'കണികാണും നേരം കമലനേത്രന്റെ

To advertise here,

നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ

കനകക്കിങ്ങിണി വളകള്‍ മോതിര-

മണിഞ്ഞുകാണേണം, ഭഗവാനേ..'

ഓരോ വിഷുക്കാലമെത്തുമ്പോഴും മനസ്സിലൂടെ കടന്നുപോകുന്ന ഗാനമാണിതെന്നു പറയുന്നത് ഗായികകൂടിയായ ആലപ്പുഴ കളക്ടര്‍ ഹരിത വി. കുമാറാണ്. കുട്ടിക്കാലത്തെ വിഷു ഓര്‍മകള്‍ കളക്ടര്‍ മാതൃഭൂമിയുമായി പങ്കിടുന്നു.

''ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം ആഘോഷങ്ങളുടെ നാളുകളാണെങ്കിലും വിഷുവിനുള്ള പ്രത്യേകത വിഷുക്കൈനീട്ടം തന്നെയാണ്. ഓരോവര്‍ഷവും വിഷുക്കൈനീട്ടം കിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. നെയ്യാറ്റിന്‍കരയിലായിരുന്നു ചെറുപ്പത്തിലെ വിഷു ആഘോഷം. വീടിനടുത്തുള്ള അമ്പലത്തില്‍ ആ സമയത്ത് ഉത്സവം കൂടിയാണ്. വിഷു, ഉത്സവം, അവധിക്കാലം എല്ലാംകൂടെ ചേരുമ്പോള്‍ ആകെ വലിയ ഉത്സവാന്തരീക്ഷം. സ്‌കൂളവധിക്കാലം കൂടിയായതിനാല്‍ ആഘോഷങ്ങളും കളികളുമൊക്കെ കൂടുതലാണ്. വീട്ടിലിരിക്കാതെ കളിക്കാനായി ഓടും.

വിഷുദിനത്തില്‍ പുലര്‍ച്ചേ കണികണ്ടുണര്‍ന്ന് കൈനീട്ടം വാങ്ങലാണു പ്രധാന പരിപാടി. കൈനീട്ടമെല്ലാം കൂട്ടിവെയ്ക്കും. അതിനൊരു കുടുക്കയും പഴ്സുമൊക്കെയുണ്ടാകും. പിന്നെ ആ പണം എന്തുചെയ്യണമെന്നുള്ള ചിന്തയാണ്. നീണ്ട ആലോചനയ്‌ക്കൊടുവില്‍ വാങ്ങേണ്ട സാധനങ്ങളുടെയും കളിപ്പാട്ടങ്ങളുടെയുമൊക്കെ നീളന്‍ പട്ടികയുമുണ്ടാകും. മിക്കവാറും കളിപ്പാട്ടങ്ങള്‍ വാങ്ങുകയാണു പതിവ്.

വിഷുസദ്യ കഴിഞ്ഞാല്‍ പിന്നീടുള്ളത് പടക്കംപൊട്ടിക്കലുമൊക്കെയാണ്. നാട്ടിന്‍പുറമായതിനാല്‍ കുട്ടികള്‍ ഒരുപാടുപേരുണ്ടാകും. കക്കുകളി, കുട്ടിയുംകോലും തുടങ്ങി എല്ലാത്തരം കളികള്‍ക്കും ഞാന്‍ കൂടും. ക്രിക്കറ്റു കളിക്കാനും പോയിട്ടുണ്ട്. ആകെയൊരു പെണ്‍കുട്ടി ഞാന്‍ മാത്രമാകും.

ഇതിനിടയില്‍ ഒന്നുവിട്ടുപോയി. വിഷുവിന് കേള്‍ക്കാറുള്ള മറ്റൊരു പാട്ടുണ്ട്. കേശാദിപാദം തൊഴുന്നേന്‍...

'കേശാദിപാദം തൊഴുന്നേന്‍ - കേശവ

കേശാദിപാദം തൊഴുന്നേന്‍

പീലിച്ചുരുള്‍മുടിയും നീലത്തിരുവുടലും

ഫാലത്തൊടുകുറിയും താണുതൊഴുന്നേന്‍

കേശാദിപാദം തൊഴുന്നേന്‍.....'

ഉത്സവപ്പാട്ടുകളോടെല്ലാം ഒത്തിരി ഇഷ്ടമാണ്. പൂവേണം പൂപ്പടവേണം..., ദേവദൂതര്‍പാടി.... ഇങ്ങനെയുള്ളതെല്ലാം. വിഷുവെന്നു പറയുമ്പോള്‍ താരതമ്യേന പാട്ടുകള്‍ കുറവാണ്. ഇനിപ്പറയേണ്ടത് വിഷുസദ്യയെക്കുറിച്ചാണ്. ജോലിക്കുകയറിയശേഷമാണു മറ്റിടങ്ങളിലെ വിഷു ആഘോഷങ്ങളില്‍ പങ്കുചേരുന്നത്. തിരുവനന്തപുരത്തെ രീതികളൊന്നുമല്ല വടക്കന്‍ ജില്ലകളില്‍. ഭക്ഷണവും ആഘോഷരീതിയുമെല്ലാം വ്യത്യസ്തമാണ്. ഇതുവരെ കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലെ വിഷുസദ്യകളില്‍ പങ്കെടുത്തു. ഇത്തവണ വിഷു ആലപ്പുഴയ്‌ക്കൊപ്പം. '- കളക്ടര്‍ പറഞ്ഞു.