അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ ത്രില്ലര്‍ പോരാട്ടത്തിനൊടുക്കമാണ് 2022 ട്വന്റി 20 ലോകകപ്പില്‍ സിംബാബ്‌വെ പാകിസ്താനെ കീഴടക്കിയത്. സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തില്‍ എക്കാലവും രേഖപ്പെടുത്തിവെക്കാവുന്ന ലോകകപ്പ് വിജയം കൂടിയായിരുന്നു പെര്‍ത്തിലേത്. പാകിസ്താനെ ഒരു റണ്ണിന് കീഴടക്കി ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യത സജീവമാക്കിക്കൊണ്ട് സിംബാബ്‌വെ മുന്നേറുകയാണ്. പെര്‍ത്തില്‍ ഒരു അവിശ്വസനീയകുതിപ്പിന്റെ തുടക്കമാവുകയാണോ? കായികലോകത്തെ പ്രവചനങ്ങളൊക്കെയും അപ്രസക്തമാക്കി മഞ്ഞയും ചുവപ്പും ചാലിച്ച കുപ്പായമണിഞ്ഞ് അവര്‍ നിറഞ്ഞാടുകയാണ്.

To advertise here,

സിംബാബ്‌വെ മുന്നോട്ടുവെച്ച 131 റണ്‍സ് പാകിസ്താന് തെല്ലും വെല്ലുവിളിയാകില്ലെന്നാണ് കായികപ്രേമികളെല്ലാം കരുതിയത്. എന്നാല്‍ ആ ലക്ഷ്യം അത്ര അനായാസമായി മറികടക്കാനാകില്ലെന്ന് ആദ്യ അഞ്ച് ഓവറിനുളളില്‍ തന്നെ സിംബാബ്‌വെ തെളിയിച്ചു. പിന്നീട് ഒരു തിരിച്ചുവരവിനുളള പാകിസ്താന്റെ ശ്രമം തന്റെ ഒരൊറ്റ ഓവര്‍ കൊണ്ട് തകര്‍ത്തത് സിക്കന്ദര്‍ റാസ എന്ന ഓള്‍ റൗണ്ടറായിരുന്നു. പാകിസ്താനില്‍ ജനിച്ച സിക്കന്ദര്‍ തന്റെ ജന്‍മനാടിനെതിരേ പന്ത് കൊണ്ട് തിളങ്ങുന്ന കാഴ്ചയാണ് പെര്‍ത്തില്‍ കാണാനായത്.

നാലാം വിക്കറ്റില്‍ ഷദാബ് ഖാനേയും കൂട്ടുപിടിച്ച് ഷാന്‍ മസൂദ് മത്സരത്തില്‍ ഗംഭീരമായാണ് പാകിസ്താനെ തിരികെകൊണ്ടുവന്നത്. എന്നാല്‍ റാസ എറിഞ്ഞ പതിനാലാം ഓവറില്‍ മത്സരത്തിന്റെ ഗതി മാറി. ഓവറിലെ നാലാം പന്തില്‍ ഷദാബ് ഖാനെ പുറത്താക്കി റാസ
കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത പന്തില്‍ ഹൈദര്‍ അലിയേയും പുറത്താക്കി റാസ സിംബാബ്‌വെയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. 

എന്നാല്‍ മൂന്നാമനായി ഇറങ്ങിയ ഷാന്‍ മസൂദ് ക്രീസില്‍ നിലയുറപ്പിച്ചത് പാകിസ്താന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. വൈകാതെ ആ പ്രതീക്ഷയയേും റാസ പവലിയനിലേക്ക് മടക്കി. പതിനാറാം ഓവറിലെ ആദ്യ പന്തില്‍ ഷാന്‍ മസൂദിനെ പുറത്താക്കി ചരിത്രവിജയത്തിലേക്ക് ടീമിനെയെത്തിക്കാന്‍ റാസക്കായി. 

പാകിസ്താനിലെ സിയാല്‍ക്കോട്ടിലാണ് റാസയുടെ ജനനം. ഒരു പൈലറ്റ് ആകണമെന്നായിരുന്നു സ്വപ്നം. എന്നാല്‍ കണ്ണ് പരിശോധനയില്‍ പരാജയപ്പെടുന്നതോടെ സ്വപ്‌നം സാക്ഷാത്കരിക്കാനാവാതെ വന്നു. അത് നേടാനാവാതെ വന്നതോടെയാണ് ഗ്ലാസ്‌ഗോ കാലിഡോണിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേരുന്നതും പിന്നീട് സിംബാബ്‌വെയിലേക്ക് പോകുന്നതും. അവിടെ നിന്നാണ് റാസ ക്രിക്കറ്റിലേക്ക് തിരിയുന്നത്. 2007-ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്ന റാസ, പഠനത്തിന് ശേഷം 2010-മുതലാണ് ഒരു ക്രിക്കറ്ററെന്ന നിലയിലേക്ക് വളരുന്നത്. 

ബാറ്റ്‌കൊണ്ടും പന്ത് കൊണ്ടും തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച റാസ പെട്ടെന്ന് തന്നെ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ബംഗ്ലാദേശിനെതിരേ ഒരു പരിശീലന മത്സരത്തില്‍ കളിക്കുകയും ചെയ്തു. 2011-ല്‍ സിംബാബ്‌വെയുടെ ലോകകപ്പ് പ്രിലിമിനറി സ്‌ക്വാഡില്‍ ഉള്‍പ്പെട്ടെങ്കിലും അവസാന സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. ശേഷം 2011-ലാണ് സിംബാബ്‌വെ പൗരത്വം ലഭിക്കുന്നത്. 

തുടര്‍ച്ചയായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച റാസ സിംബാബ്‌വെയുടെ ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാദേശിനെതിരേയാണ് ഏകദിനത്തില്‍ അരങ്ങേറുന്നത്. പരമ്പരയിലെ ട്വന്റി 20 മത്സരത്തിലും റാസ പങ്കെടുത്തു. 2013-ല്‍ പാകിസ്താനെതിരേയാണ് ടെസ്റ്റിലെ അരങ്ങേറ്റം. ഓള്‍ റൗണ്ടറെന്ന നിലയില്‍ മികച്ച കളി പുറത്തെടുത്ത റാസ സിംബാബ്‌വെ നിരയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി. 2015-ഏകദിന ലോകകപ്പില്‍ ടീമിലെ മികച്ച താരങ്ങളിലൊരാളായിരുന്നു റാസ.  

പതിവുകളൊന്നും തെറ്റിക്കാതെ 2022 ലോകകപ്പിലും ക്രിക്കറ്റ് പ്രേമികളുടെ കയ്യടിനേടുകയാണ് റാസ. ജയത്തിലേക്ക് നിലയുറപ്പിച്ച് ബാറ്റേന്തിയ പാക് ബാറ്റര്‍മാരെ തന്റെ സ്വതസിദ്ധമായ സ്പിന്‍ ചുഴിയിലകപ്പെടുത്തിയാണ് റാസ സിംബാബ്‌വെയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നത്. അതും തന്റെ ജന്‍മനാടിനെതിരേ കളിയിലെ താരമായിക്കൊണ്ട്. പാകിസ്താനെ കീഴടക്കിയ ആഹ്ലാദത്തില്‍ കണ്ണീരണിഞ്ഞ ബ്രാഡ് ഇവാന്‍സിനെ കെട്ടിപ്പുണരുന്ന റാസയുടെ ചിത്രം 2022 ലോകകപ്പിലെ തന്നെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൊന്നാണ്. ലോകകപ്പ് സ്വപ്‌നങ്ങളുമായി മൈതാനത്തിറങ്ങുന്ന ടീമിന്റെ പ്രതീക്ഷാതുരുത്തുകൂടിയാണ് ഈ 36-കാരന്‍. സിംബാബ്‌വെ ചരിത്രം കുറിക്കാനുളള യാത്രയിലാണ്. പരാജയം മുഖത്തോടുമുഖം നോക്കിയിരിക്കുമ്പോള്‍ ഇനിയും അയാള്‍ രക്ഷകനാകുമെന്ന പ്രത്യാശയിലാണ് ആ ജനതയും.