ബെർലിൻ: പ്രൊഫഷണൽ ഫുട്ബോൾ മതിയാക്കി ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസ്. യൂറോ കപ്പ് ക്വാർട്ടറിൽ സ്പെയിനിനെതിരായ മത്സരമാണ് താരത്തിന്റെ അവസാന മത്സരം. മത്സരത്തിൽ ജർമനി പരാജയപ്പെട്ട് യൂറോ കപ്പിൽ നിന്ന് പുറത്തായതോടെയാണ് ക്രൂസിന്റെ കരിയറിനും തിരശ്ശീലവീണത്. ക്വാർട്ടറിൽ ഒന്നിനെതിരേ രണ്ടു​ഗോളുകൾക്കാണ് സ്പെയിൻ ജർമനിയെ കീഴടക്കിയത്. അധികസമയത്ത് സ്പെയിനിനായി മൈക്കൽ മെറിനോയാണ് വിജയ​ഗോൾ നേടിയത്.

To advertise here,

നേരത്തേ യൂറോ കപ്പിന് ശേഷം പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ക്ലബ്ബ് ഫുട്ബോളിൽ നിന്ന് കഴിഞ്ഞ ചാമ്പ്യൻസ് ലീ​​ഗ് ഫൈനലോടെ താരം വിരമിച്ചിരുന്നു. ഫൈനലിൽ ഡോർ‌ട്ട്മുണ്ടിനെ തോൽപ്പിച്ച് റയൽ കിരീടവും നേടി. ആറ് തവണ ചാമ്പ്യൻസ് ലീ​ഗും നാലുതവണ ലാലിഗയും ബയേണ്‍ മ്യൂണിക്കിനൊപ്പം മൂന്നുതവണ ബുണ്ടസ്‌ലിഗയും നേടിയിട്ടുണ്ട്. 2014-ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ  അംഗമാണ്.

2021-ല്‍ ജര്‍മന്‍ ദേശീയ ടീമില്‍നിന്ന് വിരമിച്ച താരം പിന്നീട് ഫെബ്രുവരിയില്‍ മടങ്ങിയെത്തി. ജര്‍മനിയുടെ പരിശീലകന്‍ ജൂലിയന്‍ നേജല്‍സ്മന്റെ പ്രേരണയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ടീമിലെത്തിയത്. ജര്‍മനിക്കുവേണ്ടി 108 മത്സരങ്ങള്‍ കളിച്ച താരം, 17 ഗോളുകള്‍ നേടിയിട്ടുണ്ട്. 2014-ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ടീമിന്റെ സുപ്രധാന താരങ്ങളിലൊരാളായിരുന്നു. അന്ന് സെമി ഫൈനലില്‍ ബ്രസീലിനെതിരേ നേടിയ ചരിത്ര വിജയത്തില്‍ (7-1) രണ്ട് ഗോളുകള്‍ ക്രൂസിന്റെ വകയായിരുന്നു.