ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്കും ജിഗ് തൊഴിലാളികള്‍ക്കുമായി സാമൂഹ്യസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തൊഴിലെടുക്കുന്നവർക്കും ജിഗ് തൊഴിലാളികൾക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. ഇശ്രാം പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യാം. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ ഉള്‍പ്പെടുത്തി ഇവരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

To advertise here,

കാറ്ററിങ് ജോലികള്‍, ഫ്രീലാന്‍സ് ജോലികള്‍, സ്വതന്ത്ര കോണ്‍ട്രാക്ടന്മാര്‍, സോഫ്ട്‌വെയര്‍ വികസനം തുടങ്ങിയ നിരവധി മേഖലയിലാണ് ജിഗ് തൊഴിലാളികള്‍ ജോലിചെയ്യുന്നത്. മണിക്കൂര്‍ അനുസരിച്ചോ പാര്‍ട്ട് ടൈമായോ ആണ് ഇത്തരം ജോലികൾ. പാര്‍ട്ട് ടൈമായി പല വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നവരും ഇതിന് കീഴില്‍വരും.  

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടി സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന തൊഴിലാളികളാണ് പ്ലാറ്റ് ഫോം തൊളിലാളികള്‍. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളില്‍ തൊഴിലെടുക്കുന്നവര്‍, ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളില്‍ തൊഴിലെടുക്കുന്നവര്‍, ഡെലിവറി തൊഴിലാളികൾ തുടങ്ങിയവരും പ്ലാറ്റ്‌ഫോം തൊഴിലാളികളാണ്. വിദ്യാര്‍ത്ഥികളും സ്ത്രീകളുമുള്‍പ്പെടെ ഈ മേഖലയുടെ ഗുണഭോക്താക്കളാണ്. ഇവരുടെ തൊഴില്‍ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പ്രഖ്യാപനം.