗോപിയാണ് എത്തിയത്. ഇന്ന് തമിഴ്നാട്ടിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ലോവര്‍ പെരിയാര്‍. ഇന്ന് നിരവധി പേരാണ് ഇന്ന് മുന്തിരിത്തോട്ടങ്ങള്‍ കാണാനും മറ്റും ലോവര്‍ പെരിയാറിലെത്തുന്നത്. അത് ബുള്ളോക്ക് കാര്‍ട്ടില്‍നിന്ന് തുടങ്ങിയതാണെന്ന് രാജു കെ. ഫ്രാന്‍സിസ് പറയുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം തൊട്ടടുത്തുള്ള മറ്റൊരു സംസ്ഥാനത്ത് നിന്ന് നേരിട്ട പ്രശ്നത്തെ ഈ രീതിയില്‍ തടഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ചന്ദനക്കൊള്ള എങ്ങനെ പരിഹരിച്ചു എന്നറിയാന്‍ അയല്‍ സംസ്ഥാനത്തുനിന്നുള്ള ഉദ്യോഗസ്ഥര്‍ ഇങ്ങോട്ടുവന്നിട്ടുണ്ട്. വീരപ്പനെ കൊലപ്പെടുത്തിയതിനുശേഷമായിരുന്നു ഈ സംഭവം. ക്രോസ് ബോര്‍ഡര്‍ എന്ന ആശയം ഇന്ത്യയില്‍ ആദ്യത്തേതാകാം എന്ന് രാജു ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഘങ്ങളായി പിന്നീട് അതിക്രമിച്ചുവരുന്നവരെ തുരത്തിയോടിക്കുന്നതിന് നേതൃത്വം നല്‍കിയതെന്നത് പിന്നത്തെ കഥ.
പക്ഷേ, ബുള്ളക്ക് കാര്‍ട്ട് പദ്ധതിക്ക് ജനരോഷത്തിന്റെ ഇരയാവേണ്ടി വന്ന മറ്റൊരു കഥയുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നം കത്തി നില്‍ക്കുന്ന സമയം. ബുള്ളോക്ക് കാര്‍ട്ട് പദ്ധതി കേരളത്തിന്റെയാണെന്നു പറഞ്ഞ് തമിഴ്നാട്ടില്‍ വിനോദസഞ്ചാരികള്‍ക്കുവേണ്ടിയുള്ള കാളവണ്ടി ആക്രമിക്കപ്പെട്ടു. കാളകളെ പ്രക്ഷോഭകാരികള്‍ അഴിച്ചുവിടുകയും വാഹനത്തിന് തീവെയ്ക്കുകയും ചെയ്തു. രണ്ടാമതൊരു സംഭവം നടന്നതാകട്ടെ ബുള്ളക്ക് കാര്‍ട്ട് പദ്ധതിയുടെയും വിടിയലിന്റേയും തുടക്കകാലത്തില്‍ ഒപ്പമുണ്ടായിരുന്ന അരുവി എന്ന പഴയ കൊള്ളക്കാരന്‍ വീണ്ടും മോഷണത്തിലേക്കു തന്നെയിറങ്ങി. ഇത് വിടിയല്‍ ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കേണ്ടതായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല എന്നതാണ് ഏറ്റവും വലിയ കാര്യം. നേതാവ് പോകണമെങ്കില്‍ പോകട്ടെ ഞങ്ങള്‍ക്ക് പുതിയ ജീവിതം മതി എന്നതായിരുന്നു വിടിയല്‍ ഗ്യാങ്ങിന്റെ തീരുമാനം.

1930-കളില്‍ പെരിയാറിന്റെ തീരത്തെ വനങ്ങളുടെ ഉള്‍ഭാഗത്ത് താമസിച്ചിരുന്ന മന്നാന്‍ എന്ന തമിഴ് ജനവിഭാഗം ഉണ്ടായിരുന്നു. മുപ്പതുകള്‍ക്കു ശേഷം ഇവര്‍ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന പല സ്ഥലങ്ങളിലേക്കും താമസം മാറ്റി ജീവിക്കാന്‍ തുടങ്ങി. പക്ഷേ, വളരെയേറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു ഇവരുടെ പിന്നീടുള്ള ജീവിതം. കാരണം അവര്‍ക്ക് അവര്‍ മാത്രമേ പരിചയക്കാരായി ഉണ്ടായിരുന്നുള്ളൂ. സ്വന്തമായി ഒരു ഭാഷയുണ്ടായിരുന്നു. കേരളീയരുമായി എങ്ങനെ ആശയവിനിമയം നടത്തുമെന്നോ ഇടപഴകുമെന്നോ അറിയാത്തത് പ്രശ്‌നമായി. മലയാളികളുമായുള്ള വൈരാഗ്യം ഊട്ടിയുറപ്പിച്ചത് അന്നത്തെ മാന്നാന്‍ വിഭാഗക്കാരായ തലമുറയായിരുന്നു. പാണ്ഡ്യ എന്നായിരുന്നു അവര്‍ മലയാളികളെ വിളിച്ചിരുന്നത്. പതിയെ ഈ സ്ഥിതിക്ക് മാറ്റം വന്നുതുടങ്ങിയെങ്കിലും ഭിന്നതയുടേതായ എന്തോ ഒന്ന് നിലനിന്നിരുന്നു.
' വടിയേന്തി രാത്രിയില്‍ വന്നിട്ട് ഞങ്ങളുടെ ആളുകളെ മലയാളികള്‍ അടിക്കും, ഇറങ്ങിപ്പോകൂ എന്നു പറഞ്ഞ്. അവരുടെ കയ്യില്‍ ഇരട്ടക്കുഴല്‍ തോക്കുകളുണ്ടായിരുന്നു, ഞങ്ങളുടെ കയ്യില്‍ അങ്ങനെയൊന്ന് ഇല്ലായിരുന്നു.' വിടിയല്‍ ടീമിന്റെ ഭാഗമായി നിലവില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ജോലി ചെയ്യുന്ന രാജ്കുമാറിന്റെ വാക്കുകള്‍. പതിയെ ഇവര്‍ ടൈഗര്‍ റിസര്‍വിനകത്തേക്ക് കയറാന്‍ തുടങ്ങി. അവിടമാണ് തങ്ങള്‍ക്ക് സുരക്ഷ എന്ന തോന്നലാണ് ഇതിന് കാരണം. 'കാടും കാട്ടുമൃഗങ്ങളും ഞങ്ങളെ ഒരിക്കലും കൈവിടില്ലെന്ന വിശ്വാസമുണ്ട്. പുറംലോകത്തെ മനുഷ്യരില്‍നിന്ന് അവര്‍ ഞങ്ങളെ കാത്തുരക്ഷിക്കും. കാടും മൃഗങ്ങളുമായി അന്നുതുടങ്ങിയ ബന്ധം ഇന്നും നിലനിന്നുവരുന്നു. മുന്നോട്ടുള്ള ജീവിതത്തിലും അത് പ്രയോജനപ്പെടും. ഇന്നേവരെ ഒരു വന്യമൃഗവും ഞങ്ങളെ ആക്രമിച്ചിട്ടില്ല. 1996-1997 കാലഘട്ടത്തിലാണ് എക്കോ ഡവലപ്‌മെന്റ് പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ തുടങ്ങുന്നത്. ഇതുകൊണ്ട് വലിയ വികസനം ഒന്നും ഉണ്ടാക്കാന്‍ പറ്റില്ലെങ്കിലും കഴിഞ്ഞുപോകാം. പിന്നെ വിദേശത്തുനിന്നെല്ലാം വരുന്നവരില്‍നിന്ന് കാര്യങ്ങള്‍ പഠിക്കാം. നമുക്കറിയാവുന്നത് അവര്‍ക്കും പറഞ്ഞുകൊടുക്കാം. അത്തരം അറിവുകള്‍ നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കും.' രാജ്കുമാര്‍ പറഞ്ഞു.

ഇവര്‍ ഇപ്പോള്‍ സമാധാനമായി, മാന്യമായി ജോലി ചെയ്ത് ജീവിക്കുകയാണ്. അവര്‍ തേക്കടി വിനോദസഞ്ചാരത്തിന്റെ മറ്റു മേഖലകളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ബാംബൂ റാഫ്റ്റിങ്, നാച്വര്‍ വാക്ക്, ബോര്‍ഡര്‍ വാക്ക് എന്നീ പരിപാടികളിലെല്ലാം സഞ്ചാരികള്‍ക്കൊപ്പം സുരക്ഷയൊരുക്കി ഇവരുണ്ടാവും. കൂടാതെ ഇവരുടെ മക്കള്‍ പഠിച്ച് നല്ല നിലയില്‍ കഴിയുന്നു. ഇതെല്ലാം കാണുമ്പോഴാണ് ശരിക്കും സന്തോഷം തോന്നുന്നതെന്ന് രാജു ഫ്രാന്‍സിസ് പറയുന്നു. അന്നത്തെ വിടിയല്‍ ടീമിലെ അംഗങ്ങളില്‍ പലരും ഇന്ന് മധ്യവയസും കടന്ന് പോയിരിക്കുന്നു. നെഞ്ചില്‍ ജീവനുള്ളിടത്തോളം കാലം ഇങ്ങനെ തന്നെ തുടരാനാണ് ഇവരുടെ തീരുമാനം. അടുത്ത തലമുറകളിലേക്കും ഈയൊരു നന്മ പടരും എന്നും തീര്‍ച്ചയാണ്.
Content Highlights: formation of poachers to protectors eco development committe in periyar tiger reserve, vidiyal edc
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..