കേരളീയ ക്ഷേത്രോത്സവങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷപ്പൊലിമയോടെ അരങ്ങേറുന്നത് മധ്യകേരളത്തിലാണ്. പ്രത്യേകിച്ച് പരമ്പരാഗതമായ ഉത്സവങ്ങള്‍. ഇതില്‍ത്തന്നെ, കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നതും സഹൃദയരെ ത്രസിപ്പിക്കുന്നതും തൃശ്ശൂര്‍-പാലക്കാട് ജില്ലകളിലെ ക്ഷേത്രാഘോഷങ്ങളാണെന്നും നിസ്സംശയം പറയാം. തൃപ്പൂണിത്തുറ ഉത്സവവും ഏറ്റുമാനൂര്‍ ഉത്സവവും വൈക്കത്തഷ്ടമിയും ജനപങ്കാളിത്തത്തിന് പേരുകേട്ട ആഘോഷങ്ങള്‍ തന്നെ. ഇവയിലൊക്കെ ഭക്തിയുടെ പരിവേഷത്തിനാണ് കൂടുതല്‍ പ്രാമുഖ്യം. എന്നാല്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ ക്ഷേത്രോത്സവങ്ങളില്‍ ഏറിയപങ്കും നിറഞ്ഞുനില്‍ക്കുന്നത് കലയുടെയും സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും തനതായ അംശമാണ്. എന്നിരുന്നാലും ഭക്തിയുടെ മൂര്‍ത്തഭാവം അന്തര്‍ലീനമായി അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് ഈ ഉത്സവങ്ങളുടെയെല്ലാം തന്നെ ശക്തമായ അടിത്തറ. 

To advertise here,

തൃശ്ശൂര്‍-പാലക്കാട് ജില്ലകളിലെ ഉത്സവങ്ങള്‍ പൊതുവേ സൗന്ദര്യാത്മകതയ്ക്ക് (esthetics) പ്രാധാന്യം നല്‍കിയിരിക്കുന്നതായി കാണാം. ഡിസൈനിങ്ങിനെക്കുറിച്ച് പഠനം നടത്തുന്നവര്‍ക്ക് ഇത്തരം ഉത്സവങ്ങളിലെ ഓരോ ഘടകത്തിലും ഒളിഞ്ഞിരിക്കുന്ന സൗന്ദര്യാവബോധത്തെ ഇഴകീറി പരിശോധിക്കുന്നത് അങ്ങേയറ്റം ആശ്ചര്യവും രസകരവുമായിരിക്കുമെന്നതിന് സംശയമില്ല.

തൃശ്ശൂര്‍ പൂരം പോലെ, ആഘോഷത്തിലുടനീളം സൗന്ദര്യാത്മകത നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും അതില്‍ വിജയിക്കുന്നതുമായ മറ്റൊരു ക്ഷേത്രോത്സവം ഇല്ലെന്നു തന്നെ പറയാം. സംഘാടന മികവുമുതല്‍, ഓരോന്നിന്റെയും അവതരണ ശൈലിയില്‍വരെ ഈയൊരു പ്രത്യേകത യഥാര്‍ഥ സൗന്ദര്യാസ്വാദകന് അനുഭവവേദ്യമാകും. ഇതൊന്നും ഒരു സുപ്രഭാതത്തില്‍ ഉണ്ടാക്കിയെടുത്തതല്ല. മറിച്ച്, തലമുറകളായി കൈമാറിവന്ന് യാതൊരുവിധ കോട്ടവും തട്ടരുതെന്ന നിഷ്‌കര്‍ഷയില്‍ വര്‍ത്തമാന കാലഘട്ടം വരെ കാത്തുസൂക്ഷിക്കുന്നതാണ്. അതാകട്ടെ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനായി ഇപ്പോഴത്തെ സംഘാടകരും പ്രതിജ്ഞാബദ്ധരാണ് എന്നുള്ളതും  ആസ്വാദകനെ സംബന്ധിച്ച് ആഹ്ലാദകരവും അതിലുപരി ആശ്വാസകരവുമാണ്. 

പൂരത്തിലുടനീളം കാണുന്ന ഈ സൗന്ദര്യാത്മകത കാലാനുസൃതമായ മാറ്റങ്ങള്‍ക്കു വിധേയമായി സ്ഫുടംചെയ്ത് പൂരത്തിന്റെ മാറ്റിനും മൂല്യത്തിനും ഒട്ടും ശോഷണം സംഭവിക്കാത്ത ചില കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രം നടത്തിയിട്ടുള്ളതായും നമുക്ക് കാണുവാന്‍ സാധിക്കും. പാരമ്പര്യത്തെ ഒരു തടവറയായി കാണാതെ, ശക്തമായ ആ സവിശേഷ അടിത്തറയിലുറച്ചുനിന്ന് ഒരു ചൂണ്ടുപലകയായി സ്വീകരിച്ച് തികച്ചും പ്രായോഗികമായതും കേള്‍വിക്കും കാഴ്ചയ്ക്കും സുഖകരമായതുമായ മാറ്റങ്ങളാണ് ഓരോ കാലഘട്ടത്തിലും സംഘാടകര്‍ വരുത്തിയിരിക്കുന്നത് എന്നത് അഭിനന്ദനാര്‍ഹമാണ്.

തൃശ്ശൂര്‍ പൂരം സംഘാടനത്തില്‍ അന്തര്‍ലീനമായ സൗന്ദര്യബോധത്തിന്റെ പ്രധാന ഘടകം ഇവിടെ അണിനിരത്തുന്ന ഗജവീരന്മാര്‍ തന്നെയാണ്. ഏറ്റവും വലിയ ആനകളെ പങ്കെടുപ്പിക്കുക എന്നതല്ല പാരമ്പരാഗതമായിത്തന്നെ ഇവിടത്തെ രീതി. മറിച്ച്, ഏറ്റവും അഴകുള്ളതും ലക്ഷണമൊത്തതുമായ ആനകളെയാണ് അണിനിരത്തുക എന്നതിലാണ് തൃശ്ശൂര്‍ പൂരത്തിന്റെ സംഘാടനമികവ് കാണാന്‍ കഴിയുന്നത്. പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ പ്രധാനപ്പെട്ട എഴുന്നള്ളിപ്പുകള്‍ക്ക് പതിനഞ്ച് ആനകളെ വീതമാണ് അണിനിരത്തുന്നത്. 

ആനകളുടെ ലഭ്യതയ്ക്ക് ഒരുപാട് വെല്ലുവിളികളുള്ള ഈ കാലഘട്ടത്തില്‍പ്പോലും അതിമനോഹരമായാണ് പതിനഞ്ച് ആനകളെ ഇരുവിഭാഗങ്ങളും തിരഞ്ഞെടുക്കുന്നത്. അതില്‍ത്തന്നെ, തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍വരവിന് മൂന്ന് ആനകളുടെ എഴുന്നള്ളിപ്പും പാറമേക്കാവ് വിഭാഗത്തിന്റെ രാത്രി പഞ്ചവാദ്യത്തിന് വീണെടുത്ത കൊമ്പുകളുള്ള ഏഴ് നാടന്‍ ആനകളാണെന്നതും മറ്റൊരിടത്തും കാണാനാകാത്ത തികഞ്ഞ സൗന്ദര്യബോധത്തിന്റെ ഉദാത്തമായ നേര്‍ക്കാഴ്ചകളാണ്. ഇതിലുപരിയായി, ഇത്രയും ഭംഗിയിലും വൃത്തിയിലും ആനകളെ ഒരുക്കിനിര്‍ത്തുന്ന പൂരപ്പറമ്പുകളും വേറെയില്ലതന്നെ. പൂരത്തിന്റെ തലേന്ന് കരിവീരന്മാരുടെ കൊമ്പുകളൊക്കെ തേച്ചുവെളുപ്പിച്ച് നഖത്തിന്റെ ഇടയിലെ ചെളിവരെ കഴുകിക്കളഞ്ഞു കുറിയൊക്കെ തൊടീച്ച് ഒരുക്കിനിര്‍ത്തും. 

ഇങ്ങനെ,  ആനകളെ കാണാനായി മാത്രം പൂരത്തിനെത്തുന്ന ആനപ്രേമികളുടെ എണ്ണം വര്‍ഷാവര്‍ഷങ്ങളില്‍ ഏറിവരുന്നു എന്നതുതന്നെ പ്രദര്‍ശനപരതയ്ക്ക് ഉദാഹരണമാണ്. പൂരങ്ങളുടെ സൗന്ദര്യം കവിഞ്ഞൊഴുകുന്നതിന്  അതിലുപയോഗിക്കുന്ന ആനച്ചമയങ്ങള്‍ക്ക് പ്രമുഖമായ സ്ഥാനമുണ്ട്. ഏതൊരു പൂരത്തിന്റെയും മാറ്റുകൂട്ടുന്ന പ്രധാന ഘടകം അതില്‍ ഉപയോഗിക്കുന്ന ആനച്ചമയങ്ങളാണ്. തൃശ്ശൂര്‍ പൂരത്തോളം അത്രയധികം ശുഷ്‌കാന്തിയോടെ ആനച്ചമയങ്ങള്‍ തയ്യാറാക്കുന്ന മറ്റൊരു പൂരം ഇന്നില്ല. ചമയങ്ങളില്‍ കാലാനുസൃതമായി വരുത്തിയ മാറ്റങ്ങളില്‍ പ്രധാനപ്പെട്ട ഒരുകാര്യം പട്ടുകുടയുടെ അലുക്കിലാണ്. അലുക്ക് ചെറുകണ്ണിയാക്കിയതും ഇറക്കം കൂട്ടിയതും പട്ടുകുടയെ കൂടുതല്‍ മനോഹരമാക്കി എന്നുപറയാം. 

പട്ടുകുടയുടെ മകുടത്തില്‍ വരുത്തിയ മാറ്റവും തൃശ്ശൂര്‍ പൂരത്തിന്റെ സംഘാടകരുടെ സംഭാവനയാണ്. ഇന്ന് മറ്റു പല  സ്ഥലങ്ങളിലും ഈ മാറ്റം അനുകരിച്ചുവരുന്നതായി കാണാം. ഇപ്പോള്‍ മറ്റിടങ്ങളിലെ ഉത്സവങ്ങളിലെല്ലാം പ്രചാരം നേടിയ 'കുടമാറ്റം' തന്നെ യഥാര്‍ഥത്തില്‍ തൃശ്ശൂര്‍ പൂരത്തിന്റെ തനത് സംഭാവനയാണ്. പതിനഞ്ചു കുടകളുടെ നാല്പതു സെറ്റ് കുടകള്‍ ഭംഗിയായി ഡിസൈന്‍ ചെയ്യുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഒരു പ്രൊഫഷണല്‍ ഡിസൈനറെ വെല്ലുന്ന രീതിയിലുള്ള നിറവിന്യാസമാണ് ഓരോ സെറ്റ് കുടകളിലും നിറയുന്നത്. വ്യത്യസ്തവും നൂതനവുമായ കോമ്പിനേഷനും കോണ്‍ട്രാസ്റ്റുമാണ് പരിചയസമ്പന്നതകൊണ്ട് പാറമേക്കാവ്-തിരുവമ്പാടി സംഘാടകര്‍ അവതരിപ്പിക്കുന്നത്.

കുടമാറ്റം നേരം വൈകിയും തുടരുന്നതിലൂടെ ഫ്‌ലഡ്ലിറ്റിന്റെ അപാരമായ സാധ്യതകൂടി ഇന്ന് ഉപയോഗിക്കുന്നു. ഏറ്റവും ഭംഗിയുള്ള ചാമരം ഉപയോഗിക്കുന്നതും തൃശ്ശൂര്‍ പൂരത്തിനാണ്. ഓരോ ജോടി ചാമരത്തിനും സാധാരണ നാലു മുതല്‍ അഞ്ചുവരെ കിലോഗ്രാം രോമം  ഉപയോഗിക്കുമ്പോള്‍ തൃശ്ശൂര്‍ പൂരത്തിന് ഒരുക്കുന്ന ചാമരത്തിനു ആറ് കിലോ രോമമാണ് ഉപയോഗിക്കുന്നത്. മയില്‍പ്പീലിയുടെ ഭാഗങ്ങള്‍കൊണ്ടുമാത്രം ഉണ്ടാക്കുന്ന ആലവട്ടവും ഇത്ര മനോഹരമായി മറ്റൊരു പൂരത്തിനും കാണാന്‍ സാധിക്കില്ല. പാദസരത്തിന്റെയും കഴുത്തിലെ മണിയുടെയും പള്ളമണിയുടെയും കാര്യവും വ്യത്യസ്തമല്ല.

തിരുവമ്പാടി വിഭാഗത്തിന്റെ ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുള്ള കോലത്തിന്മേലുള്ള കൃഷ്ണന്റെ ഗോളക ഇന്നും, അതിന്റെ ആകാരവടിവും കൃത്യമായ അനാട്ടമിയും കൊണ്ട് സഹൃദയരെ വിസ്മയിപ്പിക്കുന്നതാണ്. ആനച്ചമയങ്ങളില്‍ ഏറ്റവും വൈവിധ്യപൂര്‍ണമായ തലേക്കെട്ട് അഥവാ നെറ്റിപ്പട്ടം അതിന്റെ കൂറടക്കം കൊണ്ട് മികവുറ്റതാക്കുന്നു. കോലം കയറ്റി എഴുന്നള്ളിക്കുന്ന ആനയ്ക്ക് കെട്ടുവാനുള്ള ചൂരപ്പൊളി തലേക്കെട്ടും കൂട്ടാനകള്‍ക്കുള്ള നാഗപടവും മറ്റു പന്ത്രണ്ട് ആനകള്‍ക്കുള്ള വണ്ടോടു തലേക്കെട്ടും  മിനുക്കി, പൊടിപ്പും കാളാഞ്ചിയുമെല്ലാം ഓരോ വര്‍ഷവും പുതുക്കി മനോഹരമാക്കുന്നു. ഇവയൊക്കെ കാരണമാണ് എല്ലാ വര്‍ഷവും മണിക്കൂറുകളോളം വരിനിന്ന് ഇന്നും ആളുകള്‍ പൂരത്തിന് രണ്ടുദിവസം മുന്‍പേ ആനച്ചമയപ്രദര്‍ശനം കാണാന്‍ എത്തുന്നത്. വരുന്നവര്‍ക്ക് ചമയങ്ങള്‍ സൗകര്യപ്രദമായി കാണുവാന്‍ സാഹചര്യം ഒരുക്കുന്ന രണ്ടു ദേവസ്വങ്ങളും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.