
പ്രണയങ്ങളിൽ പലതും വിവാഹത്തിൽ കലാശിക്കാത്തതും സ്വാർത്ഥതാൽപ്പര്യങ്ങളുടെ അതിപ്രസരത്തിൽ വൈകാരികം മാത്രവുമാകുന്നതാണ് ഒരു പരിധി വരെ സമൂഹത്തിൽ പ്രണയത്തോട് അവമതിപ്പുണ്ടാക്കുന്നത്. പ്രണയത്തിന്റെ സ്വാഭാവികതയേക്കാളുപരി, മേൽപ്പറഞ്ഞവയുടെ അതിപ്രസരം ഒരു സാമൂഹിക പ്രശ്നമാകുന്നതും അക്കാരണം കൊണ്ടുതന്നെ്.
സൗഹൃദങ്ങളും ബന്ധങ്ങളും പൊതുനന്മ ലക്ഷ്യംവെച്ച് നിലനിർത്തുകയും ക്ഷമയോടെ കാത്തിരുന്ന്, പക്വതയിലെത്തുമ്പോൾ മാത്രം പ്രകടിപ്പിക്കുകയും ചെയ്യേണ്ടവയാണ് പ്രണയങ്ങൾ. അതു നടക്കേണ്ടത് ബാല്യത്തിലോ കൗമാരത്തിലോ അല്ല; മറിച്ച് യൗവനത്തിലാണ്. പ്രണയവികാരങ്ങളെ കോൾമയിർ കൊള്ളിക്കുന്ന പ്രണയദിനത്തിനു മുന്നോടിയായി, ലോക വിവാഹദിനം ആചരിച്ചു തുടങ്ങിയത്, ഇതിന്റെ സാമൂഹികമാനം നമ്മെ ചിന്തിപ്പിക്കുന്നതിന് തന്നെയാകണം.
പാശ്ചാത്യവത്ക്കരണത്തിന്റെ സാധുതയെന്നോണം, പ്രണയദിനാഘോഷം സാംസ്‌കാരിക കേരളത്തിലും വ്യാപകമായുണ്ട്. പ്രണയദിനം കൗമാരകാലത്തേയും യൗവ്വനത്തേയും കാര്യമായി സ്വാധീനിക്കുക പതിവുണ്ടെങ്കിലും വിവാഹിതരിൽ ഈ ദിനത്തിന് അത്ര പ്രാധാന്യം കൽപ്പിക്കപ്പെട്ടിട്ടില്ല. അതു കൊണ്ടുതന്നെ വിവാഹിതരിലും പ്രണയാർദ്രത നിലനിർത്തുന്ന സാധ്യത കൂടി പ്രണയദിനത്തിന് അവകാശപ്പെടാനുണ്ടാകണം.
പ്രണയദിനത്തിനു മുന്നോടിയായി ആഗോളതലത്തിൽ 1982 മുതൽ ഫെബ്രുവരി രണ്ടാം ഞായറാഴ്ച, 'We Believe in Marriage day' എന്ന മുദ്രാവാക്യമുയർത്തി ആഘോഷിച്ചു വരുന്നുണ്ട്. ചരിത്രം പരതിയാൽ,ഒരാളുടെ ജീവിതത്തിൽ ഇത്രയേറെ സ്വാധീനം ചെലുത്തുന്ന ഒരു ദിവസം ലോകവ്യാപകമായി ആഘോഷിക്കണമെന്ന ആവശ്യം ആദ്യം ഉയർന്നത് 1981-ൽ ലോസ് ആഞ്ചലസിലെ ബാറ്റൺ റൂഗിൽ ആണ്. വാലന്റയിൻ ദിനം' വി ബിലീവ് ഇൻ മാര്യേജ് ഡേ 'എന്നാക്കണമെന്ന് ഒട്ടേറെ ദമ്പതിമാർ അവിടുത്തെ മേയറോട് ആവശ്യപ്പെട്ടത്രേ. ഇതിന്റെ തുടർച്ചയായാണ് ലോക വിവാഹദിനം 1982 ഫെബ്രുവരി മുതൽ ആഘോഷിച്ചു തുടങ്ങിയത്.
വിവാഹമെന്നത് കേവലമൊരു ആചാരാനുഷ്ഠാനം എന്നതിനപ്പുറം മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെയും കുടുംബത്തിന്റെയും അടിത്തറ കൂടിയാണെന്ന് ആ ദിനം ഓർമ്മിപ്പിക്കുന്നുണ്ട്. ശാരീരികവും മാനസികവുമായ സുഖത്തേക്കാളും സന്തോഷത്തേക്കാളുമുപരി വലിയ സുരക്ഷിതത്വവും ഭദ്രതയും വിവാഹം ഉറപ്പുതരുന്ന ഘടകങ്ങളാണ്. കുടുംബമെന്ന സങ്കൽപ്പം തന്നെ ശിഥിലീകരിക്കപ്പെട്ടതാകാം പാശ്ചാത്യനാടുകളിൽ ഈ ആഘോഷത്തിന് സാംഗത്യമേകിയത്.
കൗമാരം അലയടിക്കുന്ന കലാലയങ്ങൾ പ്രണയമയമാണ്. പക്ഷേ, അവയുടെ സാമൂഹികാന്തരീക്ഷം പരിശോധിച്ചാൽ ചെറു ന്യൂനപക്ഷം പ്രണയങ്ങളെങ്കിലും അവസാനിക്കുന്നത് വയലൻസുകളിലാണ്. പ്രണയത്തിലെ അനിവാര്യതകളായ റോസാപൂക്കളിൽനിന്നും പ്രണയലേഖനങ്ങളിൽനിന്നും എത്ര പെട്ടന്നാണ് ആസിഡും പെട്രോളും തീർക്കുന്ന പ്രണയത്തിന്റെ വന്യസങ്കൽപ്പത്തിലേയ്ക്ക് നാം മാറിപ്പോയത്.
പ്രണയങ്ങളിൽ ഒരു പക്ഷമെങ്കിലും ലൈംഗിക തെരഞ്ഞെടുപ്പ് മാത്രമായി അവശേഷിക്കുന്നതും ഇന്നിന്റെ നേർക്കാഴ്ചയാണ്. പ്രണയം നാമ്പിടുന്ന കലാലയങ്ങളിൽ, പ്രണയകാലമെന്നത് 'വസന്തകാലമെന്ന പ്രണയചിന്ത'ക്കപ്പുറത്ത്'വ്യക്തികളെ പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനുമുള്ള കാലയളവ് കൂടിയാണെന്നും നമ്മുടെ കൗമാരത്തിനും യൗവ്വനത്തിനും പറഞ്ഞു കൊടുക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിന്റെ ആ കാലയളവിൽ ഒരു വ്യക്തിയുടെ സ്വാതന്ത്രത്തെക്കുറിച്ചും പ്രാഥമികവും മൗലികവുമായ അവകാശങ്ങളെക്കുറിച്ചും അവരെ പഠിപ്പിക്കുകയും വേണം.
പൂവനെയും പിടയെയും തരരഞ്ഞെടുക്കുന്ന, തേപ്പുകാരിയെയും തേപ്പുകാരനേയും തിരഞ്ഞെടുക്കുന്ന, ചുള്ളനേയും ചുള്ളത്തിയേയും തിരഞ്ഞെടുക്കുന്ന ഇന്നത്തെ കാമ്പസുകളിലെ വാലന്റൈൻ ദിനാഘോഷങ്ങൾക്കപ്പുറത്തേക്ക് പക്വവും ധാർമ്മികതയുടെ പരിഛേദവുമുള്ള പ്രണയദിനാഘോഷങ്ങൾ വളരേണ്ടതുണ്ടെന്ന് ചുരുക്കം. അതുകൊണ്ടുതന്നെ, നമുക്കാവശ്യം പ്രണയദിനം തീർക്കുന്ന നിറങ്ങളുടെ പ്രസരണമല്ല; മറിച്ച് പക്വതയോടെയും സാമൂഹികബോധത്തോടെയും ധാർമ്മികതയോടെയുമുള്ള കാഴ്ചപ്പാടുകളാണ്. പ്രണയം, അത്തരത്തിലെങ്കിൽ കുടുംബവും സമൂഹവും ഏറ്റെടുക്കുമെന്ന് തീർച്ച.
Content Highlights: love,Marriage day,valentine's day 2023
Published: 13 Feb 2023, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented