അഡ്ലെയ്ഡ്: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിലേക്ക് പ്രവേശനം നേടി പാകിസ്താന്‍. ബംഗ്ലാദേശ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തു. ഇരുടീമുകള്‍ക്കും നിര്‍ണായകമായ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാകിസ്താന്‍ സെമി ബെര്‍ത്ത് ഉറപ്പാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് എട്ടു വിക്കറ്റിന് 127-ല്‍ അവസാനിച്ചപ്പോള്‍ 18.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ ഇതു മറികടന്നു. ഗ്രൂപ്പ് രണ്ടില്‍ പാകിസ്താനെ കൂടാതെ ഇന്ത്യയും സെമി ഉറപ്പിച്ചിട്ടുണ്ട്. രാവിലെ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണ് പാകിസ്താന്‍-ബംഗ്ലാദേശ് മത്സരം നിര്‍ണായകമായത്.

To advertise here,

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഷഹീന്‍ അഫ്രീദിയുടെ ബൗളിങ് മികവിലാണ് 127 റണ്ണിന് പാകിസ്താന്‍ വരിഞ്ഞുമുറുക്കിയത്. മറുപടി ബാറ്റിങില്‍ ഓപ്പണര്‍മാരായ മുഹമ്മദ് റിസ്‌വാനും (32) ബാബര്‍ അസമും (25) കരുതലോടെ മികച്ച തുടക്കം നല്‍കി.  18 പന്തില്‍ നിന്ന് 31 റണ്ണടിച്ച മുഹമ്മദ് ഹാരിസിന്റെ ഇന്നിങ്‌സും പാകിസ്താന്റെ വിജയത്തിന് കരുത്തേകി. 14 പന്തില്‍ നിന്ന് 24 റണ്‍സ് നേടി ഷാന്‍ മസൂദ് പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വെടിക്കെട്ട് ബാറ്റ്സ്മാന്‍ ലിട്ടന്‍ ദാസിനെ മൂന്നാം ഓവറില്‍ തന്നെ നഷ്ടമായി. എട്ട് പന്തില്‍ 10 റണ്‍സ് എടുത്ത് നില്‍ക്കെ ഷഹീന്‍ ഷാ അഫ്രീദിക്ക് മുന്നിലാണ് ലിട്ടന്‍ ദാസ് വീണത്. ഇതടക്കം ഷഹീന്‍ അഫ്രീദി നാലു വിക്കറ്റുകള്‍ വീഴ്ത്തി. അതേസമയം, മറ്റൊരു ഓപ്പണര്‍ നജ്മുല്‍ ഹസന്‍ ഷാന്റോ അര്‍ദ്ധ സെഞ്ചുറി (54) നേടി ടീമിന്റെ ടോപ് സ്‌കോറര്‍ ആയി.

20 പന്തില്‍ 24 റണ്‍സ് നേടി അഫീഫ് ഹസനും റണ്‍സൊന്നും നേടാതെ മുസ്തഫിസുര്‍ റഹ്‌മാനും പുറത്താകാതെ നിന്നു. നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് ഷഹീന്‍ അഫ്രീദി നാല് വിക്കറ്റുകള്‍ കൊയ്തത്. ഷദാബ് ഖാന്‍ രണ്ടും ഇഫ്തിഖര്‍ അഹമ്മദും ഹാരിസ് റഊഫും ഓരോ വിക്കറ്റും സ്വന്തമാക്കി.

ഗ്രൂപ്പ് രണ്ടില്‍ അവസാന മത്സരത്തില്‍ ഇന്ത്യ  ഇന്ന് സിംബാവെയെ നേരിടും.