ഞായറാഴ്ച വൈകിയുണർന്ന് കണ്ണു തിരുമ്മി ജനലും തുറന്നു പറമ്പിലേക്ക് വെറുതെ നോക്കിയിരിക്കാൻ നല്ല രസം. പുറത്തു വെയിലിന്റെ ചൂടേറ്റ് എന്നെപ്പോലെ ഉറക്കമുണർന്ന് വിരിഞ്ഞു നിൽക്കുന്ന പത്തുമണിപ്പൂക്കൾ കാറ്റുവീശുമ്പോൾ തലയാട്ടി കുശലം പറഞ്ഞു ചിരിക്കുന്നതായി ചിന്തിച്ച് ഉള്ളിലൊന്നു ചിരിച്ചു. മതിലിന്റെ അടുത്തുള്ള പൈപ്പിലെ ഇറ്റിറ്റു വീഴുന്ന വെള്ളത്തിന്റെ തണുപ്പേറ്റ് എഴുനേൽക്കാൻ പോലും മടിച്ച് പറ്റിപ്പിടിച്ചിരിക്കുന്ന പച്ചപായലും വെയിലേറ്റ് തിളങ്ങാൻ തുടങ്ങിയല്ലോ. ഓർമ്മയിലേക്ക് ഒരു പഴയ പരസ്യം ഓടിക്കേറി വന്നു. മുറ്റത്തെ ഗോവണിയിൽ ചിലന്തി തീർത്ത കൺസ്ട്രക്ഷൻ വർക്ക് അതിലേറെ ഗംഭീരം. എന്നും ഇതൊക്കെ ചുറ്റിലും ഉണ്ടെങ്കിലും ഞായറാഴ്ച്ച ദിവസം മാത്രം ഇതെല്ലാം കാണാനും ആസ്വദിക്കാനും കഴിയുകയുള്ളൂ. തിരക്കുപിടിച്ച ബാക്കി ദിവസങ്ങളിൽ നിന്നും ഈ ദിവസത്തിന്റെ പ്രത്യേകത ഇതൊക്കെത്തന്നെയാണ്. അങ്ങനെ തീവണ്ടിയെപ്പോലെ ചിന്തകൾക്ക് ബോഗികൾ കൂടി കൂടി വന്നു.

To advertise here,

വർത്തമാനകാലത്തിലേക്ക് ഒരു ഫോൺ കോൾ എന്നെ കൂട്ടിക്കൊണ്ടുവന്നു. മേശപ്പുറത്തിരുന്ന് പാട്ടുപാടിത്തുടങ്ങിയ ഫോണിന് വൈബ്രേഷനിൽ ഇട്ടതു കൊണ്ടുള്ള ഡാൻസുമുണ്ട്. എടുക്കാൻ വിരലെത്തും മുൻപ് അതൊരു മിസ്സ്‌ കോളായി മാറി. തിരക്കുകൾക്ക്‌ ഇടയ്ക്ക് വഴിയിൽ എവിടെയോ മറന്നുവെച്ചൊരു സൗഹൃദം. വർഷങ്ങൾക്കു ശേഷം വീണ്ടും അവളുടെ ഫോൺകോൾ കണ്ടപ്പോൾ തീവണ്ടിയുടെ യാത്ര വീണ്ടും ഭൂതകാലത്തിലേക്കായി. എൻജിനീയറിങ് കോളേജിലെ ആദ്യദിവസം ഫോട്ടോസ്റ്റാറ്റ് ഷോപ്പിലേക്കുള്ള വഴി ചോദിച്ചു തുടങ്ങിയ പരിചയം. നാലു വർഷത്തെ പഠനം കഴിഞ്ഞു പടിയിറങ്ങിയിട്ടും ഇടക്കെല്ലാം ഫോൺ വിളിക്കാറെങ്കിലും ഉണ്ടായിരുന്ന ബന്ധം. എന്തിനായിരിക്കും സൈറ വിളിച്ചത് .... വീണ്ടും പാട്ടുപാടി തീർക്കാൻ സമ്മതിക്കാതെ ഫോൺകോൾ ഞാൻ എടുത്തു. അവളുടെ ആ കലപിലാന്നുള്ള സംസാരം തുടങ്ങി.

"ടീ എന്തൊക്കെയുണ്ട് ? സുഖമാണോ? ഫ്രീ ആണോ  ഇപ്പൊ?കുറച്ച് സംസാരിക്കാനുണ്ട്.
"പറഞ്ഞോടീ"ന്ന്  ഞാനും (ഓർമ്മകളിൽ കുറച്ച് ദൂരം പിറകോട്ടു പോയതിനാൽ അവളുടെ അത്ര വേഗത്തിൽ വിശേഷങ്ങൾ ചോദിക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല).

കുറെ നോൺസ്റ്റോപ് സംസാരത്തിന് ശേഷം അവൾ കാര്യത്തിലേക്ക് കടന്നു. നിനക്ക് ഇപ്പോഴും ഫേസ്ബുക് അക്കൗണ്ട് ഇല്ലല്ലോ എന്ന ആമുഖത്തോടെയാണവൾ പറഞ്ഞു തുടങ്ങിയത്. നമ്മുടെ ക്ലാസ്സിലുണ്ടായിരുന്ന വിഷ്ണുവിന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷങ്ങളുടെ ഫോട്ടോസ് എഫ്ബിയിൽ ഉണ്ടെന്നും അടിപൊളി പരിപാടിയായിരുന്നെന്നും പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും ഒരുമിച്ച് ചിരിച്ചു തുടങ്ങിയതാണ്. ഇതിന്റെ കോമഡിയുള്ളത് പഠനകാലത്തിലാണ്. അതായത് കോളേജിൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ക്ലാസ് റെപ് ആയി തുടങ്ങി എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറി കോളേജ് സ്റ്റുഡൻറ് യൂണിയൻ ചെയർമാൻ കൂടിയായ വിഷ്ണുവിനോട് ആർക്കും തോന്നാവുന്ന ഇഷ്ടം സൈറക്കും തോന്നിയിരുന്നു. പലപ്പോഴും അവളൊരു ഫാൻ ഗേൾ ആയിരുന്നു. ഇന്നേവരെ അവളത് ആരോടും പറഞ്ഞിട്ടില്ല... പക്ഷേ അവളുടെ രീതികളിൽ നിന്ന് ഞങ്ങൾക്ക് വായിച്ചെടുക്കാൻ വളരെ എളുപ്പമായിരുന്നു. അവളത് സമ്മതിച്ചു തന്നിരുന്നില്ല.

ഞങ്ങൾ ചിരി നിർത്തി അവൾ ബാക്കി കൂടെ പറഞ്ഞു "പിറന്നാളിന്  അവളും പോയിരുന്നെന്നും വിഷ്ണുവിന്റെ ഭാര്യ ശ്രീലക്ഷ്മിയെ പരിചയപ്പെട്ടെന്നും അവരുടെ കൂടെ കുറെ സമയം ചെലവഴിച്ചെന്നും പറഞ്ഞു. അവന്റെ വീട്ടിലെ ഷെൽഫിൽ സൈറ പണ്ട് കൊടുത്ത ഗിഫ്റ്റെല്ലാം കണ്ടതും അവൾക്ക് സങ്കടമായെന്നും ആ ഗിഫ്റ്റ് ഒക്കെ ഓർമ്മയുണ്ടോന്ന് വിഷ്ണു നേരിട്ട് ചോദിച്ചെന്നും പറഞ്ഞപ്പോൾ അവൾ ഒന്നും പറയാതെ വീട്ടിലേക്ക് തിരിച്ചുപോന്നെന്നുമായിരുന്നു വിശേഷങ്ങൾ.
 
"നീ എപ്പോഴാ ആ ഗിഫ്റ്റ് കൊടുത്തേ ഞാൻ കണ്ടിട്ടില്ലാലോ...എനിക്ക് ഓർമ്മയുമില്ല.." - ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു.
"ഞാൻ ഒന്ന് മുഴുമിപ്പിക്കട്ടെടി" എന്ന് സൈറ 
"ആ... എന്ന ഇങ്ങനെ സസ്പെൻസ് ഇടത്തെ വേഗം പറയ് "-എന്ന് ഞാൻ 

"ടീ ഞാൻ അവിടെ പോയിട്ടില്ല ഇന്ന് പുലർച്ചക്ക് കണ്ടൊരു സ്വപ്നമായിരുന്നു അതെല്ലാം... നീയും ഉണ്ടായിരുന്നു സ്വപ്നത്തിൽ... അതാ പെട്ടെന്ന് നിന്നെ വിളിക്കാൻ തോന്നിയത്", സൈറ പറഞ്ഞു.
അപ്പോഴെക്കും അവളുടെ സംസാരം വളരെ പതുക്കെയായി... പിന്നൊന്നും മിണ്ടാതെയായി ....
പണ്ട് ചോദിച്ച അതേ ചോദ്യം ഞാൻ വീണ്ടും ആവർത്തിച്ചു. അവളൊന്ന്  ചിരിച്ച് പിന്നെ വിളിക്കാമെന്ന് പറഞ്ഞു... ഫോൺ കട്ടാക്കി...  

അതെ അവൾക്ക് അതൊരു ചിരി മാത്രമല്ലെന്ന് എനിക്കറിയാം. ഓർക്കാൻ ഇഷ്ടപ്പെടുന്ന ഓർത്തു ചിരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കാലം.