* നീയാണ് എന്റെ യാത്ര തീരുന്നിടം
നിന്നെക്കാണുംവരെ
ഞാൻ ജീവിച്ചിട്ടേയില്ല
ജനിച്ചിട്ടുപോലുമില്ല
നിന്നെക്കണ്ടശേഷമോ
നിന്നെ നഷ്ടപ്പെടുമെന്ന പേടിയിൽ
ഞാൻ മരിച്ചുകൊണ്ടിരിക്കുന്നു
* നിന്റെ നെറ്റിയിൽ എന്റെ പ്രണയമിറ്റിച്ച ചോരയെ
നിന്റെ കണ്ണീരുപ്പിനെ
നിന്റെ നെഞ്ചിലെ തേങ്ങലുകളെ
മൊത്തി മൊത്തിക്കുടിക്കണമായിരുന്നു
പക്ഷെ, എന്ത് വീഞ്ഞാണ് നീയെന്റെ അധരങ്ങളിൽ പകർന്നത്
ഒറ്റച്ചുംബനത്താൽ ഞാനിത്ര ഉൻമാദിയാകാൻ
*രണ്ട് കുടകൾക്ക് കീഴിലെ രണ്ട് മഴകളായ്
എത്ര നേരമാണ് നാം നിന്നത്
പെയ്ത് നിറഞ്ഞ് ഞാനും
പെയ്യാതെ , പെയ്ത് തീരാനറിയാതെ നീയും
* പ്രപഞ്ചത്തോളം നിശബ്ദത
നിനക്കത് അറിയാനാകില്ല
നീയില്ലാത്തപ്പോൾ മാത്രമാണ്
ഞാനതറിയുന്നത്
*ഇത്രയൊന്നുമല്ല എന്റെ പ്രണയം
നിനക്ക് ഉൾക്കൊള്ളാൻ വേണ്ടി
എത്ര ചുരുക്കിയാണ് ഞാനത് പകർന്ന് തന്നത്
എന്നിട്ടും നിന്റെ കൈയിലൊതുങ്ങാതെ
മുഴുവനും തുളുമ്പിപ്പോയി....
*എന്നിട്ടും എന്നിട്ടും ഉണർന്നെഴുന്നേറ്റ് നോക്കുമ്പോൾ
നീയില്ല
ആകെ കണ്ടത് , മുറ്റത്ത് നനഞ്ഞ് കിടക്കുന്ന
ഒരു തുണ്ട് വെയിൽ മാത്രം
* കടലോളം കലി
കടലോളം കണ്ണീർ
കടലോളം പ്രണയം
നിന്റെ കൈക്കുമ്പിളിൽ എങ്ങനെ ഒതുങ്ങാൻ
* ഒരു വഴിയിലൂടെ ഒരുമിച്ച് നടന്നിട്ടും
ഇരുവഴി പിരിഞ്ഞുപോയി
നീ തെടിയത് ജീവിതവും
ഞാൻ തിരഞ്ഞത് പ്രണയവുമാകയാൽ
* വേദന.. വേദന മാത്രമാണ് സത്യം
കൈകാലുകളിൽ ഹൃദയത്തിൽ
ആത്മാവിൽ വേദന മാത്രം
ഏത് ലഹരിയിലാണ് ഞാൻ അഭയമന്വേഷിക്കുക
ഏത് ലഹരിക്കാണ് നിന്റെ പ്രണയത്തേക്കാൾ വീര്യം
*അന്നത്തെ നിലാവ്
അന്നത്തെ പെയ്ത്ത്
നമ്മുടെ ആകാശത്തെ
അന്നത്തെ പ്രണയച്ചോപ്പ്
അന്നത്തെ നീ, ഞാൻ
എല്ലാം അന്നത്തേതായിരുന്നു
ഞാൻ നടന്നുനോക്കി, യുഗങ്ങളോളം
വീണുപോയ ചിരികൾ തേടി
പിണങ്ങിയകലാത്ത പരിഭവങ്ങൾ അന്വേഷിച്ച്
പക്ഷെ നമ്മിലേക്ക്
എനിക്കറിയാമായിരുന്ന നിന്നിലേക്ക്
വഴികളേതുമില്ലായിരുന്നു
*വസന്തം പിന്നെയും വന്നു
പൂക്കൾക്ക് അതേ സുഗന്ധമായിരുന്നില്ല
പിന്നെയും പെയ്തു മഴ
എന്നിലേക്കിറ്റിയില്ല ഒരു തുള്ളി പോലും
* മുറിവുകൾക്കേയുള്ളു അടയാളങ്ങൾ
സ്നേഹത്തിനതില്ല
അതുകൊണ്ടാണ് എത്ര തന്നാലുമത്
ഓർമിക്കപ്പെടാത്തത്
* നീകേട്ട ഏറ്റവും സുന്ദര കവിത ഞാനെന്ന്
നിന്റെ ഏകാന്തതയിൽ നീയറിഞ്ഞ സ്വാസ്ഥ്യമെന്ന്
നിന്റെ വഴികളിൽ നിന്നെക്കാത്ത മാലാഖയെന്ന്
നിനക്കുറങ്ങാൻ എന്റെ നെഞ്ചിലെ മഞ്ഞിൻതലപ്പുകൾമതിയെന്ന്
അങ്ങനെ ഞാൻ കേട്ട ഏറ്റവും സുന്ദര നുണയായിരുന്നു നീ
Content Highlights: Discover the soulful love poems of Shemin Saidi. Explore themes of longing, devotion, and the bittersweet reality of love. Read now for a journey of deep emotion.
Published: 09 Feb 2026, 06:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented