
പാതി വഴിയില്‍ അവസാനിച്ച പ്രണയയാത്രയിലെ നായികയാണ് ഡോ. ഷാനു ഷൈജല്‍. പഠിക്കുന്ന കാലത്ത് ഹോസ്റ്റല്‍ മുറിയില്‍ വെച്ച് ഷാനു കേട്ടൊരു പേരായിരുന്നു ഷൈജലിന്റേത്, സ്വര്‍ണവ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് പാലേരി പാറക്കടവില്‍ ഷൈജല്‍ കാലം പിന്നിട്ടപ്പോള്‍ ഷാനുവിന്റെ ജീവിന്റെ തന്നെ പാതിയായി, പ്രണയം തോരാത്ത 15 വര്‍ഷങ്ങള്‍ അവര്‍ പങ്കിട്ടെടുത്തു.
നിനച്ചിരിക്കാത്ത നേരത്ത് ഒരു പാതിരാത്രിയില്‍ ഷാനുവില്‍ നിന്ന് ഷൈജലിനെ കാന്‍സര്‍ എന്നെന്നേക്കുമായി തട്ടിയെടുത്തു. കാന്‍സറിനെ കീഴടക്കി തിരിച്ചു വരുമ്പോള്‍ ഇന്നസെന്റ് എഴുതിയ പോലെ ഒരു പുസ്തകം എഴുതണമെന്ന് ഷൈജലിന് ഒരു ആഗ്രഹം ഉണ്ടായിരുന്നു.
മരണം തോല്‍പ്പിച്ചാലും നിന്നെ ഞാനിവിടെ ജീവിപ്പിച്ച് നിര്‍ത്തുമെന്ന വാശിയില്‍ ഡോ.ഷാനു ഒരു പുസ്തകം എഴുതി ,ഷൈജലിനെക്കുറിച്ച് ബന്ധുക്കളും സുഹൃത്തുക്കളും എഴുതിയ ഓര്‍മക്കുറിപ്പുകള്‍ ചേര്‍ത്തുവെച്ചൊരു പുസ്തകം. ഷൈജല്‍ 1981-2021 എന്ന പേരില്‍ കോഫീ ടേബിള്‍ പുസ്തകം 2022 ഒക്ടോബര്‍ 17-ന് ഭര്‍ത്താവിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ഷാനു പുറത്തിറക്കി.
ഹോമിയോ ഡോക്ടറായ ഷാനുവിന്റെ ക്ലിനിക്കിലേക്ക് കയറുന്നവരെ വരവേല്‍ക്കുന്നത് ഈ പുസ്തകമാണ്. കാന്‍സര്‍ രോഗ ചികിത്സയ്ക്കിടയില്‍ ഡോ.ശ്രിലേഷിനോട് ഇല്ല ഞാന്‍ തോറ്റിട്ടില്ലെന്ന് ഷൈജല്‍ പലവട്ടം പറഞ്ഞത് ഈ പുസ്തകത്തിന്റെ താളുകള്‍ മറിയ്ക്കുമ്പോള്‍ കേള്‍ക്കാം എന്ന് ഷാനു പറയുന്നു. ഷൈജലിനെ പുസ്തകത്തിലൂടെ വീണ്ടെടുത്തെങ്കിലും ഷാനു പറയും ഷൈജലിനോടുള്ള പ്രണയം ഞാനിനിയും പറഞ്ഞു തീര്‍ന്നിട്ടില്ലെന്ന്....
റൂംമേറ്റിന്റെ കസിന്‍ ഷേല്‍ക്ക
പ്ലസ്റ്റു കാലം കഴിയുന്നവരെ റൂംമേറ്റ് സബീലയ്ക്ക് മനോഹരമായി കത്തുകളെഴുതുന്ന അവളെ ഹോസ്റ്റലില്‍ കൊണ്ടു വിടുന്ന അവളുടെ പ്രിയപ്പെട്ട സഹോദരനായിരുന്നു ഷേല്‍ക്ക. ഞാന്‍ തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കല്‍ കോളേജില്‍ പഠനം തുടങ്ങിയ ശേഷം കോഴിക്കോട്ടെ ഒരു റെസ്റ്റോറന്റില്‍ വെച്ചാണ് ഷേല്‍ക്കയെ ആദ്യമായി കാണുന്നത്. ഫോട്ടോയില്‍ കണ്ടുപരിചയം ഉള്ള ആളെ ഞാന്‍ തിരിച്ചറിഞ്ഞു. ആ അടുപ്പം പ്രണയമായി, വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
കാന്‍സറിനോട് പോരാടിയ ഏഴ് മാസം
എന്റെ എക്കാലത്തേയും വലിയ സ്വപ്നമായിരുന്നു കോഴിക്കോട് ലിങ്ക് റോഡിലെ ക്ലിനിക്ക്, ഷൈജല്‍ തന്നെ മുന്നില്‍ നിന്ന് ആ ക്ലിനിക്ക് യാഥാര്‍ത്യമാക്കി തന്നു. അതിന്റെ തിരക്കുകള്‍ക്കിടയില്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒക്കെ പറയുമായിരുന്നു. അതുവരെ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരുന്ന സന്തോഷം മങ്ങിത്തുടങ്ങിയത് അവിടെ മുതലാണെന്ന് പറയാം, 2021 മാര്‍ച്ച് ഒമ്പതിനാണ് ബയോപ്‌സിയുടെ റിസള്‍ട്ട് വന്നത്.
അന്നുമുതല്‍ മരിക്കുന്നതുവരെയുള്ള ഏഴ് മാസക്കാലം വളരെ കോണ്‍ഫിഡന്റായി കാന്‍സറിനോട് പോരാടിയ ആളായിരുന്നു ഷൈജല്‍. രോഗം മൂര്‍ച്ഛിച്ചപ്പോളും തിരിച്ചു ജീവിതത്തിലേക്ക് വരുമെന്നും അതുകൊണ്ട് രോഗ വിവരം പുറത്ത് പറഞ്ഞ് ബന്ധുക്കളെയൊന്നും വിഷമിപ്പിക്കരുതെന്നും ഷൈജലിന് നിര്‍ബന്ധം ഉണ്ടായിരുന്നു. എനിക്കും ഷൈജലിനും ഡോക്ടര്‍ക്കും പിന്നെ ഒരു അടുത്ത സുഹൃത്തിനും മാത്രം അറിയാവുന്ന രഹസ്യം.
ഉള്ളില്‍ ഒരു തീ ആളിക്കത്തുന്നുണ്ടെങ്കിലും മക്കളുള്‍പ്പടെ എല്ലാവരുടേയും മുന്നില്‍ ചിരിച്ച് കാണിക്കാന്‍ ഞാന്‍ ഒരുപാട് പാടുപെട്ടിട്ടുണ്ട്. ആ സമയത്താണ് ഷൈജല്‍ പുസ്തകങ്ങളോട് കൂടുതല്‍ അടുത്തതും. ഇന്നസെന്റിന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം വായിച്ച് പറയുമായിരുന്നു നമുക്കും ഇതുപോലെ ഒരു പുസ്തകം ഇറക്കണം.
എങ്ങനെയാണ് നമ്മള്‍ കാന്‍സറിനെ അതിജീവിച്ചത് എന്നത് ബാക്കി ഉള്ളവര്‍ക്ക് ഒരു പ്രചോദനം ആവണം എന്നൊക്കെ. പുസ്തകത്തില്‍ ചേര്‍ക്കാന്‍ ഓരോ കീമോയും കഴിഞ്ഞുവരുമ്പോള്‍ എന്നെക്കൊണ്ട് ഫോട്ടോസ് എടുപ്പിക്കുമായിരുന്നു. ആ ആഗ്രഹം പ്രതീക്ഷയും ബാക്കി വെച്ചാണ് ഷേല്‍ക്ക പോയത്.
മകന്റെ ജന്മദിനത്തില്‍ പ്രിയപ്പെട്ടവന്റെ വിയോഗം
മകന്റെ പത്താമത്തെ ജന്മദിനവും ഷൈജലിന്റെ അവസാനത്തെ കീമോയും. പെട്ടന്ന് ഐസിയുവില്‍ കയറി കണ്ടോളാന്‍ ഡോക്ടര്‍ പറഞ്ഞു. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ കേള്‍ക്കാന്‍ പറ്റുമോ എന്ന് ഡോക്ടറോട് ചോദിച്ചപ്പോള്‍ പറഞ്ഞോളാന്‍ ഡോക്ടര്‍ പറഞ്ഞു. ഐ ലവ് യൂ , YOU ARE THE BEST MAN I HAVE EVER MET എന്നായിരുന്നു അന്നേരം ഞാന്‍ ഉറക്കെ പറഞ്ഞത്.
ഡോക്ടര്‍ മുറിയില്‍ നിന്ന് എല്ലാവരോടും ഇറങ്ങാന്‍ പറഞ്ഞപ്പോളും ഷൈജല്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. പെട്ടന്ന് ഇസിജി മോണിറ്ററിലെ വരകള്‍ നേരെയായി, ഷേല്‍ക്കാ പോയി. മുപ്പത്തിയൊമ്പാമത്തെ വയസ്സില്‍. പുറത്തിറങ്ങുമ്പോള്‍ ആശുപത്രി വരാന്തയില്‍ മോനുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അതേ ദിവസം അതേ ഹോസ്പിറ്റലില്‍ വെച്ച് ഡോക്ടര്‍മാര്‍ ഷൈജലിന്റെ കയ്യില്‍ വെച്ചുകൊടുത്ത മകന്‍, കൂടെ മരണത്തിന്റെ ആഴം തിരിച്ചറിയാനാവാത്ത പ്രായത്തിലുള്ള മകളും. അന്ന് ഷൈജലിന്റെ ശരീരവുമായി ആംബുലന്‍സില്‍ കുറ്റ്യാടിയിലെ വീട്ടിലേക്ക് പോവുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നത് കല്യാണം കഴിഞ്ഞ ദിവസം ഷൈജലിന്റെ വിട്ടിലേക്കുളള ആദ്യത്തെ യാത്രയായിരുന്നു.
ഷൈജല്‍ 1981-2021
ഷേല്‍ക്ക പോയി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ജനുവരിയില്‍ മകന് ഒരു അപകടം പറ്റി, അങ്ങനെ കുറച്ചധികം പ്രയാസപ്പെടേണ്ടി വന്നു എനിക്ക് അതിജീവിക്കാന്‍. ഏപ്രിലില്‍ എഴുത്തും വായനയും ഇഷ്ടമുള്ള കൂട്ടത്തിലായിരുന്നു ഞാന്‍ എന്റെ വേദനകളില്‍ നിന്നുള്ള മോചനം കൂടിയായിരുന്നു എനിക്ക് എഴുത്ത്. ഷേല്‍ക്ക ആഗ്രഹിച്ചത് പോലെ കാന്‍സറിനെ പൊരുതി തോല്‍പ്പിച്ചതോ എഴുതാന്‍ കഴിഞ്ഞില്ല.
എന്നാല്‍ പിന്നെ കാന്‍സറുമായി ഞങ്ങള്‍ പോരാടിയ കാലത്തേയും ഞാന്‍ എന്ന മനുഷ്യന്‍ ആ കാലത്തേയും അതു കഴിഞ്ഞുള്ള ദുരന്ത കാലത്തേയും എങ്ങനെ അതിജീവിച്ചു എന്നതും എഴുതണം എന്ന് തോന്നി. ജീവിതത്തില്‍ തളര്‍ന്നുപോയവര്‍ക്ക് തിരിച്ചു വരാന്‍ അത് എന്തെങ്കിലും സഹായമാവുമെങ്കില്‍ പ്രചോദനം ആവുമെങ്കില്‍ അതാവണം എന്നൊക്കെയുള്ളതുകൊണ്ടാണ് പുസ്തകം എഴുതാന്‍ തീരുമാനിച്ചത്.
പക്ഷെ എന്റെ ഓര്‍മ മാത്രം വെച്ച് എഴുതിയാല്‍ അത് എത്രത്തോളം വിജയം ആവും അങ്ങനെ ഒക്കെ ചിന്തിച്ചപ്പോളാണ് ഷൈജലിന് അടുപ്പമുള്ളവരുടെ ഓര്‍മക്കുറിപ്പുകള്‍ കൂടി സമന്വയിപ്പിച്ച് ഒരു പുസ്തകം എഴുതാന്‍ തീരുമാനിച്ചത്. ഷൈജല്‍ എന്ന മനുഷ്യനെ അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെ വാക്കുകളിലൂടെ വരച്ചിടുന്ന ഒരു പുസ്തകം. സ്വര്‍ണവ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഷേല്‍ക്ക മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പോലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
അങ്ങനെ 169 പേരുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്റെ കൈകളിലേക്ക് എത്തി.കാന്‍സറിനെ തുരത്തിയോടിച്ച് കഴിഞ്ഞ് എഴുതാന്‍ വെച്ച പുസ്തകത്തില്‍ ചേര്‍ക്കാന്‍ ഷൈജല്‍ നിരന്തരം ഫോട്ടോകള്‍ എടുപ്പിക്കുമായിരുന്നു ആ ഫോട്ടോകളെല്ലാം തപ്പിയെടുത്തു. ഷൈജല്‍ 1981-2021 എന്ന പേരിട്ട പുസ്തകം 2022 ഒക്ടോബര്‍ 17-ന് ഭര്‍ത്താവിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ പുറത്തിറക്കി. എന്റെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരം....
Content Highlights: love story, true love, dr shanu shaijal, lifestory,book,valentine's day 2023
Published: 13 Feb 2023, 06:33 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented