ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാന്‍ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചു വൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവൂ. 

To advertise here,

ഓട്ടുരുളിയില്‍ കണിയൊരുക്കണം. ഉരുളി തേച്ചുവൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേര്‍ത്തു പകുതിയോളം നിറയ്ക്കുക. ഇതില്‍ നാളികേരമുറി വയ്ക്കണം. നാളികേരമുറിയില്‍ എണ്ണനിറച്ച് തിരിയിട്ടുകത്തിക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട്. സ്വര്‍ണ്ണവര്‍ണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്ക്കണം.

ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്‌ക്കേണ്ടത്. ചക്ക, ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്നാണ് വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാല്‍ വാല്‍ക്കണ്ണാടി വയ്ക്കാം. ഭഗവതിയുടെ സ്ഥാനമാണ് വാല്‍ക്കണ്ണാടിയ്ക്ക്. കണിക്കൊപ്പം സ്വന്ദതം മുഖവും കണ്ടുണരാന്‍ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവുമറിയുക എന്നും സങ്കല്‍പ്പമുണ്ട്.  കൃഷ്ണവിഗ്രഹം ഇതിനടുത്തുവയ്ക്കാം. എന്നാല്‍, ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തില്‍ പതിയ്ക്കരുത്. 

തൊട്ടടുത്ത താലത്തില്‍ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വര്‍ണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്‍മഷിക്കൂട്ടും ഇതിനൊപ്പം വയ്ക്കുന്നവരുണ്ട്. നാണയത്തുട്ടുകള്‍ വെറ്റിലയ്ക്കും പാക്കിനുമൊപ്പം വേണം വയ്ക്കാന്‍. ലക്ഷ്മിയുടെ പ്രതീകമാണ് സ്വര്‍ണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

പച്ചക്കറി വിത്തുകള്‍ വയ്ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകള്‍ വിതയ്ക്കുന്ന പതിവ് ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയടില്‍ വെള്ളംനിറച്ചുവയ്ക്കണം. ജിവന്റേയും പ്രപഞ്ചത്തിന്റേയും ആധാരമായ ജലം കണ്ണില്‍ത്തൊട്ടശേഷമാവണം കണികാണേണ്ടത്.

ഒരുക്കേണ്ട ദ്രവ്യങ്ങള്‍:

  1. നിലവിളക്ക്
  2. ഓട്ടുരുളി
  3. ഉണക്കലരി
  4. നെല്ല്
  5. നാളികേരം 
  6. സ്വര്‍ണനിറമുള്ള കണിവെള്ളരി
  7. ചക്ക
  8. മാങ്ങ, മാമ്പഴം
  9. കദളിപ്പഴം
  10. വാല്‍ക്കണ്ണാടി (ആറന്മുള ലോഹക്കണ്ണാടി)
  11. കൃഷ്ണവിഗ്രഹം
  12. കണിക്കൊന്ന പൂവ്
  13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല)
  14. തിരി
  15. കോടിമുണ്ട്
  16. ഗ്രന്ഥം
  17. നാണയങ്ങള്‍
  18. സ്വര്‍ണം
  19. കുങ്കുമം
  20. കണ്മഷി
  21. വെറ്റില
  22. അടയ്ക്ക
  23. ഓട്ടുകിണ്ടി
  24. വെള്ളം