
പ്രണയം. അനേകമായിരം നിര്‍വചനങ്ങള്‍ ഉള്ള ഇത്ര സുന്ദരമായ വികാരം മറ്റൊന്നുണ്ടാവില്ല. ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല അത്. നമ്മളെ അമിതമായി ആകര്‍ഷിക്കുന്നതിനോടോ മനസ്സില്‍ പതിഞ്ഞു പോകുന്നതോ ആയ എന്തിനോടും പ്രണയം തോന്നാം. പ്രണയമെന്ന് കേള്‍ക്കുമ്പോള്‍ പ്രണയഗാനങ്ങളാകും മനസിലേക്ക് ഓടിയെത്തുക. പ്രണയബന്ധത്തില്‍ പ്രണയഗാനങ്ങള്‍ക്കുള്ള പങ്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ഒരു പക്ഷേ, പ്രണയഗാനങ്ങള്‍ ഏറ്റവുമധികം കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് പ്രണയബന്ധങ്ങളില്ലാത്തവരാകും. ഏത് കാര്യത്തെയും ആസ്വദിക്കാന്‍ നമ്മളിലുള്ള കഴിവാണ് ഇതിന് സഹായകരമാകുന്നതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. രമേശ് കെ. പറയുന്നു. എന്താണ് പ്രണയത്തിന്റെ മനഃശാസ്ത്രം, ഈ പ്രണയദിനത്തില്‍ അതൊന്നറിയാന്‍ ശ്രമിച്ചാലോ?
സിനിമ 100 % ജീവിതമല്ല, പ്രണയമോ?
സിനിമയില്‍ നായകന് നായികയോട് പ്രണയം തോന്നുന്ന രംഗങ്ങള്‍ അല്ലെങ്കില്‍ ഇരുവരും ഒന്നിച്ചുള്ള ഗാനരംഗങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? ഏകദേശം അതുപോലെ തന്നെയാണ് ജീവിതത്തിലും. ആദ്യമായി ഒരാളോട് പ്രണയം തോന്നിയാല്‍ പിന്നെ പറയുകയും വേണ്ട. എല്ലാത്തിലും ഒരു പ്രത്യേക ഭംഗി നമ്മള്‍ കണ്ടെത്തും, ഇല കൊഴിഞ്ഞ മരങ്ങള്‍ പോലും പൂത്തു തളിര്‍ത്തതായി തോന്നാം. ഇതെല്ലാം പ്രണയത്തില്‍ സ്വാഭാവികമായി സംഭവിച്ചേക്കാവുന്നയാണെന്നും ഡോ. രമേശ് കെ. പറയുന്നു.

ആണ്‍കുട്ടികളുടെ ചിരിയാണോ ആകര്‍ഷിച്ചത്?
ഇന്‍സ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും മറ്റും പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും അവരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നമ്മുടെ കണ്ണില്‍ പെടാറുണ്ട്. ആണ്‍കുട്ടികളില്‍ പെണ്‍കുട്ടികള്‍ എന്താണ് ആദ്യം ശ്രദ്ധിക്കുന്നതെന്ന് ചോദിച്ചാല്‍ അവര്‍ പറയുക, ചിരിയെന്നൊക്കെയാണ്. എന്നാല്‍ അങ്ങനെ പെണ്‍കുട്ടികളുടെ ഏറിയ പങ്കും ആണ്‍കുട്ടികളുടെ ചിരി തന്നെയാണോ ശ്രദ്ധിക്കുകയെന്നത് വീണ്ടും ചര്‍ച്ചയ്ക്ക് എടുക്കേണ്ട വിഷയമാണ്.നാം ഓരോത്തരും വ്യത്യസ്തരാണ്. അതിലുപരി നമ്മള്‍ ഏറ്റവുമധികവും ആദ്യവും ഇഷ്ടപ്പെടുന്നത് നമ്മളെ തന്നെയാണ്. അതിനാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്താണ് മറ്റുളളവരില്‍ ആദ്യം ശ്രദ്ധിക്കുന്നതെന്ന് പറയാന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ഇത് മാറിയും മറിഞ്ഞുമിരിക്കും.
ഓരോത്തരും ആദ്യം മുന്‍ഗണന നല്‍കുന്ന ഘടകങ്ങള്‍ വ്യത്യസ്തമായിരിക്കും. ചിരി ഏറെ ആസ്വദിക്കുന്ന ഒരാള്‍ മറ്റൊരാളില്‍ ചിരിയായിരിക്കും ആദ്യം ശ്രദ്ധിക്കുക. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ ഇഷ്ടങ്ങള്‍ മറ്റുള്ളവരില്‍ നാം കണ്ടെത്തുകയല്ലേ ചെയ്യുന്നതെന്ന് ചോദിക്കുകയാണ് ഡോ. രമേശ് കെ. അങ്ങനെ ചിരി, സ്വഭാവരീതി, പെരുമാറ്റം തുടങ്ങിയ അനേകം ഘടകങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആകര്‍ഷകമായി തോന്നാം. നമ്മോട് കാണിക്കുന്ന കരുതല്‍ പോലും ആകര്‍ഷകമായി തോന്നാം.

വണ്‍സൈഡ് പ്രണയങ്ങളുടെ കാലം
വണ്‍സൈഡ് പ്രണയങ്ങളുടെ കാലം കൂടിയാണിത്. സുഹൃത് ബന്ധം നഷ്ടമാകുമോ എന്ന തോന്നലില്‍ നാം അടുത്ത പടി (ഐ ലവ് യൂ..) എടുക്കാന്‍ മടിക്കാറുണ്ട്. അതിന് തയ്യാറാകുന്നവരില്‍ ചിലര്‍ നിരാശരാകുകയും ചെയ്യുന്നു. പ്രണയം നിരസിച്ചാല്‍ അവരോട് വിദ്വേഷം പുലര്‍ത്തുക, പൂര്‍ണമായും അവഗണിക്കുക തുടങ്ങിയവ ചിലരെങ്കിലും കാണിക്കുന്നുണ്ട്. ബോര്‍ഡര്‍ ലൈന്‍ പേഴ്സണാലിറ്റിയാണ് (വ്യക്തിത്വ വൈകല്യം) മനോരോഗവിദഗ്ധര്‍ ഇതിന് ഉദാഹരണമായി പറയുന്നത്. ബോര്‍ഡര്‍ ലൈന്‍ പേഴ്സണാലിറ്റിയുള്ളവരുടെ പ്രണയം സാധാരണയുള്ളവരില്‍ കാണുന്നതല്ല, തീവ്രമെന്ന് വേണമെങ്കില്‍ പറയാം. നോര്‍മല്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പ്രണയം നിരസിച്ചാല്‍ അവരുടെ സങ്കല്‍പ്പത്തിനൊത്ത ആളല്ലാത്തതിനാലാവും നിരസിച്ചത് എന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ പറ്റും. അതിന് പിന്നാലെ ഒരിക്കലും അവര്‍ വീണ്ടും പോകില്ല. തിരിച്ചുകിട്ടിയില്ലെങ്കിലും നമ്മള്‍ക്ക് ഒരാളെ സ്നേഹിക്കാന്‍ കഴിയുമെന്നതാണ് വസ്തുത. ബോര്‍ഡര്‍ ലൈന്‍ പേഴ്സണാലിറ്റിയുള്ളവര്‍ തീവ്രമായുളള പ്രണയം സൃഷ്ടിക്കെടുക്കാന്‍ കെല്‍പ്പുള്ളവര്‍ കൂടിയാണ്. ഇങ്ങോട്ട് ഇഷ്ടമില്ലെന്നറിയുമ്പോള്‍ അവരില്‍ കടുത്ത വിദ്വേഷവും ദേഷ്യവും രൂപപ്പെടും.
വണ്‍സൈഡ് പ്രണയങ്ങള്‍ കൂടുന്നോ
മുന്‍പ് സൂചിപ്പിച്ചത് പോലെ സുഹൃത്ബന്ധം പ്രണയം തുറന്ന് പറയുന്നതിലൂടെ നഷ്ടമാകുമോ എന്ന് ചിന്തിക്കുന്നവരുണ്ട്. ചില പ്രണയങ്ങള്‍ തുറന്ന് പറഞ്ഞാലും അതിന് മറുപടി നല്‍കാതെ നീട്ടി കൊണ്ടുപോകുന്ന സാഹചര്യങ്ങളും കണ്ടുവരുന്നുണ്ട്. ഒരാള്‍ ഇങ്ങനെയാണ്, അല്ലെങ്കില്‍ ഇങ്ങനയേ പ്രതികരിക്കൂ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യത്തില്‍ പ്രണയം തുറന്നുപറയാന്‍ മടിക്കുന്നവരുമുണ്ട്. ഇതൊക്കെ വണ്‍സൈഡ് പ്രണങ്ങളായി തുടരുന്നു.
പ്രണയത്തിലെ നിരാശ മറികടക്കാം
മറ്റെന്തിലെയും പോലെ പ്രണയത്തിലും നിരാശകളുണ്ടായേക്കാം. ഇത് മറികടക്കാന്‍ പലരും പല വഴികളാണ് സ്വീകരിക്കുക. ഒരു കാര്യം നമ്മളെ കൂടുതലായി അലട്ടുമ്പോള്‍ മറ്റൊന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് എല്ലാവരിലുമുണ്ട്. പ്രണയത്തിലും അത് തന്നെയാണ് സംഭവിക്കുക. ബോര്‍ഡര്‍ ലൈന്‍ പേഴ്സണാലിറ്റിയുള്ളവരില്‍ തീവ്രമായുള്ള പ്രണയം രൂപപ്പെടുമെങ്കിലും അത് നിരസിച്ചുവെന്ന് തോന്നിയാല്‍ മറ്റൊരു പ്രണയത്തിലേക്ക് പെട്ടെന്ന് തന്നെ അവര്‍ പോകും. അല്ലാത്തവര്‍ പാട്ടുകള്‍ കൂടുതലായി കേള്‍ക്കുന്നത് പോലുള്ള കാര്യങ്ങള്‍ ചെയ്യും. ഓരോത്തരും നിരാശ മറികടക്കുന്നത് അവരവരുടെ രീതിയിലാണ്.
ലെറ്റ്സ് ബ്രേക്കപ്പ്
ഇരുകൂട്ടരും തമ്മില്‍ പരസ്പരം തിരിച്ചറിഞ്ഞുള്ള ബ്രേക്കപ്പുകള്‍ കുറവാണ്. ബ്രേക്കപ്പുകളില്‍ ഒരാള്‍ മാത്രം ഏതെങ്കിലും തരത്തില്‍ ബാധിക്കപ്പെടുന്നു. ചിലര്‍ മാനസികമായി തകരുന്നു. പ്രശ്നങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് തോന്നിയാല്‍, വളരെ അടുപ്പമുള്ളവരോട് പ്രണയബന്ധത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇത്തരം കാര്യങ്ങളില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാനുള്ള ശേഷി നമ്മള്‍ക്കുണ്ടെങ്കില്‍ അത് ബ്രേക്കപ്പ് വരെ എത്തില്ലെന്നാണ് വിദഗ്ധര്‍ക്ക് പറയാനുള്ളത്. ഉള്ളുതുറന്ന് വളരെ അടുപ്പമുള്ളവരോട് സംസാരിക്കുകയാണ് പോംവഴി. ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റിയുള്ളവരില്‍ കൂടുതലായി ബ്രേക്കപ്പ് കണ്ടുവരുന്നു. ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റിയുള്ളവര്‍ ഇടിച്ചുകയറി പ്രേമിക്കുകയും ഇടിച്ചുകയറി ഒഴിവാക്കുകയും ചെയ്യുന്നുവെന്നതാണ് കണ്ടിട്ടുള്ളതെന്നും ഡോ. രമേശ് കെ പറയുന്നു. ഒരുപാട് ബ്രേക്കപ്പും ഇവര്‍ അഭിമുഖീകരിക്കേണ്ടതായി വരും.
നിനക്ക് എന്നെക്കാള്‍ നല്ല കുട്ടിയെ കിട്ടും - ക്ലീഷേ
നിനക്ക് എന്നെക്കാള്‍ നല്ല കുട്ടിയെ കിട്ടുമെന്നതൊക്കെ ഇപ്പോഴില്ല. ക്ലീഷേയായി ഇത് മാറികഴിഞ്ഞു. പലരും പലരീതിയിലാണ് പ്രണയാഭ്യര്‍ഥനകളോട് പ്രതികരിക്കുക. ഈയടുത്ത് റിലീസായ പ്രേമലു എന്ന ചിത്രത്തില്‍ നസ്ലിന്റെ കഥാപാത്രത്തോട് മമിത ബൈജു പറയുന്ന ഒരു വാചകമുണ്ട്, ''നിന്റെ ആദ്യ റിജെക്ഷന്‍ ആവില്ലലോ ഇത്." ആളുകളോട് വളരെ വൈകാരികമായി അടുപ്പം പുലര്‍ത്തുന്നവരില്‍ ചിലപ്പോള്‍ ഈ വാചകങ്ങള്‍ വിഷമത്തിന് കാരണമായേക്കാം. പ്രണയം തുറന്ന് പറയുമ്പോള്‍ പെണ്‍കുട്ടികളുടെ അടുത്തുള്ള സ്ഥിരം നമ്പറെന്ന് പറയുന്ന ചുരുക്കം ചിലരെങ്കിലുമുണ്ട്. താന്‍ എന്തും വെട്ടിതുറന്ന് പറയുന്ന ആളാണെന്നുള്ള ധ്വനി കൂടി ഇതിന് പിന്നിലുണ്ട്. മറ്റുള്ളവരുടെ ഫീലിങ് എന്തെന്ന് മനസിലാക്കാതെ പ്രതികരിക്കുന്ന ആണ്‍കുട്ടികളും കുറവല്ല.

ഇനി എന്റെ ജീവിതത്തില്ല മറ്റൊരാളില്ല
അമിതമായോ ആത്മാര്‍ഥമായോ ഒരാളെ സ്നേഹിച്ച ശേഷം നഷ്ടപ്പെടുമ്പോള്‍ കല്ല്യാണം തന്നെ വേണ്ടെന്ന് ഉറച്ച തീരുമാനമെടുക്കുന്നവരുണ്ട്. ഇനി പ്രണയമില്ലെങ്കില്‍ തന്നെ ജീവിതത്തില്‍ എന്തെങ്കിലും നേടിയ ശേഷം കല്യാണം മതിയെന്ന് പറയുന്നവരുമുണ്ട്.
ആരോഗ്യകരമായ പ്രണയബന്ധത്തിന്
നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് അടുപ്പമുള്ളവരോട് തുറന്നുപറയുമ്പോള്‍ ഒരു ആശ്വാസം കിട്ടില്ലേ. അത് തന്നെയാണ് ആരോഗ്യകരമായ പ്രണയബന്ധത്തിലും വേണ്ടത്. നമ്മുടെ കുറവുകള്‍ നമ്മള്‍ സ്നേഹിക്കുന്നവരോടോ നമ്മളെ സ്നേഹിക്കുന്നവരോടോ തുറന്നുപറയുക. കുറവുകള്‍ മാത്രമല്ല, നമ്മുടെ ഗുണങ്ങളും പ്രണയിക്കുന്നവരെ അറിയിക്കുകയെന്നത് അതിപ്രധാനമാണ്. ഒരു പ്രണയബന്ധം നിലനില്‍ക്കാന്‍ ഇത് ഏറെ അത്യന്ത്യാപേക്ഷിതമാണ്. ഒറ്റപ്പെടലില്‍നിന്ന് രക്ഷപ്പെടാന്‍ ഒരാളെ ഇഷ്ടപ്പെടുന്ന പ്രവതണയുമുണ്ട്. പ്രണയബന്ധങ്ങളില്ലാതെ സന്തോഷകരമായി ജീവിതം നയിക്കുന്ന ആളുകളും നമ്മള്‍ക്ക് ചുറ്റുമുണ്ട്. പ്രണയബന്ധം നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്ക മൂലം അതിലേക്ക് കടക്കാത്തവരുണ്ട്. കല്യാണത്തിന് ശേഷമുള്ള പ്രണയമായിരിക്കും ഇവര്‍ക്ക് താത്പര്യം. ഫെബ്രുവരി 14 എന്നത് പ്രണയദിനം മാത്രമല്ല, ചിലര്‍ക്കത് പ്രതീക്ഷകളുടെ ദിവസം കൂടിയാണ്.
Content Highlights: psychology of love, valentines day 2024
Published: 13 Feb 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented