'ദി മോസ്റ്റ് ഫിയര്‍ലെസ് മാന്‍ (ഏറ്റവും ഭയമില്ലാത്ത മനുഷ്യന്‍)' -ആ സൈനികനെ ഇന്ത്യയുടെ മുന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വിശേഷിപ്പിച്ചത് ഈ വാക്കുകൊണ്ടാണ്. കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളെ കീഴടക്കാനുള്ള ദൗത്യത്തിനിടെ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ കാണാനെത്തിയതായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. ലെഫ്റ്റനന്റ് കേണല്‍ ഋഷി രാജലക്ഷ്മി എന്നായിരുന്നു മലയാളിയായ ആ ധീരജവാന്റെ പേര്. 

To advertise here,

രാജ്യത്തിന്റെ മുഖം സംരക്ഷിക്കാനായി തന്റെ മുഖം അക്ഷരാര്‍ഥത്തില്‍ ബലി കൊടുത്ത പോരാളിയാണ് ലെഫ്. കേണല്‍ ഋഷി. തീവ്രവാദികളുടെ ആക്രമണത്തില്‍ മുഖം തകര്‍ന്ന അദ്ദേഹം പക്ഷേ, തന്റെ മനക്കരുത്തിലൂന്നി ജീവിതം തിരികെ പിടിക്കുകയായിരുന്നു. മുഴുവന്‍ സമയവും മുഖാവരണം ധരിച്ചാണ് ഇപ്പോള്‍ ലെഫ്. കേണല്‍ ഋഷിയുടെ ജീവിതം. ഒരര്‍ഥത്തില്‍ രാജ്യസ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റേയും അടയാളമാണ് ആ മുഖാവരണം. 

പക്ഷേ, , തീവ്രവാദികളുടെ വെടിയുണ്ടകള്‍ക്ക് ഋഷിയിലെ പോരാളിയെ തളര്‍ത്താനായില്ല. പരിക്കുകള്‍ ഭേദമായ ഉടന്‍ തന്റെ സൈനികജീവിതത്തിലേക്ക് അദ്ദേഹം തിരികെയെത്തി. ഉരുള്‍പൊട്ടല്‍ മുറിപ്പെടുത്തിയ വയനാട്ടില്‍ കര്‍മ്മനിരതനാണ് ഇപ്പോള്‍ അദ്ദേഹം. ചൂരല്‍മല-മുണ്ടക്കൈ മേഖലയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ലെഫ്. കേണല്‍ ഋഷി സജീവമാണ്-ആ മുഖാവരണവും ധരിച്ചുകൊണ്ട്. 

placeholder
ലെഫ്. കേണൽ ഋഷി ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരൽമലയിൽ. Photo: mathrubhumi news

എഞ്ചിനീയറിങ് ബിരുദധാരിയായ ഋഷി കെ.എസ്.ഇ.ബിയിലെ ജീവനക്കാരനായിരുന്നു. പിന്നീട് എയർ ഇന്ത്യയിൽ ജോലി കിട്ടി. പക്ഷേ, സൈനികനാകണമെന്ന അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ ഇന്ത്യൻ ആർമിയിലെത്തിച്ചത്. അത് വെറുമൊരു സ്വപ്നമായിരുന്നില്ല, മറിച്ച് സമർപ്പണമായിരുന്നുവെന്ന് അദ്ദേഹം ജീവിതം കൊണ്ട് പിന്നീട് തെളിയിച്ചു. 

തന്റെ രാജ്യത്തെ പൗരന്മാരെ ശത്രുക്കളില്‍ നിന്ന്  സംരക്ഷിക്കുക മാത്രമല്ല, അവര്‍ക്കൊരാപത്ത് വരുമ്പോള്‍ കൈത്താങ്ങാവുകയും തന്റെ ചുമതലയാണ് എന്ന ഉറച്ച ബോധ്യമാണ് ലെഫ്. കേണല്‍ ഋഷിയെ വയനാട്ടിലെത്തിച്ചത്. ഉരുള്‍പൊട്ടല്‍ തകര്‍ത്ത മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചുകൊണ്ട് അദ്ദേഹം അവിടെയുണ്ട്. ജന്മനാടിന് തിരികെ നല്‍കാന്‍ കഴിയുന്ന സേവനമാണ് താന്‍ വയനാട്ടില്‍ ചെയ്യുന്നത് എന്നാണ് ലെഫ്. കേണല്‍ ഋഷി പറയുന്നത്.

'ഞാന്‍ മലയാളിയാണ്. കേരളം ഞാന്‍ ജനിച്ച നാടാണ്. ഇതാണ് എന്റെ നാടിന് വേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്ന മികച്ച കാര്യം. ഇത് ഞാന്‍ തുടരും.'-ഋഷി രാജലക്ഷ്മി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ജന്മനാടിനോടുള്ള സ്‌നേഹം അദ്ദേഹത്തിന്റെ ഓരോ വാക്കിലും തുളുമ്പിനില്‍ക്കുന്നുണ്ട്. അങ്ങനെ താന്‍ സ്‌നേഹിക്കുന്ന രാജ്യത്തിനുവേണ്ടിയാണ് 2017 മാര്‍ച്ച് നാലിന് ആ ദൗത്യത്തിനായി ലെഫ്. കേണല്‍ ഋഷിയും സംഘവും പുറപ്പെട്ടത്.

'ഓപ്പറേഷന്‍ ത്രാല്‍'

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖല. മെക്കനൈസ്ഡ് ഇന്‍ഫാന്‍ട്രി 42 രാഷ്ട്രീയ റൈഫിളിലെ ഐ.സി-72692ഡബ്ല്യു മേജര്‍ ഋഷി ഗ്രാമീണര്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പിലായിരുന്നു. തീവ്രവാദികള്‍ ഗ്രാമത്തിലെ ഒരു മരപ്പണിക്കാരന്റെ വീട്ടില്‍ കയറിയിട്ടുണ്ടെന്നും അവരെ കീഴടക്കണമെന്നുമുള്ള ഉത്തരവ് മേജര്‍ ഋഷിക്ക് തന്റെ മേലുദ്യോഗസ്ഥരില്‍നിന്ന് ലഭിച്ചു. ഉടന്‍ ക്യാമ്പ് അവസാനിപ്പിച്ച് അദ്ദേഹം പുറപ്പെട്ടു. 

ഋഷിയുടെ നേതൃത്വത്തിലുള്ള സൈനികസംഘം ത്രാലിലെത്തി. പാറകള്‍ നിറഞ്ഞ പ്രദേശത്ത് ഏറെ ഉയരത്തിലുള്ള മൂന്നുനില വീടായിരുന്നു അവരുടെ ലക്ഷ്യം. അടുത്ത് മറ്റുചില വീടുകളുമുണ്ട്. അതീവ ദുഷ്‌കരമാണ് ദൗത്യം. പക്ഷേ, പിന്മാറാന്‍ മേജര്‍ ഋഷി തയ്യാറല്ല. സൈനികര്‍ സമീപത്തെ വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. 

ലോക്കല്‍ പോലീസിനൊപ്പമെത്തി വീടുവളഞ്ഞ സൈന്യം ഉടന്‍ തീവ്രവാദികളോട് കീഴടങ്ങാനായി ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടില്‍നിന്ന് പ്രതികരണമുണ്ടായില്ല. കീഴടങ്ങിയില്ലെങ്കില്‍ തങ്ങള്‍ ആക്രമിക്കുമെന്ന് ഒരുവട്ടം കൂടി മുന്നറിയിപ്പ് നല്‍കിയതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടി. തീവ്രവാദികളില്‍ നിന്ന് യാതൊരു പ്രതികരണവുമുണ്ടാകാതിരുന്നതോടെ സൈന്യം അടുത്ത നീക്കത്തിലേക്ക് കടന്നു. 

ചെറിയൊരു മോര്‍ട്ടാര്‍ ആക്രമണം. അതിലൂടെ വീടിന്റെ ഒരുഭാഗത്തിന് തീ പിടിച്ചു. എന്നാല്‍,  തീവ്രവാദികളില്‍ നിന്നും അപ്പോഴും പ്രതികരണമൊന്നുമുണ്ടായില്ല. ഇതോടെ തീവ്രവാദികളെ ജീവനോടെ പിടിക്കാനുള്ള തീരുമാനം മേജര്‍ ഋഷിയും കൂട്ടരും മാറ്റി. സ്‌ഫോടനത്തിലൂടെ വീട് തകര്‍ത്ത് തീവ്രവാദികളെ കാലപുരിക്കയക്കുക. ഇതായിരുന്നു തീരുമാനം. 

അതിനായി വീടിനുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കണം. അകത്ത് കയറി ആര് ആ ദൗത്യം നിര്‍വഹിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല. 'എന്നെ മറികടന്നു മാത്രമേ വെടിയുണ്ട നിങ്ങളിലെത്തൂ' എന്ന് തനിക്കൊപ്പമുള്ള സൈനികരോട് എല്ലായ്‌പ്പോഴും പറയുന്ന മേജര്‍ ഋഷി തന്നെ അത് ഏറ്റെടുത്തു. പത്ത് കിലോഗ്രാമോളം ഐ.ഇ.ഡിയുമായി അദ്ദേഹം വീടിനകത്തേക്ക് ചുവടുവെച്ചു. 

മുഖം തകര്‍ത്ത വെടിയുണ്ടകള്‍

തനിക്കുനേരെ ആക്രമണം പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് ആ ധീരസൈനികന്‍ നിര്‍ഭയനായി വീടിനകത്തേക്ക് കയറിയത്. അകത്തെത്തിയ ഋഷി ഐ.ഇ.ഡി. സ്ഥാപിച്ചു. ഉടന്‍ അത് സംഭവിച്ചു. മുകള്‍നിലയില്‍ നിന്നാണ് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞെത്തിയത്. 

മൂന്നുവെടിയുണ്ടകളാണ് ഋഷിക്കുനേരെ ചീറിപ്പാഞ്ഞുവന്നത്. ആദ്യവെടിയുണ്ട ഹെല്‍മെറ്റില്‍ തട്ടിത്തെറിച്ചു. അടുത്തത് ഋഷിയുടെ മൂക്കാണ് തകര്‍ത്തത്. താടിയെല്ല് തകര്‍ത്തുകൊണ്ട് മറ്റൊരുവെടിയുണ്ടയുമെത്തി. മാംസം ചിതറി. രക്തം പ്രവഹിച്ചു. മേജര്‍ ഋഷിയുടെ മുഖം തകര്‍ന്നു. ആക്രമണത്തിന്റെ ശബ്ദം കേട്ട് മറ്റ് സൈനികര്‍ അകത്തേക്ക് എത്തുന്നത് അവര്‍ക്ക് ആപത്താണെന്ന് ഋഷി മനസിലാക്കി. 

placeholder
ലെഫ്. കേണൽ ഋഷിയുടെ പഴയ ചിത്രങ്ങൾ

ഉടന്‍ തന്റെ കൈവശമുള്ള എ.കെ. 47 ഉപയോഗിച്ച് പ്രത്യാക്രമണം നടത്തുകയും തുടര്‍ന്ന് പുറത്തേയ്ക്ക് നീങ്ങുകയും ചെയ്തു. സൈനികര്‍ക്ക് സമീപത്തേക്ക് ഇഴഞ്ഞാണ് അദ്ദേഹം നീങ്ങിയത്. ദൂരെനിന്നുതന്നെ കണ്ട സൈനികര്‍ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തി അദ്ദേഹത്തെ അവിടെനിന്ന് കൊണ്ടുപോയി. ത്രാലില്‍നിന്ന് 30 കിലോമീറ്ററിലേറെ ദൂരം താണ്ടിയാണ് മേജര്‍ ഋഷിയുമായുള്ള ആംബുലന്‍സ് ശ്രീനഗറിലെ ആശുപത്രിയിലെത്തിയത്. 

ഒരുവട്ടം പോലും കാണാന്‍ കഴിയാത്ത അത്ര ഭീകരമെന്നാണ് ഋഷിയുടെ പരിക്കേറ്റ മുഖം കണ്ട ഡോക്ടര്‍മാര്‍ പോലും പറഞ്ഞത്. തന്റെ പരിക്ക് കണ്ട് ഞെട്ടി നിന്ന ഡോക്ടർമാർക്കുനേരെ കൈ ഉയർത്തി 'തംപ്സ് അപ്പ്' ചിഹ്നം കാണിച്ച് അവരെ വീണ്ടും ഞെട്ടിച്ചു ഋഷി. ഇന്ത്യന്‍ സൈന്യത്തില്‍നിന്ന് ലഭിച്ച കഠിനമായ പരിശീലനമാണ് ആ സാഹചര്യത്തിൽ അങ്ങനെ ചെയ്യാൻ ശക്തി പകർന്നതെന്ന് ലെഫ്. കേണൽ ഋഷി പറയുന്നു. 

പ്രാഥമിക ചികിത്സയ്ക്കുശേഷം അദ്ദേഹത്തെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 23-ഓളം ശസ്ത്രക്രിയകളിലാണ് ഋഷിയുടെ മുഖത്ത് നടത്തിയത്. 

പിതാവ് വേണുപ്രസാദും മാതാവ് രാജലക്ഷ്മിയും സഹോദരന്‍ വിനായകും ഭാര്യ അനുപമയും ഋഷിയ്‌ക്കൊപ്പം സദാസമയവും ഉണ്ടായത് അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വേഗം കൂട്ടി. സൈനിക ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റാണ് ഋഷിയുടെ ഭാര്യ ക്യാപ്റ്റന്‍ അനുപമ. ജീവനുതുല്യം സ്‌നേഹിക്കുന്ന ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടും തളര്‍ന്നുപോകാതെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമൊപ്പം അനുപമയുമുണ്ടായിരുന്നു സൈനിക ആശുപത്രിയില്‍ ഋഷിയ്‌ക്കൊപ്പം. എല്ലാ പിന്തുണയുമായി തങ്ങളുടെ സൂപ്പർ ഹീറോയ്ക്കൊപ്പം മറ്റ് സൈനികരുമുണ്ടായിരുന്നു. 

പരിക്കുകളെ അതിജീവിച്ചെങ്കിലും ആ മുഖം പക്ഷേ, പഴയതുപോലെയായില്ല. അന്ന് മുതലാണ് ഋഷി മുഖാവരണം ധരിച്ചുതുടങ്ങിയത്. വയനാട്ടിലെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുമ്പോഴും ധീരതയുടെ അടയാളമായി ആ മുഖാവരണം ലെഫ്. കേണല്‍ ഋഷി രാജലക്ഷ്മിയുടെ മുഖത്തുണ്ട്. ആ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ ധീരതയ്ക്കുള്ള സേനാ മെഡല്‍ നല്‍കിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്. 

തീവ്രവാദികളുള്ള വീട്ടിലേക്ക് സ്‌ഫോടകവസ്തുക്കളുമായി കയറുമ്പോള്‍ സ്വന്തം ജീവനെ കുറിച്ച് ഓര്‍ത്തില്ലേ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ലെഫ്. കേണല്‍ ഋഷിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 'എന്റെ രാജ്യമാണ് എനിക്ക് പ്രധാനം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പരിക്കേറ്റ മുഖം മറച്ചുവെച്ചതിനും ആവേശകരമായ മറുപടിയുണ്ട് ലെഫ്. കേണൽ ഋഷിയ്ക്ക്. നമ്മൾ നമ്മുടെ കുറവുകൾ മറച്ചുവെക്കുകയും കഴിവുകൾ ഉയർത്തിക്കാട്ടുകയും ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്. ആ ജോലിയാണ് തന്റെ മുഖാവരണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

അമ്മയുടെ പേരാണ് സ്വന്തം പേരിനൊപ്പം ലെഫ്. കേണല്‍ ഋഷി രാജലക്ഷ്മി വിളക്കിച്ചേര്‍ത്തത്. കരുത്തയാണ് തന്റെ അമ്മയെന്ന് ഋഷി പറയുന്നു. ജോലിക്ക് വേണ്ടിയാണെങ്കില്‍ സൈന്യത്തില്‍ ചേരേണ്ടതില്ലെന്നും രാജ്യത്തിനുവേണ്ടിയാണെങ്കില്‍ മതി എന്നുമാണ് അമ്മ തന്നോട് പറഞ്ഞതെന്ന് ഋഷി പറയുന്നു. അമ്മയുടെ ആ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്നും ഋഷി അഭിമാനത്തോടെ പറഞ്ഞു.

രാജ്യം ഹീറോയായി കാണുന്നുവെങ്കിലും തനിക്ക് അത്തരത്തിലൊരു പ്രത്യേകതയുമില്ല എന്നും ഋഷി പറഞ്ഞുവെയ്ക്കുന്നു. തങ്ങള്‍ ചെയ്യുന്നത് ദൈനംദിന കര്‍ത്തവ്യങ്ങള്‍ മാത്രമാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഐക്യരാഷ്ട്രസഭയുടെ ദൗത്യത്തിന്റെ ഭാഗമായി കോംഗോയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്

'ശക്തമായ ചിന്താഗതി, ദൃഢനിശ്ചയം, ലക്ഷ്യബോധം, വ്യക്തിത്വം എന്നിവയെല്ലാമുള്ള യുവാക്കളെയാണ് സൈന്യത്തിന് ആവശ്യം. ഡോക്ടര്‍മാര്‍ മുതല്‍ എഞ്ചിനീയര്‍മാര്‍ വരെ എല്ലാവരും അവിടെയുണ്ട്. ആരായിക്കൊണ്ടും നിങ്ങള്‍ക്ക് സൈന്യത്തില്‍ ചേരാം.' -പുതുതലമുറയോടായി ലെഫ്. കേണല്‍ ഋഷിയ്ക്ക് പറയാനുള്ളത് ഇതാണ്.

വാല്‍ക്കഷ്ണം: പരിക്കേറ്റ മേജര്‍ ഋഷി രാജലക്ഷ്മിയെ മാറ്റിയശേഷം ത്രാലിലെ ആ ദൗത്യത്തിന് എന്തുസംഭവിച്ചു? ഇന്ത്യൻ സൈന്യം അത് വിജയകരമായി തന്നെ പൂർത്തിയാക്കി. പ്രദേശവാസിയും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അംഗവുമായ അക്വിബ്, പാകിസ്താനിയായ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരന്‍ സെയ്ഫുള്ള എന്നിവരാണ് ആ വീട്ടില്‍ ഉണ്ടായിരുന്ന തീവ്രവാദികൾ. 15 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഇരുവരെയും സൈന്യം വധിച്ചു. ദൗര്‍ഭാഗ്യവശാല്‍ ഒരു പോലീസുകാരനും വീരമൃത്യുവരിച്ചു. ഉറിയില്‍നിന്നുള്ള പോലീസ് കോണ്‍സ്റ്റബിള്‍ മന്‍സൂര്‍ അഹമ്മദ് നായിക് ആണ് മരിച്ചത്.