
ആയിരക്കണക്കിന് ഗാലക്‌സികളിലായി കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉള്ള മഹാപ്രപഞ്ചത്തിന്റെ വലിപ്പത്തേക്കുറിച്ച് ഒരേകദേശ ധാരണയൊക്കെ നമുക്കുണ്ട്. എങ്കിലും ഭൂമിപോലൊരു ഗ്രഹം എവിടെയെങ്കിലും ഉള്ളതിന്റെ സൂചനകളൊന്നും ഇതുവരെ നമുക്ക് കിട്ടീട്ടില്ല. ഒരേ ഒരു ഭൂമി! സസ്യ ജന്തു ജാല നിബിഡമായ, ജല സമൃദ്ധമായ ഹരിത ഗ്രഹം!.എണ്ണൂറുകോടിക്കടുത്ത് മനുഷ്യര്‍ ജീവിക്കുന്ന ലോകം. എണ്‍പത്തിയേഴ് ലക്ഷം സ്പീഷിസുകള്‍ അധിവസിക്കുന്ന അത്ഭുത ഇടം. 1972 സ്റ്റോക്‌ഹോം കോണ്‍ഫറന്‍സില്‍ 'ഒരേ ഒരു ഭൂമി' എന്ന ബേജാറോടെ ഭൂമിയുടെ ഭാവിയെക്കുറിച്ച് മനുഷ്യര്‍ പങ്കുവെച്ച ആശങ്കകള്‍. ലോക പരിസ്ഥിതി ദിന ആചരണമായി 1974 മുതല്‍ ആരംഭിച്ചു. അന്‍പത് വര്‍ഷം കഴിഞ്ഞ് 2022 ജൂണ്‍ അഞ്ചിനും അതേ വിഷയം ആണ് അതിലേറെ പ്രധാന്യത്തോടെ നമ്മള്‍ ചര്‍ച്ചചെയ്യുന്നത്.
അന്‍പത് വര്‍ഷത്തെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചതെന്താണ്? ആഗോള താപനം, കാലാവസ്ഥവ്യതിയാനം അതിന്റെ ഗുരുതര സൂചനകള്‍ , ഇതേക്കുറിച്ചുള്ള വേവലാതികള്‍ ഈ കാലം കൊണ്ട് എല്ലായിടങ്ങളിലും പതുക്കെ എത്തിത്തുടങ്ങി. പരിഹാര ശ്രമങ്ങള്‍ തീവ്രമായി നടക്കേണ്ടതിന്റെ ആവശ്യകത ഒരുവിധം എല്ലാവര്‍ക്കും ബോദ്ധ്യമായിക്കഴിഞ്ഞു. കാര്‍ബണ്‍ ന്യൂട്രല്‍ ആകേണ്ടതിനേക്കുറിച്ച് ഏറ്റവും താഴെത്തട്ടില്‍ പോലും ആളുകള്‍ സംസാരിച്ച് തുടങ്ങി. ഭൂമിയില്‍ എവിടെ ആരു ചെയ്യുന്നതുമായ ഹരിത ഗൃഹ വാതക ഉല്‍സര്‍ജ്ജനങ്ങള്‍ ലോകത്തിനെ മൊത്തമായാണ് ബാധിക്കുക എന്ന് എല്ലാവരും മനസിലാക്കിത്തുടങ്ങി. ഈ 'ഒരൊറ്റ ഭൂമി'യെ കൂടുതല്‍ പരിക്കുകളില്ലാതെ നിലനിര്‍ത്തിയില്ലെങ്കില്‍ മനുഷ്യകുലത്തിനും കൂടുതല്‍ കാലം ബാക്കിയുണ്ടാവില്ല എന്ന് നമ്മള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. .
ഒരോരോ ഭൂഖണ്ഡങ്ങളില്‍ , ഒരോരോ പ്രദേശങ്ങളിലുണ്ടാകുന്ന രോഗങ്ങള്‍ അവരുടെ മാത്രം പ്രശ്‌നവും അവര്‍ പരിഹരിക്കേണ്ടുന്ന ആഭ്യന്തര വിഷയവും മാത്രമായി കരുതിയിരുന്ന കാലവും കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ ആരോഗ്യം എന്നത് രോഗങ്ങള്‍ക്ക് മരുന്നു കണ്ടെത്തി നല്‍കി പരിഹരിച്ച് മുന്നോട്ട്‌പോകാവുന്ന ലളിതക്രിയകളല്ലെന്നു നാം തിരിച്ചറിഞ്ഞിരിക്കുന്നു. ആരോഗ്യമെന്നത് ഒരോരുത്തരെ ബാധിക്കുന്ന വ്യക്തിപരമായ കാര്യമല്ല എന്നും , സാമൂഹ്യമായ പല ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് എന്നും അറിഞ്ഞ് പെരുമാറിത്തുടങ്ങി.
ലോകത്ത് എവിടെ അവതരിക്കുന്ന പകര്‍ച്ച വ്യാധികളും എല്ലാവരുടെയും ഉറക്കം കെടുത്തേണ്ടുന്ന പ്രശ്‌നമായി കണ്ടേ പറ്റു. ഒരു കൂട്ടം മനുഷ്യരുടെ മോശം ആരോഗ്യം എന്നത് മനുഷ്യരാശിയുടെ മൊത്തം ആരോഗ്യത്തെകൂടി ബാധിക്കുമെന്ന അനുഭവ പാഠങ്ങള്‍ നമുക്കുണ്ടായിരിക്കുന്നു. കൂടാതെ നമ്മുടെ ആരോഗ്യത്തില്‍ നമ്മുടെ പരിസ്ഥിതിക്ക് പ്രധാന പങ്കുണ്ട് എന്നു മനസിലക്കിത്തുടങ്ങിയിരിക്കുന്നു. നമുക്ക് ചുറ്റുമുള്ള പലജാതി ജീവജാലങ്ങള്‍ , അവയുമായുള്ള ഇടപെടലുകള്‍, അവയുടെ ആരോഗ്യം , ജൈവവ്യൂഹത്തിലെ താളപ്പിഴകള്‍ , സമ്പര്‍ക്കം , എണ്ണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, ഭക്ഷണമാക്കല്‍, ഒക്കെയും നമ്മള്‍ , മനുഷ്യരുടെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഏകാരോഗ്യം എന്ന ആശയം പരിസ്ഥിതി ചര്‍ച്ചകളോടൊപ്പം ഉയര്‍ന്നുവരുന്നത് അങ്ങിനെയാണ്.
ജന്തു സസ്യജാലത്തിന്റെയും സൂക്ഷ്മ ജീവികളുടെയും പാരസ്പര്യം കൂടി നമ്മള്‍ പ്രധാന പരിഗണനയില്‍ പെടുത്തണം എന്നതാണ് കോവിഡ് 19 നമ്മെ പഠിപ്പിച്ച പാഠങ്ങളിലൊന്ന്. പകര്‍ച്ച വ്യാധികള്‍ പൊതുവെ കുറയുകയാണെങ്കിലും ആഗോള വ്യാപന സാദ്ധ്യതകള്‍ കൂടുകയാണ്. പുതുതായി പ്രത്യക്ഷപ്പെടുന്നതോ തിരിച്ച് വരുന്നതോ ആയ പകര്‍ച്ച വ്യാധികള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചെറുതും വലുതുമായ രോഗപ്പകര്‍ച്ചകള്‍ ഉണ്ടക്കുന്നു. കോവിഡ് മഹാമാരി അടക്കം മനുഷ്യരെ ബാധിക്കുന്ന പുതുതായി ആവിര്‍ഭവിക്കുന്ന രോഗങ്ങളില്‍ 75ശതമാനവും നട്ടെല്ലുള്ള ജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യരോഗങ്ങളാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. മനുഷ്യരെ അപകടപ്പെടുത്തുന്ന സാംക്രമിക രോഗങ്ങളില്‍ അറുപത് ശതമാനവും ജന്തുക്കളില്‍ നിന്നോ ജന്തുജന്യ ഉല്‍പ്പന്നങ്ങളില്‍ നിന്നോ നേരിട്ടോ പരോക്ഷമായോ പകരുന്ന രോഗങ്ങളാണ്.
ആവാസ വ്യവസ്ഥയുടെ കൂടി ഉത്പന്നമാണ് ആരോഗ്യം എന്നത് ഈ പകര്‍ച്ച വ്യാധികള്‍ നമുക്ക് കാണിച്ച് തന്നു. പലതരം ജന്തു ജന്യ രോഗങ്ങള്‍ പിടിയിലൊതുങ്ങാതെ പുളച്ച്കളിക്കാന്‍ തുടങ്ങുന്നത് നേരിട്ട് കണ്ടു തുടങ്ങി. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി പലതരം ഷഡ്പദങ്ങളുടെ വ്യാപനം പലരാജ്യങ്ങളിലായി പല പ്രദേശങ്ങളിലായി വര്‍ദ്ധിച്ച് കണ്ട് തുടങ്ങി . കൊതുകുകളാണ് ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊന്ന ജീവിയെന്ന കൗതുകം പറയല്‍ പണ്ടേ മലമ്പനി ചര്‍ച്ചകളില്‍ ഉണ്ടാവാറുണ്ടല്ലൊ.. പേവിഷബാധയും പക്ഷിപ്പനിയും ആന്ത്രാക്‌സും ബ്രൂസല്ലയും നിപ്പയും ഒക്കെ മൃഗങ്ങളും പക്ഷികളും ആയി നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെ നമ്മളിലേക്ക് എത്തിയ രോഗങ്ങളാണ്. . കുരങ്ങ്പനി , മഞ്ഞപ്പനി, കരിമ്പനി ചെള്ളുപനിയും ഒക്കെ പരാദജീവികള്‍ വഴിയും നമ്മിലെത്തി. കോഗോ പനി, എബോള ,മെര്‍സ് കൊറോണ ,സാര്‍സ് കൊറോണ ഇങ്ങനെ ജന്തുജന്യ രോഗ ലിസ്റ്റ് കൂടിക്കൊണ്ടിരിക്കുന്നു. മനുഷ്യരുടെ അറിവിന് പരിചയമില്ലാത്ത ആയിരക്കണക്കിന് രോഗകാരികളുടെ ഇരിപ്പിടമാണ് നമുക്ക് അരികില്‍ തന്നെയുള്ള വന്യതയില്‍ പാര്‍ക്കുന്ന നൂറുകണക്കിനു ജീവികളുടെ ഉള്ളുകള്‍. അവരില്‍ രോഗലക്ഷണമൊന്നും കാണിക്കാതെ ലക്ഷക്കണക്കിന് വര്‍ഷമായി അവരോടൊപ്പം അതിജീവിച്ച് തലമുറകൈമാറി വന്ന സൂക്ഷ്മസാന്നിദ്ധ്യങ്ങള്‍. ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ അത്തരം സൂക്ഷ്മ ജീവികളും വൈറസുകളും പുറത്തേക്ക് വരാനും നമ്മിലെത്താനും കാരണമാകുന്നു. വന്യജീവികളുടെ ആവാസകേന്ദ്രങ്ങള്‍ ഇല്ലാതായതിന്റെ കാരണങ്ങളില്‍ അറുപത് ശതമാനം വനനശീകരണം, കൃഷിക്കായി വനം കൈയേറ്റം, മൃഗവേട്ട തുടങ്ങിയവയാണ്.
നമ്മൂടെ ജീവിതനിലവാരത്തെ ഉയര്‍ത്തിയ, അതിജീവനത്തിന് താങ്ങായ് കൂടെ സഹായിച്ച ആന്റിബയോട്ടിക്കുകളോട് സൂക്ഷ്മ ജീവികള്‍ പ്രതിരോധം ആര്‍ജ്ജിച്ചു തുടങ്ങിയത് പ്രതിസന്ധികള്‍ മൂര്‍ച്ഛിപ്പിക്കുന്നു. മരുന്നുകളില്ലാത്ത കാലത്തിലേക്കാണ് നമ്മുടെ സഞ്ചാരം.
നമുക്ക് മാത്രമായി മെച്ചപ്പെട്ട ആരോഗ്യം എന്നത് അസാദ്ധ്യമായ കാര്യമായിരിക്കുന്നു. മനുഷ്യര്‍ക്കൊപ്പം മറ്റ് ജന്തുക്കളും സസ്യങ്ങളും അവയുടെ ആവാസ വ്യവസ്ഥയും കൂടി മികച്ച ആരോഗ്യത്തോടെ തന്നെ കഴിയണം.വിശാല അര്‍ത്ഥത്തില്‍ ഭൂമിയുടെ ആരോഗ്യം മികച്ചതായില്ലെങ്കില്‍ മനുഷ്യന്റെ ആരോഗ്യവും മികച്ചതാകില്ല എന്ന വലിയ ഒരാശയം ആണ് ഏക ലോകം ഏകാരോഗ്യം എന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഇനം ജീവികളുമായി സമ്പര്‍ക്കത്തില്‍ കോടിക്കണക്കിന് മനുഷ്യര്‍ തിങ്ങിക്കഴിയുന്ന ഇടം ആയിരിക്കും കേരളം. ഇത്രമാത്രം ജൈവവൈവിധ്യമുള്ള ഇടത്ത് ഇത്രയധികം ജനങ്ങള്‍ പാര്‍ക്കുന്ന സ്ഥലങ്ങള്‍ ഭൂമിയില്‍ അപൂര്‍വ്വമാണ്. ലോകത്തിന്റെ പലദേശങ്ങളില്‍ പാര്‍ക്കുന്ന മനുഷ്യരുടെ നാട് ആണ് കേരളം. . ദേശാടനപക്ഷികള്‍ എല്ലാ വര്‍ഷവും സന്ദര്‍ശനത്തിന് മുടങ്ങാതെ എത്തുന്ന ഇടമാണിത്. .ദീര്‍ഘമായ കാടതിര്‍ പ്രദേശങ്ങള്‍, കടലതിര്‍ പ്രദേശങ്ങള്‍ , വന്യജീവികളുമായി സമ്പര്‍ക്ക സാദ്ധ്യത കൂട്ടുന്ന, അവയുമായി ഇടകലര്‍ന്ന് കഴിയേണ്ടൂന്ന ഭൂപ്രകൃതി. ഭക്ഷണത്തില്‍ ജന്തു മാംസത്തിന്റെ വര്‍ദ്ധിച്ച സാന്നിദ്ധ്യം ഉള്ള ഇടം ഒക്കെ ആണ് കേരളം. അതുകൊണ്ട് തന്നെ ഏകാരോഗ്യം എന്ന ആശയത്തിന്റെ എറ്റവും മികച്ച പരീക്ഷണ ശാലയാകും ഇവിടം. നമുക്ക് ചുറ്റുമുള്ള ജീവികളേയും അവയുടെ ജീവിതത്തേയും അറിയാതെ, അവയെ അലോസരപ്പെടുത്തുന്നത് നിയന്ത്രിക്കാതെ നമ്മുടെ ആരോഗ്യചിന്തകള്‍ക്ക് ഇനി ഒരു കാര്യവും ഇല്ല.
Content Highlights: wildlife protection in the prevention Zoonotic diseases,mathrubhumi environment day 2022
Published: 05 Jun 2022, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented