
തൃശ്ശൂര്‍: തളര്‍ന്നിരിക്കാനാണെങ്കില്‍ അത് നേരത്തേ ആകാമായിരുന്നു. വീല്‍ച്ചെയറില്‍ തൃശ്ശൂര്‍ പൂരം കാണാനെത്തിയ ഇരുപത്തിമൂന്നുകാരന്‍ ജീവന്‍ പറയുന്നത് താന്‍ പൂരപ്രേമി മാത്രമല്ല, ജീവിതപ്രേമി കൂടിയാണെന്നാണ്. സുഹൃത്തുക്കളായ സുരേഷ് ബാബു, അമല്‍, മിഥുന്‍ എന്നിവരോടൊപ്പം കുറുപ്പംറോഡില്‍നിന്ന് പൂരം കാണുന്നതിനിടെയാണ് ജീവനെ കാണുന്നത്.
പെരിഞ്ഞനം ബീച്ച് റോഡില്‍ താമസിക്കുന്ന പുഴങ്കര പരേതനായ സജീവിന്റെയും സതീദേവിയുടെയും മകന്‍ ജീവന് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അസുഖം കാരണം കാലുകളുടെ ചലനശേഷി നഷ്ടമായത്. മസ്‌കുലാര്‍ ഡിസ്‌ട്രോഫി, ജീവന്റെ പേശികളെ തളര്‍ത്തുന്നുവെന്ന് ജനിച്ചപ്പോഴേ തിരിച്ചറിഞ്ഞിരുന്നു. 13 വയസ്സു കഴിഞ്ഞാല്‍ നടക്കാനാകില്ലെന്ന് അന്നേ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം പൂരം മുതല്‍ വെടിക്കെട്ടുവരെ കണ്ട ശേഷമാണ് ജീവന്‍ മടങ്ങിയത്. പന്തലുകളും തെക്കേ ഗോപുരനടയിലെ കുടമാറ്റവും ഗംഭീര വൈബാണെന്ന് ജീവന്‍ പറയുന്നു. പൂരത്തിന്റെ ഏതു ഭാഗത്തെത്തിയാലും പരിചയക്കാരുണ്ടാകും. അതുകൊണ്ടുതന്നെ എല്ലാറ്റിനും സഹായവുമുണ്ടാകാറുണ്ടെന്ന് ജീവന്‍ പറയുന്നു.
പൂരം മാത്രമല്ല, സിനിമയും വിനോദയാത്രയും ജീവന് ഹരമാണ്. കുളു-മണാലി ട്രിപ്പ് കഴിഞ്ഞ് എത്തിയതേയുള്ളൂ. നേരത്തേ കോട്ടയം ഇല്ലിക്കല്‍ കല്ലും വയനാട് ഇടയ്ക്കല്‍ ഗുഹയും കയറിയ അനുഭവമുള്ള ജീവന്‍ വീല്‍ച്ചെയറില്‍ കേരളം മുഴുവന്‍ കണ്ടുകഴിഞ്ഞതായി പറയുന്നു. ആറാട്ടുപുഴ പൂരം, ഉത്രാളിക്കാവ് പൂരം, കൂടല്‍മാണിക്യം ഉത്സവം, കൊടുങ്ങല്ലൂര്‍ ഭരണി, തൃപ്രയാര്‍ ഏകാദശി എന്നിവയെല്ലാം കണ്ട ജീവന്‍ വീഡിയോ എഡിറ്ററായി ജോലിചെയ്യുകയാണ്.
കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജില്‍നിന്ന് ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷനില്‍ ബിരുദം നേടിയ ജീവന് ജോലിക്കൊപ്പം ഉത്സവങ്ങളും യാത്രകളും തുടരാനാകണമെന്നാണ് ആഗ്രഹം. അവസരമൊത്തു വന്നാല്‍ ഇന്ത്യാപര്യടനം നടത്താനാണ് ഉദ്ദേശ്യമെന്നും ജീവന്‍ പറയുന്നു. അമ്മയ്ക്കും സഹോദരിമാരായ സ്‌നേഹ, അഞ്ജലി എന്നിവര്‍ക്കുമൊപ്പം താമസിക്കുന്ന ജീവന്‍ സുഹൃത്തുക്കളോടൊത്ത് പുതിയ ബിസിനസ് സംരംഭത്തിനുള്ള തയ്യാറെടുപ്പിലാണ്.
Content Highlights: story of jeevan who come to thrissur pooram
Published: 20 Apr 2024, 09:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented