പരിസ്ഥിതി പ്രവർത്തക, സാമൂഹിക പ്രവർത്തക, സംരംഭക തുടങ്ങി നിരവധി വിശേഷണങ്ങൾക്കുടമയാണ് പയ്യന്നൂർ രാമന്തളി  തെക്കേ കൊട്ടാരത്തിൽ ഡോ. ബിന്ദു ഗൗരി. കേരളം, തമിഴ് നാട്, കർണാടക, തെലങ്കാന, ആന്ധ്രാ പ്രദേശ്, ചത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളും  ആദിവാസി ഗ്രാമങ്ങളും സന്ദർശിച്ച് കർഷകർക്കും ആദിവാസികൾക്കും സ്ത്രീകൾക്കും അവരുടെ ഉന്നമനത്തിനായി പത്തു വർഷമായി പ്രവർത്തിക്കുകയാണ് ബിന്ദുഗൗരി.

To advertise here,

ആദിവാസികളുടെ ചെറുധാന്യ കൃഷിയുടെ വീണ്ടെടുപ്പ് 

കർഷകർക്ക് കൃഷി ചെയ്യാനായി വിത്തും വളവും നൽകി തുടങ്ങിയതിൽ നിന്ന് മൂല്യ വർധിത ഉത്പന്നങ്ങളെ വിപണിയിലെത്തിക്കുന്ന സാമൂഹിക സംരംഭകയെന്ന നിലയിലേക്കെത്തി ബിന്ദുവിന്റെ വളർച്ച. യു.എൻ. ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ആദിവാസി ഗ്രാമങ്ങളിൽ പഠനം നടത്തി. ആദിവാസികളുടെ തനത് ഭക്ഷ്യ രീതി മാറിയപ്പോൾ അവരുടെ ആരോഗ്യം നഷ്ടപ്പെട്ടുവെന്ന് ആ പഠനത്തിലൂടെ മനസ്സിലാക്കി. അതുകൊണ്ട് അവർക്ക് ശീലമുള്ള, അവരുടെ ആരോഗ്യത്തിന് ഉതകുന്ന ചെറുധാന്യങ്ങള്‍ അവർ തന്നെ കൃഷി ചെയ്യാൻ വേണ്ട പിന്തുണ നൽകി. പോയകാലത്തിന്റെ ഭക്ഷ്യ ധാന്യങ്ങളായിരുന്ന ചെറുധാന്യങ്ങളുടെ  തിരിച്ചു വരവു കൂടിയായിരുന്നു അത്. കൃഷിയിൽ നിന്ന് അധികമായി ലഭിക്കുന്നവ മൂല്യവർധിത ഉത്പന്നനങ്ങളുണ്ടാക്കുന്നതിന് കർഷകർക്കും ആദിവാസികൾക്കും വേണ്ട പരിശീലനം പിന്നീട് ബിന്ദു ഗൗരി നൽകിത്തുടങ്ങി.

സ്ത്രീകൾക്ക് പരിശീലനം 

സ്ത്രീകൾക്ക് അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി പരിശീലനവും പിന്തുണയും ബിന്ദു നൽകുന്നുണ്ട്. ഐ.സി.എ.ആർ. കെ.വി.കെ.യുടെ കീഴിലുള്ള  കോയമ്പത്തൂർ അഗ്രി ബിസിനസ് സ്കൂൾ ഫോർ വിമണിലെ കോർഡിനേറ്ററെന്ന നിലയിൽ നിരവധി സ്ത്രീകളെ കൃഷിയിലെത്തിക്കാനും ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുവാൻ തക്കവണ്ണം അവരെ പര്യാപ്തരാക്കുവാനും സാധിച്ചു.

 ജി- ട്രീ അഗ്രോ ടെക് പ്രൈവറ്റ് ലിമിറ്റഡ്

ഉത്പന്നങ്ങളെ എങ്ങനെ വിപണിയിൽ ബ്രാൻഡ് ചെയ്യുമെന്നതാണ് പലരും നേരിടുന്ന പ്രശ്നം. അതിനുപരിഹാരമായി കർഷകരെയും മഹിളെ തിട്ടം ഗ്രൂപ്പുകളെയും ഒരുമിപ്പിച്ച് ജി- ട്രീ എന്ന പേരിൽ ഒരു സംഘം 2015- ൽ ഉണ്ടാക്കി. ഇതിനു വേണ്ട മുൻകൈയെടുത്തത് 70 പിന്നിട്ട ലളിതമ്മയും വിജയകുമാരിയും. 2020-ൽ ഈ കൂട്ടായ്മ ഒരു സാമൂഹിക സംരംഭമായി ഉയർന്നു. ജി- ട്രീ അഗ്രോ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ. ജി - ട്രീയുടെ ലോഗോയിൽ ആൽമരമുപയോഗിക്കാനുണ്ടായ ആശയം മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വാക്കുകളിൽ നിന്നുണ്ടായതാണ്. മുൻപ് പരിസ്ഥിതി പ്രവർത്തകയെന്ന നിലയിൽ തമിഴ് നാട്ടിലെ പലയിടങ്ങളിലും മരങ്ങൾ നടാറുണ്ടായിരുന്നു. ഒരു പ്രത്യേക അവസരത്തിൽ ജയലളിതയ്ക്കു വേണ്ടി ആൽ മരങ്ങൾ നട്ടു. അപ്പോഴാണ് ആൽമരത്തിന്റെ മഹത്വം മനസ്സിലായത്. ഒരു സംഘം രൂപവത്കരിക്കുമ്പോൾ അത് ആൽമരം പോലെ പടർന്നു പന്തലിക്കണമെന്നും ഒരുപാട് ശിഖരങ്ങളുള്ള ധാരാളം ആളുകൾക്ക് തണലൊരുക്കുന്നതായിരിക്കണമെന്നും അന്നേ മനസ്സിലുറപ്പിച്ചിരുന്നു. ജി- ട്രീയ്ക്കു കീഴിൽ ഇന്ന് മൂവായിരത്തിലധികം കർഷകരും 300- ലധികം സ്ത്രീകളുമുണ്ട്. എഴുത്തും വായനയും അറിയാത്ത ഒരു കൂട്ടം സ്ത്രീകൾ ഇപ്പോൾ തന്റെയെന്ന് അല്ല ആരുടേയും സഹായമില്ലാതെ കൃത്യമായി ഉത്പാദിപ്പിക്കാനും വിപണിയിലെത്തിക്കുവാനും സാധിക്കുന്നുവെന്നതിൽ ബിന്ദു ഏറെ അഭിമാനിക്കുന്നു. ജി-ട്രീ അഗ്രോ പ്രോഡക്ടസ്, ആയുർ മില്ലറ്റസ്‌, ട്രൈബൽ ട്രഷേഴ്സ് എന്നീ മൂന്നു ബ്രാൻഡുകളിലായി 40-ലേറെ ഉത്പന്നങ്ങളാണ് ഇപ്പോൾ പുറത്തിറക്കുന്നത്.

 പരിസ്ഥിതി പ്രവർത്തക 

പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫ. ജോൺ.സി. ജേക്കബിന്റെ വാക്കുകളിലും പ്രവർത്തനങ്ങളിലും പ്രചോദനമുൾക്കൊണ്ടാണ് പരിസ്ഥിതി സംരക്ഷണത്തിനായി പുറപ്പെടുന്നത്. മുൻപ് ഒഴിവു ദിവസങ്ങളിൽ മരത്തൈകളുമായി  തമിഴ്നാട്ടിലെ ഉൾപ്രദേശങ്ങളിലേക്ക് തിരിക്കും. അവിടെയുള്ള ആളുകളെ കൂട്ടി മരം നടും. നടാനുള്ള തൈകൾ സ്വന്തമായി മുളപ്പിക്കുന്നതാണ്. നിരവധിയിടങ്ങളിൽ മിയവാക്കി വനങ്ങൾ സൃഷ്ടിക്കുവാൻ സാധിച്ചുവെന്നത് വളരെ സന്തോഷം നൽകുന്ന ഒന്നാണ്. ആദ്യ കാലത്ത് ഒരു സ്ത്രീ ദീർഘദൂരം ഒറ്റയ്ക്ക് കാറോടിച്ചു വരുന്നത് പലരും അത്ഭുദത്തോടെയാണ് നോക്കിയിരുന്നത്. ചെറുധാന്യ കലവറയെന്ന പേരിൽ പഴയങ്ങാടിയിൽ ഒരു റീറ്റ്യ്ൽ ഡിസ്ട്രിബ്യൂഷൻ കട തുടങ്ങി. അമ്മ ഗൗരിയാണ് അത് നോക്കി നടത്തുന്നത്.

പോണ്ടിച്ചേരി സര്‍വകലാശാലയില്‍നിന്ന് പരിസ്ഥിതിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയിൽ നിന്ന് എം.ബി.എ. എന്നിവ നേടിയിട്ടുണ്ട്. സുസ്ഥിര വികസനത്തിൽ പി.എച്ച്.ഡി. നേടി. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് പടിഞ്ഞാറെപ്പാട്ട് ജയറാമും മക്കളായ നീൽമാധവും ആദിശങ്കർ റാമും മാനസിക പിന്തുണയുമായി ഒപ്പമുണ്ട്.