സിനിമാ-സീരിയല്‍ താരങ്ങളായ താര കല്യാണിന്റെയും രാജാറാമിന്റെയും മകള്‍ സൗഭാഗ്യയും മരുമകന്‍ അര്‍ജ്ജുനും. ഇങ്ങനെയായിരുന്നു കുറച്ച് വര്‍ഷം മുമ്പുവരെ സൗഭാഗ്യയും അര്‍ജ്ജുനും അറിയപ്പെട്ടിരുന്നത്. എന്നാലിന്ന് അങ്ങനെയല്ല. താരകുടുബത്തിലേക്ക് വന്ന അര്‍ജ്ജുന്‍ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ശിവന്‍ചേട്ടനാണ്. സൗഭാഗ്യ അടിപൊളി ലൈഫ്സ്റ്റൈല്‍ വ്‌ളോഗറും. പെറ്റ്സും ഡാന്‍സ് ക്ലാസ്സും ഇടയ്ക്കുള്ള കുഞ്ഞുയാത്രയുമൊക്കെയായി പോകുമ്പോഴാണ് ഇനി ഞാനുമുണ്ടേയെന്ന് പറഞ്ഞ് കുഞ്ഞ് സുധാപ്പൂവും കൂടി അവര്‍ക്കൊപ്പം കൂടിയത്. വിവാഹം കഴിഞ്ഞ് നാല് വര്‍ഷമായിട്ടും പ്രണയവും സൗഹൃദവും കൂടിയെന്നല്ലാതെ ഇവരുടെ ബന്ധത്തില്‍ മാറ്റങ്ങളില്ല. പരസ്പരം മനസിലാക്കുകയും ഇഷ്ടങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്ന ഇവരുടെ വിശേഷങ്ങളറിയാം.

To advertise here,

നിങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു, വീട്ടുകാര്‍ക്കും നിങ്ങളുടെ സൗഹൃദം അറിയാമായിരുന്നു, ഇഷ്ടമാണെന്ന് വീട്ടില്‍ പറയാന്‍ പേടിയോ ധൈര്യക്കുറവോ തോന്നിയിരുന്നോ?

അര്‍ജ്ജുന്‍- സക്കുട്ടി ( സൗഭാഗ്യ) എന്റെ അധ്യാപികയുടെ മകളാണ്. ഇതായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം. താരടീച്ചറിന് ഞാന്‍ മകനെപ്പോലെയല്ല മകന്‍ തന്നെയാണ്. വീട്ടിലെ എല്ലാ ആവശ്യങ്ങള്‍ക്കും ഞാനുണ്ടായിരുന്നു. ടീച്ചറും സക്കുട്ടിയും പ്രോഗ്രാമിന് പോകുമ്പോള്‍ പോലും അവരുടെ വീട്ടില്‍ ഞാന്‍ നില്‍ക്കാറുണ്ടായിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെന്നും അറിയാം. റിലേഷനില്‍ ആയപ്പോള്‍ ഞങ്ങള്‍ ആ സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്തതായി കരുതുമോയെന്ന് എനിക്ക് പേടിയുണ്ടായിരുന്നു. ടീച്ചര്‍ തന്ന സ്വാതന്ത്ര്യം ഞാന്‍ ദുര്‍വിനിയോഗം ചെയ്തു എന്ന തോന്നലായിരുന്നു എന്റെ പ്രധാന ഇഷ്യൂ.

സക്കുട്ടി പ്രപ്പോസ് ചെയ്യല്ലേന്ന് ഞാനും, ഞാന്‍ പ്രപ്പോസ് ചെയ്യല്ലേന്ന് സക്കുട്ടിയും മനസ്സില്‍ വിചാരിച്ചിരുന്നു. എന്റെ വീട്ടില്‍ പറയാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. എന്റെ അമ്മയാണ് എതിരഭിപ്രായം പറഞ്ഞത്. ഞാന്‍ ഭയങ്കര ചൊറിയനാണെന്നും മോള്‍ക്ക് നല്ല ചെക്കനെ കിട്ടില്ലേയെന്നൊക്കെ അമ്മ സക്കുട്ടിയോട് ചോദിച്ചു.

സൗഭാഗ്യ - അമ്മയല്ലാതെ അധികം ആള്‍ക്കാരെ ഞാന്‍ വീഡിയോയില്‍ ഉള്‍പ്പെടുത്താറില്ല. സുഹൃത്തുക്കളും വളരെ കുറവ്. ഞാന്‍ ചേട്ടനുമായുള്ള വീഡിയോ ഷെയര്‍ ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ലവര്‍ ആണോ റിലേഷനില്‍ ആണോ എന്നൊക്കെ ഒരുപാട് പേര്‍ ചോദിച്ചിരുന്നു. ഞങ്ങളുടെ വീട്ടുകാര്‍ ഒഴികെ ബാക്കിയുള്ള എല്ലാവര്‍ക്കും സംശയമായിരുന്നു. ഒരിക്കല്‍ അമ്മയെയും കൊണ്ട് തിരുവനന്തപുരത്തുള്ള ഒരു ആശുപത്രിയില്‍ പോയി. കൂടെ അര്‍ജ്ജുന്‍ ചേട്ടനാണ്. ഞങ്ങള്‍ ബില്ലടക്കാനുള്ള കാര്യമൊക്കെ സംസാരിച്ച്  നില്‍ക്കുമ്പോള്‍ ഒരു ചേട്ടന്‍ അടുത്തെത്തി. എന്നിട്ട്  എന്താ വന്നത്, അമ്മയെവിടെ, അമ്മൂമ്മയെവിടെ എന്നൊക്കെ ചോദിച്ചു. അര്‍ജ്ജുനെ കണ്ടതോടെ അടുത്ത ചോദ്യം ഭര്‍ത്താവാണോ എന്നായിരുന്നു. ചേട്ടന്‍ വിശദീകരിക്കാന്‍ തുടങ്ങും മുമ്പ് ഞാന്‍ പറഞ്ഞു അതേന്ന്. പിന്നെ അദ്ദേഹം ഒന്നും ചോദിച്ചില്ല.

ആ ചേട്ടന്‍ പോയതും അര്‍ജ്ജുന്‍ ചേട്ടന്‍ എന്നോട് ചോദിച്ചു എന്തിനാ അങ്ങനെ പറഞ്ഞതെന്ന്. അന്ന് ഞങ്ങള്‍ റിലേഷനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. അര്‍ജ്ജുന്‍ ചേട്ടന്‍ വിദ്യാര്‍ഥിയാണെന്ന് പറഞ്ഞാല്‍ പിന്നെയും അദ്ദേഹം എന്തെങ്കിലുമൊക്കെ ചോദിക്കും. ഇതാകുമ്പോള്‍ പിന്നെ ഒന്നും ചോദിക്കാന്‍ ഇല്ലല്ലോ. അതായിരുന്നു അന്ന് അങ്ങനെ പറയാന്‍ എന്നെ പ്രേരിപ്പിച്ചത്. റിലേഷന്‍ പറയാന്‍ സമയത്ത്  അമ്മ എന്ത് കരുതും എന്നായിരുന്നു ചിന്ത. അമ്മയ്ക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമായിരുന്നു. ബന്ധുക്കളൊക്കെ പറഞ്ഞ് അമ്മയ്ക്ക് ഏകദേശ ധാരണയുണ്ടായിരുന്നു. പക്ഷെ ഞങ്ങളായിട്ട് പറയട്ടെ എന്ന് കരുതിയിരിക്കുകയായിരുന്നു അമ്മ. വിചാരിച്ചത്ര പ്രശ്‌നമൊന്നുമുണ്ടായില്ല. തുറന്നു പറയാത്തതിലുള്ള വിഷമം മാത്രമേ അമ്മയ്ക്കുണ്ടായിരുന്നുള്ളു. ബാക്കി ബന്ധുക്കളൊക്കെ ഇത് പ്രതീക്ഷിച്ചിരുന്ന പോലെയായിരുന്നു.

പ്രണയത്തില്‍ നിന്ന് സൗഹൃദമായതാണോ അതോ തിരിച്ചോ?

അര്‍ജ്ജുന്‍ -സക്കുട്ടി എന്റെ സുഹൃത്തൊന്നുമല്ലായിരുന്നു.' വെരി ഇറിറ്റേറിങ് ടീച്ചേഴ്സ് ഡോട്ടര്‍ '( ചേട്ടന്‍ പിന്നെ ഒട്ടും ഇറിറ്റേങ് അല്ലായിരുന്നല്ലോ എന്ന് സൗഭാഗ്യ ഉടനെ പറഞ്ഞ് ചിരിക്കുന്നു). ടീച്ചര്‍ എന്നോട് ഇഷ്ടം കാണിക്കുന്നതൊന്നും ഇവള്‍ക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് എനിക്ക് വഴക്ക് കേള്‍പ്പിക്കാനായിരുന്നു അവള്‍ക്ക് താല്‍പര്യം. ഞാന്‍ കാണുന്ന സമയത്ത് സൗഭാഗ്യ കുട്ടിയാണ്. അന്ന്  എന്റെ പ്രായത്തിലുള്ള കുട്ടികളുമായിട്ടായിരുന്നു കൂടുതല്‍ കമ്പനി. പിന്നെ ടീച്ചറും കുടുംബവും കൊച്ചിയിലേക്ക് മാറിയിരുന്നു. അവിടെ നിന്ന് തിരികെ വന്നപ്പോള്‍ സൗഭാഗ്യ വളര്‍ന്നിരുന്നു. അതിനുശേഷമാണ് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആകുന്നത്. എനിക്കുണ്ടായിരുന്ന അതേ ഇഷ്ടങ്ങള്‍ തന്നെയായിരുന്നു സക്കുട്ടിക്കും. സംസാരിക്കാന്‍ ഇഷ്ടമുള്ള, പെറ്റ്സിനെ ഇഷ്ടപ്പെടുന്ന, ബൈക്കുകളോട് താല്‍പര്യമുള്ള കുട്ടി. പിന്നെയെപ്പോഴോ മനസ്സിലായി സൗഭാഗ്യയുടെ അതേപോലെയുള്ള ഒരാളെയാണ് ഞാന്‍ നോക്കുന്നതെന്നും എന്നെപ്പോലൊരു പാര്‍ട്ട്‌നറിനെയാണ് സക്കുട്ടി നോക്കുന്നതെന്നും. ടീച്ചര്‍ എന്ത് കരുതുമെന്ന് വിചാരിച്ച് ഒരുപാടുനാള്‍ ഞങ്ങള്‍ തുറന്ന് പറയാതെയിരുന്നു. ഞങ്ങളുടെ നല്ല സൗഹൃദമാണ് പ്രണയത്തിലേക്കെത്തിച്ചത്. എന്നെക്കുറിച്ചും എന്റെ ഇഷ്ടങ്ങളെക്കുറിച്ചുമൊക്ക നല്ലതു പോലെ മനസ്സിലാക്കുന്ന ഒരാളാകണം എന്റെ ലൈഫിലേക്ക് കടന്നു വരേണ്ടതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

സൗഭാഗ്യ - ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. പിന്നെ ചേട്ടനും അത്യാവശ്യം നല്ല ഇറിറ്റേറ്റിങ് ആയിരുന്നു. എന്റെ മുന്‍പ്രണയം എനിക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയ ഒന്നായിരുന്നു. ടോക്സിക്ക് റിലേഷന്‍ ഷിപ്പിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു അത്. ആ സമയത്ത് എനിക്കെന്റെ പപ്പയോടു പോലും ശരിക്ക് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. എങ്ങനെയെങ്കിലും മരിക്കണമെന്ന് പോലും തോന്നിയിട്ടുണ്ട്. അത്രയും അസഹനീയമായിരുന്നു. ഇനിയും മുന്നോട്ടുപോകാന്‍ പറ്റില്ലെന്ന് മനസ്സിലാക്കി ഞാന്‍ തന്നെയാണ് വേണ്ടെന്നു വച്ചത്. അര്‍ജ്ജുന്‍ ചേട്ടനെ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ എനിക്കറിയാമായിരുന്നു. ചേട്ടന്‍ അല്‍പം പോലും കപടമല്ല. എനിക്ക് അതാണ് ആവശ്യം. ചേട്ടന്‍ പറഞ്ഞ പോലെ സുഹൃത്തായി കഴിഞ്ഞാണ് ഞങ്ങള്‍ക്ക് ഇത്രയധികം ചേര്‍ന്ന് പോകാന്‍ പറ്റുമെന്ന് മനസ്സിലാക്കിയത്. ചേട്ടന് സിനിമാ ഡയലോഗൊക്കെ ചുമ്മാ സംസാരിക്കുന്ന ശീലമുണ്ടായിരുന്നു. അങ്ങനെയാണ് വീഡിയോയിലൊക്കെ വരാന്‍ തുടങ്ങിയത്. ചേട്ടന്‍ പറയുന്ന പല കാര്യങ്ങളും കേള്‍ക്കുമ്പോള്‍ എനിക്ക് പലപ്പോഴും എന്റെ ഡാഡിയെ ഓര്‍മ വരാറുണ്ടായിരുന്നു. ഡാഡി പോയ വിഷമം കുറച്ചെങ്കിലും മാറിത്തുടങ്ങിയത് ചേട്ടന്‍ വന്നതിന് ശേഷമാണ്. ഇപ്പോഴും എന്റെ ഏറ്റവും നല്ല സുഹൃത്ത് ചേട്ടനാണ്.
 
പരസ്പരം  ഇഷ്ടമാണെന്ന് മനസ്സിലാക്കിയത് എപ്പോഴായിരുന്നു?

സൗഭാഗ്യ- ഞങ്ങള്‍ കൊച്ചിയില്‍ നിന്ന് തിരികെ വന്ന ഉടനെ ചേട്ടനെ കണ്ടിരുന്നു. തിരുവനന്തപുരത്ത് ഒരു ഡാന്‍സ് പ്രോഗ്രാമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അടുത്ത ദിവസം നിശാഗന്ധിയില്‍ പരിശീലനമുണ്ടായിരുന്നു. അന്ന് അര്‍ജ്ജുന്‍ വരാന്‍ ഏറെ വൈകി. ഞാന്‍ ഡാന്‍സ് ചെയ്തത് പോലും അര്‍ജ്ജുന്‍ വരുന്നുണ്ടോയെന്ന്  നോക്കിക്കൊണ്ടായിരുന്നു. പ്രാക്റ്റീസ് തീരുന്നതിന് മുന്‍പ് വരണേയെന്ന് വിചാരിച്ച് നില്‍ക്കുമ്പോഴാണ് ചേട്ടന്‍ എത്തിയത്. അന്ന് ചേട്ടനെ കണ്ടപ്പോള്‍ കിട്ടിയ ഒരു സന്തോഷമുണ്ട്. അന്നെനിക്ക് മനസ്സിലായി ഇദ്ദേഹം എനിക്ക് സ്‌പെഷ്യലാണെന്ന്. ഞങ്ങള്‍ ഒരുപാട് സമയം കൈകോര്‍ത്ത് പിടിച്ച് അവിടെയൊക്കെ നടന്നു, ഫോട്ടോയെടുത്തു,  ഒത്തിരി കാര്യങ്ങള്‍ സംസാരിച്ചു. ആ ഫോട്ടോയെടുത്ത് നോക്കിയാലറിയാം രണ്ടുപേരുടെയും കണ്ണിലൊരു നക്ഷത്രത്തിളക്കമുണ്ട്.

അര്‍ജ്ജുന്‍- സൗഭാഗ്യ വളര്‍ന്നതിനു ശേഷം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി അവള്‍ എന്നെപ്പോലെയാണെന്ന്. കാണാന്‍ ലുക്കുള്ള, പട്ടികളെ ഇഷ്ടമുള്ള, ഞാന്‍ പറയുന്ന പൊട്ട തമാശയ്ക്കുവരെ ചിരിക്കുന്ന കുട്ടി. ടീച്ചര്‍ എന്ത് കരുതുമെന്ന് ഓര്‍ത്താണ് ഇഷ്ടം പുറത്ത് പറയാതെയിരുന്നത്.

രണ്ടുപേര്‍ക്കും മുന്‍ റിലേഷനുകളുണ്ടായിരുന്നല്ലോ. സൗഭാഗ്യയുടേത് ടോക്സിക് റിലേഷന്‍ഷിപ്പായിരുന്നുവെന്നും പറഞ്ഞു, ബ്രേക്കപ്പിനെ എങ്ങനെയാണ്  തരണം ചെയ്തത്?

അര്‍ജ്ജുന്‍- രണ്ടുപേര്‍ക്കും റിലേഷന്‍ഷിപ്പുണ്ടായിരുന്നു. പക്ഷേ രണ്ടും രണ്ട് തരത്തിലുള്ളതായിരുന്നു. എന്റേത് ഒരുപാട് നാളുണ്ടായിരുന്ന ബന്ധമായിരുന്നു. സ്‌കൂള്‍ കാലം മുതലുള്ളത്. രണ്ടുപേരും രണ്ട് തരത്തിലായിരുന്നുവെന്ന് മനസ്സിലാക്കിയതോടെ ബ്രേക്കപ്പ് ആവുകയായിരുന്നു. ആ സമയത്തൊക്കെ നല്ല ദേഷ്യവും വിഷമവുമൊക്കെ തോന്നിയിരുന്നു. പിന്നെ സുഹൃത്തുക്കള്‍, പെറ്റ്സ് ഒക്കെ ഉണ്ടായിരുന്നല്ലോ, ഒരുവിധം തരണം ചെയ്തുവെന്ന് പറയാം.

സൗഭാഗ്യ - ഞാന്‍ എങ്ങനെ അതില്‍ നിന്നും പുറത്ത് വന്നുവെന്ന് എനിക്കിപ്പോഴും അറിയില്ല. ആ ബന്ധമുണ്ടായിരുന്ന അഞ്ച് വര്‍ഷമാണ് ഞാന്‍ എന്റെ ലൈഫില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാടും വിഷമവും അനുഭവിച്ചത്. ടോക്‌സിക് ആണ് ഇതെനിക്ക് പറ്റില്ലെന്ന് മനസ്സിലാക്കിയിട്ടും വാക്ക് കൊടുത്തു പോയല്ലോ, സ്‌നേഹിച്ച് പോയല്ലോ ശരിയാകും എന്നോര്‍ത്താണ് മുന്നോട്ടു പോയിരുന്നത്. അവസാനം ഞാനാണ് ബ്രേക്കപ്പ് പറഞ്ഞത്. അതുകൊണ്ടൊന്നും കാര്യങ്ങള്‍ അവസാനിച്ചില്ല. ഒന്നും അറിയാത്ത എന്റെ വീട്ടുകാര്‍ക്ക് വരെ പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പോലീസിനെയൊക്കെ ഉള്‍പ്പെടുത്തിയാണ് അതില്‍ നിന്ന് മാറാന്‍ കഴിഞ്ഞത്. ബ്രേക്കപ്പായി കുറച്ച് കഴിഞ്ഞപ്പോള്‍ പപ്പ മരിച്ചു. എല്ലാംകൊണ്ടും ഞാന്‍ പ്രശ്‌നത്തിലായിരുന്നു. അമ്മ ഒരുപാട് സഹായിച്ചു. ആ സമയത്ത് അര്‍ജ്ജുന്‍ ചേട്ടന്‍ വന്നു. എല്ലാവരും കൂടി ചേര്‍ന്ന നിന്നത് കൊണ്ട് വലിയ പരിക്കുകള്‍ ഇല്ലാതെ ഞാന്‍ രക്ഷപെട്ടുവെന്ന് പറയാം. ഞങ്ങളുടെ വിവാഹമൊക്കെ കഴിഞ്ഞ് ഒരു ദിവസം ഞാനും അര്‍ജ്ജുന്‍ ചേട്ടനും നടക്കാന്‍ പോയി. ചേട്ടന്‍ ആരോടോ സംസാരിച്ച് കൊണ്ട് നിന്നപ്പോള്‍ ഞാന്‍ മുന്നില്‍ നടന്നു. അപ്പോള്‍ തൊട്ടു മുന്നില്‍ മുന്‍കാമുകന്‍. പേടിച്ച് കണ്ണ് കാണാന്‍ പാടില്ലായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. ഞാന്‍ തിരിഞ്ഞതും കണ്ടത് അര്‍ജ്ജുന്‍ ചേട്ടന്റെ മുഖമാണ്. അപ്പോള്‍ തോന്നിയ ഒരു ധൈര്യമുണ്ട്. പിന്നെ സ്ലോമോഷനിലുള്ള ഒരു നടത്തമായിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ മറക്കാത്ത സംഭവമാണിത്. അന്ന് എനിക്ക് കിട്ടിയ ഒരു ഫീല്‍ മറക്കില്ല ഞാന്‍.

സൗഹൃദം, പ്രണയം, രക്ഷകര്‍തൃത്വം-ലൈഫില്‍ രണ്ട് പേര്‍ക്കും എന്തെങ്കിലും വ്യത്യാസം തോന്നുന്നുണ്ടോ

സൗഭാഗ്യ- ചേട്ടന് ഒരു മാറ്റവുമില്ല. അന്ന് എങ്ങനെ ആയിരുന്നോ അത് പോലെത്തന്നെയാണ് ഇപ്പോഴും. ചേട്ടനെ ഒരിക്കലും ഞാന്‍ ഇറെസ്‌പോണ്‍സിബിള്‍ ആയി കണ്ടിട്ടില്ല. ഇപ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്വമേറിയോ സംശയം മാത്രമേ ഉള്ളു. കുഞ്ഞിനെ എടുക്കാനോ കുളിപ്പിക്കാനോ പോലും എനിക്കറിയില്ലായിരുന്നു. ചേട്ടനാണ് എനിക്കെല്ലാം പഠിപ്പിച്ച് തന്നത്. അര്‍ജ്ജുന്‍ ചേട്ടന്‍ പ്ലസ് ടൂവില്‍ പഠിക്കുമ്പോഴാണ് ചേട്ടന്റെ ചേട്ടന് ആദ്യത്തെ കുഞ്ഞുണ്ടാകുന്നത്. അതുകൊണ്ട് ചേട്ടന് കുഞ്ഞുങ്ങളെ നോക്കാനൊക്കെ നന്നായി അറിയാം. സിങ്കിള്‍ ചൈല്‍ഡ് ആയത് കൊണ്ട് എനിക്കത്തരമൊരു ചാന്‍സ് കിട്ടിയിട്ടില്ല. അന്നും ചേട്ടന്‍ ഫാമിലി മാന്‍ ആണ് ഇന്നും അങ്ങനെയാണ്. ചേട്ടന്‍ അടിപൊളിയാണ്. പക്ഷേ എനിക്ക് ഒരുപാട് മാറ്റം വന്നതായി തോന്നുന്നു. പണ്ട് ഒരുപാട് സമയം ചേട്ടനും എനിക്കുമായി കിട്ടുമായിരുന്നു പക്ഷേ ഇപ്പോള്‍ സുധാപ്പൂവിന് വേണ്ടിയാണ് അധികസമയം ചെലവഴിക്കേണ്ടി വരുന്നത്. അവളുടെ കാര്യങ്ങള്‍ കഴിഞ്ഞേ ഞങ്ങള്‍ക്കായി ഇപ്പോള്‍ സമയമുള്ളൂ.

അര്‍ജ്ജുന്‍- ഞാന്‍ പഴയതുപോലെ തന്നെ ആണ്. അങ്ങനെ ഞാന്‍ മാറിയതായോ എന്നെ മാറ്റിയതായോ ആരും പറഞ്ഞിട്ടില്ല. പിന്നെ സൗഭാഗ്യ പറഞ്ഞ പോലെ എന്റെ കുഞ്ഞ് വെര്‍ഷന്‍ വന്നതില്‍ പിന്നെ കുറച്ച് മാറ്റം ഞങ്ങളുടെ ലൈഫില്‍ വന്നിട്ടുണ്ട്. മുന്‍പ് ഞങ്ങള്‍ ഉറങ്ങുന്നതും ഉണരുന്നതും ഞങ്ങളുടെ ഇഷ്ടത്തിനായിരുന്നു. രാത്രി തീരെ ഉറങ്ങാതെ ഇരുന്ന് പിറ്റേന്ന് വെളുപ്പിന് അമ്പലത്തില്‍ പോയി വന്ന്  ഉച്ചയ്ക്ക് മുന്ന് മണിവരെ ഒക്കെ ഞങ്ങള്‍ ഉറങ്ങിയ സമയമുണ്ട്. ഇപ്പോള്‍ അങ്ങനെയല്ല. എല്ലാ കാര്യങ്ങളും സുധാപ്പൂവിന്റെ സമയത്തിനും ഇഷ്ടത്തിനുമനുസരിച്ചാണ്. പണ്ട് സക്കുട്ടി എന്റെ മൊബൈല്‍ പോലെ ആയിരുന്നു. എവിടെപോയാലും എന്റെ കൂടെ കാണും.ഇപ്പോള്‍ സുധാപ്പൂവിനാണ് പ്രയോരിറ്റി 'നമ്മള്‍' ഔട്ട്. ( അര്‍ജ്ജുനും സൗഭാഗ്യയും ചിരിക്കുന്നു).

ഒരു റിലേഷന്‍ഷിപ്പ് നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങളുടെ അഭിപ്രായത്തില്‍ ബേസിക്കായി വേണ്ടതെന്താണ്? 

സൗഭാഗ്യ- പാര്‍ട്ട്‌നറിനോടുള്ള  അന്ധമായ പ്രണയം ഉണ്ടെങ്കില്‍പ്പിന്നെ മറ്റേയാളിന്റെ കുറ്റവും കുറവുമൊക്കെ നമ്മള്‍ മറക്കും പൊറുക്കും. പരസ്പരമുള്ള ഇഷ്ടം ഒരു കാരണവശാലും കുറയാന്‍ പാടില്ല. അത് കുറയുമ്പോഴാണ് പാര്‍ട്ടണര്‍ ചെയ്യുന്ന കാര്യങ്ങളിലെ തെറ്റുകള്‍ വലുതായി തോന്നുന്നതും ക്ഷമിക്കാന്‍ പറ്റാതെ ആകുന്നതും. ഇനി കാശോ ഫെയിമോ അങ്ങനെയെന്തെങ്കിലുമാണ് ഒരാളിനോട് തോന്നുന്ന ഇഷ്ടത്തിന് കാരണമെങ്കിലും ആ റിലേഷന്‍ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണ്. പണവും പ്രശസ്തിയും കുറയുമ്പോള്‍ പിന്നെ ദേഷ്യമാകും വഴക്കാകും. വേണമെന്ന് വെച്ചില്ലെങ്കിലും എനിക്ക് ഇഷ്ടമില്ലാത്ത കാര്യം ചേട്ടനും ചേട്ടന് ഇഷ്ടമില്ലാത്ത കാര്യം ഞാനും ചെയ്യാറുണ്ട്. രണ്ടുപേര്‍ക്കും ദേഷ്യം വരാറുണ്ട്, പക്ഷേ ചേട്ടന് ദേഷ്യം വന്ന് എന്തേലും പറയുമ്പോള്‍ ഞാന്‍ തിരിച്ച് പറയാറില്ല. നമ്മുടെ ഭാഗത്തായിരിക്കും ന്യായവും ശരിയും എന്നാലും അപ്പോള്‍ ഒന്നും പറയാറില്ല. പൊട്ടിത്തെറി ഒക്കെ കഴിഞ്ഞ് അടുത്ത് ചെന്ന് നമ്മുടെ സൈഡ് എന്താണെന്ന് പറയും. ദേഷ്യത്തിനിടയ്ക്ക് പറഞ്ഞാല്‍ നമ്മുടെ ന്യായം പോലും മനസ്സിലാക്കമെന്നില്ല. 

അര്‍ജ്ജുന്‍- ഞാന്‍ ചൂടാകുന്നതും പൊട്ടിത്തെറിക്കുന്നതുമൊക്കെ ഇഷ്ടം കൊണ്ടാണ്. ഞങ്ങളുടെ കാര്യത്തില്‍ ഇഷ്ടവും അടുപ്പവും കൂടുന്നതല്ലാതെ കുറയുന്നില്ല. അതുകൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങളുമില്ല. പെട്ടെന്ന് ദേഷ്യം വരുന്ന ആളല്ല ഞാന്‍ വന്നാല്‍ പിന്നെ പൊട്ടിത്തെറി ഉറപ്പാണ്. ഇന്നുവരെ സൗഭാഗ്യ എന്നെ ആ പൊട്ടിത്തെറി ലെവലിലേക്ക് കൊണ്ട് പോയിട്ടില്ല. കുട്ടിയായിരിക്കുമ്പോള്‍ തൊട്ട് കാണുന്നത് കൊണ്ടും അറിയുന്നതുകൊണ്ടുമായിരിക്കും എന്ത് സ്റ്റേജിലാണ് ഞാന്‍ ഒരാളിനോട് പൊട്ടിത്തെറിക്കുക ദേഷ്യപ്പെടുക എന്നൊക്കെ സൗഭാഗ്യക്ക് കൃത്യമായി അറിയാം. സൗഭാഗ്യയ്ക്ക് എന്തൊക്കെ ഇഷ്ടമാകും ആകില്ലയെന്നൊക്കെ എനിക്കും നന്നായി അറിയാം അതുകൊണ്ട് അവള്‍ക്ക് പ്രൊവോക്കേഷന്‍ ഉണ്ടാകുന്ന കാര്യങ്ങള്‍ എന്തായാലും ഞാന്‍ ഒഴിവാക്കും.

സൗഭാഗ്യയ്ക്ക് ട്രാവല്‍ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. പണ്ട് എല്ലാ ദിവസവും രാത്രി കന്യാകുമാരിയിലും ആഴ്ച്ചയില്‍ രണ്ട് ദിവസം പൊന്‍മുടിയിലും പൊയ്ക്കോണ്ടിരുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ അങ്ങനെ വേണം എന്ന് വയ്ക്കാന്‍ പറ്റുമോ?എന്റെ ലൈഫിലെ ആ സ്റ്റേജ് കഴിഞ്ഞു എന്നാണ് ഞാന്‍ കരുതുന്നത്. സൗഭാഗ്യക്കും കൂടി പോകാന്‍ പറ്റുന്ന സ്ഥലത്ത് മാത്രമേ ഞാന്‍ ഇപ്പോള്‍ പോകാറുള്ളു. ഇഷ്ടമില്ലാത്ത അല്ലെങ്കില്‍ പറ്റാത്ത കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിക്കാന്‍ ഞാന്‍ നില്‍ക്കാറില്ല. അങ്ങനെ നിര്‍ബന്ധിക്കുമ്പോളാണ് പ്രശ്നങ്ങളുണ്ടാകുന്നത്. ഇത്രയും നമ്മള്‍ ചെയ്താലും ചിലപ്പോള്‍ നമ്മള്‍ പൊട്ടിത്തറിച്ചു പോയേക്കും അപ്പോള്‍ അടുത്ത് നില്‍ക്കുന്നത് പാര്‍ട്ട്ണറിന് ഒരിത്തരി ക്ഷമയുണ്ടേല്‍ വലിയ പ്രശ്നങ്ങള്‍ ഒഴിവാക്കാം.

പലര്‍ക്കും പ്രശ്നം വരുന്നത് ബാച്ചിലര്‍ ലൈഫിന്റെ അതേ വൈബ് മാരീഡ് ലൈഫില്‍ പ്രതീക്ഷിക്കുന്നതാണ് അന്നത്തെപ്പോലെ ഫ്രണ്ട്ഷിപ്പ്, യാത്ര ഒക്കെ കല്യാണം കഴിഞ്ഞും വേണം എന്ന് നിര്‍ബന്ധം പിടിച്ചാല്‍ നടക്കാന്‍ ബുദ്ധിമുട്ടാകും. ബാച്ചിലര്‍ ലൈഫും മാരീഡ് ലൈഫും രണ്ട് സ്റ്റേജായി തന്നെ കാണണം. ഭാര്യ കാരണം ബാച്ചിലര്‍ ലൈഫ് പോയെന്ന് പറയാന്‍ സാധിക്കുമോ നമ്മളെ പോലെ തന്നെ അല്ലേ അവരും എന്തൊക്കെ കാര്യങ്ങള്‍ അവര്‍ മിസ്സ് ചെയ്യുന്നുണ്ടാകും. അത്രയും ബാച്ചിലര്‍ ലൈഫ് ഇഷ്ടപ്പെടുന്നവര്‍ കല്യാണം കഴിക്കാന്‍ നില്‍ക്കരുതെന്നാണ് എന്റെ അഭിപ്രായം.

അപ്പോള്‍ നിങ്ങള്‍ വഴക്കുണ്ടാക്കാറേയില്ലേ?

സൗഭാഗ്യ- വഴക്കുകള്‍ ഇല്ലാത്ത ഭാര്യാഭര്‍ത്താക്കന്‍മാരുണ്ടോ. സാധ്യത കുറവാണ്. വഴക്കുണ്ടാകുന്നത് നമ്മള്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യുന്നു എന്നതിലാണ് കാര്യം. ചേട്ടന് ദേഷ്യം വരുന്ന സമയത്ത് ഞാന്‍ അത് അക്സപ്റ്റ് ചെയ്യുന്നുണ്ട്. നീ അടിയുണ്ടാക്കിയാല്‍ ഞാനും ഉണ്ടാക്കും. നീ ഒന്ന് പറഞ്ഞാല്‍ ഞാന്‍ പത്ത് പറയും എന്നൊരു തെറ്റായ ഇക്വാലിറ്റി കണ്‍സെപ്റ്റ് ഇപ്പോഴുണ്ട്. പാര്‍ട്ട്ണറിന് ദേഷ്യം വരുമ്പോള്‍ അല്ലെങ്കില്‍ പൊട്ടിത്തെറിക്കുമ്പോള്‍ മിണ്ടാതിരുന്നാലോ ഒന്ന് താഴ്ന്ന് കൊടുത്താലോ നമ്മള്‍ അവിടെ ആരുടേയും അടിമയൊന്നുമാകില്ല. മറിച്ച് അതൊരു നല്ല മാര്യേജ് റിലേഷന്‍ഷിപ്പ് മുന്നോട്ട് കൊണ്ട് പോകാനുള്ള വഴിയാണ്. ഞങ്ങളുടെ കാര്യത്തില്‍ ഒരാള്‍ക്ക് ദേഷ്യം വരുമ്പോള്‍ അടുത്തയാള്‍ കേള്‍വിക്കാരനാകാറുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ വലിയ വഴക്കുകള്‍ ഉണ്ടാകാറില്ല. ഞാന്‍ ദേഷ്യപ്പെടുന്ന സമയത്ത് ചേട്ടന്‍ മിണ്ടാതിരിക്കുന്നത് കാണുമ്പോള്‍ ഭാര്യ ദേഷ്യപ്പെടുമ്പോ വെറുതേ കേട്ടിരിക്കുമല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അത് ചേട്ടന്‍ കേട്ടിരിക്കുന്നതല്ല. എങ്ങനെ ഒരു റിലേഷന്‍ വിള്ളലുകളില്ലാതെ നന്നായി കൊണ്ടുപോകാമെന്ന് അറിയാവുന്നത് കൊണ്ടാണ്. ഭാര്യക്കും ഭര്‍ത്താവിനും ഇടയിലാകട്ടെ ലവ്വേഴ്സിന് ഇടയിലാകട്ടെ പൊട്ടിത്തെറിയും അതിനുശേഷമുള്ള മറുപടിയും പിന്നത്തെ മറുപടിയുമൊക്കെയാണ് ബന്ധങ്ങളുടെ ഭംഗി നശിപ്പിച്ച് ഇല്ലാതാക്കുന്നത്.

അപ്പോള്‍ കാണുന്ന അത്ര സിംപിളല്ല ഒരു വിവാഹ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ അല്ലേ?

ഒരു മലയുടെ അത്രയും ക്ഷമ വേണം വിവാഹജീവിതത്തില്‍. ക്ഷമ ഇല്ലാതെ ഒന്നും നടക്കില്ല. കുഞ്ഞുങ്ങളും കൂടി ആയാല്‍ പിന്നെ പറയണ്ട. അങ്ങനെ ക്ഷമിക്കാന്‍ പറ്റില്ല അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല, നമുക്ക് നമ്മളായി തന്നെയെ ഇരിക്കാന്‍ സാധിക്കൂ എന്നാണെങ്കില്‍ സിംഗിള്‍ ലൈഫ് എടുക്കുന്നതാവും നല്ലത്. സിംഗിള്‍ ലൈഫ് തെറ്റാണെന്നോ അത് തിരഞ്ഞെടുത്തവര്‍ കുറ്റക്കാരാണെന്നോ അല്ല. അത് ഓരോ വ്യക്തിയുടേയുംം ചോയിസാണ്. നമ്മുക്ക് കുടുംബം വേണം കുട്ടികള്‍ വേണമെന്നാണെങ്കില്‍ നമ്മള്‍ അത് ആണായാലും പെണ്ണായാലും അതിനനുസരിച്ച് നില്‍ക്കണം.  ഇനി എത്ര പ്രോഗ്രസ്സീവ് ആയാലും കുടുംബം നന്നായി പോണമെങ്കില്‍ ഭാര്യയും ഭര്‍ത്താവും നല്ല രീതിയില്‍ അഡ്ജസ്റ്റ് ചെയ്തേ മതിയാകൂ. എന്റെ ഈഗോ ഞാന്‍ കുറച്ചെങ്കിലും മാറ്റിവച്ചേ മതിയാവൂ. ഞങ്ങളുടെ കുടുംബം പ്രശ്‌നമില്ലാതെ പോകുന്നതിന്റെ കാരണം ഞങ്ങള്‍ ഈ രീതി ഫോളോ ചെയ്യുന്നത് കൊണ്ടാണ്.

പരസ്പരം നന്നായി മനസ്സിലാക്കിയവരാണെങ്കിലും ഏതെങ്കിലുമൊരു അവസരത്തില്‍ ഇത്ര നാളും കണ്ട ആളല്ലല്ലോ എന്ന് തോന്നിയ സിറ്റുവേഷന്‍ രണ്ട്പേര്‍ക്കും ഉണ്ടായിട്ടുണ്ടോ?

സൗഭാഗ്യ- എനിക്ക് തോന്നിയിട്ടുണ്ട്. ഉഴപ്പനല്ലെങ്കിലും ഞാന്‍ കണ്ട അര്‍ജ്ജുന്‍ ചേട്ടന്‍ വര്‍ക്കഹോളിക്ക് അല്ലായിരുന്നു. ഈസി ഗോയിങ് ആയിരുന്നു, എവിടെന്നെങ്കിലും കുറച്ച് കാശ് കിട്ടിയാല്‍ പിന്നെ വീട്ടില്‍ ഇരിക്കാലോ എന്ന് പറഞ്ഞ ആളാണ്. പെറ്റ്സിനെ ഒക്കെ നോക്കി നമുക്കങ്ങ് പോകാം എന്ന് ഒക്കെ കരുതിയിരിക്കുകയാണ് ഞാന്‍. കുഞ്ഞിലെ മുതല്‍ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നത് കൊണ്ട് എനിക്ക് ഒറ്റയ്ക്ക് ഇരിക്കുന്നത് ഇഷ്ടമല്ല. എനിക്ക് എപ്പോഴും ഒരു കമ്പനി വേണം.  എന്റെ ആ ചിന്തയ്ക്ക് പറ്റിയ ആളായിരുന്നു അര്‍ജ്ജുന്‍ ചേട്ടന്‍. പക്ഷേ കല്യാണം കഴിഞ്ഞതോടെ ചേട്ടന്‍ വര്‍ക്കഹോളിക്ക് ആയി. വര്‍ക്ക് വരുന്നു ചേട്ടന്‍ പോകുന്നു. പിന്നെ വരുന്നു പോകുന്നു.. ചേട്ടന്‍ ഫുള്‍ വര്‍ക്കഹോളിക്ക് ആയി. ഞാന്‍ ഇപ്പോഴും ആലോചിക്കും ചേട്ടന്‍ എങ്ങനെ ഇങ്ങനെ മാറിയെന്ന് എനിക്കിപ്പോഴും അതിനുള്ള ഉത്തരം കിട്ടിയിട്ടില്ല.

അര്‍ജ്ജുന്‍ - എന്റെ ഫാമിലി-പപ്പ, അമ്മ, ചേട്ടന്‍, ചേടത്തി, മക്കള്‍-എനിക്ക് അത് ഇമ്പോര്‍ട്ടന്റാണ്. അവരുടെ എന്താവശ്യത്തിനും കൂടെ നില്‍ക്കണം എന്നത് എന്റെ ആവശ്യമാണ്. അതാരും പറഞ്ഞിട്ടല്ല, എന്റെ ഇഷ്ടമാണ്. അവരുടെ ഒരോ കാര്യവും ഞാന്‍ ചെയ്താലേ ശരിയാകൂ എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു. പക്ഷേ എന്നെയും എന്റെ ഫാമിലിയെയും ഞെട്ടിച്ചു സക്കുട്ടി. എന്നേക്കാള്‍ നന്നായി അവള്‍ കാര്യങ്ങള്‍ നോക്കുന്നുണ്ട്. എത്രയോ വര്‍ഷമായി ഉള്ള എന്നെക്കാള്‍ നന്നായി അവള്‍ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ ഞാന്‍ കരുതിയിട്ടുണ്ട് സൗഭാഗ്യ ഞാന്‍ കരുതിയതിനേക്കാള്‍ മിടുക്കി ആണല്ലോ എന്ന്. വെറുതേ പറയുന്നതല്ല. സക്കുട്ടിക്ക് സഹോദരങ്ങള്‍ ഇല്ലല്ലോ അതുകൊണ്ട് അങ്ങനെ പഠിച്ചതാകും എന്ന് പറയാന്‍ കഴിയില്ല. ചേട്ടത്തി ഉള്ളപ്പോഴും പോയപ്പോഴും അനുക്കുട്ടിക്കും വാവയ്ക്കും ( ചേട്ടന്റെ മക്കള്‍) സക്കുട്ടി അമ്മ തന്നെയാണ്. ഇന്നലെ വരെ എന്റെ കൂടെ ചളിയടിച്ചു നടന്ന കൊച്ച് ദാ ഒരു 21 കാന്റെ അമ്മ. ഞാന്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ലായിരുന്നു. പിന്നെ എന്നെപ്പോലെ ദേഷ്യമില്ലാത്തത് കൊണ്ട് എന്നോട് പറയേണ്ട കാര്യങ്ങള്‍ പോലും ഇപ്പോള്‍ സക്കുട്ടിയോട് അവര്‍ക്ക് പറയാന്‍ എളുപ്പം. ഇപ്പോ ഞാന്‍ മരുമകനും അവള്‍ മകളുമായി എന്റെ വീട്ടില്‍. സൗഭാഗ്യ എന്നെക്കാള്‍ നന്നായി കാര്യങ്ങള്‍ നോക്കിയപ്പോള്‍ ഞാന്‍ ഫ്രീയായി. എന്റെ ഫ്രീ ടൈം ഞാന്‍ വര്‍ക്കിനു വേണ്ടി ചെലവഴിക്കാന്‍ തുടങ്ങി. എന്നെക്കാള്‍ നന്നായി സൗഭാഗ്യ കാര്യങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് നല്ല സന്തോഷം തോന്നാറുണ്ട്. എന്റെ ഫ്രണ്ട്‌സിന്റേയും പരിചയക്കാരുടെയും വീട്ടിലെ പല പ്രശ്‌നങ്ങളും എന്റെ വീട്ടില്‍ ഉണ്ടാകാറില്ല. 

വീട്ടിലെ സിംഗിള്‍ ചൈല്‍ഡ് ആയിരുന്ന സൗഭാഗ്യയ്ക്ക് എങ്ങനെ ഇത് സാധിക്കുന്നു. ഒരു വലിയ ഫാമിലി, ഒരുപാട് പെറ്റ്സ്, ഉത്തരവാദിത്വങ്ങള്‍...ജോയിന്റ് ഫാമിലി ആണോ ആഗ്രഹിച്ചിരുന്നത് ?

ഞങ്ങളും എല്ലാവരേയും പോലെ ഞങ്ങള്‍ മാത്രമുള്ള കുഞ്ഞ് ലൈഫ് ഒക്കെയാണ് സ്വപ്നം കണ്ടിരുന്നത്. ഞങ്ങള്‍ ചിന്തിക്കുകയും കൂടി ചെയ്യാത്ത കാര്യങ്ങളായിരുന്നു പിന്നീട് ഞങ്ങളുടെ ലൈഫില്‍ നടന്നത്. അച്ഛന്‍ പോയി, ചേട്ടത്തി പോയി അമ്മ പോയി. അത്രേം ക്രൈസിസ് വരുമ്പോള്‍ അത് നിങ്ങളുടെ പ്രശ്‌നമാണ് നിങ്ങള്‍ ഫെയ്‌സ് ചെയ്യ് എന്ന് പറയാന്‍ സാധിക്കില്ലല്ലോ. അത് ഞങ്ങള്‍ ഒരുമിച്ച് ഫെയ്‌സ് ചെയ്യാന്‍ തീരുമാനിച്ചു. പിന്നെ ആ തീരുമാനത്തില്‍ ദാ ഈ നിമിഷം വരെ ഞങ്ങള്‍ക്ക് റിഗ്രറ്റ് തോന്നിയിട്ടില്ല കാരണം അത്രേം അടിപൊളിയാണ് ഇവരൊക്കെ. ഒറ്റയ്ക്ക് പോയാല്‍ മതിയായിരുന്നു എന്ന് നമ്മുക്ക് തോന്നലുണ്ടാക്കുന്നതും മറ്റുള്ളവരുടെ പെരുമാറ്റമല്ലേ. ഇവിടെ അങ്ങനെയല്ല. പപ്പയും അമ്മയും ചേടത്തിയും ഉണ്ടായിരുന്ന സമയത്ത് അര്‍ജ്ജുന്‍ ചേട്ടന്‍ വെറുതെ എന്നോട് ശബ്ദം ഉയര്‍ത്തി സംസാരിച്ചാല്‍ പോലും ചേട്ടന് നല്ല വഴക്ക് കിട്ടുമായിരുന്നു. എനിക്ക് ചേട്ടന്റെ ഫാമിലിയെക്കുറിച്ചും ഫാമിലി ചേട്ടന് എത്രത്തോളം ഇമ്പോര്‍ട്ടന്റ്‌റ് ആണെന്നും നന്നായി അറിയാം. ചേട്ടനോടുള്ള ഇഷ്ടം അത് അവരോടും ഉണ്ടെനിക്ക്. വണ്‍ സൈഡ് റിലേഷന്‍ അല്ല ഇവിടെ സംഭവിക്കുന്നത് അതു കൊണ്ട് തന്നെ ഇവിടെ പരാതികളില്ല. ഒരു ജോലി ചെയ്യേണ്ടത് ഇന്നയാളുടെ കടമയാണ് എന്നില്ല. ഞാന്‍ ചെയ്യും എനിക്ക് പറ്റിയില്ലെങ്കില്‍ അരുണ്‍ ചേട്ടന്‍ ചെയ്യും. അര്‍ജ്ജുന്‍ ചേട്ടന്‍ ഉള്ളപ്പോളാണെങ്കില്‍ ചേട്ടന്‍ ചെയ്യും. ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും തുറന്ന് പറയാനുള്ള സ്‌പെയ്‌സ് ഉണ്ടിവിടെ.

എനിക്ക് ഡാന്‍സ് ക്ലാസ്സും ചേട്ടന്‍ ജോലിക്കും പോയാല്‍ പിന്നെ സുധാപ്പൂവിനെ ആരെയേല്‍പ്പിക്കും എന്ന് എനിക്ക് കണ്‍ഫ്യൂഷനില്ല. അരുണ്‍ ചേട്ടന്റെ അടുത്ത് അവള്‍ സെറ്റാണ്. എന്നെക്കാള്‍ നന്നായി അവളുടെ കാര്യങ്ങള്‍ അരുണ്‍ ചേട്ടന് അറിയാം. അല്ലെങ്കില്‍ ഞാന്‍ ടെന്‍ഷന്‍ അടിച്ച് മരിച്ചേനേ.

ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ഒക്കെ കാണുന്നില്ലേ? സത്രീധനപ്രശ്‌നവും അതിനെത്തുടര്‍ന്നുള്ള ആത്മഹത്യയും-എന്താണ് തോന്നുന്നത് ?

സ്ത്രീധനമേ നിരോധിക്കണം. നമ്മുടെ നാട്ടിലെ വിവാഹത്തിന്റെ ട്രെന്‍ഡുകള്‍ മാറിക്കൊണ്ടേ ഇരിക്കും എന്നാല്‍ വിവാഹത്തിന്റെ ബേസിക്ക് സ്ട്രക്ച്ചറില്‍ മാറ്റമൊന്നും ഇല്ല. ആണ്‍കുട്ടിക്ക് ഗവണ്‍മെന്റ് ജോലി മസ്റ്റാണ്. ജോലി ഉണ്ടോ പിന്നെ നോട്ടം ഒന്നുമില്ല. ഇതൊക്കെ മാറണ്ടേ. നമ്മുടെ മക്കള്‍ക്കും നമുക്കും ചേര്‍ന്ന് പോകാന്‍ പറ്റുമോയെന്നാണ് നോക്കേണ്ടത്. ഒരു ആലോചന വന്നാല്‍ എടുത്തുചാടി കല്യാണത്തിലേക്ക് എത്തിക്കാതെ രണ്ടുപേരും തമ്മില്‍ സംസാരിച്ച് പറ്റുന്ന ബന്ധമാണോ എന്ന് നോക്കിട്ടൊക്കെ വേണം കല്യാണത്തിലേക്ക് കൊണ്ട് എത്തിക്കാന്‍. നമ്മുടെ ആറ്റിട്യൂഡിലും മാറ്റം വേണം അടുത്ത് നില്‍ക്കുന്ന ആളിനെക്കുറിച്ച് കരുതല്‍ വേണം. സത്രീധനം വെച്ചാക്കരുത് വരുന്ന കുട്ടിയെ അളക്കുന്നത്. പെണ്‍കുട്ടിക്ക് വിവാഹത്തിന് മുമ്പ കൊടുക്കുന്ന അതേ ഉപദേശങ്ങളൊക്കെ ആണ്‍കുട്ടികള്‍ക്കും കൊടുക്കണം.

സൗഭാഗ്യയുടെ ഡേ ഇന്‍ മൈ ലൈഫ് വീഡിയോകള്‍ കണ്ടാല്‍ അത്ഭുതം തോന്നും, എങ്ങനെ സാധിക്കുന്നു ഇതെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ ?

ചോദിക്കാറുണ്ട് അതിനുള്ള മറുപടിയാണ് പ്രായം. അത് പ്രായത്തിന് അനുസരിച്ചുള്ള മാറ്റമാണെന്നേ ഞാന്‍ പറയൂ. ഉദാഹരണം പറഞ്ഞാല്‍ ഇപ്പോള്‍ ഉള്ളതുപോലെ 30-മത്തെ വയസ്സില്‍ ജീവിക്കാന്‍ സുധാപ്പുവിന് പറ്റുമോ പറ്റില്ല. പ്രായം കൂടുമ്പോള്‍ നമ്മുടെ ജോലിയുടെ രീതിയും സ്വഭാവുമൊക്കെ മാറും. എന്റെ അമ്മയും ഇങ്ങനെ തന്നെ ആയിരുന്നു അമ്മൂമ്മയും ഇങ്ങനെ തന്നെ ആയിരുന്നു. അവര്‍ ജോലിക്ക് പോയി വന്നാണ് വീട്ടിലെ കാര്യങ്ങളും ഡാന്‍സ് ക്ലാസ്സും കൂടി നോക്കിയിരുന്നത്. ഞാന്‍ ചെയ്യുന്നത് മുടങ്ങിയാലും എന്നെ വഴക്ക് പറയാന്‍ ആരുമില്ല. മറിച്ച് അത് ചെയ്തു തരാന്‍ ആളുണ്ട് താനും. ചേട്ടനും ഷൂട്ടൊന്നുമില്ലെങ്കില്‍ ജോലി ചെയ്യാന്‍ കൂടാറുണ്ട്. നിങ്ങള്‍ കാണുന്നത് കുറവാണെന്ന് മാത്രം. കല്യാണം കഴിഞ്ഞത് കൊണ്ടാണല്ലോ എന്നൊന്നും തോന്നാറില്ല കാരണം വിവാഹം എന്റെ തീരുമാനമായിരുന്നു. ഞാന്‍ ചൂസ് ചെയ്ത ലൈഫ് ആണിത്. നമ്മുടെ സിറ്റുവേഷന് അനുസരിച്ച് നമ്മള്‍ മാറിയില്ലെങ്കില്‍ ആണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. പിന്നെ ഇത് ഞാന്‍ ഒറ്റയ്ക്ക് ചെയ്യുന്നതല്ല. എനിക്ക് പൂര്‍ണപിന്തുണയുമായി എന്റെ കുടുബം മുഴുവനുമുണ്ട്.

സൗഭാഗ്യയും അര്‍ജ്ജുനും നിങ്ങളുടെ പാരന്റ്സിന്റെ ലൈഫില്‍ നിന്ന് നിങ്ങളുടെ ലൈഫില്‍ വേണം / വേണ്ട എന്നുവെച്ച കാര്യങ്ങള്‍ എന്തൊക്കെയാണ് ?

അര്‍ജ്ജുന്‍- എന്റെ പപ്പയും അമ്മയും എനിക്കോ ചേട്ടനോ ഒരു ബാധ്യതയും വച്ചിട്ടല്ല പോയത്. ഞങ്ങളുടെ നല്ല ജീവിതത്തിന് വേണ്ടതൊക്കെ തരികയും ചെയ്തിട്ടുണ്ട്. ഞങ്ങളെ ആശ്രയിച്ചല്ല അവര്‍ മരിക്കുന്നത് വരെ ജീവിച്ചത്. എന്നാല്‍ ഞാന്‍ പപ്പ മരിക്കുന്നത് വരെയും പപ്പാ ഒരു 500 രൂപ എടുക്കാന്‍ ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളും അതു പോലെ ആകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. വലിയ സമ്പാദ്യമൊന്നും മക്കള്‍ക്ക് കൊടുത്തിലെങ്കിലും ഒരിക്കലും ബാധ്യതകള്‍ കൊടുക്കില്ല ഞാന്‍. എന്റെ ലൈഫില്‍ ഞാന്‍ ചെയ്യില്ലെന്ന് കരുതിയ കാര്യവുമുണ്ട്. പപ്പയും അമ്മയും സാധാരണക്കാരാണ്. പപ്പ അമ്മയെ കളിയാക്കി സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് പപ്പ അത് വെറുതേ പറഞ്ഞതാ കാര്യമാക്കി എടുക്കണ്ട എന്ന് പറയാറുണ്ടെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ വച്ച് കളിയാക്കുമ്പോള്‍ അമ്മയുടെ വിഷമം ഞാന്‍ കാണാറുണ്ടായിരുന്നു. ഒരിക്കലും ഞാന്‍ അങ്ങനെ ചെയ്യില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. മരിക്കുന്നത് വരെ ഒരുമിച്ച് ജീവിച്ചവര്‍ ആണ് അവര്‍. എന്തൊക്കെ പ്രശ്നം വന്നിട്ടും അവര്‍ പിരിഞ്ഞു പോയില്ലല്ലോ. ഇന്നത്തെ കാലത്ത് അത് തന്നെ വലിയ ക്വാളിറ്റി അല്ലേ. എനിക്കും അതു പോലെ ആകണമെന്നാണ് ആഗ്രഹം. ഞങ്ങളുടെ ചില പരിചയക്കാര്‍ സൗഭാഗ്യയോട് എന്റെ ഭാര്യയും ബ്രാഹ്‌മിന്‍ ആണ് പക്ഷേ ചിക്കനൊക്കെ കഴിക്കും. കുറച്ച് കഴിച്ച് നോക്കൂ എന്നൊക്ക പറയും. അങ്ങനെ പറയുന്നതേ എനിക്ക് ഇഷ്ടമല്ല. സൗഭാഗ്യയ്ക്ക് ഇഷ്ടമുള്ളതും ആവശ്യമുള്ളതും അവള്‍ ചെയ്യും. അതിന് ആരുടേയും നിര്‍ദ്ദേശത്തിന്റെ ആവശ്യമില്ല.

സൗഭാഗ്യ- ഫിനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡന്‍ഡ് ആകണം എന്നാണ് ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം. അമ്മയും അമ്മൂമ്മയും ആരേയും ആശ്രയിച്ചല്ല ജീവിച്ചത്. അമ്മൂമ്മയൊക്കെ മരിക്കുന്നതിന് മുമ്പുവരെ വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്റെ പപ്പ ഫീനിക്സ് പക്ഷിയെപ്പോലെ ആയിരുന്നു. എന്ത് പ്രശ്നം ഉണ്ടെങ്കിലും അതില്‍ നിന്നൊക്കെ കരകയറി റീസ്റ്റാര്‍ട്ട് ചെയ്യാന്‍ പപ്പയ്ക്ക് ഒരു മടിയും ഇല്ലായിരുന്നു. അതാണ് ഞാന്‍ പപ്പയില്‍ നിന്ന് പഠിച്ച ക്വാളിറ്റി. പപ്പയും അമ്മയും ഒരേ ഫീല്‍ഡ് ആയിരുന്നല്ലോ അതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു, അമ്മയ്ക്ക് പപ്പയെക്കാള്‍ സക്സസ് ഫുള്‍ കരിയര്‍ ആയിരുന്നല്ലോ. അതും പറഞ്ഞ് ഒരുപാട് പേര്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് എന്റെ ലൈഫില്‍ ഇത്തരത്തിലുള്ള ടോക്സിക് ആളുകള്‍ പാടില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഞാന്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ അത് നടക്കില്ലായിരുന്നു. ഭാഗ്യം കൊണ്ട് അര്‍ജ്ജുന്‍ ചേട്ടനും അതുപോലെയാണ്. മറ്റുള്ളവരുടെ അഭിപ്രായം വച്ച് ഞങ്ങള്‍ ലൈഫ് കൂട്ടി വായിക്കാറില്ല.    

ഫാമിലിയെ സംബന്ധിച്ചിടത്തോളം അതിന്റെ അടിസ്ഥാനമാണല്ലോ ഫിനാന്‍സ് മാനേജ്മെന്റ്. നിങ്ങളുടെ ഫാമിലിയിലെ ധനമന്ത്രി ആരാണ് ?

അര്‍ജ്ജുന്‍ -ഞങ്ങളുടെ കാര്യത്തില്‍ രണ്ടുപേരും സമ്പാദിക്കുന്നുണ്ടെങ്കിലും ഫിനാന്‍സ് മാനേജര്‍ സൗഭാഗ്യയാണ്. അവളത് നന്നായി നോക്കുന്നുമുണ്ട്. രണ്ടുപേരും കൂടി നോക്കി അലമ്പാക്കുന്നതിനെക്കാള്‍ നല്ലത് ഒരാള്‍ പെര്‍ഫെക്ട് ആയി നോക്കുന്നതാണ്. പിന്നെ ചേട്ടന് ഭാര്യയാണല്ലോ നോക്കുന്നതെന്ന ഈഗോ ഒന്നുമില്ല. സൗഭാഗ്യ ഞാന്‍ ചെലവാക്കുന്നത് കൂടുതലാണെങ്കില്‍ നോക്കി ചിലവാക്കിക്കോ ഇങ്ങനെ ആണേല്‍ പ്ലാന്‍ ചെയ്ത് വച്ചിരിക്കുന്ന കാര്യം അലമ്പാകും എന്ന് പറഞ്ഞ് എന്നെ പേടിപ്പിക്കാറുണ്ട്. ആഗ്രഹങ്ങള്‍ കൂടുതല്‍ എനിക്കാണല്ലോ 

എന്തൊക്കെയാണ് നിങ്ങളുടെ ഭാവി പദ്ധതികള്‍?

കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നവര്‍ ഈ വര്‍ഷം ഞങ്ങളുടെ കൂടെ ഇല്ല. അതുകൊണ്ട് അങ്ങനെ വലിയ പ്ലാനിങ്ങുകളൊന്നും ഞങ്ങള്‍ക്കില്ല. എങ്കിലും ചില ഗോളുകള്‍ സെറ്റ് ചെയ്യാറുണ്ട് അടുത്ത വാഹനം ഏതായിരിക്കണം, അടുത്ത് വാങ്ങുന്ന പെറ്റ്‌സ് ഏതായിരിക്കണം എന്നൊക്കെയുള്ള ചില കാര്യങ്ങള്‍. അതിനനുസരിച്ച് ഞങ്ങള്‍ വര്‍ക്ക് ചെയ്യും. പത്ത് വര്‍ഷം കഴിഞ്ഞ് എന്നൊന്നും ഇല്ല. ഇപ്പോഴേ അതിനുവേണ്ട കാര്യങ്ങള്‍ ചെയ്തു തുടങ്ങും. പത്ത് വര്‍ഷം കൊണ്ട് നടക്കേണ്ടത് ചിലപ്പോള്‍ രണ്ട് വര്‍ഷം കൊണ്ട് നടക്കാറുണ്ട്. ചിലപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞോ അതിലും താമസിച്ചോ നടന്നേക്കാം. ഒന്നിലും നിര്‍ബന്ധം വയ്ക്കാറില്ല. ഒരു ഫ്‌ളാറ്റ് വാങ്ങണം, ചെറിയ ഒരു ഫാം ഹൗസ് തുടങ്ങണമെന്നൊക്കെയാണ് ഞങ്ങളുടെ നിലവിലെ ഗോളുകള്‍. ബാക്കിയൊക്കെ അപ്പോള്‍ കണ്ടതുപോലെ. 

വളരെ ആക്ടീവായ യൂട്യൂബ് ചാനലൊക്കെ ഉണ്ടല്ലോ. സോഷ്യല്‍ മീഡിയ ലൈഫ് നോര്‍മല്‍ ലൈഫ് അങ്ങനെ തരംതിരിച്ചിട്ടാണോ വീഡിയോ എടുക്കുന്നത് ?

ഇതുവരെ അങ്ങനെ ചെയ്യേണ്ട ആവശ്യം വന്നിട്ടില്ല. നിങ്ങള്‍ കാണുന്നത് ഒക്കെ തന്നെയാണ് എന്റെ ജീവിതം. വീഡിയോക്ക് വേണ്ടി എന്ന് കരുതി ഒന്നും ചെയ്തിട്ടില്ല. വീടിന്റെ ബാക്ഗ്രൗണ്ട് പോലും അയ്യോ വൃത്തിയില്ല എന്നു പറഞ്ഞ് ഞാന്‍ മാറ്റിയിട്ടില്ല. അതിന്റെ അര്‍ത്ഥം ഞങ്ങള്‍ ഒരു ഓപ്പണ്‍ ബുക്കാണ് എന്നല്ല. സോഷ്യല്‍ മീഡിയയില്‍ വരേണ്ടന്ന് ഞങ്ങള്‍ കരുതുന്ന കാര്യങ്ങള്‍ അതില്‍ വരാറില്ല. സാധാരണ ഒരു കുടുംബത്തില്‍ നടക്കുന്നതൊക്കെ ഞങ്ങള്‍ക്കിടയിലും നടക്കാറുണ്ട്. സാധാരണ ഒരു കുടുബത്തില്‍ നടക്കുന്ന എല്ലാം ഇവിടെയും ഞങ്ങള്‍ക്കുമുണ്ട് അപ്‌സ് ആന്‍ഡ് ഡൗണ്‍സ്. അത് നിങ്ങള്‍ കാണുന്നില്ലെന്ന് മാത്രം.

ഞങ്ങളുടെ പ്രണയമായിരുന്നു ഞങ്ങളുടെ അഡ്വഞ്ചര്‍

സാധാരണ കപ്പിള്‍സിന് വീട്ടിലറിയാതെ ട്രിപ്പ് പോകുന്നതും മീറ്റ് ചെയ്യുന്നതുമൊക്കെ ആയിരിക്കുമല്ലോ അഡ്വഞ്ചര്‍.. എന്നാല്‍ ഞങ്ങള്‍ക്ക്‌ അങ്ങനെയല്ല. വീട്ടില്‍ പറഞ്ഞിട്ട് ഞാനും സക്കുട്ടിയും സക്കുട്ടിയുടെ അനിയനും കൂടി അമ്പലത്തില്‍ പോകുന്നതാണ് അഡ്വഞ്ചര്‍. ഞങ്ങള്‍ തിരികെ വീട്ടിലെത്തുന്നതിന് മുന്‍പ് താര ടീച്ചറിനോട് ആരെങ്കിലും ഒക്കെ വിളിച്ച് പറയും, ടീച്ചറിന്റെ മോളെയും സ്റ്റുഡന്റിനെയും അമ്പലത്തില്‍ വച്ച് കണ്ടു .പക്ഷേ അവര്‍ നമ്മളെ മൈന്റ് ചെയ്യാതെ പോയി.. എന്തോ കുഴപ്പമുണ്ടെന്ന്.  ഇതിനെക്കാള്‍ കോമഡി ഡയലോഗ് വേറെയുണ്ട്...അമ്പലത്തില്‍ വച്ച് കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അവരെ കണ്ടു. എന്താണ് ആ കാണാന്‍ പറ്റാത്തത് എന്ന് ഞങ്ങള്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല.പറയുന്നവര്‍ക്ക് ഒരു സുഖം. ഇപ്പോ യൂട്യൂബിലൊക്കെ ഗോസിപ്പ് പറയുന്ന ചാനലുകള്‍ ഒക്കെ ഇല്ലേ.. അത് പോലെ ആയിരുന്നു ചില റിലേറ്റീവ്‌സ് ഒക്കെ പെരുമാറിക്കൊണ്ടിരുന്നത്.ഇപ്പോള്‍ ആലോചിക്കുമ്പോള്‍ കോമഡി ആണെങ്കിലും അന്ന് കുറച്ച് വിഷമമൊക്കെ ഫീല്‍ ചെയ്തിരുന്നു. 

ഹോസ്പിറ്റലില്‍ ആഘോഷിച്ച ആദ്യത്തെ വാലന്‍ന്റൈന്‍സ് ഡേ

അന്ന് അമ്മ എറണാകുളത്തെ ഹോസ്പിറ്റലിലാണ്. ചേട്ടനാണ് അന്ന് അമ്മയെ തിരുവനന്തപുരത്ത് നിന്ന് ഡ്രൈവ് ചെയ്ത് അമ്മയെ അവിടെ ഹോസ്പിറ്റലില്‍ ആക്കാനും ബാക്കി ആവശ്യങ്ങള്‍ക്കുമെല്ലാം കൂടെ നിന്നത്. വേറെ ബന്ധുക്കള്‍ ഒന്നുമില്ലായിരുന്നു. വാന്‍ന്റൈന്‍സ് ഡേയുടെ അന്ന് ചേട്ടന്‍ ഫുഡ് കഴിക്കാന്‍ പോകുന്നു എന്ന് പറഞ്ഞുപോയി എന്റെ ഫേവറിറ്റ് ട്വിക്സ് ചോക്ലേറ്റും ഹാപ്പി വാലന്റൈന്‍സ് ഡേ എന്ന് എഴുതിയ കാര്‍ഡും എനിക്ക് തന്നു. എനിക്ക് തിരിച്ച് കൊടുക്കാന്‍ പോലും ഒന്നുമില്ല. പക്ഷേ മറ്റുള്ളവരെ പോലെ അല്ലല്ലോ ഞങ്ങള്‍ പുറത്ത് പോയി സമയം ചിലവഴിക്കാന്‍ ഒന്നും പറ്റില്ലല്ലോ. അതുകൊണ്ട് ഇതുപോലെ ഹോസ്പിറ്റലോ പ്രോഗ്രാമോ ഒക്കെയാണ് ഞങ്ങള്‍ക്ക് ഒരുമിച്ച് ഇരിക്കാന്‍ കിട്ടുന്ന അവസരം.

ഞങ്ങള്‍ അറിയാതെ നടന്ന ഞങ്ങളുടെ എന്‍ഗേജ്‌മെന്റ്

ബ്രാഹ്‌മണ്‍ രീതിയില്‍ ആടയാഭരണങ്ങള്‍ അണിഞ്ഞ് ആഡംബരത്തില്‍ സൗഭാഗ്യ സിംപിള്‍ കുര്‍ത്തിയില്‍ അര്‍ജ്ജുന്‍. പണ്ട് ഞങ്ങള്‍ പോലും അറിയാതെ നടന്ന ഞങ്ങളുടെ എന്‍ഗേജ്‌മെന്റ് എന്ന് പറഞ്ഞ് ചിലര്‍ കൊടുത്ത വാര്‍ത്തയുടെ തുടക്കമാണിത്. സംഗതി എന്താന്ന് വച്ചാല്‍ സൗഭാഗ്യയുടെ ഡാന്‍സ് പ്രോഗ്രാമിന് ഇടയ്ക്ക് വേദിയിലേക്കൊരു പട്ടിക്കുട്ടി വന്നു.എല്ലാവരും കൂടി അതിനെ എടുത്ത് പുറത്തേക്കിട്ടു ആരോ ചവിട്ടും കൊടുത്തു. അത് കരഞ്ഞപ്പോള്‍ സൗഭാഗ്യ ടെന്‍ഷന്‍ ആയി. പ്രോഗ്രാം കാണാന്‍ വന്ന എന്നോട് സൗഭാഗ്യ ഈ കാര്യം പറഞ്ഞതാണ് ആരോ ഫോട്ടോ എടുത്ത് ഞങ്ങളുടെ എന്‍ഗേജ്‌മെന്റ് ആക്കിയത്. ഡാന്‍സിന്റെ കോസ്റ്റ്യൂം കണ്ടിട്ടാണ് ആഡംബരത്തില്‍ സൗഭാഗ്യ എന്നവര്‍ക്ക് തോന്നിയത്. എന്ത് പറയാന്‍ ആണ്. റീച്ച് കിട്ടാന്‍ വേണ്ടി എന്തും ചെയ്യുന്ന രീതിയിലേക്ക് മാറ്റി. ഇത് ഞങ്ങള്‍ തമാശ ആക്കിയെങ്കിലും ഞങ്ങളുടെ വിവാഹത്തിന്റെ സമയത്തൊക്കെ ഒരു ആവശ്യമില്ലാതെ ഒരുപാട് വിവാദങ്ങള്‍ ചില മാധ്യമങ്ങള്‍ സൃഷ്ടിച്ചിരുന്നു. അര്‍ജ്ജുന് ആരുമില്ല, വീട്ടുകാര്‍ സമ്മതിക്കാതെയുള്ള വിവാഹമാണ്, വരന്റെ വീട്ടുകാര്‍ സഹകരിക്കാത്ത കല്യാണം എന്നുവേണ്ട അമ്മയും അര്‍ജ്ജുന്‍ ചേട്ടനും ഒരുമിച്ച് എടുത്ത ഫോട്ടോ പോലും ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തിരുന്നു. ലൈം ലൈറ്റില്‍ നില്‍ക്കുന്ന ആള്‍ക്കാരെക്കുറിച്ച് ഗോസിപ്പ് കേള്‍ക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യം ആണല്ലോ, അത് അവഗണിച്ചാല്‍ മതി.

നമ്മുടെ നാട്ടിലെ രീതി കുറച്ച് കോപ്ലിക്കേറ്റഡാണ്. ഭര്‍ത്താവിന്റെ അമ്മയെ മരുമകള്‍ സ്‌നേഹിച്ചാല്‍ ആ കുട്ടി ദേവതയെപ്പോലെ ആണ് അടിപൊളി ആണ്. എന്നാല്‍ ആണ്‍കുട്ടി അമ്മായിയമ്മയുമായി അടുത്താല്‍ പിന്നെ അതിന് വേറൊരു അര്‍ഥമാണ് നാട്ടുകാര്‍ കൊടുക്കുന്നത്. സ്വന്തം അമ്മയെപ്പൊലെ അമ്മായിയമ്മയെ ആണ്‍കുട്ടി സ്‌നേഹിക്കുന്നതില്‍ എന്താണ് തെറ്റ്. ആ സ്‌നേഹം അംഗീകരിക്കാന്‍ സമൂഹത്തിന് ബുദ്ധിമുട്ടാണ്. എന്നാണ് ഇതൊക്കെ മാറുന്നത്. സൗഭാഗ്യ ചോദിക്കുന്നു..

റിക്ലൈനര്‍ ചെയറും സോഷ്യല്‍ മീഡിയയും

സൗഭാഗ്യ- എനിക്ക് ചേട്ടന് ഒരു സര്‍പ്രൈസ് പോലും കൊടുക്കാന്‍ പറ്റില്ല. കാരണം എന്റെ സുഹൃത്തുക്കള്‍ തന്നെയാണ് ചേട്ടന്റേയും. ഞാനെന്തെങ്കിലും സര്‍പ്രൈസ് പ്ലാന്‍ ചെയ്താല്‍ അവര്‍ ചേട്ടനെ വിളിച്ച് പറഞ്ഞു കൊടുക്കും. അതുകൊണ്ട് ഞാന്‍ പ്ലാന്‍ ചെയ്യുന്ന സര്‍പ്രൈസ് ഒക്കെ പാളി പോവുകയേ ഉള്ളു. 

അര്‍ജ്ജുന്‍ - വണ്ടിയാണ് സൗഭാഗ്യ ഗിഫ്റ്റായി പ്ലാന്‍ ചെയ്യുന്നതെങ്കില്‍ വിളിക്കുന്ന എന്റെ ഒരു ഫ്രണ്ട് ഉണ്ട്. സക്കുട്ടി അവന്റെ നമ്പര്‍ തപ്പുന്നത് കാണുമ്പോഴേ എനിക്കറിയാം സംതിങ് ഫിഷി എന്ന്.  പിന്നെ ഒരുപാട് വലിയ സര്‍പ്രൈസ് ഒന്നും പറ്റില്ല. സക്കുട്ടിക്ക് അറ്റാക്ക് വരും. ഞാന്‍ കൂടുതലും സക്കുട്ടിക്ക് ഗിഫ്റ്റായി കൊടുക്കുന്നത് സക്കുട്ടിക്ക് ആവശ്യമുള്ള സാധനങ്ങളായിരിക്കും. ഞാന്‍ ഒരു റിക്ലൈനര്‍ സോഫ ഗിഫ്റ്റ് കൊടുത്തതിന് എന്തൊക്കെ കമന്റുകളാണ് വന്നത്. ആട്ടുകല്ലും അരകല്ലും വീട്ടിലേക്ക് വാങ്ങി കൊടുത്താല്‍ അത് ഗിഫ്റ്റാവുമോ എന്നൊക്കെ എന്നെ എല്ലാരും കളിയാക്കി. പക്ഷേ ആ ചെയര്‍ അവള്‍ക്ക് എത്ര ഇമ്പോര്‍ട്ടന്റ് ആണെന്ന് എനിക്കറിയാം. അവള്‍ക്കത് സ്വന്തമായി വാങ്ങാന്‍ കഴിവില്ലാത്തതല്ലല്ലോ. 

പപ്പയ്ക്ക് റിക്ലൈനര്‍ ചെയര്‍ വലിയ ഇഷ്ടമായിരുന്നു. ഞാനും താര ടീച്ചറും കൂടി പോയി ഒരു റിക്ലൈനറിന് അഡ്വാന്‍സും കൊടുത്തു. പക്ഷേ അന്ന് രാത്രി ആണ് പപ്പ പനി കൂടി ഹോസ്പിറ്റലില്‍ ആകുന്നത്. പിന്നെ പപ്പ തിരികെ വന്നില്ല. അതുകൊണ്ട തന്നെ റിക്ലയിനര്‍ ഒരു ഹോണ്ടിങ് പോലെ ആയിരുന്നു. 

സൗഭാഗ്യ- ഞാനോ അമ്മയോ പിന്നെ റിക്ലയിനര്‍ ചെയര്‍ വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചില്ല. അങ്ങനെയുള്ള എനിക്ക് ചേട്ടന്‍ ആ ഗിഫ്റ്റ് വലിയ കാര്യം തന്നെയാണ്. അത് മറ്റുള്ളവര്‍ക്ക് പറഞ്ഞാല്‍ മനസ്സിലായിക്കോളണമെന്നില്ലല്ലോ.

അര്‍ജ്ജുന്‍ - സക്കുട്ടിക്ക് സന്തോഷമല്ല ഉപകാരമുള്ള ഗിഫ്റ്റ് കൊടുക്കാന്‍ ആണ് എനിക്ക് ഇഷ്ടം. സൗഭാഗ്യ നടുവേദന എടുത്ത് ഇരിക്കുമ്പോള്‍ പെയിന്‍ കില്ലര്‍ വച്ച് മസാജ് ചെയ്യുന്നതാണോ ആവശ്യം അതോ അഡിഡാസിന്റെ ഹുഡീസ് ആണോ ആവശ്യമെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ആവശ്യമറിഞ്ഞ് വേണം ഗിഫ്റ്റുകള്‍ കൊടുക്കാന്‍ എന്നാണ് എന്റെ പക്ഷം.

 കല്യാണും കഴിഞ്ഞുള്ള മാരത്തോണ്‍ ഇന്റര്‍വ്യൂവും ഞങ്ങളുടെ മനപ്പൊരുത്തവും.

കല്യാണം കഴിഞ്ഞ് ഞങ്ങള്‍ കട്ട ബിസിയായി. ഒരു ദിവസം രണ്ടും മൂന്നും ഇന്റര്‍വ്യൂ വരെ ഉണ്ടായിരുന്നു. ആദ്യത്തെ ചാനല്‍ ഇന്റര്‍വ്യൂവിന് വിളിച്ചപ്പോള്‍ ഞാന്‍ ടീച്ചറിനോട് ചോദിച്ചിരുന്നു നിങ്ങള്‍ മാത്രം പോയാല്‍ പോരേ എന്ന്. എനിക്ക് എന്ത് സംസാരിക്കണമെന്ന് പോലും അറിയില്ല. കല്യാണം കഴിഞ്ഞത് കൊണ്ട് ഇന്റര്‍വ്യൂവിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു എന്റെ ചിന്ത. പിന്നെ ചറപറാ ഇന്റര്‍വ്യൂ ആയിരുന്നു. മാരത്തോണ്‍ ഇന്റര്‍വ്യൂ എന്നുതന്നെ പറയാം. കൂട്ടുകാരൊക്കെ ചോദിക്കാന്‍ തുടങ്ങി ഇന്റര്‍വ്യൂവിന്റെ തലേദിവസം രണ്ടുപേരും കൂടി കമ്പയിന്‍ സ്റ്റഡി നടത്താറുണ്ടോ എന്നൊക്കെ. എന്നോട് പറയുന്ന ഇന്റര്‍വ്യൂ ചിലപ്പോള്‍ ഞാന്‍ സക്കുട്ടിയോട് പറയാന്‍ മറന്നുപോകും. അരമണിക്കൂറോ പത്ത് മിനിട്ടോ മുന്‍പായിരിക്കും ഞാന്‍ സൗഭാഗ്യയോട് പറയുന്നത്. ആ ഞങ്ങളാണോ ഇന്റര്‍വ്യൂവിന് മുന്‍പ് പ്രിപ്പയര്‍ ചെയ്യാന്‍ പോകുന്നത്. സാധാരണ എന്തു ചോദിച്ചാലും ഞങ്ങള്‍ ഓക്കെയാണ് പക്ഷേ ഈ മനപ്പൊരുത്തം ടൈപ്പ് ചോദ്യങ്ങളില്ലേ. അതു വരുമ്പോള്‍ നമ്മള്‍ പെട്ടുപോകും. ഇഷ്ടപ്പെട്ട പൂവ് ചോദിച്ചാല്‍ സക്കുട്ടി മുല്ലാന്നും ഞാന്‍ ചെമ്പരത്തി എന്നാകും പറയുക. അത് വെച്ച് ഞങ്ങളുടെ മനപ്പൊരുത്തം അളക്കാന്‍ പറ്റിറ്റല്ലോ.

ചാനലുകളില്‍ വന്ന ഇന്റര്‍വ്യൂ ഒക്കെ കണ്ടിട്ടാണ് ചക്കപ്പഴത്തിലേക്കുള്ള വിളി വരുന്നത്. സൗഭാഗ്യയുടെ കൂടെ അല്ലാതെ വീഡിയോ പോലും ഞാന്‍ എടുക്കാറില്ല. കണ്ണില്‍ ലൈറ്റ് അടിച്ചാല്‍ അപ്പോള്‍ ഡാന്‍സ് സ്റ്റെപ്പ് ഇട്ടോണ്ടിരുന്ന ഞാന്‍ ആണ്. സംസാരിക്കുമ്പോള്‍ ട്രിവാന്‍ട്രം സ്ലാങ്ങുണ്ട്. പക്ഷേ അതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല. പ്രശ്‌നം സൗഭാഗ്യയെ വിട്ടു നില്‍ക്കുന്നതായിരുന്നു. എന്നെ നിര്‍ബന്ധിച്ച് ഇന്റര്‍വ്യൂവിന് വിടാണ്ടായിരുന്നു എന്നുവരെ അവള്‍ക്ക് തോന്നി. പക്ഷേ ഞങ്ങളുടെ എഫര്‍ട്ടിന് റിസള്‍ട്ട് കിട്ടി. സൗഭാഗ്യയുടെ ഭര്‍ത്താവായിരുന്നു ഞാന്‍ ഇന്ന് എല്ലാവരുടേയും ശിവന്‍ ചേട്ടനാണ്. ഒരു സീരിയല്‍ കൊണ്ട് ഒരാള്‍ക്ക് ഇത്രയും അംഗീകാരം കിട്ടുമോ എന്നെനിക്ക് സംശമായിരുന്നു. ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്.  ഇനിയുള്ള സ്വപ്‌നങ്ങള്‍ വിചാരിച്ചതിനെക്കാള്‍ നന്നായി നടക്കുമെന്നാണ് കരുതുന്നത്. 

നോ പറയാന്‍ മടിക്കരുത്

ബ്രേക്കപ്പ് തെറ്റല്ല. തേപ്പുകാരിയെന്ന പേര് കിട്ടുമോ എന്നോര്‍ത്താണ് പെണ്‍കുട്ടികള്‍ പലപ്പോഴും എത്ര ടോക്‌സിക് ആണേങ്കിലും ഒരു റിലേഷന്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. നമ്മുടെ ജീവിതവും സമാധാനവും നമ്മുടെ ചുറ്റുമുള്ളവരുടെ സമാധാനവും നഷ്ടപ്പെടുത്തിയിട്ട് അങ്ങനെയൊരു റിലേഷന്‍ സഹിക്കേണ്ട ആവശ്യമില്ല. മുന്നോട്ടുപോകില്ല എന്ന് മനസ്സിലായാല്‍ അതവസാനിപ്പിച്ച് സ്വന്തം കാര്യം നോക്കി മുന്നോട്ടു പോകണം. നമ്മളെ കൊണ്ട് പറ്റുന്നില്ലെങ്കില്‍ നിയമസഹായം ആവശ്യപ്പെടാനും മടിക്കേണ്ടതില്ല. എല്ലാ പ്രണയവും കല്യാണത്തില്‍ അവസാനിക്കണമെന്നില്ല. അടുത്ത നില്‍ക്കുന്നവരോട് ഒന്നു ചിരിക്കാന്‍ പോലും അനുവാദമില്ലാത്ത റിലേഷനാണ് നിങ്ങളുടേതെങ്കില്‍ അത് പ്രണയമാണോ എന്ന് വീണ്ടും വീണ്ടും ചിന്തിക്കണം. എന്റെ കാര്യത്തിലും അര്‍ജ്ജുന്‍ ചേട്ടന്റെ കാര്യത്തിലും ഇരുവരുടേയും ബ്രേക്കപ്പിന് ശേഷം ആഗ്രഹിച്ചതിലും മനോഹരമായ ജീവിതമാണ് ലഭിച്ചത്. അതുകൊണ്ട് നന്നായി ചിന്തിച്ചുവേണം തീരുമാനമെടുക്കാന്‍. എല്ലാ വായനക്കാര്‍ക്കും എന്റെയും അര്‍ജ്ജുന്‍ ചേട്ടന്റെയും ഹാപ്പി വാലന്റൈന്‍സ് ഡേ...