തൃശ്ശൂര്‍: 2024-ലെ പൂരം അലങ്കോലപ്പെട്ട സമയത്ത് മന്ത്രി കെ. രാജന്‍ വിളിച്ചത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ മൊഴി. പൂരത്തില്‍ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയെപ്പറ്റി മന്ത്രി സംസാരിച്ചിരുന്നു. രാത്രി 10.30 വരെ മന്ത്രി വിളിച്ചപ്പോള്‍ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ക്രമസമാധാനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. എന്നാല്‍ 12 മണിക്കുശേഷം ഉറങ്ങിപ്പോയി.- പിറ്റേന്നു രാവിലെയാണ് പൂരം അലങ്കോലപ്പെട്ട വിവരം അറിഞ്ഞതെന്നാണ് അജിത്കുമാര്‍ ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നത്. 

To advertise here,

പൂരം മുടങ്ങിയ സമയത്ത് എഡിജിപിയെ പലവട്ടം ഫോണില്‍ വിളിച്ചിട്ടും പ്രതികരിച്ചില്ലെന്നായിരുന്നു മന്ത്രി കെ. രാജന്റെ നിര്‍ണായകമൊഴി. എന്നാല്‍, ഈ ആരോപണം ഭാഗികമായി തള്ളിക്കൊണ്ടാണ് അജിത്കുമാര്‍ മൊഴി നല്‍കിയത്.

ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന എഡിജിപി അജിത്കുമാറിനു പൂരം കലങ്ങിയതില്‍ വീഴ്ചയുണ്ടെന്നായിരുന്നു ഡിജിപിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിശദമായ അന്വേഷണം നടത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കി ഡിജിപി ഈ മാസം അവസാനം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.