സംഭവബഹുലമായ രാഷ്ട്രീയജീവിതത്തിനിടയില്‍ ഏറെ വിവാദങ്ങള്‍ നിറഞ്ഞ നിയമപോരാട്ടങ്ങളിലും വി.എസ്. അച്യുതാനന്ദന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ  സാന്നിധ്യമുണ്ടായിരുന്നു. കേരളത്തെ പിടിച്ചുലച്ച പല സംഭവങ്ങളിലും വി.എസ് എന്ന ഒറ്റയാള്‍ പട്ടാളം രാഷ്ട്രീയ പോരാട്ടത്തിനൊപ്പം നിയമപോരാട്ടങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു. 

To advertise here,

ഇടമലയാര്‍, ഐസ്‌ക്രീം പാര്‍ലര്‍, പാമോയില്‍ കേസുകളിലെ വി.എസിന്റെ ഇടപെടലുകള്‍ രാഷ്ട്രീയ ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത ഏടുകളാണ്. ഇടമലയാര്‍ അഴിമതി കേസില്‍ മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ ശിക്ഷിക്കുന്നതുവരെ അദ്ദേഹത്തിന് വിശ്രമമുണ്ടായിരുന്നില്ല. പാമോയില്‍ കേസ് യുഡിഎഫ് സര്‍ക്കാര്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം വി.എസ്. ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ രേഖപ്പെടുത്തിയ വി.എസിന്റെ  ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയമായ ആ കേസുകളിലൂടെ...

ഐസ്‌ക്രീം പാര്‍ലര്‍ കേസ് 

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നായിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്. മുസ്ലീംലീഗ് നേതാവും അന്നത്തെ മന്ത്രിയുമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന എന്ന യുവതി പരസ്യപ്രസ്താവന നടത്തിയതോടെ കേസ് പുതിയ തലങ്ങളിലേക്കെത്തി. കുഞ്ഞാലിക്കുട്ടിയുടെ പേര് പറഞ്ഞിട്ടും മൊഴി രേഖപ്പെടുത്തിയില്ലെന്ന ആരോപണങ്ങളുമുയര്‍ന്നു.

പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ വിഷയത്തില്‍ സജീവമായി ഇടപെട്ടു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഐസ്‌ക്രീം കേസ് വലിയ കോളിളക്കം സൃഷ്ടിച്ചു. കേരളമാകെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ വലിയ സമരങ്ങളുണ്ടായി. കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനായിരുന്നു ഐസ്‌ക്രീം കേസിന്റെ മുന്നണിപ്പോരാളി.

2006-ല്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് സുപ്രീം കോടതി തള്ളിയെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ സഹോദരീഭര്‍ത്താവായ കെ.എ.റൗഫിന്റെ വെളിപ്പെടുത്തലിലൂടെ വീണ്ടും ചര്‍ച്ചയായി. ഐസ്‌ക്രീം കേസ് അന്വേഷണം കുഞ്ഞാലിക്കുട്ടി അട്ടിമറിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതോടെ റൗഫിന്റെ വെളിപ്പെടുത്തലില്‍ പുതിയ കേസും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഐസ്‌ക്രീം അട്ടിമറി കേസിലെ ആരോപണങ്ങള്‍ ശരിയല്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 

അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് സംഘം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കോടതി ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസിലെ കീഴ്ക്കോടതി വിധിക്കെതിരെ വി.എസ്. വീണ്ടും രംഗത്തിറങ്ങി. ഹൈക്കോടതിയില്‍ പുനരന്വേഷണ ഹര്‍ജി സമര്‍പ്പിച്ചു. പോലീസ് നടത്തിയ അന്വേഷണം പക്ഷപാതകരമാണെന്നായിരുന്നു വിഎസിന്റെ ആരോപണം. പക്ഷേ, കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

പാമോയില്‍ കേസ്

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ രാഷ്ട്രീയപതനത്തിന് കാരണമായ അഴിമതിക്കേസായിരുന്നു പാമോയില്‍ കേസ്. സിംഗപ്പൂരില്‍നിന്ന് കൂടിയ വിലയ്ക്ക് പാമോയില്‍ ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്നായിരുന്നു കേസ്. 1994 ല്‍ ക്രമക്കേട് ശരിവെച്ച് സിഎജി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കി. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സംഭവത്തില്‍ വിജിലന്‍സ് കേസെടുക്കുകയും ചെയ്തു.

എന്നാല്‍, ഭരണമാറ്റത്തോടൊപ്പം പാമോയില്‍ കേസിനോടുള്ള സര്‍ക്കാരുകളുടെ നിലപാടുകളിലും മാറ്റമുണ്ടായി. 2005 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും പിന്നീട് അധികാരത്തിലെത്തിയ വിഎസ് സര്‍ക്കാര്‍ അത് തിരുത്തി പുതിയ സത്യവാങ്മൂലം നല്‍കി. 2007-ല്‍ വിഎസ് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ കെ.കരുണാകരന്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. എന്നാല്‍, കെ.കരുണാകരന്‍ അന്തരിച്ചതോടെ അദ്ദേഹത്തിന്റെ അപ്പീല്‍ ഹര്‍ജി അസ്ഥിരപ്പെട്ടു.

പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതിനെതിരെയും വി.എസ്. അച്യുതാനന്ദന്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ഈ വിഷയത്തില്‍ വി.എസ്. ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാമോയില്‍ കേസ് പിന്‍വലിക്കണമെന്ന് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ കേസില്‍ ആരെയും കുറ്റവിമുക്തരാക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തു. 24 വര്‍ഷമായി പാമോയില്‍ കേസില്‍ അഴിമതിക്കാര്‍ക്കെതിരെ താന്‍ നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരമാണ് സുപ്രീംകോടതിയുടെ ഉത്തരവെന്നായിരുന്നു അന്ന് വി.എസ്. അച്യുതാനന്ദന്റെ പ്രതികരണം.

ഇടമലയാര്‍ കേസ്

ഇടമലയാര്‍ അഴിമതിക്കേസില്‍ ആര്‍.ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചതിന് പിന്നിലും വി.എസ്. അച്യുതാനന്ദന്റെ നിരന്തരമായ പോരാട്ടങ്ങളുണ്ടായിരുന്നു. കേസില്‍നിന്ന് രക്ഷപ്പെടാനും ശിക്ഷ ഒഴിവാക്കാനും ആര്‍.ബാലകൃഷ്ണപിള്ള പരമാവധി ശ്രമിച്ചെങ്കിലും വിഎസ് നിയമപോരാട്ടങ്ങളില്‍ ഉറച്ചുനിന്നു. ഇടമലയാറിലെ ടണല്‍ നിര്‍മാണത്തില്‍ നടന്ന അഴിമതിയില്‍ ബാലകൃഷ്ണ പിള്ളയെ ഹൈക്കോടതി വെറുതെ വിട്ടെങ്കിലും വി.എസ്. അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് പ്രഖ്യാപിച്ച് വി.എസ്. നിയമപോരാട്ടം തുടര്‍ന്നു. ഏകദേശം ഇരുപത് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ആര്‍.ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

സൂര്യനെല്ലി കേസ്

ഏറെ വിവാദമായ സൂര്യനെല്ലി പീഡനക്കേസില്‍ വി.എസ്. അച്യുതാനന്ദന്‍ സജീവമായി ഇടപെട്ടിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ജെ.കുര്യന്റെ പേര് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നെങ്കിലും അത് പ്രതിപ്പട്ടികയില്‍ ചേര്‍ത്തില്ലെന്ന ആരോപണങ്ങള്‍ വി.എസ്. ഉയര്‍ത്തിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ പി.ജെ. കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ പദവി രാജി വയ്ക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടിരുന്നു.

കിളിരൂര്‍ കേസ്

കിളിരൂര്‍ പീഡനക്കേസിലും വിഎസ് അച്യുതാനന്ദന്റെ ചില പ്രസ്താവനകളും ആരോപണങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. കിളിരൂര്‍ കേസില്‍ ഒരു വിഐപി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വി.എസിന്റെ ആരോപണം വലിയ ചര്‍ച്ചയായി. കേസില്‍ ഉള്‍പ്പെട്ട വിഐപികളെ പിടികൂടുമെന്നും പെണ്‍വാണിഭക്കാരെ കയ്യാമം വെച്ച് നടത്തിക്കുമെന്നും വിഎസ് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായ ശേഷം കിളിരൂര്‍ കേസില്‍ അദ്ദേഹം മൗനംപാലിച്ചതും ശ്രദ്ധേയമായിരുന്നു. കേസില്‍ അന്വേഷണം നടന്നെങ്കിലും വിഐപി ആരാണെന്നോ അയാളുടെ പങ്കെന്താണെന്നോ തുടങ്ങിയ കാര്യങ്ങളിലേക്ക് അന്വേഷണം നീണ്ടില്ല. ഇതിനിടെ കേസ് അട്ടിമറിച്ചത് വി.എസ്. അച്യുതാനന്ദനാണെന്ന് ആരോപിച്ച് കിളിരൂര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.