ആണിനെ ഒറ്റനോട്ടത്തില്‍ത്തന്നെ പെണ്ണ് മനസ്സിലാക്കുമെന്ന് എം. കൃഷ്ണന്‍നായര്‍. അവന്റെ കണ്ണിലേക്ക് നോക്കിയാലറിയാം ഉദ്ദേശ്യമെന്തെന്ന് കൂട്ടുകാരി. എല്ലാ പെണ്ണുങ്ങളും ആദരമര്‍ഹിക്കുന്നു. 'എന്നെ പെണ്ണെന്ന് വിളിക്കൂ...' എന്ന് പറയുന്ന വനിത കൂടുതല്‍ അംഗീകാരമര്‍ഹിക്കുന്നു!

To advertise here,

ആണുങ്ങള്‍ കുറ്റം പറയും -കുശുമ്പത്തി, അസൂയക്കാരി... എന്നാല്‍, ആണറിയാ പെണ്‍ലോകമില്ലേ. അവിടെ അവനറിയാ കാരുണ്യവും കരുത്തുമുണ്ട്...
അവളുടെ സാന്നിധ്യമില്ലാത്ത ലോകം എത്ര വിരസശൂന്യം. അവള്‍ അമ്മൂമ്മയാണ്, അമ്മയാണ്, സഹോദരിയാണ്, കൂട്ടുകാരിയാണ്, പ്രണയിനിയാണ്, ഭാര്യയാണ്, മകളാണ്, കൊച്ചുമകളാണ്... അത് അവള്‍ക്കുമാത്രം പറഞ്ഞ സൗഭാഗ്യം.

അമ്മൂമ്മ - കഥകളുടെ മടിത്തട്ട്. ആ ഭാവനകളല്ലേ നിങ്ങളുടെ എക്കാലത്തേയും ശക്തി.
അമ്മ - വിശേഷണങ്ങള്‍ വേറെ വേണ്ടാത്ത അനുഭവം. ആ മാര്‍ത്തട്ട് ഇല്ലായിരുന്നെങ്കില്‍ നിങ്ങളില്ല.
സഹോദരി - 'എടീ' എന്ന് വിളിക്കപ്പെടുന്ന അനുജത്തി. 'എടാ' എന്ന് വിളിക്കുന്ന ചേച്ചി.
കൂട്ടുകാരി - കണ്ണിമാങ്ങയുടെ ഓര്‍മ്മരസത്തോടൊപ്പം അവള്‍ എല്ലായ്പ്പോഴും എല്ലായിടത്തുമുണ്ട്. തൊടിയില്‍, പഠനമുറികളില്‍, തൊഴിലിടങ്ങളില്‍, യാത്രകളില്‍... പൂരിപ്പിക്കാന്‍ കഴിയാത്ത സൗഹൃദം. ഗുരുവായൂരില്‍ച്ചെന്ന് തൊഴുത് വിശ്രമിച്ചുവരാം എന്ന് കുരുക്കിടുന്നവനോട് 'വേണ്ട, പറ്റില്ല' എന്ന് ഉറച്ചുപറയുന്നതും അവള്‍.
പ്രണയിനി - പ്രേമിക്കുന്നവര്‍ക്കറിയാം, ആയിരം കണ്ണുകള്‍ പോരാ അവളെ കാണാന്‍. എത്രയോ ഭാവവിശേഷണങ്ങളില്‍ അവള്‍ നിറയുന്നു. 'നമുക്ക് ഗ്രാമങ്ങളില്‍ച്ചെന്ന് രാപ്പാര്‍ക്കാം... അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കും' എന്ന് സോളമന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സോഫിയയുടെ കണ്ണുകളില്‍ ഗീതങ്ങളുടെ ആഴം കാണാം (നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ -പത്മരാജന്‍).
ഭാര്യ - കൂടെക്കൂടുന്നതോടെ പ്രണയമില്ലാതാവുന്നു എന്ന് പറയുന്നവര്‍ക്കുള്ള മറുപടി. അവന്‍ വീണാല്‍ അവളുണ്ട്. അവള്‍ വീണാല്‍ അവനും. ഇവിടെ അവരല്ലാതെ പകരം ആരുമില്ല. ചാഞ്ഞും ചരിഞ്ഞും അത് അങ്ങനെ പോകും. എപ്പോഴും കൂടെയുണ്ടാകും എന്ന ഉറപ്പാണത്.
മകള്‍ - നെഞ്ചില്‍ ഒരാലിലപോലെ പറ്റിച്ചേര്‍ന്നു കിടന്നുറങ്ങി അവള്‍ വളര്‍ന്നുവരും. ഏറ്റവും വലിയ ആഹ്ലാദങ്ങളിലൊന്ന്.
കൊച്ചുമകള്‍ - ഒരു മുത്തച്ഛന്റെ വാക്കുകള്‍: എനിക്ക് എന്റെ മകളെ അത്ര ലാളിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ തിരക്കുകളിലായിരുന്നു. ഇപ്പോള്‍ സമയമുണ്ട്. ഞാന്‍ അവളോടൊപ്പമുണ്ട്, അവള്‍ എന്നോടൊപ്പവും.
ഉറപ്പുണ്ട്, ഓരോ സ്ത്രീയും അവരവരെ സംരക്ഷിക്കും, പുരുഷരേ നിങ്ങള്‍ ആശങ്കപ്പെടേണ്ട.

ചില്ലെഴുത്ത്

ഒരു സിനിമയില്‍ കണ്ടതാണ്, ഓര്‍മ്മയില്‍ നില്‍ക്കുന്ന എഴുത്ത്. പുരുഷനോടൊപ്പം ചെലവഴിച്ച സ്ത്രീ, കണ്ണാടിയില്‍ രേഖപ്പെടുത്തി അയാളെ വിട്ടുപോകുന്നു - 'Thank you darling, for made me a woman'. അതു കണ്ണാടിയാണ്. അവിടെ അവനെയും അവളെയും കാണാം - അര്‍ധനാരീശ്വരം.