
മെലീജ എന്ന സ്പാനിഷ് പട്ടണത്തിന്റെ മുഖം കൂറ്റനൊരു മതില്‍ക്കെട്ടാണ്. ജീവിതത്തിലെ സര്‍വപ്രതീക്ഷയും നഷ്ടപ്പെട്ട്, പട്ടിണിയും കുറ്റകൃത്യങ്ങളും നിറഞ്ഞ ജന്മനാടുപേക്ഷിച്ച് എത്തുന്നവര്‍ക്കുമുന്‍പില്‍ വഴിമുടക്കിനില്‍ക്കുകയാണ് ആ മതില്‍. വടക്കന്‍ ആഫ്രിക്കയില്‍നിന്നുള്ള അഭയാര്‍ഥികളെ തടയാനുള്ളതാണ് ആ മതില്‍ക്കെട്ട്. വര്‍ഷങ്ങള്‍ക്കുമുന്‍പ്, നിറവയറുമായി മരിയ എന്ന യുവതിയും ഭര്‍ത്താവ് ഫെലിക്‌സും ആ മതില്‍ക്കെട്ട് ചാടിക്കടന്നു. മതിലിനിപ്പുറം കാത്തുനിന്ന പോലീസ് ഇരുവരെയും കൈയോടെ പൊക്കി.
ജയിലില്‍ക്കിടന്ന അവരെക്കാണാന്‍ ദൈവദൂതനെപ്പോലെ ഒരു അഭിഭാഷകനെത്തി. അദ്ദേഹം അവരോടു പറഞ്ഞു; ''രക്ഷപ്പെടാനൊരു വഴിയുണ്ട്. നാട്ടില്‍ യുദ്ധമാണെന്നു പറയുക. ഏതുനിമിഷവും ജീവന്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് ഇവിടേക്കു പോന്നതെന്നും''. ലൈബീരിയ അന്ന് ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായിരുന്നു. കൈയിലിരുന്ന ഘാനയില്‍നിന്നുള്ള രേഖകള്‍ കീറിയെറിഞ്ഞ, ഫെലിക്‌സും മരിയയും പോലീസിനുമുന്‍പില്‍ ലൈബീരിയക്കാരായി അഭിനയിച്ചു. പോലീസ് അതു വിശ്വസിച്ചു. രാഷ്ട്രീയാഭയംനല്‍കി അവരെ വിട്ടയച്ചു. അങ്ങനെയവര്‍ സ്പെയിനിലെ ബാസ്‌കന്‍ പ്രവിശ്യയുടെ തലസ്ഥാനമായ പാംപ്ലോണയില്‍ സ്ഥിരതാമസമാക്കി.
മെലീജയിലെ മതില്‍ക്കെട്ട് ചാടുന്നതിനുമുന്‍പ് ഫെലിക്‌സിനും മരിയക്കും കഷ്ടപ്പാടിന്റെ വഴികള്‍ താണ്ടാന്‍ ഏറെയുണ്ടായിരുന്നു. അവര്‍ക്കുമുന്‍പിലുണ്ടായിരുന്നത് ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയായിരുന്നു. ഘാനയില്‍നിന്ന് പുറപ്പെടുമ്പോള്‍ പിന്‍വശംതുറന്ന ട്രക്കിനുമുകളില്‍ കുത്തിനിറച്ച അന്‍പതോളംപേരില്‍ അവര്‍ ഇരുവരുമുണ്ടായിരുന്നു. മരുഭൂമിയിലേക്കു പ്രവേശിച്ച് അധികം വൈകുംമുന്‍പേ, ട്രക്കുകാരുടെ നിറംമാറി. ഫെലിക്‌സിനെയും മരിയയെയും മറ്റുള്ള യാത്രക്കാരെയും അവര്‍ ഇറക്കിവിട്ടു.
ഭക്ഷണമോ വെള്ളമോ ഇല്ലാതെ, കത്തുന്ന സൂര്യനുകീഴെ പൊള്ളുന്ന മനസ്സുമായി അവര്‍ നിന്നു. കാലില്‍ ചെരിപ്പുപോലുമില്ല. പക്ഷേ, അവര്‍ നടന്നു. വയറ്റിലുള്ള കുഞ്ഞിന് നാളെയൊരു നല്ല ജീവിതം കിട്ടുമല്ലോ എന്നവര്‍ ആശിച്ചു. കൂടെയുണ്ടായിരുന്നവരില്‍ പ്രായമായ ചിലര്‍ വഴിയില്‍ വീണു, ചിലര്‍ മരിച്ചു. അവരെ മരുഭൂമിയില്‍ത്തന്നെ അടക്കംചെയ്ത് ഫെലിക്‌സും മരിയയും മറ്റുള്ളവരും മുന്‍പോട്ടുനടന്നു. വഴിയില്‍ കാത്തുനിന്ന മോഷ്ടാക്കളുടെയും ക്രിമിനലുകളുടെയും കൈയില്‍പ്പെടാതെ അവര്‍ മെലീജയിലെത്തി.

ദുരിതത്തിന്റെ വേലിക്കെട്ടുകള്‍ മറികടന്ന് ബില്‍ബാവോയില്‍ പുതിയൊരു ജീവിതം കെട്ടിപ്പടുത്ത ഫെലിക്‌സിനും മരിയക്കും സന്തോഷത്തിന്റെ ദിനങ്ങള്‍ക്കായി ഏറെ കാക്കേണ്ടിവന്നില്ല. സ്പെയിനിലെത്തി അധികംവൈകാതെ മരിയ പ്രസവിച്ചു. ആ ആണ്‍കുഞ്ഞിനവര്‍, കഠിനകാലം താണ്ടിയെത്തിയവന്‍ എന്ന അര്‍ഥത്തില്‍ ഇനാകി എന്നു പേരിട്ടു. ഇനാകി വില്യംസ് ആര്‍ത്യൂര്‍. ആറുവര്‍ഷത്തിനുശേഷം ആ കുടുംബത്തിലേക്ക് രണ്ടാമതൊരു ആണ്‍കുഞ്ഞുകൂടിയെത്തി. നിക്കോളാസ്. നിക്കോ വില്യംസ് ആര്‍ത്യൂര്‍ പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍, കാലിലൊരു പന്തുമായി ഇനാകി ഒപ്പമുണ്ടായിരുന്നു. പതുക്കെ ഇനാകിയും നിക്കോയും പന്തു തട്ടിത്തട്ടി വലുതായി. ഇരുവരും അത്ലറ്റിക് ബില്‍ബാവോയുടെ പേരുകേട്ട താരങ്ങളായി. 2016 മുതല്‍ 2022 വരെ ഒരു മത്സരംപോലും മുടങ്ങാതെ 251 മത്സരങ്ങള്‍ ബില്‍ബാവോയില്‍ കളിച്ച് ഇനാകി റെക്കോഡിട്ടു!
2015 മുതല്‍ ഇനാകി സ്പാനിഷ് ടീമിനൊപ്പമുണ്ട് 2016-ല്‍ യൂറോകപ്പിനുള്ള ടീമിനെ വിന്‍സെന്‍സോ ഡെല്‍ബോസ്‌കോ പ്രഖ്യാപിച്ചപ്പോള്‍, റിസര്‍വ് താരങ്ങളുടെ കൂട്ടത്തില്‍ ഇനാകിയെയും ഉള്‍പ്പെടുത്തി. അക്കൊല്ലം മേയില്‍ ബോസ്നിയക്കെതിരേ അന്താരാഷ്ട്ര ഫുട്‌ബോളില്‍ സ്പെയിനിനായി അരങ്ങേറ്റം കുറിക്കുകയുംചെയ്തു. പക്ഷേ, പിന്നീട് കാര്യമായ അവസരങ്ങള്‍ വന്നില്ല. രണ്ടുവര്‍ഷംമുന്‍പ് അനിയന്‍ നിക്കോയ്ക്ക് ഇരുപതാംവയസ്സില്‍ സ്പാനിഷ് ടീമിലേക്ക് വിളിവന്നപ്പോള്‍, ഇനാകി ഒന്നു തീരുമാനിച്ചു. ഇനി സ്പെയിനിലല്ല തന്റെ ഭാവി.
നിക്കോ പതുക്കെ സ്പാനിഷ് ടീമില്‍ ഇടമുറപ്പിച്ചപ്പോള്‍, ഇനാകി തന്റെ വേരുകളിലേക്കു മടങ്ങി. അച്ഛന്റെയും അമ്മയുടെയും നാടായ ഘാനയ്ക്കായി കളിക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2022-ല്‍ ഇനാകി അങ്ങനെ ഘാനയുടെ താരമായി. ലോകകപ്പിലും കളിച്ചു.

2022-ല്‍ സ്പാനിഷ് ടീമില്‍ അരങ്ങേറിയ നിക്കോയും ലോകകപ്പ് ടീമില്‍ അംഗമായിരുന്നു. സഹോദരങ്ങള്‍ വ്യത്യസ്ത രാജ്യങ്ങള്‍ക്കായി ലോകകപ്പില്‍ പന്തുതട്ടിയത് വലിയ വാര്‍ത്തയുമായി. കഴിഞ്ഞസീസണില്‍ നിക്കോയും ഇനാകിയും ചേര്‍ന്ന ബില്‍ബാവോ ടീം 40 വര്‍ഷത്തിനുശേഷം സ്പാനിഷ് കപ്പില്‍ മുത്തമിട്ടു. ടീം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ബാഴ്‌സലോണ ഉന്നംവെക്കുന്ന വലിയ താരങ്ങളിലൊരാളാണ് നിക്കോ. ലാമിന്‍ യമാലിനൊപ്പം യൂറോയില്‍ പുറത്തെടുത്ത മാന്ത്രികപ്രകടനം നിക്കോയെ വലിയ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയാക്കിക്കഴിഞ്ഞു.
നിക്കോയുടെയും ഇനാകിയുടെയും പേരിലെ വില്യംസ് എന്ന ഭാഗം അച്ഛനമ്മമാരെ രക്ഷിച്ച കാരിത്താസ് ഇന്റര്‍നാഷണല്‍സ് എന്ന കത്തോലിക്കന്‍ സംഘടനയോടുള്ള ബഹുമാനാര്‍ഥം സ്വീകരിച്ചതാണ്. സ്പെയിനിനുവേണ്ടി കളിക്കുമ്പോള്‍, നിക്കോ തന്റെ ജേഴ്‌സിയില്‍ പേര് രേഖപ്പെടുത്തുന്നത് വില്യംസ് ജൂനിയര്‍ എന്നും. ഞായറാഴ്ച രാത്രി ഇംഗ്ലണ്ടിനെതിരേ യൂറോകപ്പ് ഫൈനല്‍ കളിക്കുന്ന സ്പാനിഷ് ടീമിനുവേണ്ടി നിക്കോ മൈതാനത്തിറങ്ങുന്‌പോള്‍, യൂറോപ്പിലേക്കു കുടിയേറിയ ലക്ഷക്കണക്കിന് ആഫ്രിക്കന്‍ അഭയാര്‍ഥികളുടെ പ്രാര്‍ഥന അവനോടൊപ്പമുണ്ടാകും. അവരുടെയൊക്കെ അതിജീവനത്തിന്റെ പ്രതീകമാണ് നിക്കോ.
Content Highlights: nico williams and inaki Williams survival of African refugees
Published: 14 Jul 2024, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented