
ഈ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. സുന്ദര സുരഭിലമായ ഭൂമി പതിയെ അങ്ങനെയല്ലാതായിക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുന്നു, ധ്രുവങ്ങളില്‍ മഞ്ഞുരുകുന്നു, വനസമ്പത്ത് അഗ്‌നിക്കിരയാവുന്നു, അനേകായിരം ജീവജാലങ്ങള്‍ ലോകത്ത് നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു, ശുദ്ധവായുവില്ലാതാവുന്നു, ശുദ്ധജലം ഇല്ലാതാവുന്നു അങ്ങനെയങ്ങനെ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. അതിജീവനത്തിനുള്ള നെട്ടോട്ടത്തിലാണ് മനുഷ്യര്‍. ഇതില്‍ നിന്നെല്ലാം ഇനിയൊരു തിരിച്ചുപോക്കുണ്ടോ എന്നറിയില്ല. എങ്കിലും ഭാവിയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മനുഷ്യന് പിടിവള്ളിയാകുന്നത് പുത്തന്‍ സാങ്കേതിക വിദ്യകളാണ്.
ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വളര്‍ച്ച പ്രാപിച്ചില്ലായിരുന്നുവെങ്കില്‍ മനുഷ്യന്‍ എന്ത് ചെയ്തേനെ? മനുഷ്യന്റെ ദൈനം ദിന ജീവിതത്തില്‍ പരിസ്ഥിതിക്ക് വിഘാതമായിരുന്ന കാര്യങ്ങള്‍ പലതും പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

കാലാവസ്ഥാ, പരിസ്ഥിതി നിരീക്ഷണം
ഭൂമിയ്ക്കുണ്ടാകുന്ന മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുവാനും പഠിക്കുവാനും ഇന്ന് മനുഷ്യന് സാധിക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളായി വിക്ഷേപിക്കപ്പെട്ട കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളും ഡ്രോണുകള്‍, ഉള്‍പ്പടെയുള്ള ഭൂമിയില്‍ നിന്ന് ഉപയോഗിക്കുന്ന വിവിധ നിരീക്ഷണ ഉപകരണങ്ങളും അതിന് സഹായിക്കുന്നു. വായുമലിനീകരണം, താപനില വര്‍ധനവ് തുടങ്ങിയവ നിരീക്ഷിക്കാനും വനനശീകരണം, മഞ്ഞുരുകല്‍ പോലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളെ പഠിക്കുവാനും ഇത്തരം സാങ്കേതിക വിദ്യകള്‍ സഹായിക്കുന്നുണ്ട്.
പരിസ്ഥിതി നാശത്തെ പിടിച്ചു നിര്‍ത്താന്‍ എന്ത്, എങ്ങനെ, എപ്പോള്‍ ചെയ്യണം എന്ന് മനുഷ്യന് ബോധ്യമാക്കിക്കൊടുക്കാന്‍ ഈ നിരന്തര നീരീക്ഷണ പഠനങ്ങള്‍ സഹായിക്കുന്നു. ലോകത്തെ ഒന്നാകെ കാലാവസ്ഥാ സംരക്ഷണമെന്ന ചിന്തയ്ക്കൊപ്പം നീങ്ങാന്‍ ഏകോപിപ്പിച്ച് നിര്‍ത്തുന്നതില്‍ ശാസ്ത്രസാങ്കേതിക വിദ്യക്കുള്ള പങ്ക് വളരെ വലുതാണ്

പുനരുപയോഗ ഊര്‍ജങ്ങള്‍
പ്രകൃതിജന്യമായതും പുനരുപയോഗം സാധ്യമായതുമായ ഊര്‍ജമാണ് റിന്യൂവബിള്‍ എനര്‍ജി അഥവാ പുനരുപയോഗ ഊര്‍ജം. നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും അന്തരീക്ഷ മലിനീകരണങ്ങള്‍ക്കും ഒരു വലിയ കാരണമായത് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ്. വലിയ രീതിയിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിനാണ് അനിയന്ത്രിമായ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വഴിവെക്കുന്നത്. പെട്രോള്‍, ഡീസല്‍ പോലുള്ള ഇന്ധനങ്ങളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉപയോഗം നിയന്ത്രിക്കുവാനും അതുമൂലമുള്ള വാതക ബഹിര്‍ഗമനം നിയന്ത്രിക്കുവാനുമുള്ള ശ്രമത്തിലാണ് ലോകം.
ആഗോളതലത്തിലെ ഊര്‍ജ ഉത്പാദനത്തില്‍ പുനരുപയോഗ ഊര്‍ജ ഉത്പാദനം 2017 ല്‍ 25 ശതമാനമാണ്. ഇത് 2050 ല്‍ 85 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താപ വൈദ്യുതോത്പാദനം ഗണ്യമായി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആണവനിലയങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജവും പരിസ്ഥിതി സൗഹാര്‍ദ്ദ ഊര്‍ജമായി കണക്കാക്കുന്നു. സൂര്യപ്രകാശം, കാറ്റ്, ജലം എന്നീ സ്രോതസുകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതോര്‍ജ്ജം ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഭൂമിയിലാകമാനം ലഭ്യമാകുന്ന സൂര്യപ്രകാശം വലിയ ഊര്‍ജ്ജ സ്രോതസ്സായി കണക്കാക്കുകയാണ് ഇന്ന് ലോകം. ദൈനം ദിന ജീവിതത്തില്‍ ആവശ്യമായ ഊര്‍ജത്തിന് മറ്റ് ജീവജാലങ്ങളെ പോലെ തന്നെ സൗരോര്‍ജത്തെ പ്രയോജനപ്പെടുത്താന്‍ അത്യാധുനിക സൗരോര്‍ജ സാങ്കേതിക വിദ്യകള്‍ സഹായിക്കുന്നു. പുതിയ സാങ്കേതിക വിദ്യകള്‍ സൗരോര്‍ജ്ജ ഉത്പാദനത്തിന്റെ ചിലവ് ഗണ്യമായി കുറയ്ക്കുവാന്‍ സഹായിച്ചു. ഇന്നൊരു സാധാരണക്കാരന് സ്വന്തം വീട്ടില്‍ സൗരോര്‍ജ്ജ പാനലുകള്‍ വെച്ച് ആവശ്യത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നുണ്ട്.

വൈദ്യുത വാഹനങ്ങള്‍
അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ബഹിര്‍ഗമനത്തിന്റെ അഞ്ചിലൊന്ന് വാഹനങ്ങളില്‍ നിന്നാണെന്നാണ് കണക്കുകള്‍. പെട്രോള്‍, ഡീസല്‍ പോലുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് അതിനുള്ള പ്രധാനകാരണം. ഈ പ്രശ്നത്തിന് വലിയ പരിഹാരം എന്നോണമാണ് വൈദ്യുതി വാഹനങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. വാഹനങ്ങളില്‍ മതിയായ അളവില്‍ വൈദ്യുതി സംഭരിച്ചുവെക്കാന്‍ സാധിക്കുന്ന ബാറ്ററി സാങ്കേതിക വിദ്യകളുടെ വരവ് ഇതിന് വലിയ സഹായമായിട്ടുണ്ട്. 2030 കളില്‍ ലോകവ്യാപകമായി വൈദ്യുതി വാഹനങ്ങളുടെ ഉപയോഗത്തിന് പ്രചാരം വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് ലോകരാജ്യങ്ങള്‍ നടത്തിവരുന്നത്. ഇന്ത്യയിലും മുന്‍നിര കമ്പനികള്‍ പലതും ഇന്ന് വൈദ്യുത വാഹനങ്ങള്‍ ഇറക്കുന്നുണ്ട്.
സ്മാര്‍ട് സാങ്കേതിക വിദ്യകളുടെ വരവ്
സ്മാര്‍ട്ഫോണുകള്‍ ഉള്‍പ്പടെയുള്ള വിവരസാങ്കേതിക വിദ്യകളുടെ വരവ് മനുഷ്യന്റെ ജീവിതത്തിലാകമാനം മാറ്റമുണ്ടാക്കിയിട്ടുണ്ട്. വിവരക്കൈമാറ്റം, സംഭരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി. ലോക വ്യാപകമായി നിമിഷങ്ങള്‍ക്കുള്ളില്‍ വിവരങ്ങള്‍ കൈമാറാന്‍ ഇതുവഴി സാധിക്കും. വലിയ അളവിലുള്ള വിവരങ്ങള്‍ ഡിജിറ്റലായി ശേഖരിച്ചുവെക്കാനും സാധിക്കുന്നു.

ഒരു കാലത്ത് വിവര ക്കൈമാറ്റത്തിനും വിവര ശേഖരണത്തിനും ആവശ്യമായി വന്ന കടലാസിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കുവാന്‍ ഇതുവഴി സാധിച്ചു. വന നശീകരണത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന് ലോകവ്യാപകമായുള്ള കടലാസിന്റെ ഉപയോഗമായിരുന്നു. ഡിജിറ്റല്‍ സംവിധാനങ്ങള്‍ വന്നതോടെ ഒരു ലൈബ്രറി മുഴുവനുണ്ടായിരുന്ന കടലാസിലെ വിവരങ്ങളെയെല്ലാം ഒരു മൈക്രോ ചിപ്പിലേക്ക് ശേഖരിക്കാന്‍ സാധിക്കുന്ന സ്ഥിതി വന്നു.
ഇത് കൂടാതെ വിവരങ്ങള്‍ ശേഖരിച്ചുവെക്കാന്‍ ഉപയോഗിച്ചിരുന്ന കാസറ്റുകളും സിഡികളും നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും. അവ പ്ലാസ്റ്റിക് മാലിന്യങ്ങളായി മാറുന്നത് ഒഴിവാക്കാനും സാധിച്ചു. ഈ ഒരു മാറ്റത്തിലൂടെ സംരക്ഷിക്കപ്പെട്ടത് ഒരുപക്ഷേ ഏക്കറുകണക്കിന് വനമാവാം.
പരിസ്ഥിതി സൗഹാര്‍ദ്ദമായ ഭക്ഷ്യോത്പാദനം, കാര്‍ഷിക വൃത്തി
നമ്മുടെ ചെയ്തികള്‍ പരിസ്ഥിതിയ്ക്ക് എത്രത്തോളം ദോഷകരമാണ് എന്ന് തിരിച്ചറിയാന്‍ കഴിയുന്നതിനാല്‍ തന്നെ വികസിച്ചുവന്ന പുതിയ കാര്‍ഷിക രീതികള്‍ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ഉപയോഗിച്ചിരുന്നതില്‍ നിന്നും പരിമിതമായ കൃഷിയിടത്ത് നിന്നും പത്തിരട്ടിയോളം അധികം വിളവ് കൊയ്യാന്‍ പുതിയ കാര്‍ഷിക രീതികള്‍ സഹായിക്കും. പുതിയ ഇനം വിത്തുകളും, കൃഷിരീതികളും അതിന് സഹായിക്കുന്നുണ്ട്. മണ്ണും, ഭൂഗര്‍ഭജലവും മലിനമാക്കുന്ന കളനാശികനികള്‍ പോലുള്ളവയുടെ ഉപയോഗം ഒഴിവാക്കി പകരം കള നീക്കം ചെയ്യാന്‍ സാധിക്കുന്ന റോബോട്ടിക് ഉപകരണങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. ഭൂമി കുറവുള്ള മേഖലകളിൽ കൃഷി ചെയ്യാവുന്ന ഹൈഡ്രോപോണിക് കൃഷി രീതി, വെള്ളം കുറവുപയോഗിക്കുന്ന തിരിനന തുടങ്ങിയ ശാസ്ത്രത്തിന്റെ സംഭാവനകൾ ഏറെയാണ്
പുനചംക്രമണ സാങ്കേതിക വിദ്യകളുടെ വികാസം
ഉപയോഗിച്ചുകഴിഞ്ഞ വസ്തുക്കളെ വീണ്ടും ഉപയോഗിക്കുക എന്ന രീതി വാണിജ്യാടിസ്ഥാനത്തില്‍ പ്രചാരത്തില്‍ വന്നിട്ടുണ്ട്. പ്ലാസ്റ്റിക് വസ്തുക്കളുടെ കാര്യം തന്നെ നോക്കാം. പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളുമെമെല്ലാം കേടുവന്നാല്‍ അവ വീണ്ടും മറ്റുത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കാന്‍ സാധിക്കും. പല വന്‍കിട കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങളുടെ നിര്‍മാണത്തിനായി വിവിധ വസ്തുക്കള്‍ വീണ്ടും ഉപയോഗിക്കുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. പുനചംക്രമണ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍ ഈ പ്രക്രിയ കൂടുതല്‍ എളുപ്പമാക്കി മാറ്റുന്നുണ്ട്.
Content Highlights: When technology becomes Environment Friendly
Published: 04 Jun 2022, 07:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented