
2013-ല്‍ കേരളം പരിസ്ഥിതി തീവ്രവാദിയെന്ന് മുദ്രകുത്തിയ മാധവ് ഗാഡ്ഗിലിന്റെ വാക്കുകളാണിത്. ഈ വാക്കുകൾ ഇപ്പോൾ വീണ്ടും മുഴങ്ങുകയാണ്. അതിനെച്ചൊല്ലിയുള്ള തർക്കങ്ങളും. ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ മാത്രം ഓര്‍ക്കേണ്ട പേരാണോ മാധവ് ഗാഡ്ഗിലിന്റേത്.? അല്ലെങ്കിൽ, ഒരു ദുരന്തമുഖത്ത് വച്ചു മാത്രം ചർച്ച നടത്തേണ്ടതാണോ ആ വാക്കുകൾ?
വയനാട് ദുരന്തത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ പ്രതികരണം. താന്‍ പരിസ്ഥിതിലോലമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഇടങ്ങള്‍, മുന്നറിയിപ്പ് നല്‍കിയ ഇടങ്ങള്‍ ഒറ്റരാത്രി കൊണ്ട് ദുരന്തഭൂമിയായി മാറിയത് നിസ്സഹായതോടെയാവും അദ്ദേഹം കേട്ടിട്ടുണ്ടാവുക എന്ന് വ്യക്തം.
മഴക്കാലം മലയാളിക്ക് ഉരുള്‍പൊട്ടല്‍ക്കാലം കൂടിയായി മാറുകയാണ്. ഒരു മാസം പെയ്യുന്ന മഴ ഒരു ദിവസം പെയ്യുന്നതു തന്നെയാണ് പ്രശ്‌നം. അതിൽ മനുഷ്യനാണോ വില്ലൻ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഇവിടെയാണ് ഗാഡ്ഗിൽ ഒരിക്കൽക്കൂടി ചർച്ചയാവുന്നതിന്റെ പ്രസക്തി. പ്രകൃതിസംരക്ഷണവും പ്രായോഗികതയും ഒന്നിച്ചുപോവേണ്ട സമീപനത്തിന്റെ ആവശ്യവും ഉയർന്നുവരുന്നത് ഇവിടെയാണ്.
മണ്ണിനോടും കാട്ടുമൃഗങ്ങളോടും പടവെട്ടി ജീവിതം കരുപ്പിടിപ്പിച്ചവരെ ആട്ടിപ്പായിച്ച് ഇടനാട്ടില്‍ കൊണ്ടുപോയി താമസിപ്പിക്കുക എന്നത് പ്രായോഗികമല്ലെന്ന് ആർക്കും അറിവുള്ള കാര്യമാണ്. വീടിരിക്കുന്നതിന് പിന്നിലെ മലനിരകള്‍ക്ക് പൊട്ടിച്ചിതറാന്‍ കാത്തുനില്‍ക്കുകയാണെന്നും ഒരു മൊട്ടുസൂചിപോലും കുത്തി ആ മലകളെ പ്രകോപിപ്പിക്കരുത് എന്നുമുള്ള തിരിച്ചറിവാണ് ഇവിടെ വേണ്ടത്. സംസ്ഥാനത്തെ അതി പരിസ്ഥിതലോല പ്രദേശങ്ങളിൽ 5924 ക്വാറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ക്വാറികളില്‍ പൊതുവേ നടക്കുന്നത് അനിയന്ത്രിത സ്‌ഫോടനമാണ്. ഇങ്ങനെ സ്‌ഫോടനം നടക്കുമ്പോള്‍ ചുറ്റുപാടുമുള്ള കുന്നുകളിലെ പാറകളുടെ ഘടനയെ പോലും അത് ബാധിക്കും. പാറകളുടെ വിഘടനത്തിന് കാരണമാകുന്നതോടെ ആ പ്രദേശം ദുര്‍ബലമാകും. അത് വലിയ ദുരന്തത്തിനുള്ള വാതിൽ തുറന്നിട്ടും.
സ്വഭാവികമായി ഉണ്ടായ ഒരു നീരൊഴുക്കിനെ തടസപ്പെടുത്തുന്നത് പോലും ഉരുള്‍പൊട്ടലിന് കാരണമായേക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയിരിക്കെ, ദുര്‍ബല പ്രദേശങ്ങളില്‍ റിസോര്‍ട്ടുകളും കൃത്രിമ നീന്തൽക്കുളങ്ങളും നിര്‍മിക്കുന്നത് എത്ര ആത്മഹത്യപരമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ നാല്‍പ്പത് ശതമാനം വരും, 44 നദികളുടെ പ്രഭവ സ്ഥാനംകൂടിയായ പശ്ചിമഘട്ടമലനിരകള്‍. മലനാട്ടില്‍നിന്ന് ഇടനാട്ടിലേക്ക് ആളുകളെ മാറ്റുക എന്നതൊന്നും പ്രായോഗികമല്ല.
വേണ്ടത് പ്രായോഗിക സമീപം
മഴയെ നിയന്ത്രിക്കാന്‍ നമുക്കാവില്ല. പൊട്ടാന്‍ ഒരുങ്ങി നില്‍ക്കുന്ന മലകളെ തടയാനുമാകില്ല. പക്ഷേ, നിരന്തരം നിരീക്ഷിച്ചാല്‍ മുന്‍കരുതല്‍ എടുക്കാനാകും. വലിയ അകലത്തിലല്ല പുത്തുമലയും കവളപ്പാറയും മുണ്ടക്കൈയും നാമവശേഷമാക്കിയ മലനിരകൾ. ഇവിടുത്തെ അപകടസാധ്യത മുന്‍കൂട്ടി വിലയിരുത്താന്‍ കഴിയാതെ പോയത് നമുടെ സംവിധാനങ്ങളുടെ പരാജയം തന്നെയാണെന്ന് സമ്മതിക്കേണ്ടിവരും. അപകടം നടന്നതിന് ശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തിലെ കാര്യക്ഷമത, അപകടം മുന്‍കൂട്ടി അറിയിക്കുന്നതിലും മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നതിലുമാണ് വേണ്ടത്. അപകടമെന്ന് തോന്നിയാല്‍ തല്‍ക്കാലത്തേക്കെങ്കിലും മലനാട്ടില്‍നിന്ന് ആളുകളെ മാറ്റണം. ജീവനുണ്ടെങ്കിൽ, ഉരുളെടുത്ത വീടുകള്‍ വീണ്ടും പടുത്തുയര്‍ത്താം. സമ്പാദ്യങ്ങള്‍ വീണ്ടെടുക്കാം. പ്രാണൻ വീണ്ടെടുക്കാന്‍ ആര്‍ക്കും ആകില്ല. ഈയൊരു തിരിച്ചറിവും ആത്മവിശ്വാസവും ആളുകളിൽ ഉണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയണം.
പുതിയ വീടെടുക്കുമ്പോള്‍ പരിസ്ഥിതിലോല പ്രദേശത്ത് ആണോ നിര്‍മ്മിക്കുന്നതെന്ന അന്വേഷണം സ്വന്തം ജീവന് നൽകുന്ന കരുതല്‍ ആയേക്കാം.KSDMA-യുടെ വെബ്‌സൈറ്റില്‍ ഉരുൾപാെട്ടൽ സാധ്യതയുള്ള പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളുടെ ഭൂപടം നല്‍കിയിട്ടുണ്ട്. ഇതിനെ ഉയര്‍ന്ന അപകട മേഖലയെന്നും അപകടം കുറഞ്ഞ മേഖലയെന്നും തരംതിരിച്ചിട്ടുണ്ട്. ആ മാപ്പിന്റെ സഹായത്തോടെ നമുക്ക് തന്നെ മനസിലാക്കാം. ഇത് പരിശോധിച്ച് പൊട്ടാനൊരുങ്ങി നില്‍ക്കുന്ന മലയ്ക്ക് സമീപത്ത് ആണോ വീടെന്ന് ഉറപ്പുവരുത്താൻ കഴിയും. വിശ്വാസങ്ങൾക്കൊപ്പം ഒരു ജിയോളജിസ്റ്റിനെ കൂടി സ്വന്തം ചെലവില്‍ വീട്ടില്‍ എത്തിക്കുന്നതില്‍ തെറ്റൊന്നുമില്ല
ലക്ഷങ്ങള്‍ വീടിനായി മുടക്കുമ്പോള്‍ വീടിരിക്കുന്ന സ്ഥലത്തിന്റെ സുരക്ഷിതത്വം കൂടി ഉറപ്പുവരുത്തേണ്ടത് നമ്മുടെ തന്നെ ആവശ്യം. നദികള്‍ക്ക് അടുത്ത് വീട് നിര്‍മിക്കാതിരിക്കാനുള്ള പ്രയോഗിക സമീപനം രണ്ട് വെള്ളപ്പൊക്കങ്ങളിലൂടെ ഭൂരിഭാഗം മലയാളികളും പഠിച്ചുകഴിഞ്ഞു. ഉരുള്‍പൊട്ടലിന്റെ കാര്യത്തില്‍ പക്ഷേ, ഇത്തരമൊരു തിരിച്ചറിവോ ജാഗ്രതയോ ഇനിയും ഉണ്ടായിക്കാണുന്നില്ല.
ഹൈ ഹസാഡ് സോണ്‍ മേഖലകളെ തിരിച്ചറിയുകയും അവിടെ വീട് വയ്ക്കാതിരിക്കാനുമുള്ള പ്രയോഗികത കൂടിയേ തീരൂ. ഇത്തരം ഇടങ്ങളില്‍ നിര്‍മാണങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പുനർവിചിന്തം ആവശ്യമാണ്.
സ്വയം പര്യാപ്ത രക്ഷാപ്രവര്‍ത്തനം
ഉരുള്‍പൊട്ടലുണ്ടായാല്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് പ്രദേശത്തുള്ള ഓരോ വ്യക്തിയും സജ്ജരായിരിക്കണം എന്നാണ് മുണ്ടക്കൈ നൽകുന്ന ഒരു പാഠം. ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഓരോ ചെറിയ പ്രദേശത്തും വേണം. മഴക്കാലത്ത് ഏത് നിമിഷവും ഒരു ദുരന്തത്തെ നേരിടാനുള്ള ആത്മധൈര്യത്തിലേക്കും സ്വയം പര്യാപ്തതയിലേക്കും നാം മാറിക്കഴിയണമെന്നു തന്നെയാണ് ഈ ദുരന്തങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നത്.
മഴയെ പ്രണയിക്കാനും കവിതയാക്കാനും മാത്രമറിഞ്ഞാൽ പോര. അത് അളക്കാനും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. തുടര്‍ച്ചയായി രണ്ട് ദിവസം 100 മില്ലിമീറ്ററില്‍ അധികം മഴ പെയ്താല്‍ പുറകിലുള്ള മലകളെയും മുന്നിലുള്ള പുഴകളെയും സൂക്ഷിക്കണം. മഴയുടെ സ്വഭാവം ഓരോ പ്രദേശത്തും വ്യത്യസ്തമാണ്. ഇത് ഓരോ ചെറിയ പ്രദേശത്തും മഴമാപിനികള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. എങ്ങനെ മഴമാപിനികള്‍ സ്ഥാപിക്കണമെന്ന് അറിയാന്‍ How to make mazha mapini എന്ന് യൂട്യൂബില്‍ തിരയുകയേ വേണ്ടൂ.
ഓരോ മഴക്കാലത്തെയും വിലയിരുത്തി, മണ്ണിനെയും മലകളെയും വിലയിരുത്തി. ദുരന്ത സാധ്യത മുന്നില്‍ കണ്ട് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ച് പ്രാദേശിക ഭരണകൂടങ്ങളും ആലോചിക്കേണ്ട സമയം അതിക്രമിച്ചു. പല വിദേശരാജ്യങ്ങളിലും കാലാവസ്ഥയ്ക്ക് അനുസരിച്ച് ജനങ്ങൾ മാറിത്താമസിക്കുന്ന രീതിയുണ്ട്. ഇതിന്റെ പ്രായോഗികതയും ഈ അവസരത്തിൽ ചർച്ച ആവശ്യപ്പെടുന്നുണ്ട്. വയനാട്ടില്‍ അദീല അബ്ദുള്ള ജില്ലാ കളക്ടര്‍ ആയിരുന്ന സമയത്ത് ഇത്തരം സാധ്യതകള്‍ തേടി മഴക്കാലത്ത് ആളുകളെ ഒഴിപ്പിച്ചിരുന്നതായി മാതൃഭൂമി ഡോട്ട് കോമിനോട് മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇതിന് ആളുകൾ തയ്യാറാകുമോ എന്നത് വലിയ വിഷയമാണ്. കഴിഞ്ഞ പ്രാവശ്യം മാറിത്താമസിച്ചു. വര്‍ഷങ്ങളായി ഞങ്ങള്‍ മാറിതാമസിക്കുന്നു, ഇതുവരെ ഒന്നും സംഭവിച്ചില്ലല്ലോ എന്നൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് ആളുകളെ മാറ്റാന്‍ വരുമ്പോള്‍ അധികൃതര്‍ കേള്‍ക്കുന്ന പതിവുപല്ലവികളാണ്.
മഴ, നമ്മുടെ നിയന്ത്രണത്തിലല്ല. മണ്ണും അങ്ങനെയല്ല. മാറാൻ മനുഷ്യർക്കേ കഴിയൂ. അതാണ് ചർച്ച ചെയ്യേണ്ടത്. വൈകാരിക പ്രതികരണങ്ങളോ വാദപ്രതിവാദങ്ങളോ അല്ല. പ്രയോഗിക സമീപനമാണ് വേണ്ടത്. അതിനുള്ള വഴിയാണ് മറ്റൊരു ഉരുൾദുരന്തം തുറന്നിട്ടിരിക്കുന്നത്.
Content Highlights: A practical approach for facing landslide
Published: 31 Jul 2024, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented