കൊച്ചി: കാക്കനാട് രാജഗിരി കോളേജ് ഗ്രൗണ്ടിൽ വിസ്ഡൻ ക്രിക്കറ്റ് അക്കാദമിയും ബ്രൗളേഴ്‌സ് സി.സി.യും തമ്മിലുള്ള അണ്ടർ-18 ലീഗ് മത്സരം. ബ്രൗളേഴ്‌സിന്റെ ബാറ്റർമാർ ഓരോരുത്തരായി ഒരു പെൺപേസിന് മുന്നിൽ വീണു. മത്സരം അവസാനിച്ചപ്പോൾ ആ പതിനഞ്ചുകാരി ബൗളറുടെ പേരിന് നേരെയുള്ള അക്കങ്ങൾ ഇങ്ങനെയായിരുന്നു; 8.5 ഓവർ, അഞ്ച് മെയ്ഡൻ, 27 റൺസ്, അഞ്ചുവിക്കറ്റ്. വിസ്ഡനെ വിജയത്തിലേക്ക് നയിച്ച ആ പെൺപേസറുടെ പേര് വി.ജെ. ശീതൾ. ആൺകുട്ടികൾക്കൊപ്പം കളിച്ചുവളർന്ന് അവരെ എറിഞ്ഞു വീഴ്ത്തുന്ന പെൺ ബൗളർ.
ഒഴുകിവരുന്നത് പോലുള്ള റണ്ണപ്പ്, ഫ്രണ്ട് ഔൺ ഹൈ ആം ആക്ഷൻ.. റൈറ്റ് ആം പേസ് ബൗളിങ്ങിനൊപ്പം മികച്ച ബാറ്റർ കൂടിയാണ് ശീതൾ. ജില്ലാ ലീഗിൽതന്നെ ഈ വർഷം ഓപ്പണിങ്ങിൽ ഉൾപ്പെടെ ഇറങ്ങി 84, 52 നോട്ടൗട്ട്, 47 എന്നിങ്ങനെ മികച്ച സ്കോർ കണ്ടെത്താനും കഴിഞ്ഞു. ‘കളിച്ചുവളർന്നത് ആൺകുട്ടികൾക്കൊപ്പമാണ്, ഞങ്ങൾക്ക് ഗ്രൗണ്ടിൽ ആൺ-പെൺ വ്യത്യാസമില്ല...’ ശീതൾ പറയുന്നു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ലീഗിൽ ആൺകുട്ടികൾക്കെതിരേ കളിച്ച് ശീതൾ ഈ വർഷം ഏഴു മത്സരങ്ങളിൽ 12 വിക്കറ്റ് നേടി.
പെൺകുട്ടികൾക്കായി ലീഗ് മത്സരമില്ലാത്തതിനാൽ സംസ്ഥാനത്ത് ലീഗ് മത്സരങ്ങളിൽ ആൺകുട്ടികളുടെ ടീമിൽ പെൺകുട്ടികളെയും ഉൾപ്പെടുത്തുന്നുണ്ടിപ്പോൾ. ആ കൂട്ടത്തിലൊരാളാണ് ശീതൾ. 2022-23 ൽ കേരള അണ്ടർ 15 വനിതാ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ജയ്‌പുരിൽ നടന്ന മത്സരങ്ങളിൽ കേരളത്തെ പ്രീ-ക്വാർട്ടറിലെത്തിച്ചു.
പാലാരിവട്ടം സ്വദേശിയും ഇൻഫോപാർക്കിൽ ഐ.ടി. ഉദ്യോഗസ്ഥനുമായ ജിനീഷ് ദിവാകരന്റെയും ലിഖിയയുടെയും മകളായ ശീതൾ 2018 മുതലാണ് ഇടപ്പള്ളിയിലെ വിസ്ഡൻ ക്രിക്കറ്റ് അക്കാദമിയിൽ ജെ. ജിത്ത്, രവി, രാജ്കുമാർ എന്നിവരുടെ കീഴിൽ പരിശീലനം തുടങ്ങിയത്. പത്താം വയസ്സിൽ അണ്ടർ-16 എറണാകുളം ജില്ലാ ടീമിലും കേരള സെൻട്രൽ സോൺ ടീമിലും എത്തി.
ജില്ലാ അണ്ടർ 19 സീനിയേഴ്‌സ് ടീമിലുമെത്തി. ആലപ്പുഴയിൽ കഴിഞ്ഞവർഷം നടന്ന കെ.സി.എ. പിങ്ക് ടി20 ചലഞ്ചേഴ്‌സ് ടൂർണമെന്റിൽ മിന്നുമണിയുടെ ക്യാപ്റ്റൻസിയിൽ, ആദ്യമത്സരത്തിൽ ആദ്യ പന്തിൽ വിക്കറ്റെടുത്തതും പ്രധാനം.
പുരുഷൻമാരുടെ ക്രിക്കറ്റിനെ നിയന്ത്രിക്കാൻ വൃന്ദയുടെ കൈകൾ
ക്രിക്കറ്റ് ഗ്രൗണ്ടിൽ നാം ഏറെക്കാലം പുരുഷന്മാരെ മാത്രമേ കണ്ടുള്ളൂ, കളിക്കുന്നതും കളിപ്പിക്കുന്നതും കളി നിയന്ത്രിക്കുന്നതുമെല്ലാം പുരുഷന്മാർ. പിന്നെ വനിതാ താരങ്ങൾ വന്നുതുടങ്ങി. വനിതകളുടെ ടൂർണമെന്റുകൾ തുടങ്ങി. പുരുഷന്മാരുടെ ടി 20 ക്രിക്കറ്റ് ടൂർണമെന്റായ ഐ.പി.എൽ. തുടങ്ങി 16-ാം വർഷം വനിതാ പ്രീമിയർ ലീഗും തുടങ്ങി.
അപ്പോഴും കളി നിയന്ത്രിച്ചിരുന്നത് പുരുഷന്മാരാണ്. അതിലും ഇപ്പോൾ തിരുത്തുകൾ വന്നുകൊണ്ടിരിക്കുന്നു. മുംബൈ സ്വദേശിയായ വൃന്ദ രതി അങ്ങനെയൊരു ചരിത്രത്തിലെ നായികയാണ്.
ടെസ്റ്റ് ക്രിക്കറ്റ് നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് 35-കാരിയായ വൃന്ദ രതി. കഴിഞ്ഞ ഡിസംബറിൽ മുംബൈയിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് നിയന്ത്രിച്ചതോടെയാണ് മുംബൈ സ്വദേശി ഈ നേട്ടം സ്വന്തമാക്കിയത്. ജനിച്ചുവളർന്ന മുംബൈ നഗരത്തിൽത്തന്നെയാണ് ആദ്യ അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കാൻ ഇറങ്ങിയത്.
ചെന്നൈ സ്വദേശികളായ ജനനി നാരായണൻ, ഗായത്രി വേണുഗോപാൽ തുടങ്ങിയവരും ഇതേ രംഗത്ത് ശ്രദ്ധേയരാണെങ്കിലും അന്താരാഷ്ട്ര ടെസ്റ്റ് നിയന്ത്രിച്ച ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം വൃന്ദ സ്വന്തമാക്കി.
വൃന്ദയും ജനനിയും ചേർന്ന് കഴിഞ്ഞ സീസണിൽ രഞ്ജി മത്സരം നിയന്ത്രിച്ചിട്ടുണ്ട്. പുരുഷന്മാരുടെ ആഭ്യന്തര ക്രിക്കറ്റ് നിയന്ത്രിക്കുന്ന ആദ്യ വനിതാ ജോഡിയാണിവർ.
വനിതാ ടി 20 ലോകകപ്പിലും പ്രീമിയർ ലീഗിലും കോമൺവെൽത്ത് ഗെയിംസിലും മത്സരങ്ങൾ നിയന്ത്രിച്ച വൃന്ദ ഈ രംഗത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടി.
2014-ൽ, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ പരീക്ഷയിലൂടെയാണ് വൃന്ദ ഒൗദ്യോഗിക മത്സരം നിയന്ത്രിക്കാൻ യോഗ്യത നേടിയത്. 2018-ൽ ബി.സി.സി.ഐ.യുടെ പരീക്ഷയും പാസായി ദേശീയ മത്സരങ്ങൾ നിയന്ത്രിക്കാൻ അർഹത നേടി. 2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസി.സി.) അമ്പയർ പാനലിൽ എത്തി.
അതിനുശേഷം വനിതകളുടെ 43 ടി 20 മത്സരങ്ങളും രണ്ട് ഏകദിങ്ങളും നിയന്ത്രിച്ചു. ഒരു ടെസ്റ്റും. ഇനി അന്താരാഷ്ട്ര തലത്തിൽ പുരുഷ ക്രിക്കറ്റ് നിയന്ത്രിക്കുന്ന ദിവസവും വരാനിരിക്കുന്നു.
ജിന ഓടിയെത്തും, മണിപ്പുർ താരങ്ങൾക്ക് പരിക്കേറ്റാൽ
അരുണാചലിൽ നടക്കുന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ അപാര ഫോമിലാണ് മണിപ്പുർ ടീം. കേരളമടക്കമുള്ള ടീമുകൾക്ക് പരിക്കുകൾ തിരിച്ചടിയായപ്പോൾ പരിക്കൊന്നുമേൽക്കാതെ കളിക്കാർ പൂർണ ഫിറ്റ്‌നസിൽതന്നെ ഓരോ മത്സരത്തിനായും സജ്ജരാണ് എന്നതാണ് മണിപ്പുരിനെ വ്യത്യസ്തരാക്കുന്നത്. കളിക്കിടെ ഏതെങ്കിലും താരത്തിന് പരിക്കേറ്റാൽ മണിപ്പുരിന്റെ ഡഗ്ഒട്ടിൽ നിന്ന് ഒരു 37-കാരി ഓടിയെത്തും. നൻഡെയ്ബം ജിന ദേവിയെന്ന ഫിസിയോ. ഇത്തവണ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനെത്തിയ ടീമുകളിലെ ഏക വനിതാ ഫിസിയോയാണ് ജിന ദേവി. ഇംഫാലിലെ സാഗോൾബാൻഡ് ഹെയ്‌നോപോക് ലെയ്കായ് സ്വദേശിയായ ജിന, സർക്കാർ സർവീസിൽനിന്ന് റിട്ടയർ ചെയ്ത എൻ. ജഡുമണി സിങ് - ഇബെമു ദേവി ദമ്പതികളുടെ ഏക മകളാണ്.
ബെംഗളൂരുവിലെ കെ.ടി.ജി. കോളേജ് ഓഫ് ഫിസിയോതെറാപ്പിയിൽനിന്ന് ബിരുദവും ബെംഗളൂരുവിലെ തന്നെ ഓക്സ്‌ഫോർഡ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ ജിന, മസ്‌ക്യുലോസ്‌കെലെറ്റൽ ഡിസോർഡേഴ്‌സ് ആൻഡ് സ്പോർട്‌സ് വിഭാഗത്തിലാണ് സ്പെഷ്യലൈസ് ചെയ്തത്. തുടർന്ന് 2012 മുതൽ മണിപ്പുരിലും പുറത്തുമായി വിവിധ എൻ.ജി.ഒ.കൾക്കൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനിടെ, അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ സി, ഡി ലൈസൻസ് കോഴ്‌സുകൾക്ക് ക്ലാസെടുക്കാനാരംഭിച്ചതോടെയാണ് ഫുട്‌ബോളുമായുള്ള ജിനയുടെ സൗഹൃദം തുടങ്ങുന്നത്. 2023 ഒക്ടോബറിലാണ് മണിപ്പുർ ഫുട്‌ബോൾ ടീമിന്റെ ഫിസിയോ ആയത്.
Content Highlights: vj sheethal jina devi vrinda march 8 womens day special sports
Published: 08 Mar 2024, 02:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented