തൃശ്ശൂര്‍പൂരം നടത്തിപ്പ് ദേശക്കാരുടെ രക്തത്തിലലിഞ്ഞതാണെന്നാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍ പറയുന്നത്. പരമ്പരാഗതമായി നടന്നുപോരുന്ന പൂരം നടത്തിപ്പ്, ആചാരങ്ങളും ചടങ്ങുകളുമെല്ലാം പിഴവുകള്‍ കൂടാതെ  തുടര്‍ന്നുകൊണ്ടുപോകാനാകണമെന്നാണ് നടത്തിപ്പുകാരുടെ ഓരോരുത്തരുടെയും മനസ്സ്. ഈ പൂരത്തോടെ സെക്രട്ടറി സ്ഥാനത്ത് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഗിരീഷ്‌കുമാര്‍ 20 വര്‍ഷത്തിലേറെയായി തിരുവമ്പാടിയുടെ ആഘോഷക്കമ്മിറ്റിയില്‍ അംഗമാണ്. പൂരാഘോഷക്കമ്മിറ്റി ഭാരവാഹി പൊതുപ്രവര്‍ത്തകന്‍ കൂടിയാകുമ്പോള്‍ സംഘാടനവും പൊതുപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാകുന്നുവെന്നാണ് ഗിരീഷിന്റെ പക്ഷം. തൃശ്ശൂര്‍പൂരം തൃശ്ശൂരിന്റെ മുഖമുദ്രയും പൂരപ്രേമികളുടെ വികാരവുമെല്ലാമാണെങ്കില്‍ നടത്തിപ്പുകാര്‍ക്ക് ഒരു പൂരം കഴിയുന്നതോടെ തുടങ്ങുന്നത് അടുത്ത പൂരത്തിനുള്ള ഒരുക്കമാണ്.

To advertise here,

പൂരാഘോഷത്തിന് ഒപ്പം നടന്നുവളരുന്ന ബാല്യവും കൗമാരവുമാണ് ഓരോ ദേശക്കാരന്റെയും. അതില്‍ ആസ്വാദകനായും ഭാരവാഹിയായും ഇപ്പോള്‍  സെക്രട്ടറിയായും ചുമതലകള്‍ നിറവേറ്റുന്നു. കാലങ്ങളായി പൂരത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നതില്‍ എങ്ങനെയാണ് സംതൃപ്തി കണ്ടെത്തുന്നത് ?

ശരിയാണ്. കുട്ടിക്കാലം മുതല്‍ പൂരത്തിനൊപ്പം നടന്നു വളര്‍ന്ന അനുഭവവും പാരമ്പര്യമായി കൈമാറിക്കിട്ടിയ ആവേശവുമാണ് ഓരോ ദേശക്കാരന്റെയും കൈമുതല്‍. പൂരം ഭംഗിയായി നടന്നുകാണുന്നതിലാണ് അവര്‍ക്ക് സന്തോഷം. പരമ്പരാഗതമായി കൈവന്ന അവകാശം പോലെ പൂരം നടത്തിപ്പിനൊപ്പം നടന്ന ശീലമാണ് നമ്മുടേത്. അതില്‍ ആസ്വാദകനായാലും ഭാരവാഹിയായാലും സെക്രട്ടറിയായാലും പൂരം ഭംഗിയായി പൂര്‍ത്തിയാക്കണമെന്നത് അവരവരുടെ കടമയാണ്. നമുക്ക് മാതൃകയായി പൂരം നടത്തിപ്പിന്റെ നാള്‍വഴികളുണ്ട്. അത് ഭംഗിയായി തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയുന്നതാണ് വലിയകാര്യം.

പൂരാസ്വാദകനായ ദേശക്കാരന്‍, സംഘാടകസമിതിയംഗം, സെക്രട്ടറി എങ്ങനെയാണ് ഈ സ്ഥാനങ്ങളുടെ വ്യത്യാസം നോക്കിക്കാണുന്നത് ?

നേരത്തേ പറഞ്ഞല്ലോ ദേശക്കാരനെയും ആസ്വാദകനെയും സംബന്ധിച്ച് പൂരം ഭംഗിയാകണം ആസ്വദിക്കാനാകണം. സംഘാടകരെ സംബന്ധിച്ച് ഒരുവര്‍ഷത്തെ പൂരം ആറുമാസം മുന്‍പേ തുടങ്ങുന്ന കഠിനാധ്വാനത്തിന്റെ പൂര്‍ത്തീകരണമാണ്. അവരില്‍ ഏല്‍പ്പിക്കുന്ന ചുമതലകള്‍ ഏറ്റവും ഭംഗിയായി നടപ്പാക്കാനായിരിക്കും ഓരോരുത്തരും ശ്രമിക്കുന്നത്.
തിരുവമ്പാടി ദേവസ്വം സെക്രട്ടറിയായപ്പോഴാണ് മുന്‍പുള്ളവര്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ മനസ്സിലാകുന്നത്. പലപ്പോഴും സങ്കീര്‍ണമായ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും മുന്‍പിലെത്തുമ്പോള്‍ ഉത്തരം കണ്ടെത്തല്‍, തീരുമാനങ്ങള്‍ സ്വയം കൈക്കൊള്ളേണ്ടിവരും. സെക്രട്ടറി എന്ന നിലയില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വലിയ വെല്ലുവിളി എതിര്‍പ്പും പരിഭവങ്ങളുമില്ലാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ തീരുമാനത്തിലെത്തുക എന്നതാണ്.

പൂരം പ്രധാനമായും ആചാരങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. എന്തു തീരുമാനവും വലിയ പ്രത്യാഘാതങ്ങളും വിവാദങ്ങളും സൃഷ്ടിച്ചേക്കാം. എങ്ങനെയാണ് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യുന്നത്. ?

ഏതു തീരുമാനവും എന്തു നടപടിയും വികാരപരമായി കാണുന്നവരുടെ സെന്‍സിറ്റീവായ കാലമാണിത്. ഏതു വിഷയത്തിലും ആര്‍ക്കും പ്രശ്‌നമില്ലാത്തവിധം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട കാര്യങ്ങള്‍ നിരന്തരം ഉണ്ടാകുന്നു.
പൂരപ്പന്തല്‍, ആന, മേളം, വെടിക്കെട്ട് അങ്ങനെ പൂരത്തിന്റെ എല്ലാ മേഖലകളിലും തീരുമാനം ദേവസ്വം ഭരണസമിതിയുടേതാണ്. പക്ഷേ, ആനയാകട്ടെ, മേളക്കാരെ നിശ്ചയിക്കലാകട്ടെ, എന്തു തീരുമാനത്തിലും വ്യാപക പ്രതികരണമുണ്ടാകുന്നു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമുണ്ടാകുന്നു. ഇത്തരം സാഹചര്യത്തില്‍ ആര്‍ക്കും പിണക്കവും പരിഭവവുമില്ലാതെ തീരുമാനങ്ങള്‍ നടപ്പാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകനുമായുള്ള അനുഭവപാഠങ്ങള്‍ ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സഹായകമായിട്ടുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് കാര്യക്ഷമമായി ഇടപെടാനാകും. പൊതുബന്ധവും പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ച ശീലവും നടത്തിപ്പിന് ഉപകാരപ്പെടും.

പൂരം നടത്തിപ്പില്‍ കാലാനുസൃതമായ മാറ്റത്തിനുവേണ്ടി പലപ്പോഴും കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരാറില്ലേ?

പൂരം നടത്തിപ്പില്‍ കാലാനുസൃതമായ മാറ്റം, പരിഷ്‌കാരം അങ്ങനെയൊന്നുമില്ല. നടന്നുപോരുന്ന ചടങ്ങുകളും ആചാരങ്ങളും വീഴ്ചകൂടാതെ തുടരാനാകുക. എന്നാല്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ പരിഹാര നിര്‍ദേശങ്ങളാണ് പെട്ടെന്ന് കൈക്കൊള്ളേണ്ടിവരുന്നത്. നല്ല മാറ്റത്തിനുവേണ്ടിയുണ്ടാക്കുന്ന തീരുമാനങ്ങള്‍ നല്ല റിസല്‍ട്ടിനുവേണ്ടിയാണ്. കടുത്ത തീരുമാനങ്ങളെന്ന് തോന്നുന്നവ മികച്ച റിസല്‍ട്ട് ഉണ്ടാകുന്നതോടെ എതിര്‍പ്പുകളൊഴിഞ്ഞ് അംഗീകരിക്കപ്പെടുകയാണുണ്ടാകുക.

placeholder
കെ.​ഗിരീഷ്കുമാറും ശ്രീശോഭും  | ഫോട്ടോ: മാതൃഭൂമി

പൂരം, ആനപ്രേമം, മേളക്കമ്പം തുടങ്ങി എല്ലാ മേഖലയിലും ന്യൂജെന്‍ കടന്നുകയറ്റമാണ്. എങ്ങനെയാണ് ഈ മാറ്റത്തെ വിലയിരുത്തുന്നത്. ?

പൂരം, ആന, മേളം, വെടിക്കെട്ട് അങ്ങനെ എല്ലാ മേഖലകളിലും പുതുതലമുറ കടന്നുവരുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ എല്ലാ പ്രേമവും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുക എന്ന ഉദ്ദേശത്തോടെ മാത്രമാകുന്നതാണ് പ്രശ്‌നം. നടത്തിപ്പിലെ ബുദ്ധിമുട്ട് ഇത്തരക്കാര്‍ക്ക് അറിയണമെന്നില്ല.  പലപ്പോഴും ഇടപെടേണ്ടതോ, അഭിപ്രായം പറയേണ്ടതോ ആയ കാര്യങ്ങളില്‍ മാത്രമല്ല ഇവരുടെ ഇടപെടല്‍ ഉണ്ടാകുന്നത്. മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നോര്‍ക്കാതെ വികാരപരമായിട്ടായിരിക്കും അഭിപ്രായപ്രകടനം. ഇത് നല്ല പ്രവണതയല്ല.

പൂരപ്രേമികളെ സംബന്ധിച്ച് പൂരം നന്നാകണം. ആസ്വദിക്കണം. അതിനപ്പുറം എന്താണ് നടത്തിപ്പില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ?

സാധാരണ പൂരത്തിന്റെ തയ്യാറെടുപ്പുകള്‍ ആറുമാസം മുന്‍പ് തുടങ്ങും. കുടയുടെ ശീല വാങ്ങുന്നതിനുള്ള നടപടികളാണ് ആദ്യം. സൂററ്റില്‍നിന്നാണ് കുടശ്ശീല എത്തിക്കുന്നത്. പിന്നെ ആന, മേളം, പന്തല്‍, വെടിക്കെട്ട്, അലങ്കാരം, വെളിച്ചം, ഭക്ഷണം അങ്ങനെ പോകുന്നു. ഓരോന്നിനും പ്രത്യേകം കമ്മിറ്റികളുണ്ട്. കാലാകാലങ്ങളില്‍ നടത്തിപ്പില്‍ വ്യത്യാസങ്ങളുണ്ടാകുന്നു. വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നു. അതൊന്നും നാട്ടുകാരെയും പൂരപ്രേമികളെയും അറിയിക്കാതെ പൂരം ഭംഗിയാക്കണമെന്നതാണ് സംഘാടനത്തിലെ പ്രധാന വെല്ലുവിളി. ഒരു വര്‍ഷത്തെ പൂരത്തിന് ഏതാണ്ട് രണ്ടരക്കോടി ചെലവ് വരും. ദേശപ്പിരിവും പൂരം പ്രദര്‍ശനത്തില്‍നിന്നുള്ള വരവുമാണ് പ്രധാന വരുമാനം. ഇതില്‍നിന്നുതന്നെ തിരുവമ്പാടി ഉത്സവം, വേല, അഷ്ടമിരോഹിണി എന്നിവയും നടത്തുന്നു. ആഘോഷക്കമ്മിറ്റിയുടെ പിരിവിനെ ആശ്രയിച്ചാണ് ഇതെല്ലാം നിലനില്‍ക്കുന്നത്.

സമസ്തമേഖലയിലും കടന്നുവരുന്ന അഥവാ കലര്‍ത്തുന്ന രാഷ്ട്രീയം. നമ്മുടെ പൂരം ആഘോഷത്തിലും നടത്തിപ്പിലും ഇതെങ്ങനെയാണ് അനുഭവപ്പെട്ടിരിക്കുന്നത്. ?

ഞാനുള്‍പ്പെടെ എല്ലാവരും വ്യക്തമായ രാഷ്ട്രീയമുള്ളവരാണ്. എന്നാല്‍ എല്ലാ വിഭാഗം രാഷ്ട്രീയക്കാരും സഹകരിക്കുന്നു, ഒരു മേഖലയിലും രാഷ്ട്രീയം കടന്നുവരുന്നില്ല ഇതാണ് തിരുവമ്പാടി വിഭാഗത്തിന്റെ വിജയരഹസ്യം. പലപ്പോഴും പൂരം നടത്തിപ്പുമായി ഒരുബന്ധവുമില്ലാത്തവര്‍ ഇതിലേക്ക് കടന്നുവരുന്നത് വലിയ തലവേദനയാകും.  ദേവാലയങ്ങള്‍ക്ക് പുറത്ത് രാഷ്ട്രീയമാകാം. എന്നാല്‍ ക്ഷേത്രം, ഉത്സവം, ആഘോഷം എന്നിവയെല്ലാം രാഷ്ട്രീയമുക്തമാകണം.  

സുദീര്‍ഘമായ പൂരാഘോഷ കമ്മിറ്റി, നടത്തിപ്പ് അനുഭവങ്ങളില്‍ മറക്കാനാവാത്ത സംഭവങ്ങള്‍ ?

സെക്രട്ടറി ആകുന്നതിന്റെ തൊട്ടു മുന്‍പത്തെ വര്‍ഷമായിരുന്നു പൂരത്തിനിടെ ആല്‍മരക്കൊമ്പൊടിഞ്ഞുവീണുണ്ടായ അപകടം. തെക്കേമഠം റോഡിലുണ്ടായ അപകടത്തില്‍ കമ്മിറ്റിയംഗങ്ങളായ രണ്ടുപേര്‍ മരിച്ച സംഭവം വലിയ ആഘാതമായിരുന്നു. അപകടത്തില്‍ മരിച്ച എരവിമംഗലം സ്വദേശി രമേശനും പൂങ്കുന്നം സ്വദേശി രാധാകൃഷ്ണനും അടുത്ത സുഹൃത്തുക്കളായിരുന്നു.

വര്‍ഷങ്ങളായി തിരുവമ്പാടി ദേവസ്വത്തോടൊപ്പമുള്ള ഗിരീഷ്‌കുമാര്‍ പൂങ്കുന്നം ശങ്കരന്‍കുളങ്ങര അയ്യപ്പസേവാസംഘം സെക്രട്ടറി, പൂങ്കുന്നം ശിവക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുറനാട്ടുകര ശ്രീരാമകൃഷ്ണ മിഷന്‍ സ്‌കൂള്‍ അധ്യാപികയായ ഭാര്യ ബിന്ദുവും മക്കളായ ശ്രീകാന്തും ശ്രീലക്ഷ്മിയും ഗിരീഷ്‌കുമാറിന്റെ പൂരപ്രേമത്തിനും നടത്തിപ്പിനും പിന്തുണയായുണ്ട്.

പൂരാഘോഷത്തിനുള്ള കമ്മിറ്റികള്‍ എല്ലാം സജീവമാണെങ്കിലും ഭക്ഷണക്കമ്മിറ്റിയുടെയും ആനക്കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ഓര്‍ക്കേണ്ടതാണെന്ന് ഗിരീഷ്‌കുമാര്‍ പറയുന്നു. പൂരത്തിന്റെ ഒരു ചടങ്ങും കാണാനോ പങ്കെടുക്കാനോ കഴിയാത്ത വിഭാഗമാണ് ഭക്ഷണക്കമ്മിറ്റിയിലെ അംഗങ്ങള്‍. പൂരച്ചമയദിവസം മുതല്‍ ചമയക്കാര്‍ക്കും ആനക്കാര്‍, വെടിക്കെട്ട്, പന്തല്‍ പണിക്കാര്‍ തുടങ്ങി എല്ലായിടത്തേക്കും ഭക്ഷണം പാകംചെയ്ത്, എത്തിക്കുന്നത് ഭക്ഷണ കമ്മിറ്റിയാണ്. അവരത് നേരാനേരം സമയം തെറ്റാതെ ചെയ്യുന്നു.

അതുപോലെ പ്രധാനമാണ് ആനക്കമ്മിറ്റിയുടെ പ്രവര്‍ത്തനം. പൂരത്തലേന്ന് മുതല്‍ ജാഗ്രതയോടെയിരിക്കണം. വനം വകുപ്പ്, പോലീസ് വകുപ്പ് എന്നിവരുമായുള്ള ഏകോപനം പ്രത്യേകം എടുത്തു പറയണം. ആനയുടെയും പാപ്പാന്‍മാരുടെയും ഫിറ്റ്‌നസ്, ഹിസ്റ്ററി എന്നിവ കമ്മിറ്റി സസൂക്ഷ്മം കൈകാര്യം ചെയ്യണം. ഇവരുടെ പ്രവര്‍ത്തനം പ്രത്യേകം ശ്രദ്ധിക്കേണ്ടതും അംഗീകരിക്കേണ്ടതുമാണ്. ചെറിയ പിഴവുകളും വീഴ്ചകളുംപോലും പടമെടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ മറന്നുപോകുന്നതും ഇതുപോലുള്ളവരുടെ കഠിനപ്രയത്‌നവും ത്യാഗവുമാണ്.