
പൂരം കാഴ്ചകളുടേതാണ്. ആലവട്ടവും വെഞ്ചാമരവും ഗജവീരന്മാരും വെടിക്കെട്ടും പലവിധ കച്ചവടക്കാരും. പിന്നെ ആസ്വാദകരില്‍ വിരിയുന്ന വിവിധ ഭാവങ്ങളുടെ കളറമിട്ടുകളും. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇതില്‍പ്പരം എന്തു വേണം. ക്യാമറയും തൂക്കിനടന്നാല്‍ നിറയെ ചിത്രങ്ങള്‍. പക്ഷേ, ന്യൂസ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ കാഴ്ചകള്‍ക്കപ്പുറം ഒരു ചിത്രത്തിന്റെ ന്യൂസ് വാല്യൂകൂടി നോക്കണം. ഇതാണ് വെല്ലുവിളിയും.
ജില്ലയിലെ മറ്റ് ഉത്സവങ്ങളില്‍നിന്നും പൂരങ്ങളില്‍നിന്നും തൃശ്ശൂര്‍ പൂരത്തെ വ്യത്യസ്തമാക്കുന്നത് പത്രങ്ങള്‍ കൈകാര്യംചെയ്യുന്ന രീതിയാണ്. പത്രങ്ങളെല്ലാം മത്സരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന പൂരമാണ്. ഓരോ പൂരവും അടുത്തുവരുമ്പോള്‍ സത്യം പറഞ്ഞാല്‍ ഉള്ളില്‍ പേടിയാണ്. വെടിക്കെട്ടും കുടമാറ്റവും എങ്ങനെ വ്യത്യസ്തമായി എടുക്കാമെന്ന ചിന്ത. പരീക്ഷണത്തിന് നിന്നാല്‍ 'പടം ചീറ്റിപ്പോകുമോ' എന്ന പേടി. എന്തെങ്കിലും പറ്റിയാല്‍, പത്രത്തില്‍ നല്ല ചിത്രം കിട്ടിയില്ലെങ്കില്‍ 'പണി' കിട്ടുമോയെന്ന ആധി. ഒടുവില്‍ സുരക്ഷിതമായ സ്ഥലത്തുനിന്ന് പതിവുപോലെ പടംപിടിത്തം.
പൂരം ദിവസം രാവിലെ മുതല്‍ തിരക്കില്‍ മുങ്ങും. അതിരാവിലെ മുതല്‍ വടക്കുന്നാഥന്റെ മുന്നിലേക്കെത്തുന്ന ഘടകപൂരങ്ങള്‍. പലസമയങ്ങളിലായി ഒന്നിനു പിറകെയൊന്നായി കടന്നുവരുന്ന പൂരങ്ങള്‍. ചിലത് മണികണ്ഠനാല്‍ വഴി. ചിലത് പടിഞ്ഞാറേനട വഴി. ഒന്ന് കിഴക്കേഗോപുരം വഴി. ഒന്നും വിട്ടുപോകാതെയെടുക്കാന്‍ പെടാപ്പാടുതന്നെ വേണം. ഘടകപൂരങ്ങള്‍ ഓരോന്നായി വടക്കുന്നാഥന്‍ ശ്രീമൂലസ്ഥാനത്ത് മേളവിസ്മയവും ആവേശം നിറച്ച ആലവട്ടവും വീശി കടന്നുപോകുമ്പോഴേക്കും തിരുവമ്പാടിയില്‍നിന്നുള്ള ഇറക്കവും പാറമേക്കാവില്‍നിന്നുള്ള ഇറക്കവുമാകും.
പറ നിരത്തിയൊരുക്കിയ വീഥിയിലൂടെയാണ് തിരുവമ്പാടിയില്‍നിന്ന് ഇറങ്ങിയുള്ള വരവ്. ഒരു മിനി പൂരംകണക്കെ പാറമേക്കാവ് ഗോപുരത്തിനു മുന്നില്‍ 15 ആനകള്‍ നിരന്നുനിന്നുള്ള മേളം. പിന്നെ മഠത്തില്‍വരവ്. തിമിലയും മദ്ദളവും മാറിമാറി മുറുക്കിയെടുത്ത് ഇടയ്ക്കയും കൊമ്പും ഇലത്താളവും ചേര്‍ത്തൊരുക്കിയ മേളമധുരം വിളമ്പുന്ന മഠത്തില്‍വരവ്. ഭക്ഷണം കഴിച്ചുവെന്നു വരുത്തി ചിത്രങ്ങളെല്ലാം ഓഫീസില്‍ നല്‍കി വീണ്ടും പൂരപ്പറമ്പിലേക്ക് ഓട്ടം...
മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറി അവസാനിക്കുമ്പോള്‍ തെക്കേഗോപുരനടയിലേക്ക് നീങ്ങുന്ന ആനച്ചങ്ങലയുടെയും മണികളുടെയും ശബ്ദം കേള്‍ക്കാം. അതിനും ഇലഞ്ഞിത്തറമേളം ആവാഹിച്ച താളമുണ്ടെന്ന് തോന്നും. പിന്നെ കാത്തിരുന്ന തെക്കോട്ടിറക്കവും കുടമാറ്റവും. ആള്‍ക്കടലില്‍ ഉയര്‍ന്നുപൊങ്ങുന്ന തിരമാലയായി വര്‍ണക്കുടകള്‍ മാറിമാറിയുയരുമ്പോള്‍ ആവേശം അണപൊട്ടുന്ന നിമിഷം.
പൂരത്തിലെ കുടമാറ്റസമയത്തും വെടിക്കെട്ട് സമയത്തും മുന്‍കൂട്ടി തീരുമാനിച്ച് ഒരു സ്ഥലത്ത് നില്‍ക്കണം. തുടങ്ങിക്കഴിഞ്ഞാല്‍ അവസാനിക്കുന്നതുവരെ അവിടെനിന്ന് മാറാനും പറ്റില്ല. ജനസാഗരവും പോലീസിന്റെ നിയന്ത്രണവും കാരണം ഒരടി നീങ്ങാന്‍ പറ്റാറില്ല. തെക്കേഗോപുരത്തിനു മുകളില്‍ക്കയറി കുടമാറ്റമെടുക്കാന്‍ തുടങ്ങിയാല്‍ അവിടെനിന്നിറങ്ങി പാറമേക്കാവ് വിഭാഗം നില്‍ക്കുന്ന റോഡിലേക്ക് അടുക്കാന്‍പോലും പറ്റാറില്ല.
പല വിധത്തിലുള്ള ആളുകള്‍. ക്യാമറ കണ്ടാല്‍ കലിയിളകുന്നവര്‍. പതിവില്‍ക്കൂടുതല്‍ സ്‌നേഹം കാണിക്കുന്നവര്‍. ഇവര്‍ക്കിടയിലൂടെ ക്യാമറ സുരക്ഷിതമായി പിടിച്ച് നൂഴ്ന്നിറങ്ങി നടക്കണം. വീണ്ടും രാത്രി വെടിക്കെട്ടിനുള്ള ഒരുക്കം. പുലര്‍ച്ചെ മൂന്നുമണിയൊക്കെ കഴിയുമെങ്കിലും രാത്രിതന്നെ എവിടെയെങ്കിലും സുരക്ഷിതമായി കയറിനില്‍ക്കണം. ഉറക്കമൊഴിച്ചുള്ള കാത്തിരിപ്പ്. എല്ലാം കഴിഞ്ഞ് ഉപചാരം ചൊല്ലിപ്പിരിയുന്നതുവരെ വിശ്രമമില്ലാത്ത പടംപിടിത്തം.
എല്ലാം തരണംചെയ്ത് കിട്ടിയ ചിത്രം പത്രത്തില്‍ അടിച്ചുവരുമ്പോളുള്ള ആശ്വാസം ചെറുതല്ല. ഒട്ടും മോശമല്ലാത്ത ചിത്രം വന്നതിന്റെ അഭിമാനവും. ഓരോ പൂരം കഴിയുമ്പോളും വിചാരിക്കും, ഒരുതവണ ക്യാമറയും ടെന്‍ഷനുമില്ലാതെ പൂരം ആസ്വദിക്കാന്‍ വരണമെന്ന്. നടക്കുമായിരിക്കാം... ഇത്തവണയും പൂരം കളറാകട്ടെ...
Content Highlights: photographer maneesh on thrissur pooram reporting
Published: 18 Apr 2024, 06:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented