ഗോളപ്രശസ്തമായ തൃശ്ശൂര്‍ പൂരം വീണ്ടും വന്നെത്തുമ്പോള്‍ ആഗോള താപനം എന്ന പരിസ്ഥിതി പ്രശ്നത്തെയും കാര്യഗൗരവത്തില്‍ എടുക്കണം. വെറും പൂരപ്പറമ്പല്ല ഇന്നത്തെ തേക്കിന്‍കാടുമൈതാനം എന്നതില്‍ നമുക്ക് ആശ്വസിക്കാം. വൃത്തഭൂമികയില്‍ ഏറെ മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നു. എത്രയോ വ്യക്തികളും സംഘടനകളും സേവനത്തിന്റെ പാതയിലൂടെയാണ്, തൃശ്ശൂരിന്റെ ഹൃദയാങ്കണത്തെ ഇപ്പോഴത്തെ ഹരിതാങ്കണമാക്കിമാറ്റാന്‍ പണിപ്പെട്ടത്. ഇതുകൂടുതല്‍ സജീവമാക്കിയാല്‍, കാര്‍ബണ്‍ ന്യൂട്രല്‍ നഗരമാക്കി, തൃശ്ശൂരിനെ ആഗോളനിലയില്‍ അറിയിക്കാനാകും. തൃശ്ശൂര്‍പൂരം പോലെ, ലോകത്താകെ ഈ പാരിസ്ഥിതിക പ്രവര്‍ത്തനം മാതൃകയായി മാറുകയും ചെയ്യും. 

To advertise here,

കൊടുംകാടായി കിടന്നിരുന്ന കുന്നില്‍ പുറത്തെ, നഗരസൃഷ്ട്രാവായ ശക്തന്‍ തമ്പുരാന്‍ രാജ്യഭരണത്തിന്റെ അന്ധകാരം മാറ്റാന്‍ വെളിച്ചത്തിന്റെ ഭൂമിയാക്കി അവിടെയെത്തുന്ന മാടുകള്‍ക്കായി കല്‍ത്തൊട്ടില്‍ കൊണ്ടുവന്നു കുടിവെള്ളം ഉറപ്പാക്കി. വലിയ കിണറുകള്‍ നിര്‍മിക്കാനും നടപടിയെടുത്തു. നടക്കാവുവൃക്ഷങ്ങളെന്ന പേരിലറിയപ്പെട്ട വഴിയോരത്തെ തണല്‍ മരങ്ങളെ പരിരക്ഷിക്കാന്‍ കല്പനതന്നെ പുറപ്പെടുവിച്ചുവെന്നത് ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. 

വലിയ ചിറകളും കൊക്കര്‍ണ്ണിപ്പറമ്പില്‍ രണ്ടുവലിയ ജലാശയങ്ങളുമടക്കം എത്രയോ വഴിത്താരകളിലൂടെ പ്രകൃതിസൗഹാര്‍ദം വളര്‍ന്നുവന്നു. ലെഫ്. ക്രോണര്‍ രേഖപ്പെടുത്തിയ മരക്കുറ്റികളുടെ നഗര മൈതാനവും ജലനിര്‍ഗമനമാര്‍ഗങ്ങളും നഗരാസൂത്രണത്തിന്റെ തെളിവുകളായി ചരിത്രം ഉള്‍ക്കൊണ്ട് അതിന്റെ തുടര്‍ച്ചകളില്‍ വിശാലമായ മൈതാനവും അതിനോടുചേര്‍ന്നുള്ള പള്ളിത്താമവുമെല്ലാം പലവിധ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായി. 

വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് ആവശ്യമായിരുന്ന അര്‍ച്ചനപ്പൂക്കള്‍ വിടര്‍ന്നിരുന്ന 'പള്ളിത്താമം' എന്ന ഉദ്യാനമിന്ന് അപ്രത്യക്ഷമായി. ഇന്നത്തെ തേക്കിന്‍കാടുമൈതാനത്തിന്റെ അറുപതേക്കര്‍ വിസ്തൃതിയില്‍ തേക്കുപോലും വീണ്ടും വളര്‍ന്നുവന്നിരിക്കുന്നു. വിവിധകാലങ്ങളില്‍ നട്ടുപിടിപ്പിക്കപ്പെട്ട ചെടികളാല്‍ തേക്കിന്‍കാടിന് പച്ചപ്പിന്റെ ഉടുപ്പ് തിരിച്ചുകിട്ടിയിരിക്കുകയാണ്. ഇതില്‍ പലതും വളര്‍ച്ചയുടെ പാതി ആയുസ്സിലുമാണ്. തൃശ്ശൂരിന്റെ തേക്കിന്‍കാടുമൈതാനത്തിലെ സസ്യങ്ങളുടെ കണക്കെടുപ്പ് 2021-ല്‍ INTACH (Indian National Trust for Art and Cultural Heritage) എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തി. 

കേരള വനഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായിരുന്ന  ഡോ. എന്‍. ശശിധരന്‍, ഡോ. പി.എസ്. ഈസ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇതിനെ അടിസ്ഥാനമാക്കി മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.  ഇതുപ്രകാരം 90-ലധികം സസ്യവര്‍ഗങ്ങളിലായി 600- ലധികം ചെടികള്‍ പാര്‍ക്കുന്ന നഗരവനമാണ് ഇന്നത്തെ തേക്കിന്‍കാട്. ഇവയില്‍ ഔഷധശേഷിയുള്ളവ, വിദേശത്തുനിന്നുകൊണ്ടുവന്നവ, അലങ്കാരവൃക്ഷങ്ങള്‍ എന്നീ ഗണങ്ങളിലായി തിരിക്കാവുന്ന   സസ്യപ്രമുഖത്തൈകളുണ്ട്. 

നാല്പാമരങ്ങള്‍, ത്രിഫലകള്‍, ജന്മനക്ഷത്രസസ്യങ്ങള്‍, ദശമൂലങ്ങള്‍ എന്നൊക്കെയുള്ള പ്രതിനിധികള്‍ സസുഖം വസിച്ചുവരുന്നു. നിലനിന്നിരുന്ന ആലുകളും  മാവുകളും പ്ലാവുകളും ഞാവലുകളും തുടങ്ങിയ നാട്ടുമരങ്ങളോടൊപ്പം കാട്ടുമരങ്ങളും ചേര്‍ന്നുനില്‍ക്കുന്ന തേക്കിന്‍കാട് മൈതാനക്കാഴ്ചകള്‍ മനോഹരമാണ്.

ഋതുഭേദങ്ങളുടെ പ്രത്യക്ഷ പാരിതോഷികങ്ങള്‍ ഏറെ അനുഭവിക്കാനാവുന്ന പെരിയ ഇടമായിരിക്കുന്നു നമ്മുടെ തേക്കിന്‍കാട്. വേനല്‍ക്കാലത്ത് തണല്‍മരങ്ങളായും പഴം തരുന്നവയുമായി മരങ്ങള്‍ അനുഗ്രഹങ്ങള്‍ തരുകയാണ്. വസന്തകാലമായാല്‍ വിവിധ നിറങ്ങളുടെ കാഴ്ചകളാണ്. മണിമരുതിന്റെ നീലനിറവും കര്‍ണികാരത്തിന്റെ മഞ്ഞയും ഗുല്‍മോഹറുകളുടെ ചെമപ്പും പോലെ എത്രയെത്ര വര്‍ണവിസ്മയങ്ങള്‍! പാലപൂക്കുന്ന വൃശ്ചികസന്ധ്യകളില്‍ മൈതാനം ചുറ്റിയവര്‍ക്കറിയാം ആ സുഖാനുഭവം.

ലാംഗി ലാംഗികളുടെ മണവും ഇലഞ്ഞിപ്പൂ സുഗന്ധവും ചിലപ്പോള്‍ നഗരത്തില്‍നിന്ന് അടുത്തഗ്രാമങ്ങളിലേക്ക് പകരപ്പെടും. ഭൂമിയുടെ അവകാശികളുടെ ഒരുപോലെയുള്ള അഭയാരണ്യമാണിവിടം. മാങ്ങ ചപ്പിയൂറ്റുന്ന അണ്ണാന്‍മാര്‍, കൊത്തിപ്പറക്കുന്ന പക്ഷിക്കൂട്ടങ്ങള്‍, മദിരാശിയെന്ന മഴമരപ്പഴങ്ങള്‍ തിന്നുന്ന അലഞ്ഞുനടക്കുന്ന കാളകള്‍, എന്തിന് രാത്രിയുടെ യാമങ്ങളില്‍ വയറുനിറഞ്ഞ വവ്വാലുകള്‍പോലും സംതൃപ്തരാണ്.

മൈതാനം വട്ടം ചുറ്റുന്ന നേരം വൈകുന്നേരമായാല്‍ വിവിധതരം കിളികള്‍ ചേക്കേറുന്നതും കാഴ്ചകള്‍തന്നെ. എത്രയോ കിളികളുടെ കൂടുകളെ പേറുന്നവരാണ്. മരച്ചില്ലകള്‍. വലിയ മരങ്ങളെ ആശ്രയിക്കുന്ന മരവാഴയും പന്തലുമടക്കം ഇവിടം ഭക്ഷ്യശൃംഖലകളുടെ വലുപ്പം അനുഭവിപ്പിക്കും. കാറ്റുകാലമായാല്‍ ചൂളമടിക്കുന്ന ചില്ലകളോടെ മൈതാനത്തില്‍ ശബ്ദഘോഷമാണ്. ഇതേമരങ്ങളാല്‍ ശബ്ദബഹളമില്ലാതെ സ്വസ്ഥമായിരിക്കാനും സാധിക്കുന്നു. അതെ ഇന്നത്തെ തേക്കിന്‍കാട് ജൈവവൈവിധ്യത്തിന്റെ കലവറതന്നെ.

നാഗലിംഗമരങ്ങളും ചെമ്മരവും രുദ്രപ്ലാശും ഇലന്തയും പൂവ്വവും എടലയും വെള്ളാലും ഉരല്‍മരവും അടക്കം ഒന്നിച്ചുവസിക്കുന്ന ഈ തേക്കിന്‍കാടിനെ കൂടുതല്‍ ഹരിതാഭമാക്കിയാല്‍ പൂരക്കാഴ്ചപോലെ ശ്രദ്ധേയമാകും. പരിസ്ഥിതിസൗഹൃദമായ പരിചരണങ്ങള്‍ നല്‍കി, ശാസ്ത്രീയ നാമങ്ങള്‍ ചേര്‍ത്ത ബോര്‍ഡുകള്‍ വെച്ചും പ്രാധാന്യം അറിയിച്ചും പരിഷ്‌കരണം നല്‍കിയാല്‍ 'തൃശ്ശൂര്‍ ടച്ചി'നെ ലോകം വാഴ്ത്തും. 

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഹംസസന്ദേശത്തില്‍ വിവരിക്കപ്പെട്ട ഈ ലക്ഷണമൊത്ത വട്ടമൈതാനത്തില്‍, സാംസ്‌കാരിക നഗരമെന്ന സത്പ്പേരിന് പാത്രമാകാനും സാധിക്കും. ഈയൊരു മൈതാനമില്ലാത്ത തൃശ്ശൂരിനെ സങ്കല്‍പിക്കാന്‍ സാധിക്കുമോ? നാളത്തെ തലമുറയോട് കടപ്പെട്ട, പ്രകൃതിസന്തുലനത്തിന് ചുമതലയുള്ള സഹൃദയര്‍ കുറേക്കൂടി തൈകളുമായി ഇവിടെ പച്ചപ്പിടാനും അതിന്റെ അനുഭൂതികളെ ലോകര്‍ക്ക് പകരാനും ശ്രമിക്കണം.

ഓരോ തൃശ്ശൂര്‍ പൂരവും ആകര്‍ഷകമാക്കാന്‍ മത്സരിക്കുന്നതോടൊപ്പം പ്രകൃതിസംരക്ഷണത്തിന്റെ മാതൃകാഭൂമിയാക്കാന്‍ കര്‍മസജ്ജരാകണം. പ്രാണവായുവും കുടിവെള്ളവും എന്നോ വില്‍പ്പനച്ചരക്കായി മാറിയിട്ടും സ്വയം സജ്ജരായി യാത്രികര്‍ക്കും കോടാനുകോടി ജീവികള്‍ക്കും ആശ്രയമായി നില്‍ക്കുന്ന തേക്കിന്‍കാട്ടിലെ മരങ്ങള്‍ വിസ്മയമാകുകയാണ്. ആ മര്‍മരങ്ങള്‍ക്ക് കാതോര്‍ക്കുന്നതോടൊപ്പം ഉള്ളിലെടുക്കാനും ഇത്തവണത്തെ തൃശ്ശൂര്‍ പൂരം തുടക്കമാകട്ടെ.