ഞ്ചു പതിറ്റാണ്ടിലധികം കാലം പാര്‍ട്ടിയില്‍ സഹപ്രവര്‍ത്തകനായിരുന്ന വി.എസ് അച്യുതാനന്ദനെ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി അനുസ്മരിക്കുന്നു.

To advertise here,

 വിഎസ് അച്യുതാനന്ദനെ കുറിച്ചുള്ള ഓര്‍മ്മ
1971-കാലത്ത് കൊല്ലത്ത് റെയില്‍വേ സ്റ്റേഷന്‍ മൈതാനിയില്‍ അദ്ദേഹത്തിന്‍റെ  പ്രസംഗം. പില്‍ക്കാലത്തെ പോലെ തന്നെ വസ്ത്രധാരണം. പക്ഷേ, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്നപ്പോള്‍ കണ്ട മെലിഞ്ഞയാളല്ല. വീട്ടിത്തടിയില്‍ വെട്ടിയൊതുക്കിയതുപോലുള്ള അരോഗദൃഢഗാത്രമായ, വണ്ണവും പുഷ്ടിയുമുള്ള ശരീരം. കൈയും കലാശവും ഉള്ള പ്രസംഗം. പ്രസംഗിക്കുമ്പോള്‍ ശരീരഭാഗങ്ങള്‍ ഒക്കെ ഇളകും. പത്തിരുപത് മിനിറ്റ് കഴിയുമ്പോള്‍ ജൂബയും ബനിയനും ഒക്കെ ശരീരത്തോട് ഒട്ടിപ്പിടിക്കും. ആ പ്രസംഗമാണ് എന്‍റെ ഓര്‍മ്മയില്‍ ആദ്യം വരുന്നത്.

പിന്നീട് എത്രയോ കാലം വി.എസുമായി അടുത്തിടപെട്ടു. അദ്ദേഹം കൊല്ലത്ത് സംസ്ഥാന സമ്മേളനത്തിനു വരുമ്പോള്‍ ഞാന്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. 1985-ല്‍ എം.വി രാഘവന്‍റെ ബദല്‍രേഖ പ്രശ്‌നം ഒക്കെയുള്ള കാലത്ത്, വി.എസ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് ഞാന്‍ ആദ്യം സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തിയത്. അതിനുശേഷം പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. വി.എസ് മുഖ്യമന്ത്രിയായ മന്ത്രിസഭയിലും അംഗമായി. ആ അഞ്ചുവര്‍ഷത്തിനുശേഷം കുണ്ടറയില്‍നിന്ന് വീണ്ടും ജയിച്ച് ഞാന്‍ സഭയിലെത്തുമ്പോള്‍ വി.എസ് പ്രതിപക്ഷ നേതാവായിരുന്നു. അക്കാലത്ത് ഞാന്‍ പ്രതിപക്ഷത്തിന്‍റെ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു.

വി.എസ് എന്ന പോരാളി

ഏതെങ്കിലും ഒരു വിഷയത്തില്‍ എപ്പോഴും സമരം നടത്തിക്കൊണ്ടിരിക്കും എന്നതാണ് വി.എസിന്‍റെ പ്രത്യേകത. പാര്‍ട്ടിക്കുള്ളില്‍ നയപരവും സംഘടനാപരവുമായ വിഷയങ്ങളിലൊക്കെ തന്‍റേതായ നിലപാടുകള്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്. സമൂഹത്തില്‍ തനിക്ക് അഴിമതി എന്ന് തോന്നുന്ന, തനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ക്കെല്ലാം എതിരെ നിരന്തരസമരം നടത്തി. കേരളത്തില്‍ ഏറ്റവുമധികം ശോഭിച്ച, എക്കാലത്തെയും മികച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആണ്. മുഖ്യമന്ത്രി എന്ന നിലയിലും വളരെ മികവുറ്റ പ്രകടനം നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 80 വയസ്സ് കഴിഞ്ഞപ്പോഴാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. ആ പ്രായത്തിലും പ്രവര്‍ത്തനത്തില്‍ യൗവനം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പ്രശ്‌നമുണ്ടാകുന്ന സ്ഥലങ്ങളില്‍ കാല്‍നടയായും മലകയറിയുമൊക്കെ നേരിട്ട് ചെന്ന് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടതൊക്കെ ചരിത്രത്തിന്‍റെ ഭാഗമാണ്. എ.കെ.ജിയുടെ ഒരു ഘടകം വി.എസില്‍ കാര്യമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാവങ്ങളുടെ പടത്തലവന്‍ എന്ന നിലയിലാണ് എ.കെ.ജി പ്രസിദ്ധനായത്. അതുപോലെ, അവശരുടെയും ആര്‍ത്തരുടെയും പടനായകന്‍ എന്ന നിലയിലാണ് വിഎസ് എന്നും പ്രവര്‍ത്തിച്ചിട്ടുള്ളത്. ആരോഗ്യകാര്യത്തില്‍ വലിയ ചിട്ടയും അച്ചടക്കവും ഉണ്ടായിരുന്നു. വി.എസിന്‍റെ ദീര്‍ഘായുസ്സിന്റെ കാര്യത്തില്‍ ഭാര്യയുടെ ശ്രദ്ധയും കരുതലും പരിചരണവും വലിയ ഘടകമാണ്. ഔപചാരികമായി കോളേജ് വിദ്യാഭ്യാസം ഒന്നും നേടിയിട്ടില്ലെങ്കിലും ആവശ്യത്തിന് ആരുമായും ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഹിന്ദി പഠിക്കുമായിരുന്നു. ഇതെല്ലാം ഒരു മാതൃകാകമ്മ്യൂണിസ്റ്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്.

 വി.എസുമായുള്ള വ്യക്തിപരമായ അടുപ്പം

വളരെ വളരെ അടുപ്പം ഉണ്ടായിരുന്നു. പുതിയ തലമുറയില്‍ പെട്ടവരോട് പ്രത്യേക സ്‌നേഹവും താല്‍പര്യവും ആയിരുന്നു വി.എസിന്. വ്യക്തിപരമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേക താല്‍പര്യമെടത്തു. വി.എസിന്‍റെ ആലപ്പുഴയിലെ വീട്ടില്‍ ഞാന്‍ പലതവണ പോയിട്ടുണ്ട്. സി.പി.എം രൂപീകരിക്കാനായി അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്നവരില്‍ അവസാനത്തെ  കമ്യൂണിസ്റ്റുകാരനായിരുന്നു വി.എസ്. കേന്ദ്രകമ്മിറ്റി മെമ്പര്‍ ആയിരുന്ന കാലത്ത് ഒരുതവണ ആലപ്പുഴയുടെ സംഘടനാസെക്രട്ടറി ആയി പോകേണ്ടിവന്നു. വി.എസ് ജില്ലാ സെക്രട്ടറിയായിരുന്ന സ്ഥലത്താണ് സെക്രട്ടറിയായി പോകുന്നത് എന്ന കാര്യം എനിക്ക് വളരെ അഭിമാനമായിരുന്നു. പുന്നപ്ര-വയലാറിന്‍റെ മണ്ണില്‍ പാര്‍ട്ടി സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അനര്‍ഘമായ അനുഭവമാണ്. അവിടെ മൂന്നുവര്‍ഷം ജില്ലാ സെക്രട്ടറിയായിരുന്ന നാളുകളില്‍ വിഎസുമായി അടുത്തിടപഴകാന്‍ അവസരമുണ്ടായി.

വളരെ ഹൃദയസ്പര്‍ശിയായി തോന്നിയ ഒരു സംഭവം

മാരാരിക്കുളത്ത് വിഎസ് മത്സരിക്കുന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് പ്രചാരണത്തിന്‍റെ  അവസാനദിവസം ഞാനും സംബന്ധിച്ചു. വളരെ ശുഭപ്രതീക്ഷയിലായിരുന്നു വി.എസ്. ഡല്‍ഹിയില്‍ വെച്ചാണ് എല്‍.ഡി.എഫ് വിജയിക്കുകയും വി.എസ് തോല്‍ക്കുകയും ചെയ്ത കാര്യം അറിയുന്നത്. രാത്രി ഞാന്‍ വിഎസിന്‍റെ ഫോണില്‍ വിളിച്ചു, 'വലിയ സങ്കടമായി പോയല്ലോ വിഎസ്' എന്ന് പറഞ്ഞു 'തന്‍റെ സംസാരം കേട്ടിട്ട് തനിക്ക് സങ്കടം ഉണ്ടെന്ന് തോന്നുന്നുണ്ടല്ലോ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഞാന്‍ അത്ഭുതസ്തബ്ധനായി. 'പോരാട്ടത്തില്‍ ജയവും തോല്‍വിയുമൊക്കെ വരുന്നതല്ലേ. എല്‍.ഡി.എഫ് ജയിച്ചില്ലേ. ഞാന്‍ തോറ്റു എന്നല്ലാതെ വേറെ പ്രശ്‌നമില്ലല്ലോ' എന്നുപറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. 'താന്‍ വ്യാകുലപ്പെടേണ്ട' എന്നു പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു.

പാലക്കാട്ടെ വെട്ടിനിരത്തലിലും വി.എസ് പങ്കാളിയായിരുന്നോ

ഇല്ലില്ല. ഇതിനെല്ലാം ശേഷം സഖാക്കള്‍ക്കിടയില്‍ സ്വാഭാവികമായും പലതരത്തിലുള്ള ചിന്താഗതികള്‍ ഉണ്ടായിരുന്നു. ആളുകള്‍ പരസ്പരം ആശയവിനിമയമൊക്കെ നടത്തിയ ശേഷമാണ് ചില പ്രധാന നേതാക്കന്മാര്‍ തോല്‍ക്കുന്ന സാഹചര്യം ഉണ്ടായത്. അങ്ങനെ കുറെ സഖാക്കന്മാരെ തോല്‍പ്പിച്ചു കൊണ്ടൊന്നുമല്ല പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് എന്നത് പൊതുവേ പാര്‍ട്ടി കണ്ട കാര്യമാണ്. ഞങ്ങളെപ്പോലെ കുറെ സഖാക്കള്‍ അതിന്‍റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരുന്നു. അതില്‍ ഞങ്ങളുടെ പങ്ക് എന്താണ് എന്നൊന്നും ചര്‍ച്ചചെയ്യുന്നതില്‍ പ്രത്യേകിച്ച് അര്‍ത്ഥമില്ല.

വിഎസിന്‍റെ അറിവോടെ അല്ല വെട്ടിനിരത്തില്‍ എന്നാണോ

പാര്‍ട്ടിക്കുള്ളില്‍ നിലപാടുകളേക്കുറിച്ച് എന്തെങ്കിലും വിമര്‍ശനം ഉണ്ടെങ്കില്‍ അവരെ തോല്‍പ്പിച്ചുകൊണ്ടല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് എന്ന പാര്‍ട്ടിസമീപനമായിരുന്നു വി.എസിന്‍റേതും.

വിഭാഗീയതയെ വി.എസ് പ്രോത്സാഹിപ്പിച്ചിരുന്നോ

വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കേരളത്തിലെ പാര്‍ട്ടിയില്‍പ്പെട്ട എല്ലാവരും ഏറിയും കുറഞ്ഞും ബന്ധപ്പെട്ടുപോയ അവസ്ഥ ഉണ്ടായിട്ടുണ്ട്. വിഭാഗീയതയുമായി മുന്നോട്ട് പോകുന്നത് കേരളത്തിലെ പാര്‍ട്ടിക്ക് ദൗര്‍ബല്യമാകുമെന്നും അതവസാനിപ്പിക്കണമെന്നും പി.ബിയും കേന്ദ്രക്കമ്മിറ്റിയും ഉറച്ച നിലപാട് എടുത്തു. കേരളത്തിലെ പാര്‍ട്ടിയില്‍ വിഭാഗീയതയുമായി ബന്ധപ്പെട്ട് തെറ്റായ നിലപാടുകള്‍ എടുത്ത എല്ലാ സഖാക്കളും തെറ്റായ നിലപാടുകള്‍ ഉപേക്ഷിക്കാനും തിരുത്താനും തയ്യാറായി. അതില്‍ ഏതെങ്കിലും ഒന്നോ രണ്ടോ പേര്‍ക്കാണ് അതിന്റെ ഉത്തരവാദിത്വം എന്ന നിലയിലല്ല അഖിലേന്ത്യാ പാര്‍ട്ടി അതിനെ കണ്ടിട്ടുള്ളത്. വിഭാഗീയമായ തെറ്റ് കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന്‍റെ പലതലങ്ങളില്‍ പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട് എന്ന കേന്ദ്രകമ്മിറ്റിയുടെ നിരീക്ഷണമാണ് ശരി. അതില്‍ വി.എസിനെ ഒറ്റപ്പെടുത്തി വിഭാഗീയതയ്ക്ക് പ്രത്യേക സംഭാവന നല്‍കിയ ആള്‍ എന്നതരത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല.

 കേരളത്തിലെ പാര്‍ട്ടി വി.എസിന് അര്‍ഹിക്കുന്ന ആദരം അദ്ദേഹത്തിന്‍റെ അവസാനകാലത്ത് കൊടുത്തിട്ടുണ്ടോ

കേരളത്തിലെ സി.പി.എം സഖാവ് വി.എസിന് കൊടുക്കാത്ത അംഗീകാരം എന്താണുള്ളത്? പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്നു. ഇതിനെല്ലാം അപ്പുറം, സ്ഥാനമാനങ്ങളിലൂടെ കിട്ടാത്ത ജനപ്രിയത സഖാവിന് കേരളത്തില്‍ ഉണ്ടായിരുന്നു. പാര്‍ട്ടിക്കകത്തും പുറത്തും. ആ ജനപ്രിയതയ്ക്ക് പോറലേല്‍പ്പിക്കുന്ന ഒരുതരത്തിലുള്ള ഇടപെടലും പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്‍റെ ജനസ്വീകാര്യത മുഴുവന്‍ പാര്‍ട്ടിയുടെ സമ്പത്തായി ഉപയോഗിക്കാനാണ് തയ്യാറായത്. വി.എസിന്‍റെ ചരിത്രപുരുഷന്‍ എന്ന നിലയ്ക്കുള്ള വളര്‍ച്ചയില്‍ വി.എസിന് പാര്‍ട്ടി നല്‍കാത്ത പിന്തുണയും സഹായവുമില്ല. വി.എസ് അത് തിരിച്ചും നല്‍കിയിട്ടുണ്ട്.

വി.എസ് പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായപ്പോള്‍ കടുംപിടുത്തക്കാരന്‍ എന്ന ഇമേജിനു മാറ്റംവന്നു. മാറ്റം മനപ്പൂര്‍വ്വമായിരുന്നോ

അല്ല. ഓരോ കമ്മ്യൂണിസ്റ്റുകാരനും അദ്ദേഹത്തിന്‍റേതായ സ്വഭാവ സവിശേഷതകള്‍ ഉണ്ടാകും. പ്രത്യയശാസ്ത്രബോധം, മാര്‍ക്‌സിസം ലെനിനിസത്തിലെ അടിയുറച്ച വിശ്വാസം, സംഘടനാ തത്വങ്ങളുടെ പാലനം എന്നിവ പ്രധാനമാണ്. വ്യക്തിപരമായി ഓരോരുത്തരും സംഭാവനകള്‍ നല്‍കണമെങ്കിലും കൂട്ടായാണ് തീരുമാനമെടുക്കേണ്ടത്, പരസ്പര വൈരാഗ്യമൊന്നും ഉണ്ടാകാന്‍ പാടില്ല. അതെല്ലാം പ്രാവര്‍ത്തികമാക്കുന്ന സമീപനമാണ് വിഎസ് കൈക്കൊണ്ടത്. മാധ്യമങ്ങള്‍ സ്വന്തം നിലയില്‍ ഓരോ കമ്മ്യൂണിസ്റ്റ് നേതാവിനും അവരുടേതായ വിശേഷണങ്ങളും സ്വഭാവസവിശേഷതകളും ഒക്കെ ചാര്‍ത്തിക്കൊടുക്കുകയായിരുന്നു.

വി.എസ് ഒരു കൃഷിയിടത്തിലും വെട്ടിനിരത്താന്‍ പോയിട്ടില്ല. പക്ഷേ, മലയാളത്തില്‍ ഏറ്റവുംകൂടുതല്‍ പ്രചാരം ഉണ്ടെന്ന് പറയുന്ന ഒരു പത്രമാണ് അദ്ദേഹത്തെ ഒറ്റപ്പെടുത്തി ഭീകരവാദിയെപ്പോലെ, ജനാധിപത്യ മര്യാദയില്ലാത്ത ഒരാളെപ്പോലെ ചിത്രീകരിച്ചത്. പിന്നീട് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം ഉണ്ടാക്കാന്‍ വേണ്ടി വി.എസിനെ സകല ഗുണങ്ങളുടെയും വിളനിലമായി അവതരിപ്പിക്കുകയും ചെയ്തു. മറ്റ് പല മാധ്യമങ്ങളും ഇതില്‍ കൂട്ടുചേര്‍ന്നിട്ടുമുണ്ട്. ചില കരുനീക്കങ്ങളുടെ ഭാഗമായി വി.എസിനെ വെട്ടിനിരത്തല്‍കാരന്‍ എന്ന് പറഞ്ഞ് അധിക്ഷേപിക്കാനും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇല്ലാത്ത സകല യോഗ്യതകളുടെയും മൂര്‍ത്തിമദ്ഭാവമാണ് എന്ന തരത്തില്‍ വിഗ്രഹവല്‍ക്കരിക്കാനും ചില മാധ്യമങ്ങള്‍ തയ്യാറായിട്ടുണ്ട്. ഇത് രണ്ടുമായിരുന്നില്ല അദ്ദേഹം. അതിനപ്പുറം, വളരെ ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ആയിരുന്നു. മറ്റേത് കമ്യൂണിസ്റ്റുകാര്‍ക്കും മനുഷ്യരായതുകൊണ്ട് ഉണ്ടാകാവുന്ന തെറ്റുകളും കുറവുകളും ഉണ്ടാകും. തെറ്റുകള്‍ ഒന്നും ചെയ്യാത്ത, ശരി മാത്രം ചെയ്യുന്ന വിഗ്രഹമാണ് എന്ന മട്ടില്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെയും പറയാന്‍ കഴിയില്ല. ജീവിച്ചിരിക്കുന്നവര്‍ സമൂഹത്തിന് നന്മ ചെയ്യാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ചില പിശകുകള്‍ ഉണ്ടായെന്നു വരാം. അത്തരം പിശകുകളാണ് വി.എസിനും ഉണ്ടായിട്ടുണ്ടാവുക.

 സിപിഎമ്മിന്‍റെ  ചരിത്രത്തില്‍ വി.എസിനെ എവിടെയാണ് പ്രതിഷ്ഠിക്കുക

കേരളത്തിലെ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാക്കാന്‍ വളരെ വലിയ സംഭാവനയാണ് വി.എസ് നല്‍കിയത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരുത്തിന്‍റെ ഏറ്റവും വലിയ രണ്ട് ഉറവിടങ്ങള്‍ തൊഴിലാളി പ്രസ്ഥാനവും കര്‍ഷകപ്രസ്ഥാനവുമാണ്. ഏറ്റവും അധികം ചൂഷണത്തിനിരയായിരുന്ന കര്‍ഷകരെ സംഘടിപ്പിച്ച് നിവര്‍ന്നു നില്‍ക്കാന്‍ പരിശീലനം കൊടുത്ത ഏറ്റവും വലിയ നേതാവ് വി.എസ് അച്യുതാനന്ദനാണ്. കേരളത്തിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലൂടെ പാര്‍ട്ടിയുടെ ഏറ്റവും ബലിഷ്ഠമായ ഒരു ഭാഗം രൂപപ്പെടുത്തുന്നതിനുള്ള വിഎസിന്‍റെ പരിശ്രമം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും.

മുഖ്യമന്ത്രി എന്ന നിലയില്‍

മുഖ്യമന്ത്രി ആയപ്പോള്‍ എല്ലാവരും ശങ്കിച്ചത് കോളേജുവിദ്യാഭ്യാസം ഒന്നുമില്ലാത്ത അദ്ദേഹത്തിന് വലിയ വിദ്യാഭ്യാസം നേടിയ ഐ.എ.എസ് ഉദ്യോഗസ്ഥരെയും മറ്റും എങ്ങനെ നിയന്ത്രിക്കാന്‍ കഴിയും എന്നായിരുന്നു. സംശയങ്ങള്‍ എല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ഏറ്റവും സമര്‍ത്ഥനായ ഭരണാധികാരി എന്ന നിലയിലും അദ്ദേഹം കഴിവ് തെളിയിച്ചു.

അദ്ദേഹത്തെക്കുറിച്ച് ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍

ചൂഷണത്തിനും അനീതിക്കും എതിരെ നിലയ്ക്കാത്ത സമരമായി തന്‍റെ ജീവിതത്തെ മാറ്റിയ നേതാവ്.