തിരുവനന്തപുരം: കേരളത്തെ ഇന്ത്യയുടെ ഭാ​ഗമായി കേന്ദ്ര സർക്കാർ കാണുന്നില്ലെന്നും ചരിത്രത്തിൽ ആദ്യമായി ഒരു ലോക്സഭാംഗത്തെ ലഭിച്ചിട്ട് പോലും കേന്ദ്രമനോഭാവം മാറിയിട്ടില്ലെന്നും കെ മുരളീധരൻ. ഇവിടെ പൂജ്യം അം​ഗങ്ങളുണ്ടായിരുന്നപ്പോഴുള്ള അതേമനോഭാവമാണ് കേന്ദ്രത്തിന് ഇപ്പോഴും. ബിഹാറിന് വാരിക്കോരിക്കൊടുത്തത് ബിഹാറിനോടുള്ള ഇഷ്ടം കൊണ്ടല്ല. അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് മനസിലാക്കിക്കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കുറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതാണ്. പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും പ്രാബല്യത്തിൽ വരുന്നില്ല. എന്നാൽ ഈ പ്രഖ്യാപനത്തിൽ പോലും കേരളമില്ല എന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേ​ഹം വിമർശിച്ചു.

To advertise here,

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുക്കൊണ്ടുള്ള ബജറ്റുകളാണ് അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയുടെ യാഥാർത്ഥ്യം മനസിലാക്കി ബജറ്റ് അവതരിപ്പിക്കാൻ ഈ എട്ടു ബജറ്റിലും നിർമല സീതരാമന് കഴിഞ്ഞിട്ടില്ല. ദാരിദ്യ നിർമാർജനം സാധ്യമാക്കണമെങ്കിൽ ഇന്ത്യയിലെ ജനങ്ങളെ ഒന്നായി കാണണം. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ പല തട്ടിൽ കാണുന്ന ഒരു സർക്കാരിന് ദാരിദ്യ നിർമാർജനം പൂർണമാക്കാൻ കഴിയില്ല. മുരളീധരൻ പറഞ്ഞു.

ആർഎസ്എസിന്റെ നിലപാടുകൾ സ്വാധീനിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ന്യൂനപക്ഷങ്ങളും പ്രധാന ഘടകമാണെന്നുള്ള യാഥാർത്ഥ്യം വാജ്പേയിക്ക് മനസിലായിരുന്നു. എന്നാൽ നരേന്ദ്രമോദിയുടെ ലിസ്റ്റിൽ ന്യൂനപക്ഷങ്ങളില്ല. ചൂരൽമല, മുണ്ടക്കൈ പ്രദേശത്തെ ദുരിതബാധിതരെ സഹായിക്കുന്ന ഒരു പദ്ധതിയും  കേന്ദ്രത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും മൗനമാണെന്നും അദ്ദേഹം വിമർശിച്ചു.