ഡോര്‍ട്ട്മുണ്‍ഡ്: യൂറോ കപ്പ് ഗ്രൂപ്പ് ഡിയില്‍ അവസാന മത്സരത്തില്‍ ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ച് (1-1) പോളണ്ട് മടങ്ങി. രണ്ടു പെനാല്‍റ്റികള്‍ വിധിനിര്‍ണയിച്ച മത്സരത്തില്‍ 56-ാം മിനിറ്റിലെ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ പെനാല്‍റ്റി ഗോളിന് 79-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയിലൂടെ പോളണ്ട് മറുപടി നല്‍കുകയായിരുന്നു. സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഫ്രാന്‍സിന്റെ നോക്കൗട്ട് പ്രവേശനം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് (3-2) ഓസ്ട്രിയ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്നു.
മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീക്വാര്‍ട്ടറിലെത്തുമെന്നതിനാല്‍ മൂന്ന് കളികളില്‍ നിന്ന് നാല് പോയന്റുള്ള നെതര്‍ലന്‍ഡ്‌സിനും നോക്കൗട്ട് സാധ്യതയുണ്ട്.
മത്സരത്തിലുടനീളം ഫ്രഞ്ച് മുന്നേറ്റങ്ങളെ പിടിച്ചുനിര്‍ത്തിയ പോളണ്ട് പ്രതിരോധത്തിന്റെ മികവും ഗോള്‍കീപ്പര്‍ ലൂക്കാസ് സ്‌കോറപ്‌സ്‌കിയുടെ പ്രകടനവും ശ്രദ്ധേയമായി. ലോകകപ്പ് റണ്ണറപ്പുകള്‍ക്കൊത്ത പ്രകടനമായിരുന്നില്ല ഫ്രാന്‍സിന്റേത്. മറുവശത്ത് മികച്ച മുന്നേറ്റങ്ങളിലൂടെ പോളണ്ട് കൈയടി നേടി.
കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ അന്റോയ്ന്‍ ഗ്രീസ്മാനെയും മാര്‍ക്കസ് തുറാമിനെയും പുറത്തിരുത്തിയാണ് ഫ്രാന്‍സ് ഇറങ്ങിയത്. പരിക്കേറ്റ് കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയും ബാര്‍ക്കോളയും ടീമിലെത്തി.
കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രിയയോട് തോറ്റ ടീമില്‍ നിന്ന് അഞ്ചു മാറ്റങ്ങളോടെയാണ് പോളണ്ട് ഇറങ്ങിയത്. ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ആദ്യ ഇലവനിലിറങ്ങി.
കളിതുടങ്ങി ആറാം മിനിറ്റില്‍ തന്നെ പോളണ്ട് ഗോളിനടുത്തെത്തി. ഫ്രഞ്ച് പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത സിയലിന്‍സ്‌കിയുടെ ഷോട്ടില്‍ പക്ഷേ കൃത്യസമയത്ത് ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നന്റെ ഇടപെടലെത്തി.
പിന്നാലെ രണ്ട് മികച്ച അവസരങ്ങള്‍ ഫ്രാന്‍സ് നഷ്ടപ്പെടുത്തി. 11-ാം മിനിറ്റില്‍ മുന്നേറ്റത്തിനൊടുവില്‍ ഡെംബെലെയില്‍ നിന്ന് വന്ന പന്ത് പക്ഷേ ഗോളിലെത്തിക്കാന്‍ തിയോ ഹെര്‍ണാണ്ടസിനായില്ല. പിന്നാലെ പോളണ്ട് ഹാഫില്‍ നിന്ന് പന്ത് റാഞ്ചി മുന്നേറി എന്‍ഗോളോ കാന്റെ നല്‍കിയ പാസ് ഗോളിലെത്തിക്കാനുള്ള സുവര്‍ണാവസരം ഡെംബെലെയും കളഞ്ഞുകുളിച്ചു. ആദ്യ പകുതിയിലുടനീളം ഇരുടീമും അങ്ങോട്ടുമിങ്ങോട്ടും മികച്ച ആക്രമണങ്ങള്‍ നടത്തി.
തുടര്‍ന്ന് മത്സരം ആദ്യപകുതിയോട് അടുത്ത ഘട്ടത്തില്‍ ലഭിച്ച രണ്ട് മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ എംബാപ്പെയ്ക്കും സാധിച്ചില്ല. പോളണ്ട് ഗോളി ലൂക്കാസ് സ്‌കോറപ്‌സ്‌കിയുടെ മികച്ച സേവുകളാണ് ഫ്രാന്‍സിനെ തടഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഫ്രാന്‍സ് ആക്രമിച്ചു കളിച്ചു. 49-ാം മിനിറ്റില്‍ ലഭിച്ച അവസരവും എംബാപ്പെയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല.
പിന്നാലെ 55-ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. വലതുവിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ പോളണ്ട് ബോക്‌സിലേക്ക് കയറിയതിനു തൊട്ടുപിന്നാലെ ഡെംബെലെയെ യാക്കുബ് കിവിയോര്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്ക് അനായാസം വലയിലെത്തിച്ച എംബാപ്പെ 56-ാം മിനിറ്റില്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. ഇത്തവണ യൂറോയില്‍ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്.
ഗോള്‍ നേടി അഞ്ചു മിനിറ്റിനകം ഫ്രാന്‍സ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. കാന്റെയ്ക്കും അഡ്രിയാന്‍ റാബിയോട്ടിനും ബ്രാഡ്‌ലി ബാര്‍കോളയ്ക്കും പകരം ഗ്രീസ്മാനും എഡ്വാര്‍ഡോ കമവിംഗയും ഒളിവര്‍ ജിറൂദും എത്തി.
74-ാം മിനിറ്റില്‍ പോളണ്ടിന്റെ പെനാല്‍റ്റി അപ്പീലെത്തി. ബോക്‌സില്‍വെച്ച് സ്വിഡെര്‍സ്‌കിയെ ഉപമെക്കാനോ വീഴ്ത്തിയതിനായിരുന്നു അപ്പീല്‍. വാര്‍ പരിശോധിച്ച റഫറി പോളണ്ടിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ലെവന്‍ഡോവ്‌സ്‌കി 79-ാം മിനിറ്റില്‍ പോളണ്ടിനെ ഒപ്പമെത്തിച്ചു. നാടകീയമായിരുന്നു താരത്തിന്റെ കിക്കെടുക്കല്‍. ലെവന്‍ഡോവ്‌സ്‌കിയുടെ ആദ്യ കിക്ക് ഫ്രഞ്ച് ഗോളി മൈഗ്നന്‍ സേവ് ചെയ്തിരുന്നു. എന്നാല്‍ കിക്കിനു മുമ്പ് ഗോളി ഗോള്‍ലൈന്‍വിട്ട് മുന്നോട്ടുവന്നതുകൊണ്ട് രണ്ടാമത് കിക്ക് അനുവദിക്കുകയായിരുന്നു.
Content Highlights: euro cup 2024 france vs poland ends in draw
Published: 25 Jun 2024, 11:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented