
വിഷമയമായ ബന്ധങ്ങളിൽ പങ്കാളി മറ്റൊരാളെ കൊലപ്പെടുത്തിയാൽ മൂക്കത്ത് വിരൽവച്ച് അനുശോചിക്കുന്ന സമൂഹമാണ് നമ്മുടേത്. എന്നാൽ അതുവരെ തല്ലിയാലും കൊണ്ടുനിന്നോളണം എന്നു പറഞ്ഞ് അതിക്രമങ്ങളെ സാമാന്യവൽക്കരിക്കുന്നത് കാണാം. ഇതിൽ പോലും വിഷം വീണ പാലിലേക്ക് നോക്കി പാലിന്റെ കുറ്റം കൊണ്ടാണ് വിഷം വീണത് എന്ന് പറയുന്നതുപോലെ കൊല്ലപ്പെട്ടവരെയും തല്ലു കൊള്ളുന്നവരെയും കുറ്റപ്പെടുത്തുന്നതിലാവും പലരുടെയും ശ്രദ്ധ.
എന്തുകൊണ്ടാണത്?
കാരണം നമ്മുടെ കാഴ്ചശീലങ്ങളിൽ ഇപ്പോഴും ഉള്ളത് കലിപ്പനും കാന്താരിയുമാണ്.
താൽപര്യമില്ല എന്നു പറഞ്ഞിട്ടും പിന്നാലെ തുരത്തി നടന്നു പ്രേമിക്കുന്നതും സമ്മതമില്ലാതെ ഉമ്മ വെക്കുന്നതും ഒക്കെ മഹത്വവൽക്കരിക്കുന്ന സിനിമകൾക്ക് കയ്യടിക്കുന്ന നിർദയ മനുഷ്യരുടെ സമൂഹമാണ് നമ്മുടേത്.
ഇനി തല്ലുന്നതും കൊല്ലുന്നതും ടോക്സിക് ആണെന്ന് തിരിച്ചറിയുന്നവർ പോലും പലപ്പോഴും ബന്ധങ്ങളിലെ പല നടപ്പുരീതികളും ടോക്സിക് ആണെന്ന് തിരിച്ചറിയില്ല. പ്രത്യേകിച്ച് പ്രണയത്തിൽ..
പ്രണയത്തിൽ സംഭവിക്കുന്നത് എന്താണ്?
പ്രണയം എന്നുപറയുന്ന അവസ്ഥയിൽ അടുപ്പത്തിന്റെയും അഭിനിവേശത്തിന്റെയും സമർപ്പണത്തിന്റെയും ഭാവങ്ങൾ ഉണ്ട്. പലപ്പോഴും ടോക്സിക് ആവുന്ന വ്യക്തി മുതലെടുക്കുന്നതും ഇതു തന്നെയാവും. പല ടോക്സിക് പെരുമാറ്റവും അവർ സ്വയം ന്യായീകരിക്കുന്നത് ഇതൊക്കെ ചൂണ്ടിക്കാണിച്ചിട്ടാവും. ഉദാഹരണത്തിന്
''അടുപ്പം ഉള്ളതുകൊണ്ടല്ലേ സമ്മതം ചോദിക്കാതെ ഞാൻ ഉമ്മ വച്ചത്?''
''അല്ലെങ്കിൽ പ്രണയമെന്നാൽ സമർപ്പണം(കമ്മിറ്റ്മെന്റ്) ആണ്, അതുകൊണ്ട് നിന്റെ പാസ്വേഡ് അറിയാൻ എനിക്ക് അവകാശമുണ്ട്''
''അഭിനിവേശം(പാഷൻ) കൂടുതൽ ഉള്ളതുകൊണ്ട് നിന്നോട് വേറെ ആരെങ്കിലും സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല''
ഇത്തരം ഡയലോഗടികളിലൂടെയാണ് വിഷലിപ്ത ബന്ധങ്ങൾ, പ്രണയമെന്ന ആട്ടിൻതോൽ അണിഞ്ഞു വരുന്നത്.
ഇവയെ എങ്ങനെ തിരിച്ചറിയാം ?
പങ്കാളിയോടൊത്തു സമയം പങ്കിട്ട ശേഷം മാനസികമായി തളർന്നതുപോലെയോ സന്തോഷം നഷ്ടപ്പെട്ടതുപോലെയോ നിരന്തരമായി തോന്നുക എന്നതാണ് പ്രധാനപ്പെട്ട ലക്ഷണം.
അവരുമായി ഇടപെടുന്നതോർക്കുമ്പോൾ തന്നെ നിങ്ങൾക്ക് സ്ഥിരമായി ആശങ്ക തോന്നുക, അവരുമായി ഇടപെട്ടുകൊണ്ടിരിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചു പോയേക്കാവുന്ന ബോംബിനരികിലുള്ളതു പോലെ പേടി തോന്നുക എന്നതൊക്കെയാണ് മറ്റ് സൂചനകൾ. അപകടം നടക്കുമ്പോൾ ഫയർ എഞ്ചിൻ സൈറൻ മുഴുകുന്നതുപോലെ, അസുരക്ഷിതമായ സാഹചര്യത്തിൽ നിങ്ങൾ പെട്ടിരിക്കുകയാണ് എന്നതിന് തലച്ചോർ നൽകുന്ന അപായ സൂചനയാണ് ഈ പേടിയും ആശങ്കയുമൊക്കെ.
ഇനി ഈ വിഷമതകൾ കാരണം അവരോട് പ്രശ്നം പങ്കുവെക്കാൻ ശ്രമിച്ചാലോ? അവസാനം വാദിയെ പ്രതിയാക്കുന്നതുപോലെ നിങ്ങളെ തന്നെ കുറ്റപ്പെടുത്തും. ഉദാഹരണത്തിന് അവർ കത്തികൊണ്ടു നിങ്ങളെ കുത്തി എന്നിരിക്കട്ടെ, അതു നിങ്ങളുടെ കുറ്റം ആണെന്ന് പറയുക മാത്രമല്ല, നിങ്ങളെ കുത്താൻ കത്തി പിടിച്ചതുകൊണ്ട് അവർക്ക് ഉണ്ടായ അസൗകര്യത്തിന്റെ കാരണം നിങ്ങൾ ആണെന്നു വരെ പറഞ്ഞു കളയും, അതിന് വേണ്ടി അവരുടെ കാലിൽ പിടിച്ച് മാപ്പു പറയണമെന്നു വരെ നിങ്ങളോട് വാശിപിടിക്കാം. അങ്ങനെ പ്രശ്നം നിങ്ങൾക്കാണെന്ന് നിങ്ങളെ കൊണ്ടുതന്നെ തോന്നിപ്പിക്കുന്ന തരത്തിൽ മാനിപ്പുലേറ്റ് ചെയ്യുകയും അങ്ങനെ നിങ്ങളുടെ മനോനിലയെ നിങ്ങളെകൊണ്ടുപോലും ചോദ്യം ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ കൊണ്ട് എത്തിക്കും. മനശ്ശാസ്ത്രത്തിൽ ഈ രീതിക്ക് ഗ്യാസ്ലൈറ്റിങ് എന്നു പറയും. നിങ്ങളുടെ യഥാർഥ്യത്തെ പോലും അവിശ്വസിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളുടെ മനോനിലയെ തകിടം മറിക്കുകയാണ് ഇതിൽ സംഭവിക്കുന്നത്.
ഇത്രയൊക്കെ ടോക്സിക് രീതികൾ വ്യക്തമായിട്ടും ഈ ബന്ധം പ്രശ്നമാണെന്നുള്ള തിരിച്ചറിവ് വരാൻ വൈകിയത് എന്തായിരുന്നു എന്നു സ്വയം കുറ്റപ്പെടുത്തുന്നവർ ഉണ്ട്. സത്യം എന്താണെന്നാൽ അഴിയും തോറും മുറകുന്ന കുരുക്കു പോലെയാവും പല ടോക്സിക് പ്രണയങ്ങളും.
പ്രാവിന് അരി വിതറുന്നതുപോലെ, ചിലസമയത്ത് ഇവർ സ്നേഹം പ്രകടിപ്പിക്കും, അതിൽ നിങ്ങൾക്ക് ഇഷ്ടവും ഉള്ള കാര്യങ്ങളൊക്കെ ചെയ്തേക്കാം, കേൾക്കാൻ ആഗ്രഹമുള്ള കാര്യങ്ങൾ പറഞ്ഞേക്കാം, എന്നാൽ പ്രവർത്തിയിൽ അത് പ്രതിഫലിക്കില്ല. അതുമാത്രമല്ല നിങ്ങൾക്ക് ദ്രോഹമാകുന്ന ടോക്സിക് കാര്യങ്ങൾ മാറ്റാൻ ഉള്ള ശ്രമം പോലും നടത്തണം എന്നില്ല. വീണ്ടും കഥ പഴയപോലെ തുടരും.
ഇതിങ്ങനെ ചക്രം പോലെ കറങ്ങിക്കൊണ്ടിരിക്കും, ഇരുളും വെളിച്ചവും മാറി വരുന്നത് പോലെ അവർ വളരെ മോശമായി പെരുമാറുന്നതിനൊപ്പം ഇടയ്ക്കിടെ നന്നായി പെരുമാരിക്കൊണ്ടിരിക്കും. ഈ ബന്ധങ്ങളിൽ നമുക്ക് തോന്നുന്ന മാനസിക വിധേയത്വത്തിനെ മനശ്ശാസ്ത്രത്തിൽ ട്രോമ ബോണ്ടിങ് എന്നാണ് പറയുന്നത്. ഇതുകൊണ്ടാണ് പലരും ഇങ്ങനെയുള്ള ബന്ധങ്ങളിൽ നിന്ന് പിന്മാറാൻ ശ്രമിച്ച് പരാജയപ്പെട്ട് വീണ്ടും തിരിച്ചു പോകുന്നത്. ശരാശരി 7 ശ്രമങ്ങൾക്കു ശേഷമാണ് ഒരു വ്യക്തിക്ക് ഇതിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നത് എന്നാണ് പാശ്ചാത്യ രാജ്യങ്ങളിൽ നടത്തിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഭർത്താവിന്റെ കൂടെ ചിതയിൽ ചാടി മരിക്കുന്നതാണ് പുണ്യം എന്നു കരുതുന്ന ഇന്ത്യൻ സമൂഹത്തിൽ സ്ഥിതി കൂടുതൽ ഭീകരമാണ്.
ഈ ചക്രവ്യൂഹത്തിൽ നിന്ന് രക്ഷപ്പെടുന്നതെങ്ങനെ?
നിങ്ങൾക്ക് തോന്നുന്ന ആശങ്കയും ഭയവും ഒക്കെയാണ് ചൂണ്ടുപലകകൾ, ചുറ്റും ഇരുട്ട് പരക്കുമ്പോൾ അതിനെക്കുറിച്ച് സൂചനകൾ തരുന്ന വഴിവിളക്കുകൾ ആണവ.
സാമ്പത്തിക സാമൂഹിക സുരക്ഷിതത്വം ഉണ്ടെങ്കിൽ ഇത്തരം ബന്ധങ്ങളെ അതിജീവിക്കുന്നതിന് സഹായകമാവും. ഭൂമി കുലുക്കം ഉണ്ടാവുമ്പോൾ സുപ്രസിദ്ധമായ, തലയ്ക്ക് മുകളിൽ ഇടിഞ്ഞു വീഴാത്ത സ്ഥലങ്ങൾ തേടുന്നതുപോലെ നിങ്ങളുടെ മാനസികനിലയ്ക്ക് സുരക്ഷിതത്വം പകരുന്ന ഇടങ്ങൾ തേടാൻ ശ്രമിക്കുക എന്നതാണ് അടുത്ത പടി.
ചില സാഹചര്യത്തിൽ ഇതിനുപോലും കഴിയാതെ തകർന്ന അവസ്ഥയിൽ ആയിരിക്കും. അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ ജീവിതത്തിൽ സഹാനുഭൂതിയുള്ള മനുഷ്യരുണ്ടെങ്കിൽ അവരെ ഒപ്പം ചേർക്കാം. നിങ്ങളുടെ മാനസികാരോഗ്യത്തിന്റെ നിലയനുസരിച്ച് മനോവിദഗ്ധരുടെ സഹായം തേടാം. ഈ വിഷയത്തിൽ ട്രോഫോക്കസ്ഡ് തെറാപ്പി പോലെയുള്ള എഫിഷ്യൻസി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ടോക്സിക് ബന്ധങ്ങൾ ഏൽപ്പിക്കുന്ന മാനസികാഘാതം ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. അവരുടെ ജീവിതാവസ്ഥകൾ, കുട്ടിക്കാലത്തെ അനുഭവങ്ങൾ, സാമൂഹിക സാഹചര്യം എല്ലാം ഒരു വ്യക്തിയെ ബാധിക്കും. ഉദാഹരണത്തിന് മാതാപിതാക്കളിൽ നിന്നും ചീത്തവിളിയും അടിയും ഒക്കെ നേരിട്ട ഒരു വ്യക്തി ഇതുപോലെ ടോക്സിക് ബന്ധത്തിൽ ഏർപ്പെട്ടാൽ അവർക്ക് അതിനെ അതിജീവിക്കാൻ കൂടുതൽ സമയമെടുക്കും. മുറിവിന്റെ ആഴം കൂടുന്നതനുസരിച്ച് മുറിവുണങ്ങാൻ നേരം എടുക്കുന്നതുപോലെ തന്നെയാണ് ഓരോ മാനസികാഘാതവും.
ടോക്സിക് ബന്ധങ്ങളിലെ ട്രോമ കാരണം സ്വന്തം സ്വത്വം തന്നെ നഷ്ടപ്പെടുന്നവരുണ്ട്. ഈ പ്രശ്നങ്ങളുടെ കുരുക്കിൽ ശ്വാസം മുട്ടി സ്വയം സ്നേഹിക്കാനും അനുകമ്പ കാണിക്കാനും കൂടെ കഴിയാത്തവർ.
ടോക്സിക് ബന്ധങ്ങൾ ഏൽപ്പിക്കുന്ന മുറിവുണങ്ങാൻ തുടങ്ങുന്നത് അവിടെ നിന്നാണ്, സ്വയം അനുകമ്പ കാണിക്കാൻ കഴിയുന്നതിലൂടെ, സ്വയം സ്നേഹിക്കാനും കരുതാനും വീണ്ടും പഠിക്കുന്നതിലൂടെ. സ്വസ്ഥതയും ബഹുമാനവുമില്ലാത്ത ഇടങ്ങളൊന്നും ഒരിക്കലും പ്രണയമാകില്ലെന്ന തിരിച്ചറിവിലൂടെ.
Content Highlights: valentines day, toxic relationship, toxic love signs
Published: 11 Feb 2023, 08:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented