
പ്രതിപക്ഷ നേതാവായിരുന്നപ്പോഴാണ് വി.എസ്.എന്ന കമ്യൂണിസ്റ്റിനെ കേരളം കാര്യമായി ശ്രദ്ധിക്കുന്നത്. അതുവരെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ പാര്‍ട്ടിക്കകത്തെ വലിയ സ്വാധീനശക്തിയായിരുന്നു അദ്ദേഹം. ആദ്യകാലത്തെ സമരമുഖങ്ങളില്‍ വി.എസിന് പാര്‍ട്ടിക്കുപുറത്ത് ഒരു പ്രതിനായകന്റെ പരിവേഷവും ഉണ്ടായിരുന്നു. കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിനായി ആവിഷ്‌കരിച്ച വെട്ടിനിരത്തല്‍ സമരത്തിന്റെ പേരിലായിരുന്നു വി.എസിന്റെ പേര് ചര്‍ച്ചചെയ്യപ്പെട്ടത്. പിന്നീട് പാര്‍ട്ടിക്കകത്തെ പടലപ്പിണക്കങ്ങളിലും ഈ വെട്ടിനിരത്തല്‍ നടന്നു. ചില കാര്യങ്ങളില്‍ കര്‍ശനനിലപാട് എടുത്ത വി.എസിന്റെ നീക്കങ്ങളെ മാധ്യമങ്ങള്‍ പഴയ വെട്ടിനിരത്തലുമായാണ് താരതമ്യംമം ചെയ്തത്.
എന്നാല്‍, പ്രതിപക്ഷ നേതാവായതോടെ വി.എസിന്റെ പ്രതിനായക പരിവേഷമെല്ലാം പെട്ടെന്ന് മാറി. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും കാവലാളായും അനീതിക്കും അഴിമതിക്കുമൊക്കെ എതിരായ സമരമുഖങ്ങളിലെ സാന്നിധ്യമായുമൊക്കെ വി.എസ്. കേരളീയസമൂഹത്തില്‍ നിറഞ്ഞു. പാര്‍ട്ടിയിലെ ചില നേതാക്കളുടെ ചെയ്തികളെ വിമര്‍ശിക്കാനും കര്‍ശനമായി നേരിടാനും തുനിഞ്ഞിറങ്ങിയ വി.എസ്. അതോടെ സാധാരണ സഖാക്കളുടെ കണ്ണും കരളുമായി. മുഖ്യമന്ത്രിയായിരിക്കുമ്പോഴും ചിലപ്പോള്‍ പ്രതിപക്ഷനേതാവായും അദ്ദേഹം സ്വയം മാറി.
അതുകൊണ്ടുതന്നെയാണ് വേലിക്കകത്തും പുറത്തും പോരാളിയായിരുന്നു വി.എസ്. എന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന് കാലം സാക്ഷ്യപ്പെടുത്തുന്നത്. ഭരിക്കുമ്പോഴും അല്ലാത്തപ്പോഴും പോരടിച്ചു കൊണ്ടിരുന്നത് വി.എസിനെ ശ്രദ്ധേയനാക്കി. കേരളത്തിന്റെ എക്കാലത്തെയും വലിയ പ്രതിപക്ഷനേതാവായി അദ്ദേഹം വിശേഷിപ്പിക്കപ്പെടാനും ഈ ഇടപെടലുകള്‍ കാരണമായി.
മുസ്ലിം ലീഗിനെച്ചൊല്ലി തര്‍ക്കം
1980-ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായപ്പോഴാണ് സംസ്ഥാനസെക്രട്ടറി സ്ഥാനത്ത് വി.എസ്. എത്തുന്നത്. അഖിലേന്ത്യാ സെക്രട്ടറിയായി ഇ.എം.എസ്. നമ്പൂതിരിപ്പാട് മുകളിലുണ്ട്. എം.വി. രാഘവനെപ്പോലുള്ള ജനപ്രിയ നേതാക്കള്‍ ചുറ്റുമുണ്ട്. ഇവര്‍ക്കിടയില്‍ ഞെരുങ്ങിനില്‍ക്കുമ്പോഴാണ് മുസ്ലിം ലീഗിന്റെ മുന്നണിപ്രവേശം ചര്‍ച്ചയാവുന്നത്.
കോണ്‍ഗ്രസിലെ എ.ഗ്രൂപ്പുമായും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവുമായും ചേര്‍ന്നുള്ളതായിരുന്നു ഇടത് ജനാധിപത്യമുന്നണി ഭരണം. 1980-ല്‍ അവരുടെ പിന്മാറ്റത്തോടെ തകര്‍ന്നതുമുതല്‍ സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ ചിന്ത മുസ്ലിം ലീഗുമായി ചേര്‍ന്നാലേ രക്ഷയുള്ളൂവെന്നതായിരുന്നു. അതേസമയം, മുന്നണിയില്‍ ഒപ്പമുള്ള അഖിലേന്ത്യാ ലീഗിനെക്കൂടി പുറത്താക്കി മുന്നണി പൂര്‍ണമായും വര്‍ഗീയമുക്തമാക്കണമെന്ന് പൊളിറ്റ് ബ്യൂറോ അന്ത്യശാസനവും നല്‍കി.
ഇ.കെ. നായനാരും എം.വി. രാഘവനും മുന്നണി കണ്‍വീനര്‍ പി.വി. കുഞ്ഞിക്കണ്ണനും എ.കെ.ജി. സെന്ററിന്റെ ചുമതലക്കാരനായ പുത്തലത്ത് നാരായണനുമെല്ലാം ലീഗ് ബാന്ധവത്തെ അനുകൂലിക്കുന്നവരായിരുന്നു. എന്നാല്‍, ഇ.എം.എസിന്റെ അനുഗ്രഹാശിസ്സുകളോടെ, ഇ. ബാലാനന്ദന്‍, എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സി.ഐ.ടി.യു. വിഭാഗത്തിന്റെ സഹായത്തോടെ വി.എസ്. ലീഗ് ബാന്ധവ വാദത്തെയും എം.വി.ആറിന്റെ ബദല്‍രേഖയെയും പാര്‍ട്ടിക്കകത്ത് പരാജയപ്പെടുത്തി. ഇതോടെ പാര്‍ട്ടിയില്‍ വി.എസ്. കരുത്തനാവുകയായിരുന്നു. നായനാരെയും മറ്റും പാര്‍ട്ടി ലൈനില്‍ ഉറപ്പിച്ചുനിര്‍ത്തിയെങ്കിലും എം.വി. രാഘവന്റെ നേതൃത്വത്തില്‍ 1986-ല്‍ സി.എം.പി.യുടെ പിറവിയായിരുന്നു ആത്യന്തികഫലം.
1987-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗില്ലാതെത്തന്നെ ഇടതുമുന്നണി അധികാരത്തിലെത്തി. ഇതും വി.എസ്. ലൈനിനുള്ള അംഗീകാരമായി. ഇ.കെ. നായനാര്‍ കേരള മുഖ്യമന്ത്രിയുമായി.
ഒരു തിരഞ്ഞെടുപ്പിന്റെ പേരില്‍
ജില്ലാ കൗണ്‍സില്‍ നിയമം നടപ്പാക്കിയ നായനാര്‍ സര്‍ക്കാര്‍ ആദ്യ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് നേടിയത്. അത് നല്‍കിയ ആത്മവിശ്വാസത്തില്‍ ഒരുവര്‍ഷം മുമ്പേ 1991-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ മുന്നണി തോറ്റു. പാര്‍ലമെന്ററി രംഗത്തുള്ള ഇ.കെ. നായനാരടക്കമുള്ളവര്‍ സംഘടനാ രംഗത്തേക്ക് മാറുക, വി.എസ്. അടക്കമുള്ളവര്‍ പാര്‍ലമെന്ററി രംഗത്തേക്ക് വരുക എന്നൊരു ധാരണ ഇതിനിടയില്‍ വന്നിരുന്നു. പക്ഷേ, അത് പാര്‍ട്ടിയില്‍ വിഭാഗീയതയ്ക്ക് വഴിതുറക്കുകയാണ് ചെയ്തത്. ഒടുവില്‍ നായനാരും വി.എസുമെല്ലാം മത്സരിക്കുന്ന സ്ഥിതിയിലേക്കെത്തി.
തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നുകൊണ്ടിരിക്കേ ശ്രീപെരുംപുതൂരില്‍ വെച്ച് പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊല്ലപ്പെട്ടതോടെ അന്തരീക്ഷമാകെ മാറി. നിയമസഭയിലും പാര്‍ലമെന്റിലും എല്‍.ഡി.എഫ്. വലിയ തിരിച്ചടി നേരിട്ടു. തിരഞ്ഞെടുപ്പ് നേരത്തേയാക്കിയത് വി.എസിന്റെ പിടിവാശിയും പാര്‍ലമെന്ററി വ്യാമോഹവും കാരണമാണെന്ന് അകത്തും പുറത്തും പ്രചാരണമുണ്ടായി. ഏതാനും മാസത്തിനകം നടന്ന സി.പി.എം. സംസ്ഥാനസമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെട്ടതോടെ അച്യുതാനന്ദനെതിരായും അനുകൂലമായും ഗ്രൂപ്പിസം ശക്തിപ്പെട്ടു. വി.എസിനെ തോല്‍പ്പിച്ച് സംസ്ഥാന സെക്രട്ടറിയായതിനെത്തുടര്‍ന്ന് നായനാര്‍ പ്രതിപക്ഷ നേതൃസ്ഥാനമൊഴിഞ്ഞു. വി.എസ്. ആ സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.
വിഭാഗീയതയുടെ നാളുകള്‍
സ്റ്റാലിനിസ്റ്റ് കാര്‍ക്കശ്യത്തിന്റെ ആള്‍രൂപമായി വിശേഷിപ്പിക്കപ്പെട്ട വി.എസിന്റെ വ്യക്തിത്വത്തില്‍ മാറ്റത്തിന്റെ തിരയിളക്കമാണ് പിന്നീട് കണ്ടത്. പാമോയില്‍ അടക്കമുള്ള അഴിമതിക്കേസുകളുമായി രാഷ്ട്രീയ-നിയമപോരാട്ടത്തിന്റെ തുടക്കം. അഴിമതിക്ക് എതിരായ പോരാളി എന്ന നിലയില്‍ പ്രതിപക്ഷനേതാവായി വി.എസ്. പ്രീതിയാര്‍ജിക്കാന്‍ തുടങ്ങിയെങ്കിലും പാര്‍ട്ടിക്കകത്ത് വിഭാഗീയത മൂര്‍ച്ഛിക്കുകയായിരുന്നു. എങ്കിലും 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നായകനായി വി.എസിനെത്തന്നെ തീരുമാനിക്കുകയായിരുന്നു പാര്‍ട്ടി. നല്ല ഭൂരിപക്ഷത്തില്‍ മുന്നണി ജയിച്ചു. പക്ഷേ, സ്വന്തം മണ്ഡലത്തില്‍ വി.എസ്. തോറ്റു.
മാരാരിക്കുളത്ത് തന്നെ തോല്‍പ്പിച്ചത് പാര്‍ട്ടിയിലെ എതിര്‍പക്ഷമാണെന്ന് വി.എസ്. പരാതിയുന്നയിച്ചു. മണ്ഡലത്തിലെ നേതാക്കളില്‍ പലര്‍ക്കുമെതിരേ പിന്നീട് അച്ചടക്കനടപടിയായി. സുശീലാ ഗോപാലനെ മുഖ്യമന്ത്രിയാക്കണമെന്ന സി.ഐ.ടി.യു. പക്ഷത്തിന്റെ ആവശ്യം മറികടക്കാന്‍ ആ വിഭാഗത്തോട് ആഭിമുഖ്യമുള്ള നേതാവെന്നറിയപ്പെട്ട ഇ.കെ.. നായനാര്‍ മുഖ്യമന്ത്രിയാകണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത നായനാരെ സംസ്ഥാന കമ്മിറ്റിയിലെ വോട്ടെടുപ്പിലൂടെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. അതോടെ ഗ്രൂപ്പുയുദ്ധം മൂര്‍ച്ഛിച്ചു. നായനാര്‍ മുഖ്യമന്ത്രിയായ ഒഴിവില്‍ ചടയന്‍ ഗോവിന്ദനെ വോട്ടെടുപ്പിലൂടെ സെക്രട്ടറിയാക്കുന്നതിലും വലിയ പങ്കുവഹിച്ചതോടെ വി.എസിന്റെ ശക്തി വര്‍ധിച്ചു. മുന്നണി കണ്‍വീനര്‍ സ്ഥാനത്തെത്തിയ വി.എസ്. ആ സ്ഥാനം ഉപയോഗിച്ച് കേരള രാഷ്ട്രീയ-സാമൂഹിക മേഖലയില്‍ നടത്തിയ ഇടപെടല്‍ രാഷ്ട്രീയപ്രവര്‍ത്തകരല്ലാത്തവരെയടക്കം വലിയ തോതില്‍ ആകര്‍ഷിച്ചു. മുന്നണി കണ്‍വീനറായിരിക്കെത്തന്നെ സര്‍ക്കാരിന്റെ തിരുത്തല്‍ ശക്തിയാവാനും മടിച്ചില്ല.
1998-ല്‍ പാലക്കാട്ട് നടന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പ്രായത്തിന്റെയും മറ്റും പേരില്‍ എതിര്‍പക്ഷത്തെ ഏതാനും പ്രമുഖരെ സംസ്ഥാനസമിതിയുടെ പാനലില്‍നിന്നുതന്നെ ഒഴിവാക്കി. ചിലരെ ഒഴിവാക്കാന്‍ വിഭാഗീയമായ മത്സരം നടത്തുകയും ചെയ്തു. ലീഗുമായി ബന്ധപ്പെട്ടുണ്ടായ വിഭാഗീയതയില്‍ വി.എസിനൊപ്പമായിരുന്ന എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് അടക്കമുള്ളവര്‍ പാലക്കാട്ട് വോട്ടെടുപ്പില്‍ തോല്‍പ്പിക്കപ്പെട്ടു. ഈ വിഭാഗീയതയ്ക്കെതിരേയെന്ന പേരില്‍ സേവ് സി.പി.എം. ഫോറം പ്രത്യക്ഷപ്പെട്ടതോടെ നേതാക്കളടക്കം ഏതാനും പേരെ പുറത്താക്കി. 1991-ല്‍ കോഴിക്കോട്ടു നടന്ന സംസ്ഥാനസമ്മേളനത്തിലെ വോട്ടെടുപ്പില്‍ തുടങ്ങുകയും 1995-ല്‍ കൊല്ലം സമ്മേളനത്തില്‍ വോട്ടെടുപ്പില്‍ ഒരാള്‍ മാത്രം തോല്‍ക്കുകയും '98-ലെ സമ്മേളനത്തില്‍ ലോറന്‍സ് അടക്കം തോല്‍പ്പിക്കപ്പെടുകയും ചെയ്തതോടെ സി.പി.എം. വിഭാഗീയതയില്‍ ആണ്ടുമുങ്ങുകയായിരുന്നു. അതിലെല്ലാം ഒരുഭാഗത്ത് എന്നും വി.എസ്. സജീവമായിരുന്നു. 2001-ല്‍ മാരാരിക്കുളത്തുനിന്ന് മലമ്പുഴയിലേക്ക് മാറിയ വി.എസ്. ജയിച്ചെങ്കിലും മുന്നണി തോറ്റത് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതിന് തടസ്സമായി. 1992-'96 ലെന്നതുപോലെ വീണ്ടും പ്രതിപക്ഷനേതാവായ വി.എസ്. കേരളത്തിന്റെ ജനപ്രിയ നേതാവാകുന്നതിനാണ് തുടര്‍ന്നുള്ള അഞ്ചുവര്‍ഷം സാക്ഷ്യംവഹിച്ചത്.
ജനപ്രിയനേതാവ്
മതികെട്ടാന്‍, മൂന്നാര്‍ കൈയേറ്റങ്ങള്‍ക്കെതിരേ അവിടെ പോയി നടത്തിയ ഇടപെടല്‍, സ്ത്രീപീഡനങ്ങള്‍ക്കെതിരായ നിലപാടുകള്‍, നിലം നികത്തുന്നതിനെതിരേ നേരത്തേ ആരംഭിച്ച വെട്ടിനിരത്തല്‍ സമരത്തെ പരിസ്ഥിതിസംരക്ഷണ പോരാട്ടമായി വികസിപ്പിക്കല്‍ തുടങ്ങിയതെല്ലാം വി.എസിനെ മാധ്യമശ്രദ്ധാകേന്ദ്രമാക്കുകയായിരുന്നു.
എം.പി. പരമേശ്വരന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന നാലാം ലോകസിദ്ധാന്തം പാര്‍ട്ടിക്കകത്ത് പരസ്യയുദ്ധമായി മാറുന്നതാണ് പിന്നീട് കണ്ടത്. 2005-ല്‍ മലപ്പുറത്ത് നടന്ന സംസ്ഥാനസമ്മേളനവും അതിന് മുന്നോടിയായി നടന്ന ചില ജില്ലാ സമ്മേളനങ്ങളും ചര്‍ച്ചകളും വോട്ടെടുപ്പും കൊണ്ട് സംഘര്‍ഷഭരിതമായി. തൊണ്ണൂറുകളില്‍ എതിര്‍പക്ഷത്തായിരുന്ന സി.ഐ.ടി.യു. വിഭാഗം നാലാംലോക വിവാദത്തില്‍ വി.എസിനൊപ്പം നിന്നു. എന്നിട്ടും വി.എസ്. വിഭാഗം മത്സരിപ്പിച്ചവരെല്ലാം മലപ്പുറം സമ്മേളനത്തില്‍ തോറ്റു. പിണറായി വിജയന്റെ നേതൃശേഷിയും സംഘാടക മികവുമായിരുന്നു മലപ്പുറത്ത് വിജയം കണ്ടത്.
മലപ്പുറത്തെ പരാജയവും അതിജീവിച്ച് വി.എസ്. മുന്നോട്ടുവരുന്നതാണ് വൈകാതെ കേരളം കണ്ടത്. 2006-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് മുന്നണിക്ക് നേതൃത്വം നല്‍കണം എന്ന പ്രശ്‌നം സി.പി.എമ്മിന് കീറാമുട്ടിയായി. കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള ഡി.ഐ.സി.യുമായി 2005-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കിയത് നിയമസഭാ തിരഞ്ഞെടുപ്പിലും തുടരാന്‍ സംസ്ഥാന സമിതി തീരുമാനിച്ചത് കേന്ദ്ര കമ്മിറ്റി ഇടപെട്ട് ഒഴിവാക്കിക്കുകയായിരുന്നു. ഇത് വി.എസിന് അനുകൂലമെന്ന് വ്യാഖ്യാനിക്കപ്പെട്ടു. സ്ഥാനാര്‍ഥിപ്രശ്‌നം വന്നപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റും പൊളിറ്റ് ബ്യൂറോയും സംയുക്ത യോഗം ചേരുകയും വി.എസ്. മത്സരിക്കുന്നതിനെ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷവും എതിര്‍ക്കുകയും ചെയ്തു. വി.എസിനെ മത്സരിപ്പിക്കുന്നില്ലെന്ന വിവരം പുറത്തുവന്നതോടെ സി.പി.എം. പ്രവര്‍ത്തകരടക്കം പരസ്യപ്രതികരണവും പ്രകടനവുമൊക്കെ നടത്തുന്ന അസാധാരണ സ്ഥിതിവിശേഷമാണുണ്ടാക്കിയത്. തുടര്‍ന്ന് വീണ്ടും പി.ബി.യോഗം ചേര്‍ന്ന് വി.എസും പിണറായി വിജയനും മത്സരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയുമായിരുന്നു. എന്നാല്‍, പിണറായി മുന്‍ തീരുമാനത്തില്‍ത്തന്നെ നിന്നു.
വി.എസ്.തരംഗം
വി.എസ്. സ്ഥാനാര്‍ഥിയാവണമെന്നത് ജനവികാരമായി വളരുകയും തിരഞ്ഞെടുപ്പില്‍ തരംഗമായി മാറുകയുമായിരുന്നു. മുഖ്യമന്ത്രി ആരാവണമെന്നതും മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്നതുമടക്കം എല്ലാ കാര്യത്തിലും തര്‍ക്കവും വിവാദവും കത്തിപ്പടര്‍ന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ നിരന്തര ഇടപെടലോടെ വി.എസ്. സര്‍ക്കാര്‍ കാലാവധി തികച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയത്തിന് തൊട്ടടുത്തെത്തുകയും ചെയ്തു. 2006-ലെ അതേ സംഗതികള്‍ 2011-ലും സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ ആവര്‍ത്തിച്ചു. അത് വോട്ടില്‍ പ്രതിഫലിക്കുകയും ചെയ്തു. പ്രതിപക്ഷനേതൃസ്ഥാനം ഒരിക്കല്‍ക്കൂടി വി.എസിനായി.
മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത് വി.എസിനെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കപ്പെടുന്നതിലേക്കെത്തി. സംഘടനാപരമായി വി.എസിന്റെ അവരോഹണത്തിന്റെ തുടക്കംകൂടിയായി അത്. ഒട്ടേറെ കാര്യങ്ങളില്‍ നേതൃത്വത്തില്‍നിന്ന് നടപടിയോടടുത്ത വിമര്‍ശനം നേരിട്ട വി.എസ്. കോട്ടയത്തു നടന്ന സംസ്ഥാനസമ്മേളനത്തില്‍ അല്പസമയംമാത്രം പങ്കെടുത്ത് തലസ്ഥാനത്തേക്കു മടങ്ങിയത് വിവാദമായി. പ്രായംകൂടി കണക്കിലെടുത്ത് കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും ക്ഷണിതാവായി നിലനിര്‍ത്തുകയുമായിരുന്നു പിന്നീട്.
പിണറായി വിജയന്റെ സംഘാടകമികവിനും ആസൂത്രണങ്ങള്‍ക്കും മുന്നില്‍ പതിയെ പാര്‍ട്ടിയില്‍ വി.എസ്. അപ്രസക്തനാവുന്നതാണ് പിന്നീടുകണ്ടത്. കൂടെയുണ്ടായിരുന്ന വിശ്വസ്തരില്‍ പലരും പാര്‍ട്ടി നടപടി നേരിട്ട് പുറത്തായി. കുറെപ്പേര്‍ തരംതാഴ്ത്തപ്പെട്ടു. വി.എസ്.പക്ഷമാകട്ടെ വി.എസിന്റെ മൗനത്തോടെ നിര്‍ജീവമായി മാറുകയായിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഭരണപരിഷ്‌കാര കമ്മിഷന്‍ തലവന്‍ എന്ന പദവി സ്വീകരിച്ച് വി.എസ്. തലസ്ഥാനത്ത് തുടര്‍ന്നു. അപ്പോഴേക്കും പ്രായത്തിന്റെയും ശാരീരികമായ അസ്വസ്ഥതകളുടെയും പിടിയിലായിക്കഴിഞ്ഞിരുന്നു ആ പോരാളി. പക്ഷേ, പ്രതീക്ഷയോടെ സമൂഹം വി.എസിന്റെ വാക്കുകള്‍ക്കായി അപ്പോഴും കാതോര്‍ത്തിരുന്നു. ജീവിതത്തെ പോരാട്ടമായി കണ്ടും സ്വയം പോരാളിയായും ഇറങ്ങിത്തിരിച്ച ഒരു കമ്യൂണിസ്റ്റിന്റെ ജീവിതമായിരുന്നു അത്. രാഷ്ട്രീയം എന്നത് നിരന്തരസമരമാണെന്ന് ഓര്‍മ്മിപ്പിച്ച അപൂര്‍വമായ ജീവിതം.
Content Highlights: Explore the life and legacy of VS Achuthanandan, a prominent communist leader and former Kerala CM
Published: 22 Jul 2025, 07:12 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented