യൂറോയില്‍ ഗ്രൂപ്പ് സിയില്‍ സ്ലൊവേനിയ - ഡെന്‍മാര്‍ക്ക് മത്സരം നടക്കുന്നു. ബാഡന്‍ വ്യുര്‍ട്ടെംബെര്‍ഗിലെ സ്റ്റട്ട്ഗാര്‍ട്ട് അരീന നിറഞ്ഞുകവിഞ്ഞിരിക്കുന്നു. അനുഭവസമ്പത്തിന്റെ കരുത്തില്‍ തുടക്കംതൊട്ട് സ്ലൊവേനിയന്‍ നിരയെ വട്ടംകറക്കുകയാണ് ഡെന്‍മാര്‍ക്ക്. 17-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ബാ അതിവേഗമെടുത്ത ഒരു ത്രോയ്‌ക്കൊടുവില്‍ പെനാല്‍റ്റി ഏരിയയില്‍ നിന്ന് ജൊനാസ് വിന്‍ഡ് ബാക്ക്ഹീല്‍ ചെയ്ത പന്ത് ഡെന്‍മാര്‍ക്കിന്റെ 10-ാം നമ്പര്‍ താരം വലയിലാക്കുന്നു. ഗാലറിയില്‍ ആരാധകര്‍ ഡെന്‍മാര്‍ക്ക് പതാകകള്‍ കൊണ്ട് ആഹ്ലാദനൃത്തമാടുന്നു. ഡെന്‍മാര്‍ക്കിനായി ഗോള്‍ നേടിയ ആ 10-ാം നമ്പറുകാരനെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ സാധിക്കില്ല. ക്രിസ്റ്റ്യന്‍ എറിക്‌സണ്‍.

To advertise here,

2021 യൂറോ കപ്പില്‍ ഒരു ജൂണ്‍ 12-ാം തീയതി ഫുട്‌ബോള്‍ ലോകം ഒന്നടങ്കം കൈകള്‍ കൂപ്പി ഒരാളുടെ ജീവനു വേണ്ടി പ്രാര്‍ഥിച്ചത് മറക്കുന്നതെങ്ങിനെ. മരണത്തെ ജയിച്ച് മൈതാനത്തിരക്കുകളിലേക്കുള്ള ആ മനുഷ്യന്റെ മടങ്ങിവരവ് മറക്കുന്നതെങ്ങിനെ. കഴിഞ്ഞ യൂറോയില്‍ കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ നടന്ന ഡെന്‍മാര്‍ക്ക് - ഫിന്‍ലന്‍ഡ് മത്സരത്തിനിടെയാണ് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ എന്ന ഡെന്‍മാര്‍ക്ക് മിഡ്ഫീല്‍ഡര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മൈതാനത്ത് കുഴഞ്ഞുവീഴുന്നത്. അന്ന് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ മൈതാനത്ത് ടീം ഡോക്ടര്‍മാരടക്കം നടത്തിയ ശ്രമങ്ങളെ ഇന്നും നിറകണ്ണുകളോടെ മാത്രമേ ഫുട്ബോള്‍ ലോകത്തിന് ഓര്‍ക്കാന്‍ സാധിക്കൂ.

മത്സരം 42 മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു സംഭവം. എതിര്‍ ഹാഫിലെ ത്രോയില്‍ നിന്ന് പന്ത് സ്വീകരിക്കാന്‍ മുന്നോട്ടാഞ്ഞ ക്രിസ്റ്റ്യന്‍ എറിക്സന്‍ ആടിയുലഞ്ഞ് നിലത്തേക്ക് വീണു. അടുത്തുണ്ടായിരുന്ന സഹതാരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും ഫിന്‍ലന്‍ഡ് താരങ്ങള്‍ അപകടം പെട്ടെന്ന് തിരിച്ചറിഞ്ഞ് റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കളി നിയന്ത്രിച്ചിരുന്ന ആന്റണി ടെയ്ലര്‍ ഉടന്‍ തന്നെ വൈദ്യസംഘത്തെ വിളിച്ച് അടിയന്തര ശുശ്രൂഷ നല്‍കി. ഡാനിഷ് താരങ്ങള്‍ എറിക്സന് ചുറ്റും നിന്ന് പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. സംഭവത്തോടെ കാണികളും നടുക്കത്തിലായി. ഇതിനിടെ ഗാലറിയില്‍ നിന്ന് ഫിന്‍ലന്‍ഡ് ആരാധകര്‍ എറിഞ്ഞുകൊടുത്ത ഫിന്‍ലന്‍ഡ് പതാകകൊണ്ടാണ് ഡാനിഷ് താരങ്ങള്‍ എറിക്‌സണ് ചുറ്റും മറ തീര്‍ത്തത്. 15 മിനിറ്റോളം പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈകാതെ താരം അപകടനില തരണം ചെയ്തു.

തുടര്‍ന്ന് അന്ന് മത്സരം റദ്ദാക്കിയതായി അറിയിപ്പ് വന്നെങ്കിലും ഇരു ടീമിലെയും താരങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മത്സരം പുനരാരംഭിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ 45 മിനിറ്റുകള്‍ക്ക് ശേഷം പുനരാരംഭിക്ക മത്സരം പക്ഷേ മറുപടിയില്ലാത്ത ഒരു ഗോളിന് ഡെന്‍മാര്‍ക്ക് തോല്‍ക്കുകയായിരുന്നു.

എന്നാല്‍ മരണത്തെ ജയിച്ച എറിക്‌സണ്‍ ഏഴു മാസത്തിനു ശേഷം മൈതാനത്തേക്ക് തിരിച്ചെത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബ്രെന്റ്ഫോര്‍ഡാണ് ഈ സംഭവ ശേഷം താരത്തെ ടീമിലെടുത്തത്. ബ്രെന്റ്ഫോര്‍ഡിനായി 11 മത്സരങ്ങള്‍ കളിച്ച താരം 2022-ല്‍ തന്നെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറി.