പഠനം ഒക്കെ ഒരു വഴിക്കായി ഒരു ജോലിയില്‍ കയറിയപ്പോഴാണ് ഇനിയെങ്കിലും ഒന്നു പ്രണയിക്കണം എന്ന കലശലായ മോഹം തലയിലുദിച്ചത്. കൂട്ടുകാര്‍ക്കെല്ലാം പ്രണയമുണ്ട് , അപ്പോള്‍ എനിയ്ക്കും വേണം ഒന്ന്. ഇനി വൈകിച്ചാല്‍ ശരിയാവില്ല. പ്രണയിച്ച് തന്നെ കല്യാണം കഴിയ്ക്കണമെന്ന് എന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്. ഇനി സമയം കളയാനില്ല.

To advertise here,

ചിന്ത തീവ്രമായിക്കൊണ്ടിരുന്നു. തക്ക സമയത്ത് മുന്നിലൊരു പാവപ്പെട്ടവന്‍ എന്നു തോന്നുന്നവന്‍ വന്നു ചാടുകയും ചെയ്തു. അവനോട് കയറി ' ഐ ലവ് യൂ ' പറഞ്ഞു. അവന് ഒന്നാലോചിക്കാന്‍ പോലും സമയം കിട്ടിയില്ല. പെട്ടുപോയ പോലെയായി അവനും. 

എന്നാലും അവന്‍ പച്ചക്കൊടി കാണിച്ചു. പിന്നെ സുന്ദര സുരഭില പ്രേമത്തിന്റെ നാളുകളായിരുന്നു. അവന് വേണ്ടി പ്രേമലേഖനങ്ങള്‍ എഴുതുക, ഗിഫ്റ്റുകള്‍ വാങ്ങുക... തുടങ്ങിയ കലാപരിപാടികളൊക്കെ തകൃതിയായി നടന്നു. 'മാംസനിബദ്ധമല്ല രാഗം' ഞാന്‍ ഇടയ്ക്കിടെ അവനെ ഓര്‍മിപ്പിച്ച് ഞാന്‍ കുമാരനാശാനാകും.

അവന് പ്രധാനമായും മൂന്ന് ഡ്യൂട്ടിയാണ് ഞാന്‍ അസൈന്‍ ചെയ്തത്.
1) എന്റെ പിറകെ അല്ലെങ്കില്‍ കൂടെ നടക്കുക
3) താത്വിക ചര്‍ച്ചകള്‍ ചെയ്ത് എന്റെ ജനറല്‍നോളജ് കൂട്ടുക
2) എനിയ്ക്കിടയ്ക്കിടെ ചായ, ജ്യൂസ്, മറ്റ് റിഫ്രഷ്‌മെന്റ്‌സ് വാങ്ങി തരിക.

ഒരു ചെറിയ പണിയില്‍ ജീവിതം കൂട്ടിക്കെട്ടാന്‍ പാടുപെട്ട അവന്റെ തലയില്‍ ഞാനെന്ന വയ്യാവേലി കൂടിയായി. അവനിതൊക്കെ എങ്ങനെ താങ്ങും എന്ന ചിന്ത ഇടയ്ക്കിടെ മനസ്സില്‍ പൊന്തിവന്നപ്പോഴൊക്കെ അതിന്റെ തലയ്ക്കിട്ട് അപ്പോ തന്നെ കൊട്ടി. അങ്ങനെ കാലചക്രം മുന്നോട്ടുരുണ്ടു. വിപണി പിടിച്ചു കുലുക്കി രണ്ട് വാലന്‍ന്റൈന്‍സ് ദിനങ്ങള്‍ കടന്നുപോയി.

അവന് സമ്മാനം വാങ്ങാന്‍ എന്റെ ചിട്ടിപ്പണം മുഴുവന്‍ ഉപയോഗിച്ചു. അങ്ങനെയിരിക്കുമ്പോഴാണ അവന്റെ 'കാമുകിയുടെ ' കത്തെനിക്ക് കിട്ടുന്നത്. അവന്റെ ജോലി സ്ഥലത്തെ ചുറ്റിക്കളികള്‍ എങ്ങനെയോ ' യഥാര്‍ത്ഥ കാമുകി ' അറിഞ്ഞിരിക്കുന്നു. അവരുടെ കല്യാണം രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് ജോലിത്തിരക്കെന്നും പറഞ്ഞ് മുങ്ങിയതാണത്രേ ഈ കാമുകന്‍. 

പിന്നെ ആ വഴിക്ക് പോയിട്ടില്ലത്രേ. സംശയമുണ്ടെങ്കില്‍ അവന്റെ സുഹൃത്തുക്കളോട് ചോദിയ്ക്കാനും നിര്‍ദേശമുണ്ട്. കേട്ടപാതി കേള്‍ക്കാത്തപാതി ഞാനവന്റെ സുഹൃത്തുക്കളോട് സംസാരിച്ച് കാമുകിയുടെ നമ്പര്‍ തപ്പിയെടുത്തു. അരമണിക്കൂര്‍ അവളോട് സംസാരിച്ചു കഴിഞ്ഞപ്പോള്‍ 'ആ പാവം കാമുകി ' പെട്ടിരിക്കുകയാണെന്ന് മനസിലായി. ആ ' പാവപ്പെട്ടവന്റെ' തനിനിറം പതിയെ വ്യക്തമായി വന്നു.

ഒടുവില്‍ ഞാന്‍ അവളുടെ രക്ഷാകര്‍ത്താവാകാന്‍ അങ്ങുതീരുമാനിച്ചു. അവനെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. അവളെ പറ്റി അവനോട് സംസാരിച്ചു. ഞാന്‍ ചോദിച്ച മാത്രയില്‍ എല്ലാം അവന്‍ സമ്മതിച്ചു. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഇക്കഥ പറയാനായില്ലെന്ന് പറഞ്ഞ് ഏങ്ങലടിച്ചുകരഞ്ഞ അവന് ഞാന്‍ തന്നെ ടിഷ്യു പേപ്പര്‍ എടുത്തു കൊടുത്തു സഹായിച്ചു.

അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ അടുത്തുള്ള രജിസ്ട്രാപ്പീസില്‍ വെച്ച് അവരുടെ കല്യാണം നടത്തി. ഒന്നാം സാക്ഷിയായി ഞാന്‍ തന്നെ ഒപ്പിട്ടു. അങ്ങനെ ഒരു പ്രണയത്തിന് ശുഭാന്ത്യമായി. തിരിച്ചു ഹോസ്റ്റലിലേയ്ക്ക് മംഗളംപാടി നടക്കുമ്പോള്‍ എനിയ്ക്കും വല്ലാത്ത നിര്‍വൃതി. വല്ല കാര്യമുണ്ടായിരുന്നോ എനിക്ക് ആ ഊളനെ പ്രേമിക്കാന്‍.

സമയനഷ്ടം, ധനനഷ്ടം മാനഹാനി.... ഇനി എന്തൊക്കെ കേള്‍ക്കേണ്ടിവരുമോ ആവോ .... അവനെന്നെ തേച്ചതാണല്ലോ, ആലോചിച്ചപ്പോള്‍ അങ്ങനെയും തോന്നി. അങ്ങനെ എല്ലില്‍ പിടിച്ച പ്രണയമൊന്നും എനിക്കവനോട് ആദ്യം മുതലേ തോന്നിയിരുന്നില്ല. അവന്‍ പോയത് നന്നായി. 

കുണുക്കിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും.. പണ്ടാരാണ്ടോ അങ്ങനെയെന്തോ പറഞ്ഞിട്ടുണ്ടല്ലോ...എന്തായാലും സാഹചര്യങ്ങളെ സംയമനത്തോടനേരിടുക തന്നെ. പണ്ട് മോട്ടിവേഷന്‍ ക്‌ളാസില്‍ കേട്ടതൊക്കെ ഓര്‍മിച്ചു. ദീര്‍ഘശ്വാസം വിട്ടു. വല്ലാത്ത ആത്മവിശ്വാസം തോന്നി.കോപ്പ് .... റോഡില്‍ കിടന്ന കൊച്ചുതടി കഷ്ണം ഞാന്‍ ആഞ്ഞുചവിട്ടിത്തെറിപ്പിച്ചു. (അതായിരുന്നു ആ കഥയിലെ വഴിത്തിരിവ് ! ).അത് കൃത്യം ലവന്റെ വണ്ടിയില്‍ തന്നെ കൊണ്ടു , സ്‌കൂട്ടറില്‍ വന്ന എന്റെ ഭാവി ഭര്‍ത്താവിന്റെ ...അങ്ങനെ കഥകളതിസാഗരമുണ്ടായി.

(ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടൊ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അങ്ങ് സഹിച്ചേക്കുക)