കൊളോണ്‍: തുല്യശക്തികളുടെ പോരാട്ടം കണ്ട ഗ്രൂപ്പ് എയിലെ സ്‌കോട്ട്‌ലന്‍ഡ് - സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍വീതം നേടി. 13-ാം മിനിറ്റില്‍ സ്‌കോട്ട് മക്ടോമിനായുടെ ഗോളിന് 26-ാം മിനിറ്റില്‍ ഷെര്‍ദാന്‍ ഷാക്കിരിയിലൂടെയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറുപടി. ഇരു ടീമും അവസരങ്ങള്‍ തുലയ്ക്കുന്നതില്‍ മുന്നിട്ടുനിന്നു. രണ്ടു കളികളില്‍ നിന്ന് നാലു പോയന്റുമായി സ്വിറ്റ്‌സര്‍ലന്‍ഡ് ഗ്രൂപ്പില്‍ രണ്ടാമത് തുടരുന്നു. മൂന്നാം സ്ഥാനത്തുള്ള സ്‌കോട്ട്‌ലന്‍ഡിന് ഒരു പോയന്റാണുള്ളത്. ജര്‍മനിയുമായുള്ള അവസാന മത്സരം വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ സ്വിസ് ടീമിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
കളിതുടങ്ങി 13-ാം മിനിറ്റില്‍ തന്നെ സ്‌കോട്ട്‌ലന്‍ഡ് മുന്നിലെത്തി. സ്വിറ്റ്‌സര്‍ലന്‍ഡിനു ലഭിച്ച ഒരു കോര്‍ണറിനു പിന്നാലെ സ്‌കോട്ട്‌ലന്‍ഡ് നടത്തിയ ഒരു കൗണ്ടര്‍ അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്. ബില്ലി ഗില്‍മര്‍ നല്‍കിയ പന്തുമായി മുന്നേറിയ ആന്‍ഡ്രു റോബര്‍ട്ടസണ്‍ അത് ഇടതുഭാഗത്തുകൂടി ഓടിക്കയറിയ കല്ലം മഗ്രെഗറിനു നീട്ടുന്നു. മഗ്രെഗര്‍ കട്ട്ബാക്ക് ചെയ്ത് നല്‍കിയ പന്തില്‍ നിന്നുള്ള സ്‌കോട്ട് മക്ടോമിനായുടെ ഷോട്ട് തടയാന്‍ ഫാബിയാന്‍ ഷാര്‍ ശ്രമിച്ചെങ്കിലും പന്ത് താരത്തിന്റെ കാലില്‍ തട്ടി വലയിലെത്തുകയായിരുന്നു. സെല്‍ഫ് ഗോളാണെന്ന് തോന്നിച്ചെങ്കിലും ഗോള്‍ മക്ടോമിനായുടെ പേരില്‍ തന്നെ അനുവദിക്കപ്പെട്ടു.
പിന്നാലെ 26-ാം മിനിറ്റില്‍ ഷെര്‍ദാന്‍ ഷാക്കിരിയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് ഒപ്പമെത്തി. സ്‌കോട്ട്‌ലന്‍ഡ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ആന്റണി റാല്‍സ്റ്റന്റെ മിസ്പാസ് പിടിച്ചെടുത്ത ഷാക്കിരി കിടിലനൊരു ഇടംകാലനടിയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ മൂന്ന് യൂറോ ടൂര്‍ണമെന്റുകളില്‍ (2016, 2020, 2024) ഗോള്‍ നേടുന്ന ആദ്യ സ്വിസ് താരമെന്ന നേട്ടവും ഷാക്കിരി സ്വന്തമാക്കി. കൂടാതെ കഴിഞ്ഞ മൂന്ന് യൂറോയിലും മൂന്ന് ലോകകപ്പുകളിലും (2014, 2018, 2022) ഗോള്‍ സ്‌കോര്‍ ചെയ്ത ആദ്യ താരവുമായി ഷാക്കിരി.
തുടര്‍ന്ന് ആറു മിനിറ്റിനുള്ളില്‍ സ്വിസ് ടീമിന് മറ്റൊരു സുവര്‍ണാവസരം ലഭിച്ചു. പക്ഷേ ഡാന്‍ എന്‍ഡോയെയുടെ ഷോട്ട് സ്‌കോട്ട്‌ലന്‍ഡ് ഗോളി ആംഗസ് ഗണ്‍ തട്ടിയകറ്റി. 34-ാം മിനിറ്റില്‍ എന്‍ഡോയെ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡായി.
രണ്ടാം പകുതിയിലും ലഭിച്ച അവസരങ്ങള്‍ ഇരു ടീമിനും മുതലാക്കാനായില്ല. എന്‍ഡോയെയുടെ മറ്റൊരു ഷോട്ടുകൂടി തടഞ്ഞിട്ട് ഗണ്‍ ഒരിക്കല്‍ക്കൂടി സ്‌കോട്ട്‌ലന്‍ഡിന്റെ ലക്ഷയ്‌ക്കെത്തി. പിന്നാലെ ഒരു ഫ്രീ കിക്കില്‍ നിന്നുള്ള ഗ്രാന്‍ഡ് ഹാന്‍ലിയുടെ ഹെഡര്‍ പോസ്റ്റിലിടിച്ച് മടങ്ങിയതും സ്‌കോട്ട്‌ലന്‍ഡിന് തിരിച്ചടിയായി.
Content Highlights: euro cup 2024 scotland vs switzerland group a match ends in a draw
Published: 20 Jun 2024, 02:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented