കുട്ടിക്കാലത്ത് വിഷുവിനും ഓണത്തിനുമാണ് പുതിയ കുപ്പായങ്ങള്‍ കിട്ടുക. അതെക്കുറിച്ച് പറയുമ്പോള്‍ കുറേ നല്ല ഓര്‍മകളുണ്ട്, അതു പോലെ ചുരുക്കം
ചില തിക്താനുഭവങ്ങളും. നല്ല അനുഭവങ്ങള്‍ എളുപ്പം മറക്കും. ദുരനുഭവങ്ങള്‍ ഉള്ളില്‍ ജീവിക്കും
എന്റെ ഉറ്റ കൂട്ടുകാരനൊരാളുടെ അനുഭവവും ഇതൊന്നിച്ചോര്‍ത്ത് പോകുന്നു. അത്ര സുഖകരമല്ലാത്ത ഒരോര്‍മ. എന്നാലും അതില്‍ തുടങ്ങാം.
അവന്റെ അച്ഛന് ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ട് പെട്ടെന്നു തിരിച്ചുവരേണ്ടി വന്നു.
കുടുംബം കുറേ സാമ്പത്തിക പ്രശ്‌നങ്ങളില്‍ കൂടി കടന്നു പോകുകയായിരുന്നതും അവനെന്നോടു പറഞ്ഞിരുന്നു. അതുവരെയുണ്ടായിരുന്ന അവന്റെ ആര്‍ഭാട ജീവിതവും സ്വിച്ച് ഓഫ് ചെയ്ത പോലെ നിന്നു പോയി.
ഒരു വിഷുവിന്റെ തലേന്നാള്‍.അവന്‍ അച്ഛനോടൊപ്പം ഞങ്ങള്‍ പഠിക്കുന്ന സ്‌കൂളിനു മുന്നിലെ തയ്യല്‍ കടക്കാരന്റെയടുത്തെത്തി. നാരായണന്‍ ടൈലറുടെ കട. മാടായി ഹൈസ്‌കൂള്‍. കയ്യില്‍ ഒരു പൊതിയുണ്ടായിരുന്നു. കടക്കാരനോട് അയാള്‍ മകന്‍ കേള്‍ക്കാതെ എന്തോ കുശലം പറഞ്ഞു.
അപ്പോള്‍ ഞാനവിടെ എന്റെ വിഷുകുപ്പായം തയ്ച്ചു തീരുന്നതും കാത്ത് ഇരിപ്പായിരുന്നു. സ്‌കൂള്‍ വിട്ട് വൈകുന്നേരം നേരെ നാരായണന്റെ തയ്യല്‍ കടയില്‍ വന്ന് ഇരിപ്പു തുടങ്ങിയതാണ്. കടക്കാരന്‍ എന്റെ കൂട്ടുകാരന്റെ അളവെടുത്തു, അവനും അച്ഛനും തിരിച്ചു വീട്ടിലേക്കു പോയി.
എന്നെ കുറേ നേരമായി ഒരു ബഞ്ചില്‍ ഇരുത്തിയിട്ട്.അരമണിക്കൂര്‍, ഇനിയും അര മണിക്കുര്‍ പിന്നെയും അര മണിക്കൂര്‍ എന്നിങ്ങനെ പറഞ്ഞ്. ഒടുവില്‍ സന്ധ്യ കഴിഞ്ഞു.
കടയടക്കാറായി. പിന്നെയും അര മണിക്കൂര്‍ വേണമത്രെ!എന്റെ കുപ്പായം ഇനിയും പൂര്‍ത്തിയാക്കി തരേണ്ട വട്ടമില്ല നാരായണന്.
ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു കുപ്പായം കിട്ടിയ ശേഷമേ വീട്ടിലേക്കുള്ളൂ എന്ന്. അവസാനത്തെ ബസ്സെങ്കിലതില്‍. നാളെയല്ലേ വിഷു.പിന്നെയും വൈകുന്നത് കണ്ടപ്പോള്‍ എനിക്ക് ക്ഷമ നശിച്ചു. പലരും അതിനിടയില്‍ കടയില്‍ വന്ന് അവരുടെ കുപ്പായങ്ങളുമായി പോകുന്നതു ഞാന്‍ കണ്ടു.
എന്റെ കുപ്പായം മാത്രം റെഡിയാവുന്നേയില്ല.ഇരുന്ന് കാലുകളില്‍ തരിപ്പു കയറിത്തുടങ്ങി.ഒടുവില്‍ ഞാന്‍ വളരെ അപൂര്‍വമായി മാത്രം എന്നെ കീഴടക്കുന്ന ദേഷ്യത്തേടെ അവിടെനിന്ന് ചാടി
എഴുന്നേറ്റതും, നാരായണന്‍ അകത്തേക്കോടിപ്പോയി എന്റെ കുപ്പായം ഉള്ളില്‍ നിന്ന് എടുത്ത് ഒരു പഴയ പത്രം കീറി അതില്‍ പൊതിഞ്ഞ് തന്നു.
തരുമ്പോള്‍ ഒരു കള്ളത്തരം നിറഞ്ഞ ചിരിയോടെ ഇത്രയും പറഞ്ഞു.
''അച്ഛനോട് പറ്റു ബാക്കിയുള്ളത് തീര്‍ക്കാന്‍ പറഞ്ഞേക്കണം''
അപ്പോള്‍ അതാണ് കാര്യം!നേരത്തെ റെഡിയായ കുപ്പായം ഉള്ളില്‍ വച്ചിട്ടാണ് അയാള്‍ എന്നെ മണിക്കൂറുകളോളം അവിടെയിരുത്തിയത്.വീട്ടിലെത്തി ഞാന്‍ 'പടക്കം' പൊട്ടിച്ചു.അപ്പോഴാണ് അച്ഛന്‍ നാരായണന്റെ കടയില്‍ മുന്നെയൊരിക്കല്‍ എന്തോ ചെറിയ ഒരു തുക പറ്റ് ബാക്കിയുള്ളത് അറിയുന്നത്. സത്യത്തില്‍ മറന്നു പോയതായിരുന്നു. അതു വഴി പോയിട്ടു കുറേക്കാലമായി എന്നു പറഞ്ഞു.
അച്ഛന്റെ മറവിക്ക് അങ്ങിനെ എനിക്ക് ശിക്ഷ കിട്ടി. ഇനി ഓണത്തിന് കുപ്പായം നാരായണന്റെ കടയില്‍ നിന്ന് വേണ്ട എന്നും തീരുമാനമായി. മനുഷ്യന്റെ ക്രൂരതയുടെ ഒരുമുഖം ഞാന്‍ നാരായണന്റെ ചിരിയില്‍ അന്നു കണ്ടു. വീണ്ടും അത് എനിക്ക് കാണേണ്ട.
എന്നാല്‍ മണിക്കൂറുകളോളം കൊതിയോടെ കാത്തിരുന്നു കിട്ടിയ ആ കുപ്പായം, അത്രയും ഇഷ്ടം എനിക്കു പിന്നെ ജീവിതത്തില്‍ വേറൊരു കുപ്പായത്തോട് തോന്നിയിട്ടില്ല. കസേരതുണി പോലെ കുറുകെ വരയുള്ള പുത്തന്‍ കുപ്പായം. ഓര്‍മയുണ്ട് അതിന്റെ പുതുമണം പോലും.
എന്റെ നേരത്തെ വിവരിച്ച സുഹൃത്ത് വിഷുവിന് വീട്ടില്‍ കൈനീട്ടം വാങ്ങാന്‍ വന്നു. അവനിട്ട പുതിയ ഷര്‍ട്ട് മുന്നെ കണ്ടു പരിചയമുള്ള പോലെ തോന്നി.എന്റെ നോട്ടം കണ്ട് അവന് കാര്യം പിടികിട്ടി.
ശബ്ദം താഴ്ത്തി അവന്‍ പറഞ്ഞു.
''ഇതച്ഛന്റെ കുപ്പായല്ലേന്നല്ലെ നീ നോക്ക്ന്ന്''
''അതേ. അത് ചെറ്താക്കീതാ ഈ കൊല്ലം എന്റെ വിഷുക്കോടി''
അവന്റെ കണ്ണു നിറയുന്നത് കണ്ട് അന്നെനിക്ക് വലിയ വിഷമമായി.
ഈ വരുന്ന വിഷുവിന് വേണമെങ്കില്‍ ഒരു നൂറു പുതിയ കുപ്പായങ്ങള്‍ വാങ്ങാമെന്ന് അവന് അഹങ്കാരം പറയാമെങ്കിലും ഇപ്പോഴും അപ്പോഴത്തെ
ആ നിമിഷം സമ്മാനിച്ച സങ്കടം മായുന്നില്ല.ഇതെല്ലാം കുപ്പായത്തിന്റെ ഓര്‍മകളെങ്കില്‍, കൈനീട്ടത്തെക്കുറിച്ചുമുണ്ട് പറയാന്‍.
ചിലപ്പോള്‍ കൈനീട്ടം ആഗ്രഹിച്ചുമാത്രം വിഷു ദിവസം ബന്ധു വീടുകളില്‍ പോയിട്ടുണ്ട്. കൊതിയോടെ കുറേ നേരം ചുറ്റിപറ്റി നിന്ന് വെറും കയ്യോടെ മടങ്ങിയ ദു:ഖവും നിരാശയും അന്ന് വലുതായിരുന്നു.
ചിലയിടങ്ങളില്‍ വിഷു കഴിഞ്ഞുള്ള ദിവസം വീണ്ടും പോയിട്ടുണ്ട്.ഇന്നലെ അവര്‍ തരാന്‍ മറന്നതാണെങ്കിലോ?
കൈനീട്ടം എന്നതിന്റെ പണത്തൂക്കത്തെക്കാള്‍ അത് കിട്ടാന്‍ വിഷു അടുക്കുമ്പോള്‍ മനസ്സിലൂറുക്കൂടുന്ന ആഗ്രഹം, അതിന് ശമനം കിട്ടാനാണ് പിന്നെയും പോകുന്നത്. അങ്ങിനെ കൈനീട്ടം തരുന്ന ആളോട് ഒരു പ്രത്യേക സ്‌നഹവും അടുപ്പവും സ്വാഭാവികമായി ഉള്ളിലുടലെടുക്കുന്നുവെങ്കിലതും വിഷുവിന്റെ പുണ്യം.
ആഗ്രഹിച്ച കൈനീട്ടം കിട്ടാത്ത അവസ്ഥ അന്ന് ദു:ഖം തരുന്നു എന്ന് എഴുതിയല്ലോ. അങ്ങിനെയൊരിക്കല്‍ ഒരു കൊച്ചു ദു:ഖം സമ്മാനിച്ച ഒരു ബന്ധു, ഞാന്‍ നാടു വിട്ടശേഷം തിരിച്ച് ഒരിക്കല്‍ ''വെറും കയ്യോടെ''അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ ചോദിച്ചു, ''ല്ലാ അമേരിക്കീന്ന് വെരുമ്പം ഒന്നും ഇങ്ങട് തരാന്‍ വാങ്ങീല?''
പുറമെ ഒന്നു ചിരിച്ചു, മറുപടിയായി.എന്നിട്ട്,മനസ്സില്‍ ഉത്തരം പറഞ്ഞു കണ്ണൂരിന്റെ ലിപിയില്‍,
''ചെറുപ്പത്തില്‍ ഒരു പാലം ഇടാര്ന്നു, ഇങ്ങടും അങ്ങടും പൂവ്വാനും വെരാനും''.
പക്ഷെ അടുത്ത നിമിഷം ഒരു കുറ്റബോധം എന്നെ അലട്ടി. എന്റെ ഒരു ഇളയപ്പനെ കുറിച്ച് ഓര്‍ത്ത്.വിഷുവിന് ഇളയപ്പന്‍ കുപ്പായം വാങ്ങിച്ചുതന്ന മധുരാനുഭവം ഇന്ന് ഓര്‍ക്കുമ്പോള്‍ ദു:ഖമയം.
ഒരു വിഷുത്തലേന്ന് കടന്നപ്പള്ളിയിലെ ഇളയപ്പന്റെ വീട്ടില്‍ വിരുന്നു പോയത്. ഞാന്‍ തനിച്ച് ബസ്സു കയറി പോയതായിരുന്നു. അവിടെവച്ച് തൊട്ടടുത്ത തുണിക്കടയില്‍ എന്നെ കൂട്ടിക്കൊണ്ടു പോയി.
' എടാ ഇത് എന്റെ ഏട്ടന്റെ മൂത്ത മോന്‍'' എന്ന് വാത്സല്യത്തോടെ കടക്കാരന് പരിചയപ്പെടുത്തി . ഒരു കുപ്പായം വാങ്ങി തന്നു എനിക്ക്. ഗോപാലനിളയപ്പന്‍ ഇന്നില്ല. ആ കുപ്പായവും. എന്നാല്‍ ആ ദിവസത്തിന്റെ ഓര്‍മ മനസ്സിലെന്നും.
അതാണ് എനിക്ക് പ്രിയപ്പെട്ട ഒരു വിഷു. എന്നിട്ട് വലുതായ ശേഷം ഗോപാലനിളയപ്പന് തിരിച്ച് ഒരു കുപ്പായം വാങ്ങിക്കൊടുക്കാഞ്ഞത് ഇനിയൊരിക്കലും നടത്താന്‍ കഴിയാത്ത ഒരു ആഗ്രഹം. ചെയ്യാന്‍ കഴിയുന്നസമയത്തൊക്കെ ജോലിതിരക്കില്‍ പെട്ടു എവിടെയൊക്കെയോ ആയി. ഒരു പാട് വിഷുദിനങ്ങള്‍ പിന്നെ വന്നു പോയിട്ടും.
ജീവിതം ഫാസ്ട്രാക്കിലേക്ക് നീങ്ങുമ്പോള്‍ ട്രാക്കിനടിയില്‍ നിന്ന് പെറുക്കിയെടുക്കാം നമ്മുടെയൊക്കെ നല്ല മനസ്സിന്റെ ഗദ്ഗദങ്ങള്‍. മറ്റുള്ളവരെ കുറിച്ച് പരാതി പറയാന്‍ നിനക്ക്
അര്‍ഹതയെന്തുണ്ട് എന്ന് സ്വയം ചോദിക്കുകയുമാവാം.
വിഷുവിന്റെ ഓര്‍മച്ചെപ്പ് വീണ്ടും തുറക്കുമ്പോള്‍ - ആണ്‍കുട്ടികള്‍ക്ക് വിഷു കൈനീട്ടവും പടക്കങ്ങളും മതി. അതേ സമയം, വീടിന്റെ ഐശ്വര്യം കാക്കുന്ന പെണ്‍കുട്ടികള്‍. അവര്‍ക്ക് സ്വന്തമാണ് വിഷുക്കണി. പിന്നെയിഷ്ടം നിലച്ചക്രവും പൂക്കുറ്റിയും കമ്പിത്തിരികളും ഒക്കെ ആവാം.
പ്രകാശവും നിറങ്ങളും, എനിക്ക് ഓര്‍ക്കുമ്പോളിപ്പൊഴും മനസ്സിലെ വിഷുപ്പുലരിയില്‍ നിറയെ പടക്കങ്ങളാണ്. ദൂരെ ചെടികള്‍ രണ്ടറ്റത്തുമായി ചേര്‍ത്ത് വലിച്ചു കെട്ടിയ മാലപ്പടക്കങ്ങള്‍ നിരയായി പൊട്ടിത്തെറിക്കുന്ന രസം ഒന്നു വേറെ.
കേരളത്തിന്റെ അതിര്‍ത്തി കടന്നതോടെ സ്വന്തം എന്നു വിശ്വസിച്ചു കൊണ്ടു നടന്ന ആഘോഷങ്ങള്‍ ഒക്കെ പോയി. അവ അന്യവും വിദൂരവും ഓര്‍മകളുമായി മാറി. പുറം രാജ്യങ്ങളില്‍ നാട്ടിലെക്കാളുമധികം വിഷു ആഘോഷങ്ങള്‍ നടക്കുന്നു. ഇവിടെ എന്റെ ഇപ്പോഴത്തെ നാട് ആയ ന്യൂജഴ്‌സിയിലും. എന്നാല്‍ വിഷു എന്ന അനുഭവം നമ്മുടെ സ്വന്തം നാട്ടില്‍ മാത്രമെ ഉള്ളു. ഓണവും അതു പോലെ തന്നെ.
നാട്ടിലെ പഴയ വിഷുപ്പുലരി എനിക്ക് വേറെയെവിടെ കിട്ടും? വാങ്ങിവെച്ച പടക്കങ്ങള്‍ പൊട്ടിച്ചുതീര്‍ന്നാല്‍ പിന്നെ, ആ ആകാംക്ഷയ്ക്ക് ശേഷം വരുന്ന നിരാശ, പിന്നെയെന്തെങ്കിലും പടക്കം ഇന്നലെ അത്
സൂക്ഷിച്ച അലമാരയിലോ അത് തുറന്നുനോക്കിയ മേശക്കടിയിലോ വീണു കിടക്കുന്നുണ്ടാവുമെന്ന പ്രതീക്ഷയിലൊരു തിരച്ചിലില്‍, ഒരോല വെടിയോ പൊട്ടാസോ ലക്ഷ്മിവെടിയോ ചിലപ്പോളങ്ങിനെ
വീണുകിട്ടുന്ന അത്ഭുതവും ആനന്ദവും, അതും കഴിഞ്ഞാല്‍ വീടിന്റെ മുറ്റവും അയല്‍വീടും ഒക്കെ അരിച്ചുപെറുക്കലാണ്.
പൊട്ടാതെ ചീറ്റിയ വെടിമരുന്ന് ഓരോന്നായി കണ്ടു പിടിച്ച് അതിനെ വീണ്ടും ജീവിപ്പിച്ച് തീ കൊളുത്തല്‍ , അതോക്കെയാണ് അല്ലെങ്കില്‍ ആയിരുന്നു വിഷുപ്പുലരികള്‍. പിന്നെ ചുറ്റുവട്ടത്ത് കൂട്ടുകാരുമായി ഒത്തുകൂടലും! പകരം വയ്ക്കാനില്ല നമുക്ക് നമ്മുടെ കുട്ടിക്കാലം.അതു പോലെ കുട്ടിക്കാലത്തെ വിഷുവും!
Content Highlights: vishu 2023,memories,childhood, father-son, vishukodi
Published: 13 Apr 2023, 04:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented