കോഴിക്കോട് : പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന രാജ്യമാണ് നമ്മുടേത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 50 ശതമാനം വര്‍ധനവാണ് പരിസ്ഥിതി കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 2020ലെ റിപ്പോര്‍ട്ട് 2021 ഡിസംബറില്‍ വനം-പരിസ്ഥിതി മന്ത്രി അശ്വിനി കുമാര്‍ ചൗബെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 2019ല്‍ 34,676 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് ഒരു വര്‍ഷം കൊണ്ട് അത് 61,767 ആയി ഉയര്‍ന്നു. 

To advertise here,

തമിഴ്‌നാട് (42,756), രാജസ്ഥാന്‍(9543), ഉത്തര്‍പ്രദേശ് (2981) എന്നിവര്‍ക്ക് പിന്നിലായി നാലാമതാണ് പരിസ്ഥിതി കുറ്റകൃത്യങ്ങളില്‍ കേരളത്തിന്റെ സ്ഥാനം. 1795 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2018, 2019 വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. രണ്ട് വര്‍ഷങ്ങളിലും അയ്യായിരത്തില്‍ അധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകള്‍ കുറയുന്നുവെന്ന് പറയുമ്പോള്‍ അത് യാഥാര്‍ഥ്യവുമായി എത്രമാത്രം ചേര്‍ന്ന് നില്‍ക്കുന്നുവെന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

"പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന വനം വന്യജീവി വിഭാഗത്തില്‍ കേസുകളുടെ എണ്ണം കുറയുന്നുവെന്നത് വസ്തുതയാണ്.  അധികം അപകടമില്ലാതെ എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്ന മാര്‍ഗമായിട്ടാണ് വന മേഖലയില്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടായിരുന്നത്. ഇന്ന് മറ്റ് പല മേഖലയിലെ കുറ്റകൃത്യങ്ങളിലൂടെയും പണം സമ്പാദിക്കാം എന്നത് വനമേഖലയിലെ കുറ്റകൃത്യം കുറയുന്നതിന് ഒരു കാരണം. അതോടൊപ്പം തന്നെ നിയമം ശക്തമായി നടപ്പിലാക്കുന്നതും ജനങ്ങള്‍ക്ക് കാര്യമായ അവബോധമുണ്ടായതും ഇതിന് കാരണം", ചീഫ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റ് സെന്‍ട്രല്‍ (തൃശ്ശൂര്‍) കെ.ആര്‍ അനൂപ് പറയുന്നു.

വനം വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രാക്കിങ്, ക്രിമിനല്‍ ഡാറ്റാ ബെയ്‌സ് തയ്യാറാക്കല്‍ തുടങ്ങിയവയാണ് സ്വീകരിച്ച നടപടികള്‍. ഒപ്പം തന്നെ കുറ്റകൃത്യങ്ങള്‍ എത്രമാത്രം വലിയ ശിക്ഷ ലഭിക്കാവുന്നവയാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കിടയിലുള്ളതും ഇതിന് കാരണമാണെന്നും അദ്ദേഹം പറയുന്നു. 

കേരളത്തില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായ് വിജിലന്‍സിന്റെ നേതൃത്വത്തില്‍ പ്രത്യേക കര്‍മപദ്ധതിയായി 'എന്‍വയോണ്‍മെന്റല്‍ റിസ്‌ക് വിജിലന്‍സ്' രൂപീകരിച്ചിരുന്നു. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് 2016ല്‍ ഇത്തരമൊരു ഓപ്പറേഷന്‍ ആരംഭിച്ചത്. 

കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുന്നതും പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതുമായ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. വായു, വെള്ളം, മണ്ണ്, ഭൂമി, കണ്ടല്‍ക്കാടുകള്‍, ജലാശയങ്ങള്‍ എന്നിങ്ങനെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുകയും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുന്നതിനുമാണ് ഇത്തരമൊരു നീക്കം.

പലപ്പോഴും അധികൃതരുടെ സഹായത്തോടെയാണ് പ്രകൃതിയെ വലിയ അളവില്‍ ചൂഷണം ചെയ്യുന്നത്. കേരളത്തില്‍ തന്നെ അടുത്തകാലത്ത് വിവാദമായ മുട്ടില്‍ മരംമുറി കേസ് ഒരു ഉദാഹരണമാണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് അനുമതി നല്‍കുന്നവര്‍, നിയമലംഘനം കണ്ടിട്ടും കണ്ണടയ്ക്കുന്നവര്‍ അങ്ങനെ വലിയൊരു ശൃംഖല അല്ലെങ്കില്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നില്‍. 

അതേസമയം നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവുമായി ബന്ധമില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ്‌ക്കേറ്റ് ഹരീഷ് വാസുദേവന്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. 2020ല്‍ മറ്റ് കുറ്റകൃത്യങ്ങള്‍ കുറഞ്ഞത് പോലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ടവയും കുറഞ്ഞിട്ടുണ്ട്. അതിന് പ്രധാന കാരണം ആ വര്‍ഷത്തെ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം ആളുകള്‍ വീടിനുള്ളില്‍ ആയിരുന്നുതിനാലാണ്.

കേരളത്തില്‍ വനം മേഖലയിലെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നത് അവിടെ നിയമം ശക്തമായി പ്രാബല്യത്തിലുള്ളതുകൊണ്ടാണ്. എന്നാല്‍ ജലസംരക്ഷണ, വായുമലിനീകരണ സംരക്ഷണ, പരിസ്ഥിതി സംക്ഷണ നിയമങ്ങളുമായി ബന്ധപ്പെട്ട ഒരു കേസുപോലും എടുക്കുന്നില്ല. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകള്‍ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള കണക്കുകള്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ യഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും അദ്ദേഹം പറയുന്നു.

"കേരളത്തിലെ ഏതൊരു ജലാശയത്തില്‍ നോക്കിയാലും മലിന്യം വലിച്ചെറിയുന്നത് കാണാം. എന്നാല്‍ ഒരു കേസ് പോലും 1986ന് ശേഷം ഈ വിഭാഗത്തില്‍ എടുത്തിട്ടില്ല. അങ്ങനെ വരുമ്പോള്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കില്‍ പറയുന്നത് ഏത് വിഭാഗത്തില്‍ എടുത്ത കേസുകളാണെന്ന് കൂടി അറിയേണ്ടതുണ്ട്", ഹരീഷ് വാസുദേവന്‍ പറയുന്നു.

വികസന പ്രവര്‍ത്തനങ്ങളുടെ പേരിലും ചൂഷണങ്ങളും കുറ്റകൃത്യവും നടക്കുന്നുണ്ട്. വികസനം ഒരു സമൂഹത്തിന് ആവശ്യമായ ഘടകമാണ്. എന്നാല്‍ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനപ്രവര്‍ത്തനത്തിലൂടെ നേട്ടമുണ്ടാക്കിയാലും അത് താത്കാലികം മാത്രമായിരിക്കും. നിയമപരമായി അനുവദിനീയമായതില്‍ കൂടുതല്‍ വിഭവങ്ങള്‍ വികസനത്തിന്റെ പേരില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതും വിപരീതഫലമാണ് ഉണ്ടാക്കുക. 

പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന പ്രവര്‍ത്തികള്‍ മറ്റേതൊരു കുറ്റകൃത്യവും പോലെ ശിക്ഷ അര്‍ഹിക്കുന്നതാണെന്ന ബോധ്യം സമൂഹത്തില്‍ സൃഷിക്കാന്‍ അധികാരികള്‍ക്കും കഴിയണം. സംരക്ഷണം ഉറപ്പ് വരുത്തേണ്ടവര്‍ തന്നെ ചൂഷണത്തിന് മുന്നിട്ടിറങ്ങുമ്പോള്‍ അത് വെറുമൊരു പരിസ്ഥിതി പ്രശ്‌നം മാത്രമല്ല. ജൈവ സന്തുലിത അവസ്ഥയെ തന്നെ തകിടം മറിക്കുന്ന പ്രവര്‍ത്തിയാണ് പരിസ്ഥിതിയോട് കാണിക്കുന്ന ഓരോ ചൂഷണവും.