തിരുവനന്തപുരം: വയനാട് പാക്കേജ് പോലും പരിഗണിക്കാതെ കേരളത്തെ അവഗണിക്കുന്ന തരത്തിലുള്ള ബജറ്റ് നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. രാഷ്ട്രീയ താത്പര്യങ്ങൾക്കുപരി എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കണമായിരുന്നു എന്നും മന്ത്രി പറഞ്ഞു.

To advertise here,

'മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിനും നേരത്ത അവതരിപ്പിച്ച ബജറ്റുകളുടെ സ്വഭാവത്തില്‍ നിന്ന് വലിയ മാറ്റമില്ലായെന്ന് തന്നെയാണ് പുതിയ ബജറ്റും സൂചിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും തുല്യസമീപനം സ്വീകരിക്കുന്നില്ല. രാഷ്ട്രീയമായി താത്പര്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നു മറ്റുള്ള സ്ഥലങ്ങളില്‍ ഒന്നും ചെയ്യുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ന്യായമായ പ്രതീക്ഷ ചില കാര്യങ്ങളിലുണ്ടായിരുന്നു. വയനാട് പാക്കേജും വിഴിഞ്ഞവുമുള്‍പ്പടെ കേരളത്തിന് കിട്ടേണ്ട സാമ്പത്തിക കാര്യങ്ങളില്‍ ഒരു ചര്‍ച്ചയുമുണ്ടായില്ല. പൊതുവില്‍ കേരളത്തോട് ബജറ്റിലുണ്ടായ സമീപനും അങ്ങേയറ്റം നിരാശാജനകമാണ്.' 

'എല്ലാം തുല്യമാവണമെന്ന് പറയുന്നില്ല. എന്നാല്‍ ആ വീതംവെപ്പില്‍ വല്ലാത്ത വ്യത്യസ്തതകളുണ്ടെന്ന് കണക്ക് കാണിക്കുന്നു. പ്രാദേശികവാദമുന്നയിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍. ബിഹാറിലും ഡല്‍ഹിയിലും തിരഞ്ഞെടുപ്പ് വരുന്നുണ്ട്. അതുകൊണ്ട് രാഷ്ട്രീയപരമായ ചില തീരുമാനങ്ങളുണ്ടായേക്കാം. എന്നാല്‍ വയനാട് ദുരന്തത്തിന് പ്രത്യേക പരിഗണന, വിഴിഞ്ഞം പോലെ ഇന്ത്യക്കാകെ ഗുണം ചെയ്യുന്ന പദ്ധതിക്ക് പ്രത്യേക പരിഗണന അങ്ങനെ പൊതുവില്‍ ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങളെ പറ്റി ഒന്നും പറഞ്ഞില്ല എന്നത് ദുഃഖകരവും പ്രതിഷേധാർഹവുമാണ്. ആ കാര്യത്തില്‍ തിരുത്തലുണ്ടാക്കുമെന്നാണ് പ്രതീക്ഷ.'

'ബജറ്റിന്റെ പൊതുവായ സമീപനം നോക്കുമ്പോള്‍ കേരളത്തെ പറ്റി ഏത് റിപ്പോര്‍ട്ട് എടുക്കുമ്പോഴും നല്ല കാര്യങ്ങളല്ലാതെ പറയാന്‍ പറ്റുന്നില്ല. സുസ്ഥിരവികസനത്തെയും മാലിന്യ നിര്‍മാര്‍ജനത്തെയും ഭൂവിനിയോഗത്തെയും സംബന്ധിച്ച കണക്കുകളെല്ലാം കേരളത്തിനനുകൂലമാണ്. രാജ്യത്താകെയുള്ള സാമ്പത്തികവളര്‍ച്ച നോക്കുമ്പോള്‍ ആ ശതമാനത്തേക്കാളും മെച്ചപ്പെട്ടതാണ് കേരളത്തിനുണ്ടായ വളര്‍ച്ചയെന്ന് കാണാം. കേരളം നേരത്തെ നടപ്പിലാക്കിയ പല പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഇതിലെ പ്രശ്‌നം ഈ പദ്ധതികള്‍ക്കായി കേന്ദ്രം പണമനുവദിക്കും. ഇത് കേരളത്തിന് ആവശ്യമില്ല. അടുത്ത ഘട്ട വികസനത്തിനായി പണം കേരളത്തിന് ലഭിക്കുന്നില്ല.' 

'ഇന്ത്യയെ മുഴുവന്‍ പരിഗണിക്കുന്ന ബജറ്റല്ല ഇത് എന്ന് എംപിമാര്‍ പറയുന്നുണ്ടായിരുന്നു. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ധനമന്ത്രിയും പ്രധാനമന്ത്രിയും സര്‍ക്കാരുമാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണകരമാകുന്ന ബജറ്റായിരുന്നില്ല ഇത്.  ഇന്ത്യയിലെ മുഴുവന്‍ ആളുകള്‍ക്കും ഒരേ അളവില്‍ ഷര്‍ട്ടും പാന്റും തയ്പ്പിച്ച് തരാമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. എല്ലാവര്‍ക്കും ഒരേ അളവാണോ. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് വ്യത്യസ്തമായ സ്വഭാവങ്ങളുണ്ട്‌. വിളകള്‍ക്കും മണ്ണിനും വ്യത്യസ്തതയുണ്ട്.  എല്ലാ സംസ്ഥാനങ്ങള്‍ക്കും പറ്റുന്ന രീതിയിലുള്ള കാര്യങ്ങളുണ്ടാകണം. മഖാന കേരളത്തില്‍ അത്രയും പെട്ടെന്ന് പറ്റുന്ന കൃഷിയാണോ. അതേ സമയം റബറിനെ പരിഗണിച്ചുമില്ല. കേരളത്തിലെ 12-ഓളം ജില്ലകളില്‍ ആളുകള്‍ക്ക് വരുമാനം നല്‍കുന്നതാണ്. പൊളിറ്റക്കല്‍ ഗിമ്മിക്കുകള്‍ കാണിക്കുന്നതിലല്ല കാര്യം.' 

ആകാശത്ത് നിന്ന് നോട്ടെടുക്കാന്‍ കഴിയില്ലല്ലോ. തരേണ്ടത് തന്നേ പറ്റൂ. കിട്ടേണ്ട പണം വലിയതോതില്‍ വെട്ടിക്കുറച്ചിട്ടും കേരളം പല കാര്യങ്ങളിലും മുന്നിലാണ് എന്നുള്ളത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.