രാത്രിപൂരങ്ങള്‍ക്ക് ശോഭ പകരുന്ന തീവെട്ടി തിരുവമ്പാടി വിഭാഗത്തിനുവേണ്ടി ഒരുക്കുന്നത് കുട്ടന്‍കുളങ്ങര നിവാസിയായ രംഗനാഥന്‍ ആചാരിയാണ്. ആനച്ചമയങ്ങള്‍ ധരിച്ച ഗജവീരന്റെ ഭംഗി രാത്രിയില്‍ ശോഭയോടെ കാണുന്നതിന് തീവെട്ടി ഏറെ സഹായകരമാണ്.

To advertise here,

പൂരത്തിന് പത്തുദിവസംമുന്‍പ് കൈവിളക്കുകളുടെ നാഴി പോളീഷ് ചെയ്ത് എത്തിക്കുന്നതോടെ പന്തത്തിന്റെ ജോലി ആരംഭിക്കും. പന്തത്തിനാവശ്യമായ കോട്ടണ്‍ വെള്ളത്തുണി പുഴുങ്ങി അലക്കി ഉണക്കി എത്തിക്കുകയും ചെയ്യും. അഞ്ച് ജോലിക്കാര്‍ ആറുദിവസം പന്തം ചുറ്റുന്നതിന് ജോലി ചെയ്യണം. പതിനഞ്ച് പന്തങ്ങളില്‍ അമ്പതിലധികം നാഴികളിലാണ് മുല്ലമൊട്ടിന്റെ ആകൃതിയില്‍ പന്തം ചുറ്റുക. നാല് കതിര്‍, ആറ് കതിര്‍, മുപ്പന്തം, ഒറ്റപ്പന്തം എന്നിങ്ങനെ വിവിധ ഇനം പന്തങ്ങളാണ് രാത്രിപൂരത്തിനായി ഒരുങ്ങുക.

രണ്ടു പതിറ്റാണ്ടിലേറെയായി പന്തംപിടിക്കല്‍, പന്തംചുറ്റല്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന രംഗനാഥന്‍ ആചാരി പറവൂര്‍ പെരുവാരത്ത് വാടയ്ക്കകത്ത് വീട്ടില്‍ വെങ്കിടാചല ആചാരിയുടെയും പാര്‍വതി അമ്മാളുടെയും മകനായാണ് ജനിച്ചത്. തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിനുവേണ്ടിയാണ് പന്തംജോലികള്‍ രംഗനാഥന്‍ ചെയ്തി
രുന്നത്.

നാലുവര്‍ഷമായി തിരുവമ്പാടി വിഭാഗത്തിന്റെ പന്തത്തിന്റെ ചുമതല നിര്‍വഹിച്ചുവരുന്നു. തൃശ്ശൂര്‍ പൂരത്തെ കൂടാതെ നിരവധി ക്ഷേത്രോത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും പന്തംജോലികള്‍ രംഗനാഥനും സംഘവും ചെയ്തുവരുന്നുണ്ട്. സരസ്വതിയാണ് ഭാര്യ. രമേഷ്, അനുരേഖ എന്നിവര്‍ മക്കളാണ്.