ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിലെ റെയില്‍വേ വിഹിത കുറവ് ഓഹരി വിപണിയിലും തിരിച്ചടിയായി. 2.55 ലക്ഷം കോടി രൂപയാണ് 2025-26 ലെ കേന്ദ്ര ബജറ്റില്‍ റെയില്‍വേക്ക് അനുവദിച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഇടക്കാല ബജറ്റില്‍ റെയില്‍വേയ്ക്കായി 2.62 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണത്തെ ബജറ്റില്‍ റെയില്‍വേ വിഹിതം കുറഞ്ഞുവെന്ന് വ്യക്തമായതോടെ ബജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ പ്രധാന റെയില്‍വേ കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

IRCON ആറുശതമാനം ഇടിഞ്ഞ് ഒരു ഷെയറിന് 207.50 രൂപയിലും IRCTC മൂന്നു ശതമാനം ഇടിഞ്ഞ് 797 രൂപയിലും ഐആര്‍എഫ്സി അഞ്ച് ശതമാനം ഇടിഞ്ഞ് 144 രൂപയിലും എത്തി. ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ള ബജറ്റ് പിന്തുണയില്‍ 15-18% വര്‍ധനയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഈ പ്രതീക്ഷ ഓഹരിയില്‍ പ്രകടമായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി റെയില്‍വേ വിഹിതത്തില്‍ കുറവ് വന്നതോടെ ഓഹരി വിപണിയിലും അത് കാര്യമായി പ്രതിഫലിച്ചു. 

അടിസ്ഥാന സൗകര്യ വികസനം, ചരക്ക് ഇടനാഴി നവീകരണം, യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുക മുതലായവയ്ക്ക് പിന്തുണ നല്‍കുന്നതായിരിക്കും ബജറ്റ് വിഹിതമെന്ന പ്രതീക്ഷയെ തകര്‍ക്കുന്നതായിരുന്നു പ്രഖ്യാപനം.