പെര്‍ത്ത്: ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ കീഴടക്കിയ പ്രോട്ടീസ് സെമി സാധ്യത സജീവമാക്കി മുന്നേറുകയാണ്. പെര്‍ത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്‌ക്കെതിരേ ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. കോലിയും രോഹിത്തുമുള്‍പ്പെടെ സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. സൂര്യകുമാറിനെ പുറത്താക്കിയത് പ്രോട്ടീസ് ഓള്‍റൗണ്ടര്‍ വെയ്ന്‍ പാര്‍നലായിരുന്നു. വിക്കറ്റെടുത്തതിന് ശേഷമുളള പാര്‍നലിന്റെ സെലബ്രേഷനാണ് ഇപ്പോള്‍ വൈറലാകുന്നത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പുതിയ സെലബ്രേഷനാണ് താരം അനുകരിച്ചത്. പെട്ടെന്ന് തന്നെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

To advertise here,

മത്സരത്തിന്റെ 19-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അഞ്ചാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച സൂര്യകുമാറിനെ കേശവ് മഹാരാജ് ക്യാച്ചിലൂടെ പുറത്താക്കി. ശേഷം വെയ്ന്‍ പാര്‍നല്‍ രണ്ട് കൈകളും നെഞ്ചത്ത് വെച്ച് നിന്നുകൊണ്ടാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ക്രിസ്റ്റിയാനോയുടെ പുതിയ ഗോള്‍ സെലബ്രേഷനാണ് താരം അനുകരിച്ചത്. ലോകകപ്പിലെ വേറിട്ട കാഴ്ചയായിരുന്നു ഇത്.

ഈ അടുത്തിടെയാണ് ക്രിസ്റ്റ്യാനോ ഗോള്‍നേട്ടം ഇങ്ങനെ ആഘോഷിക്കാന്‍ തുടങ്ങിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണിനെതിരായ മത്സരത്തില്‍ യുണൈറ്റഡിനായി ഗോളടിച്ചതിന് ശേഷം ക്രിസ്റ്റ്യാനോയും ആന്റണിയും ഇത്തരത്തില്‍ കൈകള്‍ നെഞ്ചത്തുവെച്ച് ആഘോഷപ്രകടനം നടത്തിയിരുന്നു. ക്ലബ്ബ് കരിയറിലെ തന്റെ 700-ാം ഗോള്‍ കണ്ടെത്തിയ മത്സരമായിരുന്നു അത്. യൂറോപ്പ ലീഗില്‍ ഷെരിഫിനെതിരേയും താരം ഇങ്ങനെയാണ് ഗോള്‍നേട്ടം ആഘോഷിച്ചത്. ആരാധകര്‍ക്കിടയില്‍ ഈ ഗോള്‍ സെലബ്രേഷന്‍ വൈറലാണ്.