
ഇത് എന്റെ രണ്ടാം ജന്മമാണ്. മരിച്ചെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ എന്നെ ഈ സുന്ദര ലോകത്തേക്ക് വീണ്ടും എത്തിച്ചത് ഇവളുടെ പിന്തുണയാണ്. ഇവളുടെ പ്രണയമാണ്.....അരുണിമയുടെ കൈകൾ കോർത്തുപിടിച്ച് റെമോ കഴിഞ്ഞുപോയ ആശുപത്രിക്കാലത്തെക്കുറിച്ച് പറയാൻ തുടങ്ങി.
കെ.സി.എൽ.ചാനലിൽ ക്യാമറാമാനായിരുന്നു റെമോ ബെഞ്ചമിൻ പീറ്റർ. അവിടേക്ക് ട്രെയിനിയായാണ് അരുണിമ എത്തിയത്. ആദ്യം ക്യാമറാമാനും റിപ്പോർട്ടറും മാത്രമായിരുന്ന ഇരുവരും പിന്നീട് സുഹൃത്തുക്കളായി. ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കുന്നതിനിടെയാണ് അരുണിമയ്ക്ക് കല്യാണാലോചനകൾ വരാൻ തുടങ്ങിയത്. പിന്നെ താമസിച്ചില്ല രണ്ടുപേരും പ്രണയം തുറന്നുപറഞ്ഞു.
ദു:ഖങ്ങളുടെ പരമ്പര
റെമോയുടെ അമ്മയ്ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. ഈസ്റ്റ്ഹില്ലിലുള്ള വീടുതാമസത്തിന് ബന്ധുക്കൾക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുത്തത് റെമോ കെട്ടാൻ പോവുന്ന കുട്ടി എന്നാണ്. അന്ന് പ്രണയം രണ്ടുപേരും വീട്ടിൽ പറഞ്ഞിട്ടുപോലുമില്ല. ആ അമ്മയാണ് പെട്ടന്ന് ക്യാൻസറിന്റെ പിടിയിൽ അകപ്പെടുന്നത്. മരണവും അതുപോലെതന്നെയായിരുന്നു. ആരേയും പ്രയാസപ്പെടുത്താതെ അമ്മയങ്ങുപോയി. അരുണിമ പറഞ്ഞു തുടങ്ങിയപ്പോൾ കണ്ണു നിറയുന്നുണ്ടായിരുന്നു.
അതുകഴിഞ്ഞാണ് രണ്ടുപേരുടെയും വീട്ടുകാർ വിവാഹക്കാര്യം മുന്നോട്ട് വെക്കുന്നത്. ആരും തടസ്സം നിന്നല്ല. 2021 മാർച്ച് 15നായിരുന്നു വിവാഹ നിശ്ചയം. എല്ലാം ഭംഗിയായി നടന്നു. എല്ലാവരും പങ്കെടുത്ത് സന്തോഷത്തോടെ റെമോയുടെ വീട്ടിൽ വെച്ച് വിവാഹതീയതി ഉറപ്പിച്ചു പിരിഞ്ഞു.
പിറ്റേന്ന് വലിയൊരു ദു:ഖമാണ് അരുണിമയെ തേടിയെത്തിയത്. നിശ്ചയത്തിന് ഭക്ഷണം തയ്യാറാക്കിയ പാത്രം വാടകക്കടയിൽ ഏൽപ്പിക്കാൻ പോകുന്നതിനിടെ ക്രിസ്ത്യൻ കോളേജ് പരിസരത്തുവെച്ച് ഓട്ടോറിക്ഷയിലിടിച്ച് റെമോയുടെ ബൈക്ക് മറിഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് ബൈക്ക് ഓടിച്ചിരുന്നത്. രണ്ടുപേരും റോഡിനു നടുവിൽ. ഓടിക്കൂടിയ ആളുകൾ ചോരയിൽ കുളിച്ച യുവാക്കളുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പാഞ്ഞു.
മാസങ്ങൾ നീണ്ട ആശുപത്രിവാസം
മെഡിക്കൽ കോളേജിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ബേബി മെമ്മോറിയൽ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമെത്തി അങ്ങോട്ടുമാറ്റി. അന്നൊന്നും അരുണിമയ്ക്ക് റെമോയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് മനസ്സിലായിരുന്നില്ല. ബേബിയിലെക്ക് മാറ്റിയപ്പോഴും നല്ല ചികിത്സ കിട്ടുമല്ലേ അന്ന് ആശ്വസിച്ചു. ആശുപത്രിയിലെത്തി റെമോയുടെ മുഖം കണ്ടതോടെ പതറിപ്പോയെന്ന് അരുണിമ പറയുന്നു. ബോധം നഷ്ടപ്പെട്ടതുപോലെ തോന്നി. പിന്നീട് ഒരൊറ്റ പ്രാർഥനമാത്രമായിരുന്നു. റെമോ തിരിച്ചുവരണം. ഇവനില്ലെങ്കിൽ ഈ ലോകത്ത് എന്നെ ഒറ്റയ്ക്കിടരുത്. അന്ന് വിളിക്കാത്ത ദൈവങ്ങളില്ല. കഴിക്കാത്ത വഴിപാടുകളും നേർച്ചകളുമില്ല അരുണിമ പറഞ്ഞു.
ആന്തരീകാവയവങ്ങളിലായിരുന്നു പരിക്കുകളെല്ലാം. ശ്വാസകോശത്തിന് ചതവുണ്ടായിരുന്നു. വൃക്ക തകരാറിലായി. മസ്തിഷ്കത്തിനും പരിക്കേറ്റു. ഇടുപ്പിൽ രക്തം കട്ടപിടിച്ച് അണുബാധയുണ്ടായി, തുടങ്ങി 12 പ്രശ്നങ്ങളാണ് റെമോയുടെ മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞത്.
വെന്റിലേറ്ററിന്റെ തണുപ്പിൽ മരണത്തോട് മല്ലിട്ട് ജീവച്ചവമായി റെമോ കിടന്നത് രണ്ടുമാസത്തോളമാണ്. അതിനിടെയിൽ കോവിഡും പിടിപെട്ടു. പ്രായവും മരുന്നുകളോടുള്ള അനുകൂല പ്രതികരണങ്ങളും ഡോക്ടർമാർക്കും ധൈര്യം നൽകി. എപ്പോഴും അരുണിമയും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിൽ ബോധമറ്റ് കിടന്ന റെമോയ്ക്കരികേക്ക് പ്രസാദവുമായി അരുണിമ ഓടിയെത്തും. തണുത്ത് വിറങ്ങലിച്ച നെറ്റിയിൽ കുറിതൊട്ടുകൊടുക്കും. ഉറങ്ങുന്നതും ഉണരുന്നതും കണ്ണുതുറക്കുന്നതും നോക്കി അരികിൽ തന്നെയിരിക്കും. ആശുപത്രിയിലെ ജീവനക്കാർ ഇങ്ങനെ വന്നിരുന്നിട്ട് കാര്യമില്ലെന്നും എന്തെങ്കിലും ആവശ്യമുണ്ടായാൽ അറിയിക്കാമെന്നും അരുണിമയോട് പോയ്ക്കോളാനും പലതവണ പറഞ്ഞിട്ടുണ്ട്. അപ്പോൾ മറുപടി റെമോ എഴുന്നേൽക്കും അവൻ എന്നെ തിരയും എന്നായിരുന്നു.
''വാർഡിലേക്ക് മാറ്റിയിട്ടും റെമോയ്ക്ക് ബോധം തിരിച്ചുകിട്ടാൻ സമയമെടുത്തിരുന്നു. അപകടത്തിന് ശേഷം ഓർമ്മശക്തി നഷ്ടപ്പെടുന്നതെല്ലാം നമ്മൾ സിനിമയിലൊക്കെ കണ്ടിട്ടില്ലേ. അതോർത്ത് ഞാൻ കുറേ കരഞ്ഞിട്ടുണ്ട്. അന്ന് ഞങ്ങളുടെ പ്രണയം തുയങ്ങിയിട്ട് നാലുവർഷം മാത്രമേ ആയിരുന്നുള്ളു. അവന്റെ ജീവിതത്തിലേക്ക് അവസാനമായി വന്നുകയറിയത് ഞാനായതുകൊണ്ട് എന്നെ മറന്നുപോയിട്ടുണ്ടാവുമോ എന്നായിരുന്നു പേടി. അവന്റെ സഹോദരിയോട് എന്നെ പരിചയപ്പെടുത്തികൊടുക്കണമെന്ന് പറയുമായിരുന്നു. ഒരു ദിവസം എന്റെ അമ്മ റെമോയുടെ അടുത്ത് നിന്ന് എന്നെ വിളിച്ചു. എന്റെ ശബ്ദം കേട്ടതും അവൻ ചുണ്ടുകൾ അനക്കാനും എന്തോ സംസാരിക്കാൻ ശ്രമിക്കാനും ശ്രമിച്ചു. അന്ന് എനിക്കുണ്ടായ സന്തോഷം എത്രയാണെന്ന് അറിയോ...'' അരുണിമ പറഞ്ഞു.
താങ്ങായി തണലായി
ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയപ്പോഴും റെമോ കിടപ്പുതന്നെയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ അച്ഛനും ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന അനിയത്തിയുമാണ് വീട്ടിലുണ്ടായിരുന്നത്. അരുണിമ രാവിലെ റെമോയുടെ വീട്ടിലെത്തും. അവനുള്ള ആഹാരം തയ്യാറാക്കും, കഴിപ്പിക്കും, കുളിപ്പിക്കും, യൂറിൻബാഗ് വൃത്തിയാക്കും...തുടങ്ങി ഒരു അമ്മ പിഞ്ചുകുഞ്ഞിനെ എങ്ങിനെ പരിചരിക്കുന്നുവോ അതുപോലെ താങ്ങായി. പ്രിയ്യപ്പെട്ടവരുടെ സാമീപ്യം റെമോയെ കൂടുതൽ ഉന്മേഷവാനാക്കി. ജീവിതത്തിന്റെ പച്ചപ്പിലേക്ക് അരുണിമയുടെ കൈപിടിച്ച് അവൻ പതിയേ പിച്ചവെച്ചു തുടങ്ങി. ഓരോ അടി വെക്കുമ്പോഴും ഒപ്പമുണ്ട്. ധൈര്യമായി എഴുന്നേൽക്കാൻ അവൾ ആത്മവിശ്വാസം നൽകി. മാധ്യമപ്രവർത്തനവും റെമോയെ പരിചരിക്കലുമെല്ലാം ഒരുപോലെ കൊണ്ടുപോവാൻ അരുണിമയ്ക്ക് കഴിഞ്ഞു.
സഹോദരിക്കൊപ്പം ആശുപത്രിക്കിടക്കയിൽ വെച്ച് റെമോ പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. അരുണിമയുടെ ബന്ധുക്കളും സർവ്വ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. അന്ന് പലരും അരുണിമയോട് മാറി ചിന്തിക്കാൻ പറഞ്ഞിട്ടുണ്ട്. ചെറിയ പ്രായമാണ് ജീവിതകാലം മുഴുവൻ അവനിങ്ങനെ കിടന്നാൽ നീ എന്തു ചെയ്യുമെന്നും മറ്റൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കണമെന്നും പറഞ്ഞവരുണ്ട്. റെമോ മടങ്ങിവരുമെന്നും ലോകം തന്നെ കീഴ്മേൽ മറിഞ്ഞാലും ഒന്നിച്ച് നിൽക്കുമെന്നുമുള്ള ദൃഡനിശ്ചയം എടുക്കുകയായിരുന്നു അവൾ.
സഹായങ്ങളും പ്രാർഥനയും
ചലനമറ്റ് നടുറോഡിൽ കിടന്നതുമുതൽ ഇന്ന് ഈ നിമിഷം വരെ സ്നേഹമായും സാമ്പത്തിക സഹായമായും പ്രാർഥനയായും ഒപ്പം നിന്നവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്ന് റെമോ പറയുന്നു. അന്ന് എനിക്ക് ഒന്നും ഓർമയില്ലല്ലോ. പിന്നീട് പലരുടെയും ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്നും വീട്ടുകാരിൽ നിന്നുമെല്ലാമാണ് ഇതെല്ലാം അറിയുന്നത്. കെ.സി.എൽ. ചാനലിൽ രക്തം ആവശ്യമുണ്ടെന്ന് സ്ക്രോൾ പോയതിന് പിന്നാലെ ആശുപത്രിയിലേക്ക് വന്നത് വലിയ ജനക്കുട്ടമായിരുന്നു. മറ്റ് ജില്ലകളിൽ നിന്നു വരെ ആളുകൾ രക്തം നൽകാമെന്ന് പറഞ്ഞു വിളിച്ചു. തിരക്കുകളെല്ലാം മറ്റിവെച്ച് എന്റെ ജീവൻ രക്ഷിക്കാനെത്തിയവർ. കോഴിക്കോട് പ്രസ് ക്ലബ്ബിലെ മാധ്യമപ്രവർത്തകർ, ക്രിസ്ത്യൻ കോളേജിലെ സഹപാഠികളായിരുന്നവർ, അധ്യാപകർ അങ്ങിനെ അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത കടപ്പാടുകളാണ് ഇതെല്ലാം. ഇപ്പോഴും പലരും വിളിക്കും പല അമ്പലങ്ങളിലും പള്ളികളിലും വഴിപാടും നേർച്ചയും നടത്തിയിട്ടുണ്ടെന്ന് പറയും. അപ്പോ കണ്ണുകൾ കുടുകുടെ നിറഞ്ഞൊഴുകും. ഈ ജന്മം തിരിച്ചു തന്നവരോട് റെമോ ഇങ്ങനെയാണ് പറയുക.
പുതുജീവിതം തുടങ്ങുന്നു
അപകടം കഴിഞ്ഞ് ഒരു വർഷമാവാനിരിക്കേ റെമോ പഴയതുപോലെ ഉഷാറായിരിക്കുന്നുണ്ട്. ഫിസിയോതെറാപ്പിയിലൂടെ വലിയ മാറ്റം വന്നു. കുറേ ദൂരം നടക്കാനും പതിഞ്ഞിരിക്കാനും ചെറിയ പ്രയാസമുണ്ടെന്നതൊഴിച്ചാൽ ഹാപ്പി. വ്യത്യസ്ത മതത്തിൽ പെട്ടവരായതുകൊണ്ടുതന്നെ വിവാഹം സ്പെഷ്യൽ മാരേജ് അക്ട് പ്രകാരം രജിസ്റ്റർ ചെയ്യണം. ഡിസംബറിൽ ആ നടപടികളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി എല്ലാവരേയും വിളിച്ച് വിവാഹം നടത്തണമെന്നാണ് രണ്ടുപേരുടെയും ആഗ്രഹം.
മാർച്ചിൽ നടത്താനാണ് തീരുമാനം കോവിഡ് ചതിച്ചില്ലെങ്കിൽ ഉഷാറാക്കണം- റെമോ പറഞ്ഞു. അസുഖങ്ങളെല്ലാം മാറിക്കഴിഞ്ഞപ്പോൾ ഇവൻ ആദ്യം പറഞ്ഞത് കല്യാണം കഴിക്കണമെന്നാണെന്ന് പറഞ്ഞ് ഞങ്ങൾ കളിയാക്കാറുണ്ടെന്ന് അരുണിമ. ക്യാമറയാണ് എന്റെ കണ്ണ്. വാർത്തകൾക്കൊപ്പമാണ് കുറേകാലം ജീവിച്ചത്. ഷോട്ട്ഫിലിമുകളും ചെയ്തിട്ടുണ്ട്. ഇനി അതിൽ കൂടുതൽ ശ്രദ്ധിക്കണം. ഫോട്ടോഗ്രഫിയിൽ തന്നെ മോഡലിങ് രംഗത്ത് ചുവടുറപ്പിക്കണമെന്നുണ്ട്. അതും ചെയ്യണം...റെമോയുടെ ആഗ്രഹങ്ങൾ ഇങ്ങനെയെല്ലാമാണ്. മാധ്യമപ്രവർത്തനത്തിൽ തന്നെ നല്ല ഉയരങ്ങളിൽ എത്തണമെന്നാണ് ആരുണിമയ്ക്ക് ആഗ്രഹം.
രണ്ടുപേരും യാത്രചെയ്യാനും ഭക്ഷണം കഴിക്കാനും വളരേ ഇഷ്ടപ്പെടുന്നവരാണ്. റെമോ സെറ്റായിട്ട് വേണം അവന്റെ വണ്ടിയുമെടുത്ത് ട്രിപ്പടിക്കാൻ. അപകടത്തിനു മുമ്പ് വൺഡേ ട്രിപ്പായി വയനാട്ടിലെല്ലാം പോയിട്ടുണ്ട്. അന്ന് റിപ്പോർട്ടറും ക്യാമറാമാനും ആയിരുന്നതുകൊണ്ട് ആർക്കും പ്രമമാണെന്ന് സംശയം ഇല്ലായിരുന്നു. ഇനി ഭാര്യയായിട്ടു വേണം അന്നുപോയ സ്ഥലത്തെല്ലാം പിന്നേയും പോവാൻ.- റെമോയെ ചേർത്തുപിടിച്ച് അരുണിമ ചിരിച്ചു.
ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്
Content Highlights: unconditional love story, valentines day, remo benjamin peter, love story
Published: 12 Feb 2022, 10:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented