വിശ്വമഹാദ്ഭുതശ്രേണിയിലേക്ക് തൃശ്ശൂരിന്റെ സംഭാവനയാണ് പൂരം. തൃശ്ശൂര്‍ പൂരത്തെ ദൃശ്യവിസ്മയമാക്കുന്നതില്‍ ഏറ്റവും പ്രധാനം കുടമാറ്റമാണ്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കുടമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. മുപ്പതുകൊല്ലത്തിലേറെയായി പാറമേക്കാവ് വിഭാഗത്തിന്റെ കോലം, കുട, നെറ്റിപ്പട്ടം, കച്ചക്കയര്‍, മണിക്കൂട്ടം എന്നിവയുടെ തുന്നല്‍പ്പണികള്‍ നിര്‍വഹിക്കുന്നത് കുന്നത്തങ്ങാടി വസന്തനാണ്.

To advertise here,

വസന്തന്റെ അച്ഛന്‍ കുട്ടപ്പനും അച്ഛന്റെ അച്ഛന്‍ ശങ്കുണ്ണിയും പാറമേക്കാവിലെ തുന്നല്‍പ്പണിക്കാരായിരുന്നു. അവരില്‍നിന്നാണ് വസന്തന്‍ തുന്നല്‍പ്പണികള്‍ അഭ്യസിച്ചത്. 1959-ല്‍ കുട്ടപ്പന്റെയും കല്യാണിയുടെയും മകനായി ജനിച്ച വസന്തന്‍ അരിമ്പൂര്‍ ഹൈസ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം 1979 മുതലാണ് തുന്നല്‍പ്പണികളില്‍ സജീവമായത്.

നെറ്റിപ്പട്ടങ്ങളുടെ തുന്നല്‍ജോലി, കുടകളുടെ തുന്നല്‍ജോലി, അലുക്ക് പിടിപ്പിക്കല്‍, കോലത്തിന്റെ പൂക്കള്‍ തുന്നിപ്പിടിപ്പിക്കല്‍, ആനകളുടെ കയര്‍, മണിക്കൂട്ടം എന്നിവയുടെ തുന്നല്‍പ്പണി എന്നിവയാണ് വസന്തനും സംഘവും നിര്‍വഹിക്കുക. എല്ലാ വര്‍ഷവും പുതിയ 15 നെറ്റിപ്പട്ടം, 15 ആനകളുടെ മണിക്കൂട്ടം, കയര്‍ അമ്പതിലധികം സെറ്റ് (ഏകദേശം 750 എണ്ണം), കുടകളുടെ തുന്നല്‍ജോലി എന്നിവയാണ് പാറമേക്കാവില്‍ ചെയ്യേണ്ടത്. ഇരുപതോളം പണിക്കാര്‍ മൂന്നുമാസത്തിലധികം കാലം രാപകലില്ലാതെ ചെയ്താല്‍ മാത്രമേ ഇതെല്ലാം തീര്‍ക്കാന്‍ കഴിയൂ.

placeholder
പാറമേക്കാവിനായുള്ള ചമയമൊരുക്കത്തിൽനിന്ന് | ഫോട്ടോ: മാതൃഭൂമി

ഒരു നെറ്റിപ്പട്ടം തുന്നിത്തീര്‍ക്കണമെങ്കില്‍ ഒരാള്‍ക്ക് 10 ദിവസം വേണ്ടിവരും. ഒരു കുടയ്ക്ക് രണ്ടുദിവസവും വേണം. ഒരു ചരടില്‍ കോര്‍ത്ത പുഷ്പങ്ങളെപ്പോലെ നിരവധിപേര്‍ ചേര്‍ന്നാണ് തുന്നല്‍പ്പണികള്‍ ചെയ്തുതീര്‍ക്കുക. തൃശ്ശൂര്‍ പൂരത്തിനാണ് എല്ലാ വര്‍ഷവും പുതിയ ചമയങ്ങള്‍ നിര്‍മിക്കുക. നെറ്റിപ്പട്ടത്തിന്റെ എണ്ണങ്ങള്‍ തുന്നുകയെന്നത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്. കുടയ്ക്ക് ആവശ്യമായ തുണികള്‍ സംഘാടകര്‍ കൊണ്ടുവരുകയും പണിതീര്‍ത്ത് ഒറ്റല്‍ കിട്ടുകയും ചെയ്യുമ്പോള്‍ കുടയുടെ തുന്നല്‍പ്പണി ആരംഭിക്കുന്നു. ഒരു കുടയ്ക്കു മൂന്ന് മീറ്റര്‍ തുണി ആവശ്യമാണ്. അത്രതന്നെ ഉള്‍ത്തുണിയും ആവശ്യമാണ്.

ഇത്തരത്തിലുള്ള പണികള്‍ 1994 മുതല്‍ വസന്തനാണ് പാറമേക്കാവില്‍ ചെയ്തുവരുന്നത്. തലമുറകളായി തുന്നല്‍പ്പണി ചെയ്തുവരുന്ന വസന്തന്റെ കുടുംബം പാറമേക്കാവിനെ കൂടാതെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ എന്നിവിടങ്ങളിലും തുന്നല്‍പ്പണികള്‍ ചെയ്തുവരുന്നുണ്ട്. പാറമേക്കാവ് ദേവസ്വം സുവര്‍ണഹാരം, ഊരകം ക്ഷേത്രത്തില്‍നിന്ന് വലയാധീശ്വരി സുവര്‍ണമുദ്ര എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളും വസന്തന് ലഭിച്ചിട്ടുണ്ട്. ഉഷയാണ് വസന്തന്റെ ഭാര്യ. വര്‍ഷ, വിഷ്ണു എന്നിവര്‍ മക്കളാണ്.