
ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ട കാലം. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലുമെന്ന പോലെ സെര്‍ബിയന്‍ തെരുവോരങ്ങളിലും യുദ്ധകാഹളത്തിന്റെ പ്രകമ്പനങ്ങള്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. മഹാമാരിയും മഹായുദ്ധങ്ങളും തോറ്റുപോകുന്നത് പ്രണയത്തിനു മുന്നിലാണെന്നാരോ പാടിയ പാട്ടിന്റെ ഏറ്റുപാട്ടെന്ന പോലെ ഒരു പ്രണയവല്ലി യുദ്ധത്തെയും വകവെയ്ക്കാതെ പടര്‍ന്നുകയറി. ആ പ്രണയക്കാറ്റേറ്റവരില് രണ്ടു പേരായിരുന്നു നദയും നെല്‍ജയും. സ്കൂള്‍ ടീച്ചറായ നദയും പട്ടാളക്കാരനായ നെല്‍ജയും സെര്‍ബിയന്‍ പട്ടണമായ വേര്ണ്യാക ബാന്യയിലെ ഒരു പാലത്തില്‍വെച്ച് തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞു. താമസിയാതെ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു.
അങ്ങനെയിരിക്കെ നെല്ജയ്ക്ക് യുദ്ധത്തിനായി ഗ്രീസിലേക്ക് പോകേണ്ടിവന്നു. മുടങ്ങാതെ കത്തുകളെഴുതി നദ നെല്ജയ്ക്കായി കാത്തിരുന്നു. ഏറെ നാളുകൾക്ക് ശേഷം യുദ്ധം കഴിഞ്ഞു നെൽജ തിരിച്ചെത്തി. എന്നാൽ, തൻ്റെ പ്രാണപ്രിയനെ കാണാനോടിയെത്തിയ നദയോട് നെൽജയ്ക്ക് പറയാനുണ്ടായിരുന്നത് അത്ര സന്തോഷകരമായ വാർത്തയായിരുന്നില്ല. ഗ്രീസിൽവെച്ച് മറ്റൊരു പെൺകുട്ടിയുമായി താൻ പ്രണയത്തിലായെന്നും അവളുമായുള്ള വിവാഹം കഴിഞ്ഞുവെന്നും നെല്‍ജ നദയെ അറിയിച്ചു. നെല്ജയുടെ വാക്കുകള്‍ കാരമുള്ള് പോലെ നദയുടെ ഹൃദയത്തില്‍ തറച്ചുകയറി. പ്രണയം മുറിവേൽപ്പിച്ച ഹൃദയവുമായി നദ അലഞ്ഞുനടന്നു. പിന്നീട് കരഞ്ഞു കരഞ്ഞ് അവൾ മരിച്ചുപോയി.
പ്രണയവഞ്ചനയുടെ കഥ നാടാകെ പരന്നപ്പോൾ നദയും നെൽജയും പ്രണയം പറഞ്ഞ പാലത്തിലേക്ക് പ്രണയികൾ പാഞ്ഞെത്തി. നദയുടെയും നെൽജയുടെയും പ്രണയം പോലെ തങ്ങളുടെ പ്രണയം തകർന്നു പോകാതിരിക്കാൻ പാലത്തിൻ്റെ കൈവരികളിൽ തങ്ങളുടെ പേരുകളെഴുതിയ താഴുകൾ അവർ സ്ഥാപിച്ചു. സ്നേഹപ്പൂട്ട് ഒരിക്കലും വേർപെടാതിരിക്കാൻ താക്കോലുകൾ നദിയിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞു. വിദേശരാജ്യങ്ങളിൽ പ്രചാരത്തിലുള്ള ലവ് ലോക്കുകളുടെ ചരിത്രം ചികയുമ്പോൾ സെർബിയക്കാർ പറയുന്ന കഥയാണിത്. ലോകത്താകമനമുള്ള പ്രണയിതാക്കൾ തങ്ങളുടെ അനശ്വരപ്രേമത്തിൻ്റെ അടയാളമായി കാണുന്ന ഈ പ്രണയത്താഴുകൾക്ക് പിന്നിൽ ഒരു പ്രണയവഞ്ചനയുടെ കഥയാണ് ഒളിഞ്ഞുകിടക്കുന്നതെന്നത് കൗതുകകരമാണ്.
പ്രണയം പൂട്ടിയ കാമുകർ; പൊതുശല്യമായ പ്രേമത്താഴ്
പ്രണയത്താഴുകളുടെ ചരിത്രം 100 വര്‍ഷങ്ങളിലധികം പിന്നോട്ടുപോകുന്നുണ്ടെങ്കിലും 2000-ത്തിന്റെ തുടക്കത്തിലാണ് ഇവ കൂടുതല്‍ വ്യാപകമാകുന്നത്. ഇറ്റാലിയൻ എഴുത്തുകാരനായ ഫെഡ്രിക് മോച്ചയുടെ 2004-ൽ പുറത്തിറങ്ങിയ ഐ വോണ്ട് യൂ എന്ന പുസ്തകത്തിൽ വടക്കൻ റോമിലെ മിൽവ്യൻ എന്ന പാലത്തിൽ ലവ് ലോക്കുകൾ സ്ഥാപിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പുസ്തകം ഹിറ്റായതോടെയാണ് ലവ് ലോക്കുകൾക്കും ആരാധകരേറെയായത്. പതിയെ ലോകത്തിൻ്റെ മറ്റിടങ്ങളിലേക്കും ലവ് ലോക്ക് സ്ഥാപിക്കുന്നത് ഒരാചാരം പോലെ പടർന്നു.
പേരുകളും ഇനിഷ്യലുകളും കൊത്തിയ താഴുകൾ പാലങ്ങളിലും വേലികളിലുമൊക്കെ സ്ഥാപിക്കും. ശേഷം താക്കോൽ നദിയിലേക്കും മറ്റും വലിച്ചെറിയും. ചിലർ ഈ താക്കോൽ നിധി പോലെ സൂക്ഷിച്ചുവെക്കാറുമുണ്ട്. പാരിസിലെ പോൻ ഡിസ് ആർട്സ് പാലമാണ് ലോകത്താകമാനമുള്ള കാമുകർക്ക് ഏറ്റവും പ്രിയപ്പെട്ടത്. പാരിസിലെ ഈ പാലത്തിൽ പ്രണയത്താഴുകൾ സ്ഥാപിച്ചാൽ തങ്ങളുടെ പ്രണയം ഏറെ നാൾ നിലനിൽക്കുമെന്ന് വിശ്വസിക്കുന്നവരേറെയാണ്. നദയുടെയും നെൽജയുടെയും മോസ്റ്റ് ലൂബവി എന്ന പ്രണയപ്പാലത്തിനും വലിയ ആരാധകവൃന്ദമുണ്ട്. ആംസ്റ്റർഡാമിലെ മഗേർ ബ്രഗ്, ചൈനയിലെ ഹാങ്ഷാൻ പാലം, അമേരിക്കയിലെ ഗ്രാൻഡ് കാന്യൺ ദേശീയോദ്യാനം തുടങ്ങി പ്രണയം പൂട്ടാൻ പേരുകേട്ട സ്ഥലങ്ങളേറെയാണ്.
ലോകത്തിൻ്റെ പല ഭാഗങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലും ലവ് ലോക്കുകൾ നിരന്നു. എന്നാല്‍ കാമുകർ വാഴ്ത്തുന്ന പ്രണയമുദ്ര പൊതുശല്യമാവാൻ അധികം നാളുകൾ വേണ്ടി വന്നില്ല.
ഭാരം താങ്ങാനാകാതെ പാലങ്ങൾ; ഭീഷണിയാകുന്ന താക്കോൽ
ലവ് ലോക്കുകൾ പാലങ്ങൾ ഉൾപ്പടെയുള്ള പൊതുമുതലുകൾ നശിപ്പിക്കുകയാണ് എന്ന വിമർശനം പലഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നിരുന്നു. താഴുകൾ കൂടുന്നതോടെ പാലങ്ങളുടെയും മറ്റും കൈവരികളടക്കം തകർന്നുവീഴാൻ തുടങ്ങിയതോടെ ലവ് ലോക്കുകൾക്കെതിരെയുളള പ്രതിഷേധം ശക്തമായി. യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത ഒരു വിശ്വാസത്തിൻ്റെ പേരിൽ ചരിത്രസ്മാരകങ്ങളെ നശിപ്പിക്കപ്പെടുകയാണെന്ന് വാദിച്ച് നിരവധി പേർ രംഗത്തെത്തി. പാരിസിൽ ഒരു കൂട്ടമാളുകൾ ചേർന്ന് നോ ലവ് ലോക്ക് എന്ന പേരിൽ ഒരു ക്യാമ്പയിനും ആരംഭിച്ചു.

ലവ് ലോക്കുകൾ പരിസ്ഥിതിക്ക് ഭീഷണിയാണ് എന്ന് ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഗ്രാൻഡ് കാന്യൺ ദേശീയോദ്യാനം അധികൃതർ കൂടി രംഗത്തെത്തിയതോടെയാണ് പ്രശ്നത്തിൻ്റെ ഗൗരവം കൂടുതൽ ചർച്ചയാകുന്നത്. ഞങ്ങളുടെ ലോക്ക് കട്ടറുകളുടെ ബലം നിങ്ങളുടെ പ്രണയത്തിനില്ല എന്ന കുറിപ്പിനൊപ്പം മുറിച്ചെടുത്ത പ്രണയപ്പൂട്ടുകളുടെ ചിത്രം ഗ്രാൻഡ് കാന്യൺ ദേശീയോദ്യാനം അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ലോകത്തിലെ പ്രകൃതിദത്ത അത്ഭുതങ്ങളില്‍ പ്രധാനമായ ഗ്രാൻഡ് കാന്യൺ ദേശീയോദ്യാനത്തിൻ്റെ കമ്പിവേലികളില്‍ സ്ഥാപിക്കുന്ന താഴുകളുടെ ഭാരം കാരണം അവ വേഗം നശിക്കുന്നു. എന്നാൽ പ്രധാനപ്രശ്നം ഇതല്ല. കുന്നിന് മുകളില്‍ നിന്ന് വലിച്ചെറിയുന്ന താക്കോലുകള്‍ കാലിഫോര്‍ണിയ കോണ്ട്വോര് എന്ന വംശനാശ ഭീഷണി നേരിടുന്ന കഴുകന് വര്‍ഗത്തെ സാരമായി ബാധിച്ചു. 1980-കളില്‍ വംശനാശത്തിന്റെ വക്കിലെത്തിയ ഇവയെ ഗ്രാന്‍ഡ് ക്യാനണ് നാഷണല്‍ പാര്‍ക്കില്‍ സംരക്ഷിച്ചു പോരുകയായിരുന്നു.
2022-ലെ കണക്കുകള്‍ പ്രകാരം വനപ്രദേശത്ത് ആകെ 347 കാലിഫോര്‍ണിയ കോണ്ഡോറുകള് മാത്രമാണ് ശേഷിക്കുന്നത്. തിളക്കമുള്ള വസ്തുക്കൾ വിഴുങ്ങുന്ന ശീലമുള്ള ഈ പക്ഷികൾ ആളുകൾ വലിച്ചെറിയുന്ന താക്കോലുകൾ വിഴുങ്ങി. ലോഹങ്ങൾ ഇവയുടെ ആമാശയത്തിൽ ദഹിക്കാതെ തന്നെ അവശേഷിക്കും. വിസർജ്യത്തോടൊപ്പം പുറത്തു പോകാതെ ഇവ കോണ്ടോറുകളുടെ ആമാശയത്തിൽ കുടുങ്ങി കിടന്നു. ആമാശയത്തിനുള്ളിൽ നാണയങ്ങളും താക്കോലുകളും കുടുങ്ങിയ നിലയിലുള്ള കോണ്ടോറുകളുടെ എക്സ്-റേകൾ ഉൾപ്പടെ അധികൃതർ പുറത്തുവിട്ടു. ലോഹങ്ങൾ ഉള്ളിൽ ചെന്നത് പക്ഷികളുടെ മരണത്തിനും ഇടയാക്കിയതോടെയാണ് ലവ് ലോക്കുകളോട് നോ പറഞ്ഞേ മതിയാകൂ എന്ന് ദേശീയോദ്യാനം അറിയിച്ചത്.
സമാനമായി മെൽബണിലെ ഇവാൻ വാക്കർ ബ്രിഡ്ജിൽനിന്ന് ഇരുപതിനായിരത്തോളം താഴുകൾ നീക്കം ചെയ്തു, ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ പാലത്തിൽ നിന്നും ഓസ്ട്രേലിയയിലെ സെൻ്റിനറി പാലത്തിൽ നിന്നുമൊക്കെ എണ്ണമറ്റ പൂട്ടുകൾ മുറിച്ചുമാറ്റി. പാരിസിൽ പോൻ ഡിആർട്സിൽ നിന്നും നീക്കം ചെയ്ത പൂട്ടുകൾ അഭയാർഥികളെ സഹായിക്കാനുള്ള പണം കണ്ടെത്താനായി ലേലം ചെയ്യുകയാണുണ്ടായത്.
ആലുവമണപ്പുറം മുതൽ മാനാഞ്ചിറ വരെ; കേരളത്തിൽ വീണ പൂട്ടുകൾ

വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ലവ് ലോക്ക് സമ്പ്രദായം പതിയെ ഇന്ത്യയിലും പിന്നീട് കേരളത്തിലേക്കുമെത്തി. കോഴിക്കോട് മാനാഞ്ചിറയിലും ആലുവ മണപ്പുറം പാലത്തിലുമാണ് കേരളത്തിൽ ലവ് ലോക്കുകൾ കണ്ടെത്തിയത്. പല വലിപ്പത്തിലുള്ള താഴുകൾ മാനാഞ്ചിറയിൽ കാണാം. മാനാഞ്ചിറയിലെ പ്രണയത്താഴുകൾ പലപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരുടെയോ പാർക്കിലെ സ്ഥിരം സന്ദർശകരുടെയോ പോലും കണ്ണിൽപ്പെടാറില്ല. മറ്റിടങ്ങളിലേതു പോലെ താഴുകളുടെ എണ്ണം കൂടിയേക്കാമെന്നും ഇവ ഭാവിയിൽ പ്രതിസന്ധി ഉണ്ടാക്കിയേക്കാമെന്നുമാണ് ആശങ്ക.
Content Highlights: love lock bridges threat for wild life and nature
Published: 14 Feb 2024, 04:36 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented