നകീയതയായിരുന്നു വി.എസ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ പര്യായമായി എക്കാലത്തും വിലയിരുത്തപ്പെടുന്നത്. ജനകീയ സമരങ്ങള്‍, രാഷ്ട്രീയ ഇടപെടലുകള്‍, ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്ന പ്രസംഗങ്ങള്‍.. പക്ഷെ, രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയില്‍, വി.എസിന്റെ സംഭാവനകള്‍ എത്രത്തോളം വിലയിരുത്തപ്പെട്ടിട്ടുണ്ട്? പ്രായോഗിക രാഷ്ട്രീയത്തിന് പറ്റാത്ത ഒരാളായി പോലും വി.എസിനെ വിലയിരുത്തുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കകാലത്തു തന്നെ, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ സംഘാടകനാണ് താനെന്ന് എന്ന് വി.എസ് സംശയങ്ങള്‍ക്കിടയില്ലാത്ത വിധം തെളിയിച്ചിരുന്നുവെന്നത് എത്രപേര്‍ക്കറിയാം. ദേശീയ രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന രീതിയില്‍ വി.എസ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ ജൈത്രയാത്രയുടെ തുടക്കമായ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും ഉജ്വലമായ ആ രാഷ്ട്രീയ അധ്യായത്തിന്റെ പേരാണ് - ദേവികുളം ഉപതിരഞ്ഞെടുപ്പ്.

To advertise here,

മൂത്രമൊഴിക്കാന്‍ പോയാല്‍ സര്‍ക്കാര്‍ വീഴുന്ന കാലം

1958ല്‍ നടന്ന ഐക്യകേരളത്തിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു അത്. കേവലം 35 വയസ്സ് മാത്രം പ്രായമുള്ള ആലപ്പുഴയിലെ യുവ പാര്‍ട്ടി സെക്രട്ടറിയായിരുന്നു അന്ന് വി.എസ്. ഇടുക്കി ദേവികുളം മണ്ഡലത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ റോസമ്മ പുന്നൂസിന്റെ വിജയം കോടതി റദ്ദാക്കി. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തി ലോകത്തെ വിസ്മയിപ്പിച്ച കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കനത്ത ആഘാതമായിരുന്നു ആ കോടതി വിധി. തിരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളിയായിരുന്ന ബി.കെ നായരുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയതിനാല്‍ വലിയ ഭൂരിപക്ഷത്തിലായിരുന്നു റോസമ്മ പുന്നൂസിന്റെ ജയം. മുതിര്‍ന്ന പാര്‍ട്ടി നേതാവെന്ന നിലയില്‍ ആദ്യ നിയമസഭയുടെ പ്രോടൈം സ്പീക്കറായതും റോസമ്മയായിരുന്നു. തിരഞ്ഞെടുപ്പിലൂടെ വിജയിച്ച ആദ്യ വനിതാ എം.എല്‍.എ., പ്രോടേം സ്പീക്കര്‍, ഐക്യ കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യ നിയമസഭാംഗം തുടങ്ങിയ നേട്ടങ്ങള്‍ റോസമ്മ പുന്നൂസ് സ്വന്തമാക്കി.

placeholder
റോസമ്മ പുന്നൂസ്‌

എന്നാല്‍, തന്റെ പത്രിക അകാരണമായി തള്ളിയെന്ന് കാട്ടി എതിര്‍ സ്ഥാനാര്‍ഥി ബി.കെ.നായര്‍ കോട്ടയത്തെ ഇലക്ഷന്‍ ട്രിബ്യൂണലില്‍ കേസ് നല്‍കി. ഈ കേസില്‍ 1957 നവംബര്‍ 14-ന് വിധി വന്നു. ദേവികുളത്തെ തിരഞ്ഞെടുപ്പ് വിജയം അസാധുവായി പ്രഖ്യാപിച്ചു. ബി.കെ.നായര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കാനും ഉത്തരവിട്ടു. ഇതോടെ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. ആകെ നിയമസഭയുടെ അംഗസംഖ്യ 127. ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം 64. അഞ്ച് സ്വതന്ത്രരുള്‍പ്പടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എം.എല്‍.എമാരുടെ എണ്ണം 65. രണ്ട് ഭരണപക്ഷ അംഗങ്ങള്‍ ഒന്നിച്ച് മൂത്രമൊഴിക്കാന്‍ പോയാല്‍ പോലും പ്രതിപക്ഷം സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്ന കാലം. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് ഭരണപക്ഷത്തിലെ ഒരംഗം അയോഗ്യയാവുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ അവിടെ കോണ്‍ഗ്രസ് ജയിച്ചാല്‍ പ്രതിപക്ഷത്തിന് അംഗസംഖ്യ 62 ആകും. ഭരണപക്ഷത്ത് സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പിയെ ഒഴിവാക്കിയാല്‍ 63 പേര്‍ മാത്രം. അമേരിക്കയുടെ വരെ നോട്ടപ്പുള്ളിയായ, ലോക കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തില്‍ ചരിത്രം സൃഷ്ടിച്ച സര്‍ക്കാര്‍ ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തില്‍. അഞ്ച് പേര്‍ സ്വതന്ത്രരും (അതില്‍ മന്ത്രിമാരല്ലാത്ത രണ്ടുപേരുണ്ട്). ആകെ പ്രതിസന്ധി. തിരഞ്ഞെടുപ്പില്‍ തോറ്റ് മന്ത്രിസഭ പ്രതിസന്ധിയിലാവുകയോ അധികാരം നഷ്ടമാകുകയോ ചെയ്താല്‍ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബാധിക്കും. വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്‌കരണവുമെല്ലാമടക്കം ചരിത്രം രചിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന മന്ത്രിസഭയാണ് തുലാസിലായിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുകയല്ലാതെ മറ്റൊരു സാധ്യതയെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും പാര്‍ട്ടിക്ക് ഇന്നുള്ളയത്ര സംവിധാനങ്ങളോ സൗകര്യങ്ങളോ ഇല്ലാത്ത കാലം. വെട്ടൊന്ന് മുറിരണ്ട് രീതിയില്‍ ആദര്‍ശവാദിയായ ഇ.എം.എസ് ആകട്ടെ മുഖ്യമന്ത്രിസ്ഥാനമോ മറ്റ് അധികാരമോ ഒരു തരത്തിലും തിരഞ്ഞെടുപ്പിനായി ഉപയോഗിക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.

placeholder

തിരഞ്ഞെടുപ്പ് ചുമതലക്കാരനായി യുവ നേതാവ്

ഉപതിരഞ്ഞെടുപ്പ് വന്നതോടെ വീണ്ടും ബി.കെ നായരെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി. ഇന്നത്തെ ദേവികുളമായിരുന്നില്ല അന്ന്. കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ദേവികുളത്ത് തിരഞ്ഞെടുപ്പിലെ പൊതു തരംഗത്തിലാണ് പാര്‍ട്ടിക്ക് വിജയിക്കാനായത്. ബി.കെ നായര്‍ക്കതിരെ ഇനിയൊരു വിജയം എളുപ്പമാവില്ലെന്ന് പാര്‍ട്ടിക്കറിയാമായിരുന്നു. പക്ഷെ വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനും സാധിക്കാത്ത ഗുരുതരമായ രാഷ്ട്രീയ സാഹചര്യം കൂടിയായിരുന്നു അത്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച അസാധ്യമെന്ന് കരുതപ്പെട്ട ആവിജയം നേടിയെടുക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ യുവ നേതാവിന്റെ പേര് വി.എസ് അച്യുതാനന്ദന്‍ എന്നായിരുന്നു. തനിക്ക് കീഴിലുള്ള മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും പാർട്ടിക്ക് മികച്ച വിജയം നേടിക്കൊടുത്ത് തിളങ്ങി നില്‍ക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയോ മന്ത്രിമാരോ തിരഞ്ഞെടുപ്പിന്റെ ഭാഗമാവേണ്ടതില്ലെന്നായിരുന്നു ഇ.എം.എസിന്റെ തീരുമാനം. എന്നാല്‍ സി.പി.ഐയുടെ നേതാക്കളെയെല്ലാം വി.എസ് പ്രചാരണത്തിനിറക്കി. കോണ്‍ഗ്രസിനും വിട്ടുകൊടുക്കാനാവില്ലായിരുന്നു. അവര്‍ ബി.കെ നായര്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ സാക്ഷാല്‍ കിങ് മേക്കര്‍ കാമരാജിനെ ഇറക്കി. അവസാനം സാക്ഷാല്‍ ഇന്ദിരാഗാന്ധി തന്നെ ദേവികുളത്തിനായി വിമാനം കേറിയെത്തി. 

എംജിആറിനെ ഇറക്കി വിഎസിന്റെ ചെക്ക്‌

എന്നാല്‍ വി.എസിന്റെ കയ്യില്‍ അതിനെയെല്ലാം വെല്ലുന്ന പദ്ധതികളുണ്ടായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെയും തെന്നിന്ത്യന്‍ സിനിമയിലെയും മുടിചൂടാമന്നനായ സാക്ഷാല്‍ എം.ജി.ആര്‍ ആ സമയത്ത് മൂന്നാറില്‍ ഒരു സിനിമ ഷൂട്ടിനെത്തിയിരുന്നു. തമിഴ് വോട്ടര്‍മാര്‍ കാര്യമായുള്ള മണ്ഡലത്തില്‍ എം.ജി.ആര്‍ വന്നാല്‍ അത് ഗുണം ചെയ്യുമെന്ന് വി.എസ്സിനറിയാമായിരുന്നു. പലരെയും കൊണ്ട് എം.ജി.ആറിനോട് സംസാരിപ്പിച്ച് വി.എസ് അദ്ദേഹത്തെ പ്രേരിപ്പിക്കാന്‍ വി.എസിനായി. ജനങ്ങള്‍ ഇളകിമറിഞ്ഞ വേദിയില്‍ എം.ജി.ആര്‍ റോസമ്മ പുന്നൂസിനായി വോട്ട് ചോദിച്ചു. അവിടെയും തീര്‍ന്നില്ല. അന്ന് പയ്യനായിരുന്ന സാക്ഷാല്‍ ഇസൈജ്ഞാനി ഇളയരാജ റോസമ്മയ്ക്കായി പാട്ടുപാടി വോട്ട് ചോദിച്ചു.

placeholder
വിഎസും റോസമ്മ പുന്നൂസും

സംസ്ഥാനത്തെ പ്രമുഖ കാഥികരെയെല്ലാം ദേവികുളത്തെത്തിച്ചു. കഥാപ്രസംഗത്തിലൂടെ കിടിലന്‍ തിരഞ്ഞെടുപ്പ് പ്രചാരണം. കാഥികര്‍ ഇടതുപക്ഷത്തിന്റെയും റോസമ്മ പുന്നൂസിന്റെയും രാഷ്ട്രീയ ഗാഥകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പാടി അവതരിപ്പിച്ചു. അന്ന് പതിനേഴുകാരനായിരുന്ന ഇന്നത്തെ മുതിര്‍ന്ന സി.പി.എം നേതാവ് എംഎം മണി ഉപതിരഞ്ഞെടുപ്പിന്റെ ഓര്‍മകളില്‍ അന്ന് വീടുകള്‍ക്ക് കാവല്‍ നിന്നതും എതിരാളികളറിയാതെ പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടുകാരെ വോട്ട് ചെയ്യിക്കാനായി കൊണ്ടുപോയതുമെല്ലാം ഓര്‍ക്കുന്നുണ്ട്. അത്തരത്തില്‍ പാര്‍ട്ടി സഖാക്കള്‍ക്കൊരു ജീവന്‍ മരണ പോരാട്ടത്തിനായിരുന്നു ദേവികുളം അന്ന് സാക്ഷ്യം വഹിച്ചത്. എല്ലാ പദ്ധതികളും ആസൂത്രണം ചെയ്ത് പ്രചാരണത്തിന്റെ മുന്നില്‍ എ.കെ.ജിയും പിന്നണിയില്‍ വി.എസ് എന്ന യുവനേതാവുമുണ്ടായിരുന്നു.

വീണ്ടും ചെങ്കൊടി പാറിച്ച് റോസമ്മ

പിന്നീട് നടന്നതെല്ലാം ചരിത്രമായി. 7089 വോട്ടിനു റോസമ്മ പുന്നൂസ് ദേവികുളം ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറി ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിലനില്‍പ്പ് താത്കാലികമായി ഉറപ്പിച്ചുനിര്‍ത്തി. വിജയിക്കുമെന്നുറപ്പിച്ച ഉപതിരഞ്ഞെടുപ്പില്‍ മൂന്നിരട്ടി വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോറ്റത് കോണ്‍ഗ്രസിന്റെ സംഘടനാശേഷിയെ തന്നെ ബാധിച്ചു. പുതിയ വിജയത്തിന്റെ കരുത്തില്‍ റോസമ്മ നിയമസഭയിലേക്ക് മടങ്ങി. ആ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ കരുത്തില്‍ നവകേരളത്തിന് അടിത്തറയിടാന്‍ ഇ.എം.എസ് സര്‍ക്കാരിന് സാധിച്ചു. ഭൂപരിഷ്‌കരണ നിയമത്തിന് തുടക്കം കുറിച്ചത് മുതല്‍ വിദ്യാഭ്യാസ നിയമം കൊണ്ടുവരാനും സാധിച്ചു. അധികാര വികേന്ദ്രീകരണത്തിന് അടിത്തറപാകി. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഈ മന്ത്രിസഭ പിരിച്ചുവിട്ടെങ്കിലും കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആ സര്‍ക്കാര്‍ അടിത്തറപാകി. അതിനെല്ലാം കരുത്ത് പകര്‍ന്നതാവട്ടെ ദേവികുളം തിരഞ്ഞെടുപ്പും.

placeholder

വി.എസ് അച്യുതാനന്ദന്‍ എന്ന അന്നത്തെ ആ യുവ കമ്മ്യൂണിസ്റ്റ് നേതാവ് പിന്നീട് വളര്‍ന്ന് കേരളത്തിന്റെ മുഖ്യമന്ത്രിവരെയായി. പാര്‍ട്ടിക്ക് അദ്ദേഹം നല്‍കിയ സംഭാവനകളില്‍ പൊതുവില്‍ എണ്ണപ്പെടാറില്ലെങ്കിലും ദേവികുളം തിരഞ്ഞെടുപ്പ് വിജയം ആ രാഷ്ട്രീയ ജീവിതത്തിലെ ഒരു ഐതിഹാസിക ഏട് തന്നെയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ തുടക്കക്കാരനായ ആ യുവ കമ്മ്യൂണിസ്റ്റിന്റെ ജീവിതത്തിലും ആ തിരഞ്ഞെടുപ്പ് വിജയം വലിയ സ്വാധീനങ്ങള്‍ ചെലുത്തിയിട്ടുണ്ടാകാം.