വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന പോരാളിയെ കേരളം അറിഞ്ഞതും വിളിച്ചതും വി.എസ്. എന്ന രണ്ടക്ഷരപ്പേരിലായിരുന്നു. നിലയ്ക്കാത്ത രാഷ്ട്രീയ പോരാട്ടങ്ങളുടെ തുടരാഖ്യാനങ്ങളായിരുന്നു വി.എസിനെ കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും പൊതുമണ്ഡലത്തിലും അടയാളപ്പെടുത്തിയത്. സമാനതകളില്ലാത്ത, ഒത്തുതീര്‍പ്പുകളില്ലാത്ത സമരജീവിതത്തിനു വിരാമമിട്ട് വി.എസ്. എന്ന അതികായന്‍ നടന്നു മറയുമ്പോള്‍ കേരളരാഷ്ട്രീയത്തില്‍ അവസാനിക്കുന്നത് ഐതിഹാസികമായ ഒരു കാലം കൂടിയാണ്.

To advertise here,

മുഖ്യധാരാ രാഷ്ട്രീയം മൂലധനശക്തികള്‍ക്കൊപ്പം സഞ്ചരിക്കാനും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്ന കാലത്തായിരുന്നു പ്രതിരോധത്തിന്‍റെയും  പ്രതിഷേധത്തിന്‍റെയും ശബ്ദമുയര്‍ത്തിക്കൊണ്ട് വി.എസ്. തന്റെ രാഷ്ട്രീയ ജീവിതത്തെ സ്വന്തം പാര്‍ട്ടിക്കപ്പുറത്തേക്കും പ്രസക്തിയുള്ളതാക്കി മാറ്റിയത്. അതിവേഗം അത് സാധാരണക്കാരന്റെ ശബ്ദമായി മാറി.

കമ്യൂണിസ്റ്റ് സൈദ്ധാന്തികതയുടെ അമിതഭാരമില്ലാതെ, എന്നാല്‍ ഇടതുരാഷ്ട്രീയമെന്ന ആദര്‍ശധീരതയുടെ നിലപാടുതറയില്‍ ഉറച്ചുനിന്നുകൊണ്ട്, പ്രായാധിക്യത്തിന്റെ പരാധീനതകള്‍ പോലും വക വയ്ക്കാതെ വി.എസ്. അനീതിയുടെ മതികെട്ടാന്‍ മലനിരകളിലേക്ക് പോരാട്ടം നയിച്ചു. അധികാരത്തണലില്‍ തഴച്ചുവളര്‍ന്ന ഭൂമികൈയേറ്റങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തു. രാഷ്ട്രീയ ദുരഹങ്കാര പ്രമത്തതയില്‍ ചവിട്ടിമെതിക്കപ്പെട്ട ജീവിതങ്ങള്‍ക്കുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്തി. അധികാരവും അഴിമതിയും കൈകോര്‍ക്കുന്ന ഇടങ്ങളിലെല്ലാം കടന്നുചെന്ന് പ്രതിരോധത്തിന്റെ വന്‍മതിലുകള്‍ തീര്‍ത്തു.

പാര്‍ട്ടിക്കപ്പുറം വളര്‍ന്ന ജനപിന്തുണ പാര്‍ട്ടിയിലെ പ്രമുഖര്‍ക്കു തലവേദനയായപ്പോള്‍, വൃദ്ധപോരാളിക്ക് ആയുധവും വെടിമരുന്നും തന്ത്രങ്ങളും പകര്‍ന്നു ശക്തിയേകിയ കൂട്ടാളികളെ പാര്‍ട്ടി തന്നെ ഒന്നൊന്നായി വെട്ടിമാറ്റി. 1964-ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി സിപിഎം എന്ന പാര്‍ട്ടി രൂപവത്കരിക്കാന്‍ മുന്‍കയ്യെടുത്ത 32 നേതാക്കന്മാരില്‍ ഒരാളായ വി.എസ്. അച്യുതാനന്ദന്‍ ഒറ്റപ്പെട്ടെന്നു തിരിച്ചറിഞ്ഞപ്പോഴും കീഴടങ്ങാന്‍ തയാറില്ലായിരുന്നു. ജനങ്ങളുടെ ഇടയില്‍, ജനങ്ങള്‍ക്കു വേണ്ടി ജീവിച്ച നേതാവിന് പോരാട്ടം തുടരാന്‍ ജനങ്ങളുടെ പിന്തുണമാത്രം മതിയായിരുന്നു. അന്ന് ദേശീയ കൗണ്‍സിലില്‍ നിന്നിറങ്ങിപ്പോയ 32 പേരില്‍ അവസാനത്തെയാളും യാത്ര പറയുമ്പോള്‍ സിപിഎമ്മിന്റെ സമരചരിത്രത്തിലെ ജ്വലിക്കുന്ന ഒരധ്യായം കൂടി അവസാനിക്കുകയാണ്.

പുന്നപ്ര വയലാര്‍ സമരത്തിലൂടെ സ്ഫുടം ചെയ്‌തെടുത്ത ജീവിതം തല ഉയര്‍ത്തി നടക്കാനാണ് വി.എസിനെ പഠിപ്പിച്ചത്. ആ നടത്തം പിന്നീട് കേരളത്തിലെ മിമിക്രി കലാകാരന്മാരും അനേകം വേദികളില്‍ അനുകരിച്ചു കയ്യടി നേടി. 

വേലിക്കകത്ത് ശങ്കരന്‍റെയും അക്കമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 1923 ഒക്ടോബര്‍ 20-ന് ജനിച്ച അച്യുതാനന്ദന് നാലാം വയസ്സില്‍ അമ്മയെയും 11-ാം വയസില്‍ അച്ഛനെയും നഷ്ടമായി. സ്‌കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നതോടെ അച്യുതാനന്ദന്‍ മൂത്തജ്യേഷ്ഠന്റെ തയ്യല്‍ക്കടയില്‍ സഹായിയായി കൂടി. പിന്നീട്, അടുത്തു തന്നെയുള്ള കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചു.

1940-ല്‍ തന്റെ 17-ാമത്തെ വയസില്‍ വി.എസ്. പാര്‍ട്ടി അംഗത്വം നേടിയത് സാക്ഷാല്‍ സഖാവ് പി. കൃഷ്ണപിള്ളയില്‍ നിന്നാണ്.  വി.എസ്. ആലപ്പുഴ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലെ സജീവസാന്നിധ്യമായി വളരെ വേഗത്തില്‍തന്നെ കൃഷ്ണപിള്ളയടക്കമുള്ള  മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധയാകര്‍ഷിച്ചു. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലുമുള്ള മികവ് വളരെ പെട്ടെന്നു തന്നെ വി.എസിനെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവാക്കി മാറ്റി. ജനങ്ങളുടെ ഇടയില്‍ ജീവിച്ചുകൊണ്ടാണ് വി.എസ്. തന്റെ ഭാവി രാഷ്ട്രീയ ജീവിതത്തിനു വേണ്ട ഇന്ധനം കണ്ടെത്തിയതും.

എ.കെ.ജി, ഇ.എം.എസ്, ടി.വി. തോമസ് തുടങ്ങിയ അതികായന്മാര്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കാലമാണ്. പാര്‍ട്ടി വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലം. സൈദ്ധാന്തിക വിശദീകരണങ്ങളിലൂടെ, ആവേശേജ്വലമായ പ്രസംഗങ്ങളിലൂടെ ജനമനസ്സുകളിലേക്ക് കടന്നുകയറി ആദര്‍ശ രാഷ്ട്രീയത്തിന് ഇടം നേടിക്കൊടുത്തു ഈ നേതാക്കന്മാര്‍. ചെറുപ്പക്കാരനായ വി.എസ്. പ്രവര്‍ത്തിച്ചതാവട്ടെ ജനങ്ങളുടെ ഇടയിലും. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആരംഭഘട്ടം മുതല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിനാലാവും, വി.എസ്. എന്നും ജനങ്ങള്‍ക്കിടയില്‍ അനായാസം ലയിച്ചു ചേര്‍ന്നിരുന്നു. ഈ അനുഭവങ്ങളുടെ കരുത്താണ് പിന്നീട് കേരളത്തിന്റെ പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ഒക്കെ പ്രവര്‍ത്തിക്കുമ്പോള്‍ സഹായകമായത്.

സൈദ്ധാന്തികനായി അറിയപ്പെട്ടില്ലെങ്കിലും കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതിരുന്ന നേതാവായിരുന്നു വി.എസ്. പാര്‍ട്ടിയുടെ ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ച വി.എസ്, ഒരു ഘട്ടത്തില്‍ പാര്‍ട്ടിയില്‍ തന്റെ എതിരാളികളെ അടിച്ചൊതുക്കാന്‍ ഇതേ വടി തന്നെ ഉപയോഗിച്ചു. 1980 മുതല്‍ 1992 വരെ തുടര്‍ച്ചയായി 12 വര്‍ഷം സംസ്ഥാന സെക്രട്ടറിയായിരുന്നു. പ്രതാപകാലത്ത് പാര്‍ട്ടിയിലെ എതിരാളികളെ നേരിടാന്‍ വി.എസ്. ഉപയോഗിച്ചിരുന്ന അച്ചടക്കത്തിന്റെ വാള്‍ പിന്നീട് അദ്ദേഹത്തിനു നേരെയും ദയാരഹിതമായി ഉപയോഗിക്കപ്പെട്ടു എന്നത് വിധിവൈപരീത്യമായി.

അതിദീര്‍ഘമായ രാഷ്ട്രീയ- പൊതുപ്രവര്‍ത്തന കാലയളവ് വി.എസിനുണ്ടെങ്കിലും താരതമ്യം ചെയ്യുമ്പോള്‍ അത്ര ദീര്‍ഘമായ പാര്‍ലമെന്ററി രാഷ്ട്രീയ ജീവിതം ഇല്ലെന്നു കാണാം. 1965-ല്‍ മത്സര രംഗത്തേക്കിറങ്ങിയെങ്കിലും ആദ്യ വിജയം അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍നിന്ന് 1967-ല്‍ ആയിരുന്നു. 1970-ല്‍ വിജയം ആവര്‍ത്തിച്ച് കേരള നിയമസഭയില്‍ വീണ്ടും എത്തിയെങ്കിലും 1977-ല്‍ വീണ്ടും പരാജയപ്പെട്ടു.

ഒരു നീണ്ട കാലത്തെ വിടവിനു ശേഷം പിന്നീട് മത്സരരംഗത്തേക്ക് വി.എസ്. വരുന്നത് 1991-ല്‍ മാരാരിക്കുളത്താണ്. 1991-ല്‍ വിജയിച്ചെങ്കിലും 1996-ലെ മാരാരിക്കുളത്തെ പരാജയം കേരളത്തിലെ സിപിഎമ്മില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി. പാര്‍ട്ടിയിലെ വിഭാഗീയതയെക്കുറിച്ച് മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നുതുടങ്ങി. ഈ കഥകളില്‍ ഒരു പക്ഷത്ത് എന്നും വി.എസ്. ഉണ്ടായിരുന്നു. വെട്ടിനിരത്തലുകളും തുടര്‍ച്ചയായ പ്രതികാര നടപടികളും സിപിഎമ്മില്‍ പതിവായി.

2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നാലുതവണ മലമ്പുഴയെ പ്രതിനിധാനം ചെയ്ത് കേരള നിയമസഭയില്‍ എത്തിയ വി.എസ്. 2006-ല്‍ മുഖ്യമന്ത്രിയുമായി. 2001 മുതല്‍ 2006 വരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.എസ്. നയിച്ച പോരാട്ടങ്ങള്‍ അദ്ദേഹത്തെ കേരളത്തില്‍ മറ്റൊരു കമ്യൂണിസ്റ്റ് നേതാവിനും കൈവരിക്കാനാവാത്ത ജനപിന്തുണയിലേക്കെത്തിച്ചു. ചടയന്‍ ഗോവിന്ദന്റെ മരണത്തെത്തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്‍ പാര്‍ട്ടിയിലും പിടി മുറുക്കിത്തുടങ്ങിയ സമയമായിരുന്നു അത്. ചെറുപ്പക്കാരായ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളെപ്പോലും നാണിപ്പിക്കുന്ന സമരവീര്യത്തോടെ വി.എസ്. കേരളം നിറഞ്ഞപ്പോള്‍ കുറച്ചു കാലത്തേക്കെങ്കിലും സിപിഎം എന്നാല്‍ വി.എസ്. എന്നായി മാറി.

വി.എസ്- പിണറായി പോരാട്ടം രൂക്ഷമായതോടെ 2006-ല്‍ പാര്‍ട്ടി വി.എസിന് സീറ്റ് നിഷേധിച്ചു. ഒരു സ്ഥാനാര്‍ഥിക്കു വേണ്ടി കേരളം മുഴുവന്‍ തെരുവിലിറങ്ങുന്ന അദ്ഭുതകരമായ സംഭവവികാസങ്ങള്‍ക്കാണ് തുടര്‍ന്ന് കേരളം സാക്ഷ്യം വഹിച്ചത്. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നു തിരിച്ചറിഞ്ഞ നേതൃത്വം ജനവികാരത്തിനു വഴങ്ങുകയും മലമ്പുഴയില്‍നിന്നു ജയിച്ചു കയറിയ വി.എസ്. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായി 82-ാം വയസില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയും ചെയ്തു.

2011-ലും വി.എസ്. വിജയിച്ചെങ്കിലും എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നു. മൂന്നാംതവണയും പ്രതിപക്ഷ നേതാവായതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്ന ആളായി വി.എസ്. മാറി (15 വര്‍ഷം).

പാര്‍ട്ടിയില്‍ പിണറായി വിജയന്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരകേന്ദ്രമായി വളര്‍ന്നതോടെ വി.എസിന്റെ പോരാട്ടങ്ങള്‍ക്കു ശക്തി കുറഞ്ഞു. വി.എസിന്റെ ശക്തിയായി ഇടം വലം നിന്നിരുന്ന നേതാക്കളെയും അനുചരരേയും ഒതുക്കുകയും പുറത്താക്കുകയും ചെയ്തതതോടെ അക്ഷരാര്‍ഥത്തില്‍ നിരായുധനാക്കപ്പെട്ട അവസ്ഥയിലായി വി.എസ്. കീഴടങ്ങാന്‍ അറിയാത്തതിനാല്‍ തോല്‍ക്കുമെന്നുറപ്പിച്ചിട്ടും പാര്‍ട്ടിക്കകത്തെ തന്റെ പോരാട്ടം വി.എസ്. തുടര്‍ന്നു. പ്രശസ്ത സാഹിത്യ നിരൂപകനായിരുന്ന പ്രൊഫ. എം.എന്‍. വിജയന്‍ ഈ കാലത്ത് വി.എസിനെ വിശേഷിപ്പിച്ചത് 'പരാജയം ഭക്ഷിച്ചു ജീവിക്കുന്ന നേതാവാണ് വി.എസ്', എന്നായിരുന്നു.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 92-കാരനായി വി.എസ്. അതിശക്തമായി പ്രചാരണ രംഗത്ത് പാര്‍ട്ടിയെയും മുന്നണിയെയും നയിച്ചു. മലമ്പുഴയില്‍നിന്നു വിജയം ആവര്‍ത്തിച്ച് നിയമസഭയില്‍ എത്തിയെങ്കിലും മുഖ്യമന്ത്രി ആയത് പിണറായി വിജയന്‍ ആയിരുന്നു. തുടര്‍ന്നുള്ള അഞ്ചു വര്‍ഷം ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ എന്ന അലങ്കാര പദവിയില്‍ ഇരുന്ന് പ്രസക്തി നഷ്ടപ്പെട്ട് രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളപ്പെട്ടു പോവുകയായിരുന്നു കേരളം കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവ്. 

അസാധാരണമായ വിധത്തില്‍ രൂപാന്തരീകരണം സംഭവിച്ച കേരള രാഷ്ട്രീയം വി.എസ്. എന്ന നേതാവിന്റെ അസാന്നിധ്യത്തെ വലിയ തോതില്‍ അനുഭവിച്ചറിഞ്ഞ കാലമായിരുന്നു പിന്നീട് കടന്നു പോയത്. ചോദ്യം ചെയ്യപ്പെടാതെ പോവുന്ന രാഷ്ട്രീയ ദുഷ്പ്രഭുത്വങ്ങളും പൊതുജീവിതത്തിന്റെ ഭാഗമായ അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം കേരളജനത സ്‌നേഹത്തോടെ രണ്ടക്ഷരം ചൊല്ലി വിളിച്ച നേതാവിന്റെ പ്രസക്തിയെ ഓര്‍മിപ്പിച്ചു. ഇപ്പോള്‍, പാര്‍ട്ടിയുടെ ചരിത്രത്തിന്‍റെ ഭാഗമായ, ഏറ്റവും ജനകീയനായ സഖാവ് സമരപോരാട്ടങ്ങളുടെ ഓര്‍മകള്‍ അവശേഷിച്ചു കടന്നുപോവുമ്പോള്‍ ആ ശൂന്യത നികത്താനാവില്ലെന്ന് പാര്‍ട്ടിയും തിരിച്ചറിയുകയാണ്.

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ടി.എസ്. തിരുമുന്‍പ് എഴുതിയ കവിത ഉദ്ധരിച്ചുകൊണ്ട് ഒരിക്കല്‍ വി.എസ്. പ്രസംഗിക്കുകയുണ്ടായി,

തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം
തല നരക്കാത്തതല്ലെന്‍ യുവത്വവും

വി.എസിന്റെ രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തുന്നു ഈ കവിതാ ശകലം.

പോരാട്ടത്തിന്റെ ഒരു വിസ്മയ കാലമാണ് കടന്നു പോയത്. രണ്ടക്ഷരത്തില്‍ ഒരു ജനതയുടെ പ്രതീക്ഷയും പ്രതിഷേധവും അടയാളപ്പെടുത്തിയ കാലം.